Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർച്ചന പഞ്ചാബി; ബ്രിട്ടീഷ് താരാകാശത്ത് തിളങ്ങുന്ന പഞ്ചാബി സുന്ദരി; സിനിമക്കൊപ്പം ടെലിവിഷനിലും പയറ്റിത്തെളിഞ്ഞ അഭിനയ പ്രതിഭ

അർച്ചന പഞ്ചാബി; ബ്രിട്ടീഷ് താരാകാശത്ത് തിളങ്ങുന്ന പഞ്ചാബി സുന്ദരി; സിനിമക്കൊപ്പം ടെലിവിഷനിലും പയറ്റിത്തെളിഞ്ഞ അഭിനയ പ്രതിഭ

സൗന്ദര്യം കൊണ്ടും അഭിനയത്തികവ് കൊണ്ടും പ്രേക്ഷകരുടെ മനം കവർന്ന ബ്രിട്ടീഷ് അഭിനേത്രിയാണ് അർച്ചന പഞ്ചാബി. ആർച്ചി പഞ്ചാബി എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ സിന്ദി ഹിന്ദുക്കളായ ഗോവിന്ദിന്റെയും പത്മ പഞ്ചാബിയുടെയും മകളാണ് അർച്ചന. 1972 മെയ് 31നാണ് ഇവർ ജനിച്ചത്. ദി ഗുഡ് വൈഫ് എന്ന ചിത്രത്തിലെ കലിന്ദ ശർമയെന്ന കഥാപാത്രത്തിന്റെ പേരിലാണ് അർച്ചന മുഖ്യമായും അറിയപ്പെടുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിച്ച മികവിന് അർച്ചനയ്ക്ക് 2010ലെ പ്രൈം ടൈം എമ്മി അവാർഡ്, 2012ലെ എൻഎഎസിപി ഇമേജ് അവാർഡ്, ഗോൾഡൻ ഗ്ലോബ് നോമിനേഷൻ, മൂന്ന് സ്‌ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ് നോമിനേഷനുകൾ എന്നിവ ലഭിച്ചിട്ടുണ്ട്. എ മൈറ്റി ഹാർട്ടിലെ ആസ്ര നോമനി, ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാമിലെ പിങ്കി ബമ്ര എന്നിവ അവരുടെ ശ്രദ്ധേയമായ മറ്റു ചില കഥാപാത്രങ്ങളാണ്.

ലണ്ടനിലെ എഡ്ഗ് വേറിൽ ജനിച്ച അർച്ചന ബ്രൂന്യുൽ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. അതിന് പുറമെ ക്ലാസിക്കലായി അവർ ബാലെ നൃത്തവും അഭ്യസിച്ചിരുന്നു. സിനിമയിലും ടെലിവിഷനിലും പയറ്റിത്തെളിഞ്ഞ അഭിനയ സിദ്ധിയാണ് അർച്ചനയുടേതെന്ന് പറയാം. 1999ലെ അവരുടെ ആദ്യ ചിത്രമായ ഈസ്റ്റ് ഈസ് ഈസ്റ്റിൽ തുടങ്ങി ഈയടുത്ത് പുറത്തിറങ്ങിയ ബിബിസി ടെലിവിഷൻ സീരീസായ ലൈഫ് ഓൺ മാർസ് വരെ ആ അഭിയത്തികവ് എത്തി നിൽക്കുന്നു. ഓസ്‌കർ നേടിയ ചിത്രമായ ദി കോൺസ്റ്റൻഡ് ഗാർഡ്‌നറിലെ ബ്രിട്ടീഷ് ഡിപ്ലോമാറ്റിന്റെ കഥാപാത്രത്തിലൂടെയാണ് അവർ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2005ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

2002ലെ ചിത്രമായ ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാമിലെ വേഷം അവർക്ക് ലഭിച്ച ഒരു പ്രധാന കഥാപാത്രമായിരുന്നു. 2007ൽ ആൻജലീന ജോയ്‌ക്കൊപ്പം എ മൈറ്റി ഹാർട്ട് എന്ന ചിത്രത്തിൽ അർച്ചനയ്ക്ക് ഒരു പ്രധാന കഥാപാത്രത്തെ ലഭിച്ചു. ഇതിൽ ആസ്ര നൊമാനിയെന്ന കഥാപാത്രത്തെയാണ് ഇവർ അനശ്വരമാക്കിയത്. ബ്രിട്ടീഷ് ചിൽഡ്രൻസ് ടെലിവിഷൻ ആനിമേഷനായ പോസ്റ്റ്മാൻ പാറ്റിൽ നിരവധി കഥാപാത്രങ്ങൾക്ക് അർച്ചന ശബ്ദം നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഡെഡ് സ്‌പേസ് എക്‌സ്ട്രാക്ഷൻ എന്ന വീഡിയോ ഗെയിമിനും ഇവർ ഡബ്ബ് ചെയ്തിട്ടുണ്ട്.

