Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്തെ വെള്ളിത്തിരയിൽ തിളങ്ങുന്ന ഇന്ത്യൻ നായികമാർ; സായിപ്പന്മാരെ പ്രകോപിപ്പിക്കുന്ന ഇന്ത്യൻ സുന്ദരികളെ കുറിച്ചുള്ള പരമ്പര തുടങ്ങുന്നു

വിദേശത്തെ വെള്ളിത്തിരയിൽ തിളങ്ങുന്ന ഇന്ത്യൻ നായികമാർ; സായിപ്പന്മാരെ പ്രകോപിപ്പിക്കുന്ന ഇന്ത്യൻ സുന്ദരികളെ കുറിച്ചുള്ള പരമ്പര തുടങ്ങുന്നു

ന്ത്യയ്ക്ക് സിനിമയുമായി അഭേദ്യമായ ബന്ധമുണ്ട്. ലോകത്തിലേറ്റവും കൂടുതൽ സിനിമകൾ ഇറങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകസിനിമയിലേക്ക് ഇന്ത്യ മഹത്തായ സംഭാവനകളുമേകിയിട്ടുണ്ട്. ഇന്ന് വിദേശവെള്ളിത്തിരയിൽ തിളങ്ങുന്ന ഇന്ത്യൻ സുന്ദരിമാരേറെയാണ്. വിദേശനടിമാരെ വെല്ലുന്ന അംഗലാവണ്യവും അഭിനയവഴക്കവും മൂലം ഇവർ സായിപ്പന്മാരുടെ ഇഷ്ടനായികമാരായിത്തീർന്നിരിക്കുന്നു. തദ്ദേശീയരായ അഭിനേത്രികളുടെ തനിവെളുപ്പിന്റെ സൗന്ദര്യത്തേക്കാൾ ഇന്ത്യൻ നായികമാരുടെ സുഭഗമായ സൗന്ദര്യം ആസ്വദിക്കാൻ വിദേശപ്രേക്ഷകർ ഏറെയിഷ്ടപ്പെടുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിവിധ ചലച്ചിത്രങ്ങളിലെ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വിദേശ വെള്ളിത്തിരയിൽ തങ്ങളേടേതായ സ്ഥാനമുറപ്പിച്ച ഇന്ത്യൻ സുന്ദരികളുടെ കഥകൾ ചുരുളഴിക്കുന്ന പരമ്പരയാണിത്.

1. സൗന്ദര്യത്തിൽ മില്യണയറായ ഫ്രിദ പിന്റോ; ഏറ്റവും പ്രതിഫലം പറ്റുന്ന ഇന്ത്യൻ അഭിനേത്രി

അംഗലാവണ്യത്തിലൂടെയും അരക്കെട്ടിന്റെ ചലനങ്ങളിലൂടെയും ഹോളിവുഡ് പ്രേക്ഷകരുടെ മനം കവർന്ന ഇന്ത്യൻ വംശജയായ അഭിനേത്രിയാണ് ഫ്രിദ പിന്റോ. ആകാരവടിവിലുപരിയായി തനതായ അഭിനയത്തികവും തനിക്കുണ്ടെന്ന് സ്ലംഡോഗ് മില്യണയർ പോലുള്ള തന്റെ പ്രഥമ ചിത്രം മുതൽ ഫ്രിദ തെളിയിച്ചിട്ടുണ്ട്. 1984 ഒക്ടോബർ 18ന് ജനിച്ച ഇവർ മോഡലിംഗിലും തന്റെ പ്രാഗത്ഭ്യം വെളിവാക്കിയിട്ടുണ്ട്. ഓസ്‌കർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ഡാനി ബോയിലിന്റെ സ്ലംഡോഗ് മില്യണയർ എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത് ഫ്രിദയ്ക്ക് ഏറെ ഗുണം ചെയ്യുകയുണ്ടായി. എട്ട് ഓസ്‌കർ അവാർഡുകൾ നേടിയ ചിത്രം ലോകമാകമാനം ശ്രദ്ധിക്കപ്പെട്ടതോടെ ഈ അഭിനേത്രി ഹോളിവുഡിൽ കത്തിക്കയറുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് അവാർഡ് അടക്കമുള്ള വിശ്രുതമായ അവാർഡുകൾക്കായി ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടതോടെ ഫ്രിദയുടെ ശുക്രദശ തെളിഞ്ഞു. മികച്ച സഹനടിക്കുള്ള 2009ലെ ബാഫ്റ്റ അവാർഡിനായി അവർ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

പ്രഥമ ചിത്രത്തിന്റെ അവിശ്വസനീയമായ വിജയത്തെത്തുടർന്ന് ഫ്രിദയെത്തേടി കൈനിറയെ അവസരങ്ങളെത്തി. തൽഫലമായി നിരവധി ബ്രിട്ടീഷ് അമേരിക്കൻ സിനിമകളിൽ അവർ അഭിനയിച്ചു. യു വിൽ മീറ്റ് എ ടോൾ ഡാർക്ക് സ്‌ട്രേഞ്ചർ (2011), ഇമ്മോർട്ടൽസ് (2011), ട്രിഷ്‌ന(2011) എന്നിവ അവയിൽ ചിലത് മാത്രമാണ്.

മുംബൈയിലുള്ള മാംഗളോറിയൻ കത്തോലിക്ക് കുടുംബത്തിലാണ് പിന്റൊ ജനിച്ചത്. സൈൽവിയയും ഫ്രെഡറിക്കുമാണ് മാതാപിതാക്കന്മാർ. പിന്റൊയുടെ മൂത്ത സഹോദരിയായ ഷാറോൺ എൻഡിടിവിയിൽ അസോസിയേറ്റ് പ്രൊഡ്യൂസറാണ്. അഞ്ച് വയസ്സുള്ളപ്പോൾ മുതൽ തന്നെ അഭിനയമോഹം പിന്റൊയുടെ തലയ്ക്ക് പിടിച്ചിരുന്നു. മുംബൈയിലെ മലാദിലുള്ള സെന്റ് ജോസഫ് സ്‌കൂളിൽ പഠിക്കുന്ന അവസരത്തിൽ തന്നെ അവർ സ്‌പോർട്‌സിലും സ്‌കൂൾ ക്വൊയറിലും ഭാഗഭാക്കായിരുന്നു. പിന്റൊയ്ക്ക് പത്ത് വയസുള്ളപ്പോഴാണ് സുസ്മിത സെൻ 1994ൽ മിസ് യൂണിവേഴ്‌സാകുന്നത്. ഈ വാർത്ത കേട്ടപ്പോൾ ഒരു അഭിനേത്രിയാകണമെന്ന പിന്റൊയുടെ മോഹം പ്രബലമായിത്തീർന്നുവെന്ന് പറയേണ്ടതില്ലല്ലോ. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജിൽ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പിന്റൊ ബിരുദം നേടി. കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ നൃത്തത്തിലും നാടകാഭിനയത്തിലും ഇവർ സജീവമായി. തുടർന്ന് ടെലിവിഷൻ പരസ്യങ്ങളിലും പ്രിന്റ് പരസ്യങ്ങളിലും പിന്റൊ മോഡലായിരുന്നു. പിന്നീടുള്ള ആറര വർഷക്കാലം മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അക്കാലത്ത് ഫെമിനയടക്കമുള്ള മാഗസിനുകളുടെ കവർ പേജുകളിൽ പിന്റൊ സ്ഥാനം പിടിച്ചു. ഇതിനെത്തുടർന്ന് അന്ധേരിയിലെ ദി ബാറി ജോൺസ് ആക്ടിങ് സ്റ്റുഡിയോയിൽ അഭിനയപഠനത്തിനും ഇവർ ചേർന്നു.

അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഫുൾ സർക്കിൾ എന്ന ഒരു ട്രാവൽ ഷോയുടെ അവതാരികയായി പിന്റൊ തിളങ്ങിയിരുന്നു. സീ ഇന്റർനാഷണൽ ഏഷ്യാ പസിഫിക്കിലാണിത് പ്രക്ഷേപണം ചെയ്തത്. ഇതിന്റെ ഭാഗമായി ഫിജി, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കറങ്ങാനും ഇവർക്ക് അവസരമുണ്ടായി. രണ്ട് വർഷക്കാലമാണ് ഇതിന്റെ അവതാരികയായി ഈ അഭിനേത്രി വർത്തിച്ചത്. ഇക്കാലത്ത് നിരവധി സിനിമകളുടെ ഓഡിഷൻ ടെസ്റ്റിൽ പിന്റൊ ഭാഗഭാക്കായിരുന്നെങ്കിലും ഒന്നിലും അവസരം ലഭിച്ചില്ല. അവസാനം സ്വപ്നസമാനമായി സ്ലംഡോഗ് മില്യനയറിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിൽ ദേവ് പട്ടേൽ, ഇർഫാൻ ഖാൻ, അനിൽ കപൂർ തുടങ്ങിയവരും പിന്റൊയ്‌ക്കൊപ്പം അഭിനയിച്ചു. ഇതിൽ ദേവ് പട്ടേലിനെയാണ് പിന്റൊ ജീവിത പങ്കാളിയാക്കിയത്. സ്ലംഡോഗ് മില്യനയറിന്റെ കാലത്ത് തുടങ്ങിയ അടുപ്പമാണ് വിവാഹത്തിൽ കലാശിച്ചത്.

പ്രഥമ ചിത്രത്തിന് ശേഷം വുഡി അലന്റെ കോമഡി ചിത്രമായ യു വിൽ മീറ്റ് എ ടോൾ ഡാർക്ക് സ്‌ട്രേഞ്ചറിലെ ദിയ എന്ന കഥാപാത്രത്തെയാണ് പിന്റൊ അവതരിപ്പിച്ചത്. 2010ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇതിന് നെഗറ്റീവ് റിവ്യൂകളാണ് ലഭിച്ചത്. തുടർന്ന് 2011ലെ സയൻസ് ഫിലിമായ റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ആപെസിലാണ് പിന്റൊ വേഷമിട്ടത്. പ്ലാനറ്റ് ഓഫ് ദി ആപെസ് പരമ്പരയിലെ ഒരു ചിത്രമായിരുന്നു ഇത്. ഇതിൽ കരോലിൻ എന്ന കഥാപാത്രത്തെയാണ് പിന്റോ അനശ്വരമാക്കിയത്. ഈ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടു. തുടർന്ന് അതേ വർഷം തന്നെ നിർമ്മിച്ച ഫാന്റസി ആക്ഷൻ ഡ്രാമ ഫിലിമായ ഇമ്മോർട്ടലിലും പ്രിൻസസ് ലൈലായിലും പിന്റൊ വേഷമിട്ടിരുന്നു.

അതേ വർഷം ഇവർ അഭിനയിച്ച ശ്രദ്ധേയമായ ഒരു ചിത്രമാണ് മൈക്കൽ വിന്റർബോട്ടത്തിന്റെ ബ്രിട്ടീഷ് ഡ്രാമ ചിത്രമായ ട്രിഷ്‌ന. തോമസ് ഹാർഡിയുടെ നോവലായ ടെസ്സ് ഓഫ് ദി അർബെർവില്ലെസിന്റെ ചലച്ചിത്രാഖ്യാനമായിരുന്നു ഇത്. നിരവധി അന്താരാഷ്ട്ര വേദികളിൽ ചിത്രം പ്രദർശിപ്പിക്കുകയും പിന്റൊയുടെ പ്രതിഭ അഭിനന്ദനത്തിന് പാത്രമാകുകയും ചെയ്തു. 2013ൽ ബ്രൂണോ മാർസിന്റെ ഗൊറില്ല എന്ന ആൽബത്തിൽ അഭിനയിച്ചതിന്റെ പേരിൽ ഇന്ത്യൻ മാദ്ധ്യമങ്ങൾ പിന്റൊയെ നിശിതമായി വിമർശിച്ചിരുന്നു. ഡേ ഓഫ് ദി ഫാൽക്കൺ, ഡെസേർട്ട് ഡാൻസർ, നൈറ്റ് ഓഫ് കപ്‌സ് തുടങ്ങിയവയും പിന്റൊയുടെ മിന്നുന്ന പ്രകടനത്താൽ ശ്രദ്ധേയമായ ചിത്രങ്ങളാണ്. കൂടാതെ ശ്രദ്ധേയമായ ഡോക്യുമെന്ററികളുടെ നരേറ്റർ എന്ന നിലയിലും ഈ നടി ശ്രദ്ധേയയായിട്ടുണ്ട്.

സ്ലംഡോഗ് മില്യണയർ റിലീസായതിന് ശേഷം ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകളുടെ പട്ടികയിൽ പിന്റൊ പതിവായി സ്ഥാനം പിടിച്ചിരുന്നു. 2009ൽ പീപ്പിൾ മാഗസിന്റെ മോസ്റ്റ് ബ്യൂട്ടിഫുൾ പീപ്പിൾ ലിസ്റ്റിൽ ഈ സുന്ദരിയെ ഉൾപ്പെടുത്തിയിരുന്നു. ബോളിവുഡിൽ ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടിയാണ് പിന്റൊയെന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP