2016ലെ ജെ സി ഡാനിയേൽ പുരസ്കാരം അടൂരിന്; സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന് പ്രഖ്യാപിച്ച് മന്ത്രി എ.കെ ബാലൻ; തലശ്ശേരിയിൽ വച്ച് പുരസ്കാരം സമ്മാനിക്കും
May 23, 2017 | 07:39 PM IST | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: 2016 ലെ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി. മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം തലശ്ശേരിയിൽവച്ച് അടൂർ ഗോപാലകൃഷ്ണന് സമ്മാനിക്കും. പുരസ്കാരത്തിനായി ഏകകണ്ഠമായാണ് അടൂരിനെ തിരഞ്ഞെടുത്തതെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ വാർത്താകുറിപ്പിൽ അറിയിച്ചു.
സംവിധായകൻ കെ.ജി. ജോർജ് അധ്യക്ഷനായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. സംവിധായകരായ കമൽ, ടി.കെ.രാജീവ്കുമാർ, ഫാസിൽ, സാംസ്കാരിക സെക്രട്ടറി റാണി ജോർജ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെസി ഡാനിയലിന്റെ പേരിലുള്ള പുരസ്കാരം സിനിമാലോകത്തെ മുതിർന്ന പ്രതിഭകൾക്കാണ് സമ്മാനിച്ചുവരുന്നത്.