2009ൽ ഫ്രഞ്ച് ചിത്രമായ എസ്‌പിയോണിൽ ഒരു എംഐ5 ഏജന്റിനെ അർച്ചന അവതരിപ്പിച്ചിരുന്നു. അതേ വർഷം തന്നെ സിബിഎസ് ടെലിവിഷൻ സീരീസായ ദി ഗുഡ് വൈഫ്‌സിലെ കലിൻദ ശർമയായും ഇവർ തിളങ്ങി. 2010ൽ ബ്രിട്ടീഷ് കോമിഡി സിനിമയായ ദി ഇൻഫൈഡെലിൽ സാമിയ നാസിർ എന്ന വേഷത്തെയും അവർ അവിസ്മരണീയമാക്കിയിരുന്നു. 2012ൽ പുറത്തിറങ്ങിയ ബിബിസി ടു ഡ്രാമ സീരീസായ ദി ഫാളിൽ പൗല റീഡ് സ്മിത്ത് എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരും അർച്ചനയ്ക്ക് ലഭിച്ചിരുന്നു. ഇതിന് പുറമെ റേഡിയോയിലും അർച്ചന തിളങ്ങിയിട്ടുണ്ട്. ബിബിസിയുടെ വേൾഡ് സർവീസ് സീരീസായ വെസ്റ്റ് വേയിലെ ബ്ലെയ്‌സ് അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്.

ഡെലിയാ, അറേഞ്ച്ഡ് മാര്യേജ്, ക്രോസ് മൈ ഹാർട്ട്, കോഡ് 46, യാസ്മിൻ, ക്രോമോഫോബിയ, ദി കോൺസ്റ്റന്റ് ഗാർഡ്‌നർ, എ ഗുഡ് ഇയർ, ലെസിയോണി ഡി വോളോ, ഐ കുഡ് നെവർ ബി യുവർ വുമൺ, ട്രെയിറ്റർ, ദി ഹാപ്പിനസ് സെയിൽസ് മാൻ, ഗ്യൂല്ലം കാനെറ്റ്‌സ് എസ്‌പിയോൺ, ദി ഇൻഫൈഡൽ, ദി ഡിസ്അപ്പിയറൻസ് ഓഫ് എലെനോർ റൈഗ്‌ബി, സാൻ അൻഡ്രിയാസ് എന്നിവ അർച്ചനുയുടെ മറ്റ് ചിത്രങ്ങളാണ്.

സിറെൻ സ്പിരിറ്റ്‌സ്, ദി തിൻ ബ്ലൂ ലൈൻ, ഡാഡ്, ബ്രാൻഡ് സ്പാൻകിങ് ന്യൂ ഷോ, എ മൈൻഡ് ടു കിൽ, മർഡർ ഇൻ മൈൻഡ്, ദി ബിൽ, സിംഗിൾ വോയ്‌സസ്, ഹോൾബി സിറ്റി, വൈറ്റ് ടീത്ത്, മൈ ഫാമിലി, ദി കാന്റർബറി ടെയിൽസ്, ഗ്രീസ് മങ്കീസ്, സീ ഓഫ് സോൾസ്, സൈലന്റ് വിറ്റ്‌നസ്, പഴ്‌സണൽ അഫയേർസ് തുടങ്ങിയവ അർച്ചന പഞ്ചാബിയുടെ പ്രധാനപ്പെട്ട ചില ടെലിവിഷൻ സീരീസാണ്.

2005ൽ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഷൂട്ടിങ് സ്റ്റാർസ് അവാർഡ്, അതേ വർഷം മോൺസ് ഇന്റർനാഷണൽ ഫെസ്റ്റിവലിലെ ബെസ്റ്റ് ആക്ട്‌റസ് അവാർഡ്, 2007ൽ കാൻസ് ഫെസ്റ്റിവലിൽ ട്രോഫീ ചോപ്പാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. 1998ൽ അർച്ചന ടെയിലർ രാജേഷ് നിഹാലാനിയെ വിവാഹം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP