Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്ലീവേജ് ട്വീറ്റ്; ബോളിവുഡിലെ സഹപ്രവർത്തകർ അവഗണിക്കാൻ ഉപദേശിച്ചിരുന്നെന്ന് ദീപിക; സ്ത്രീയെന്ന നിലയിലേറ്റ അപമാനം പ്രതികരിക്കാൻ പ്രേരിപ്പിച്ചുവെന്നും നടി

ക്ലീവേജ് ട്വീറ്റ്; ബോളിവുഡിലെ സഹപ്രവർത്തകർ അവഗണിക്കാൻ ഉപദേശിച്ചിരുന്നെന്ന് ദീപിക; സ്ത്രീയെന്ന നിലയിലേറ്റ അപമാനം പ്രതികരിക്കാൻ പ്രേരിപ്പിച്ചുവെന്നും നടി

മുബൈ: ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ അണിയറ ശില്പികൾക്ക് മുൻനിര മാദ്ധ്യമങ്ങളെ പേടിയാണ്. നൂറ്റി അൻപത് കോടി രൂപയ്ക്ക് മുകളിൽ ചെലവഴിച്ച് വമ്പൻ താരങ്ങളെ അണിനിരത്തുന്ന ചിത്രങ്ങളുടെ നിർമ്മാതക്കളും സംവിധായകരും എങ്ങനെ വമ്പൻ പത്രങ്ങളേയും ചാനലുകളേയും ശത്രുക്കളാക്കും. സിനിമയുടെ ആവേശം സാധാരണക്കാരിലെത്തിക്കാൻ ഇത്തരം മാദ്ധ്യമ സുഹൃത്തുക്കൾ അനിവാര്യമാണെന്നാണ് ബോളിവുഡിലെ പൊതുവിശ്വാസം.

പ്രചാരത്തിൽ ഏറെ മുന്നിലാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം. വെബ്‌സൈറ്റിനും കാഴ്ചക്കാരേറെ. ചാനലിലും ഓഹരിയുണ്ട്. അതുകൊണ്ട് തന്നെ ബോളിവുഡിലാരും ടൈംസ് ഓഫ് ഇന്ത്യയെ പിണക്കാറുമില്ല. ഈ വിശ്വാസത്തെയാണ് ദീപിക പദുകോൺ എന്ന ബോളിവുഡ് സുന്ദരി തകർത്തെറിഞ്ഞത്. കിങ് ഖാനെന്ന ഷാരൂഖുമായുള്ള ദീപികയുടെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിൽ വലിയ പ്രതീക്ഷയാണ് ഹിന്ദി സിനിമാ പ്രവർത്തകർ വച്ചു പുലർത്തുന്നത്. അതുകൊണ്ട് തന്നെ വമ്പൻ മാദ്ധ്യമ ഗ്രൂപ്പിനെതിരെ സ്തനവിവാദം ഉയർത്തരുതെന്ന് ബോളിവുഡിലെ അടുത്ത സുഹൃത്തുക്കൾ പോലും ദീപികയെ ഉപദേശിച്ചു. അതൊന്നും വകവയ്ക്കാൻ ദീപിക തയ്യാറായില്ല. ട്വീറ്റിൽ തന്റെ അഭിപ്രായം കുറിച്ചു. ഒടുവിൽ ഹിന്ദി സിനിമയിലെ സഹപ്രവർത്തകർക്ക് അത് ഏറ്റെടുക്കേണ്ടിയും വന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റിൽ ദീപികയുടെ ക്ലീവേജ് പ്രദർശനത്തെ വിമർശിച്ചെത്തിയ ചിത്രവും അടിക്കുറിപ്പുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ ട്വീറ്റിടുമെന്ന് സിനിമയിലെ സഹപ്രവർത്തകരോട് ദീപിക സൂചിപ്പിച്ചപ്പോൾ അരുതെന്നായിരുന്നു കിട്ടിയ മറുപടി. നായികയായ സിനിമ പ്രദർശനത്തിന് തയ്യാറെടുക്കുമ്പോൾ ടൈംസ് ഓഫ് ഇന്ത്യയെ പോലൊരു ഗ്രൂപ്പിനെ പിണക്കുന്നത് കരിയറിനെ പോലും ബാധിക്കുമെന്നായിരുന്നു കിട്ടിയ ഉപദേശം. എന്നാൽ കരിയറല്ല, സ്ത്രീയെന്നതിനാണ് പ്രാധാന്യം. അതുകൊണ്ട് തന്നെ വെബ്‌സൈറ്റ് അപമാനത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സുഹൃത്തുക്കളോട് വ്യക്തമാക്കിയെന്നും എൻഡിടിവിയോട് ദീപിക വ്യക്തമാക്കി.

സുഹൃത്തുക്കളുടെ മനസ്സറിഞ്ഞതോടെ കൂടുതൽ ചർച്ചയ്ക്ക് നിൽക്കാതെ നിലപാട് വിശദീകരിച്ച് ട്വീറ്റും ദീപിക പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ദീപികയുടെ ട്വീറ്റ് പൊതു സമൂഹം ഏറ്റെടുത്തു. ഇതു മനസ്സിലാക്കി അരുതെന്ന് ഉപദേശിച്ചവരും ദീപികയെ പിന്തുണയ്ക്കാനെത്തിയെന്നാണ് ബോളിവുഡിലെ പുതിയ സംസാരം. അപ്പോഴും ആരേയും പിണക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുകയും ചെയ്തു.

ദീപികയെ പിന്തുണച്ച് ആദ്യമെത്തിയത് ഹാപ്പി ന്യൂ ഇയറിലെ നായകൻ കൂടിയായ കിങ്ങ് ഖാൻ തന്നെയാണ്. സിനിമയുടെ കാസ്റ്റ് റിലീസിങ്ങ് ചടങ്ങു തന്നെ അതിന് വേദിയുമായി. പക്ഷേ ദീപികയ്ക്ക് പിന്തുണ നൽകി സംസാരിച്ചപ്പോഴും ഷാരൂഖ് മിതത്വം പ്രകടിപ്പിച്ചു. ദീപിക കാട്ടിയ ധൈര്യം തനിക്കില്ലെന്നും എങ്കിലും ഈ വിഷയത്തിൽ എല്ലാ മാനസിക പിന്തുണയും ദീപികയ്ക്ക് സിനിമയുടെ അണിയറ പ്രവർത്തകർ നൽകുമെന്നും ഷാരൂഖ് വ്യക്തമാക്കി. അതിനപ്പുറം വിഷയമെന്തെന്ന് പോലും സൂപ്പർ താരം പരാമർശിച്ചില്ല.

ഫാറാ ഖാന്റെ സംവിധാനത്തിൽ അഭിഷേക് ബച്ചനൊപ്പം അഭിനയിക്കുന്ന ഹാപ്പി ന്യൂ ഇയർ ഷാരൂഖിന് അഭിമാന പ്രശ്‌നമാണ്. സിനിമയുടെ വിജയം ഹിന്ദി സിനിമാ ലോകത്തെ സൂപ്പർ താര പദവിയുടെ മാറ്റ് കൂട്ടാൻ കിങ്ങ് ഖാന് അനിവാര്യമാണ്. ദീപിക ഉയർത്തിയ പുതിയ വിവാദം ഹാപ്പി ന്യൂ ഇയറിനെ ബാധിക്കരുതെന്ന് ഖാന് നിർബന്ധമുണ്ട്. അതിനാൽ സിനിമയുടെ പ്രെമോഷൻ ചുമതല ഖാൻ തന്നെ ഏറ്റെടുക്കുകയാണ്. സിനിമയിലെ മറ്റാരും സ്തന വിവാദം ഏറ്റുപിടിക്കരുതെന്ന അനൗപചാരിക നിർദ്ദേശവും സിനിമയുടെ ശില്പികൾ നൽകിയിട്ടുണ്ടെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP