Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാവിലെ മീൻ വിറ്റും പകൽ മണ്ണു ചുമന്നും രാത്രി ചവിട്ടുനാടകം കളിച്ചും നടന്നിരുന്നവൾ എങ്ങനെ സിനിമാ നടിയായി? മോളിയുടെ ജീവിതകഥ സിനിമയേയും വെല്ലുന്നത്..

രാവിലെ മീൻ വിറ്റും പകൽ മണ്ണു ചുമന്നും രാത്രി ചവിട്ടുനാടകം കളിച്ചും നടന്നിരുന്നവൾ എങ്ങനെ സിനിമാ നടിയായി? മോളിയുടെ ജീവിതകഥ സിനിമയേയും വെല്ലുന്നത്..

നാടകരംഗത്തു നിന്നും മലയാള സിനിമയിൽ എത്തിയ നിരവധി പേരുണ്ട് മലയാള സിനിമയിൽ. എന്നാൽ ചവിട്ടു നാടകരംഗത്തു നിന്നും സിനിമയിലെത്തിയ ആരുണ്ട് എന്ന് ചോദിച്ചാൽ പറയാൻ മോളി കണ്ണമാലി മാത്രമേ കാണൂ.. ചവിട്ടു നാടകങ്ങൾക്ക് വേദിപോലും കിട്ടാത്ത കാലത്ത് ഈ രംഗത്തു നിന്നും സിനിമയിലെത്തി സ്വന്തമായി ഇടം പിടിച്ചയാളാണ് മോളി. അൻവർ റഷീദിന്റെ ബ്രിഡ്ജ് എന്ന സിനിമയിൽ തുടങ്ങി സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മോളി സിനിമയിൽ എത്തിയത് തീർത്തും അവിചാരിതായാണ്. രാവിലെ മീൻ വിൽക്കാൻ പോയും കൂലിപ്പണിക്കും പോയി സാഹചര്യമാണ് മോളിയുടേത്.

സിനിമയിൽ ആളുകളെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുമെങ്കിലും ജീവിതത്തിൽ ഒരുപാട് കണ്ണീർ കുടിച്ചിട്ടുണ്ട് മോളി. കലാരംഗത്തു നിന്നുള്ള ആളെ വിവാഹം കഴിച്ചെങ്കിലും രണ്ട് മാസം ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയി. ഒടുവിൽ ജീവിക്കാൻ വേണ്ടി കൂലിപ്പണിക്കും മീൻ വിൽക്കാനം പോയി മോളി. ഒടുവിൽ അവിചാരിതമായി അൻവർ റഷീദാണ് സിനിമയിലേക്ക് മോളിയെ കൊണ്ടുവന്നത്. താൻ എങ്ങനെ സിനിമയിൽ സിനിമയിൽ എത്തിയെന്ന് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ മോളി വിവരിച്ചു.

ഗർഭിണിയായിരിക്കെ ഭർത്താവ് ഉപേക്ഷിച്ചതോടെ അമ്മച്ചീനേം കൊച്ചുങ്ങളേം എങ്ങനേലും നോക്കണമെന്ന് മാത്രമായിരുന്നു തന്റെ ചിന്തയെന്നാണ മോളി തന്റെ തനതു ശൈലിയിൽ പറയുന്നത്. പകല് മണ്ണ് ചുമക്കാനും കടലോരത്ത് മീൻ വിൽക്കാനും പോകും. രാത്രി ചവിട്ടുനാടകത്തിനും. ചവിട്ടുനാടകം എന്നുവച്ചാൽ നമ്മള് ചവിട്ടീം അതിനൊത്ത് പാടീം മുറയ്‌ക്കൊത്ത് അടിക്കേം ചെയ്യണം. ഭയങ്കര ബുദ്ധിമുട്ടാ. ഇത്രയൊക്കെ ചെയ്താലും കിട്ടുന്നതോ വെറും ഇരുപത്തിയഞ്ച് രൂപ. ഗർഭിണിയായിരിക്കെയാണ് ചവിട്ടുനാടകം കളിക്കാൻ പോയത്.

ഇതിനെ കുറിച്ച് മോളി പറയുന്നത് ഇങ്ങനെ: 'എന്റെ കൊച്ചുങ്ങളേം അമ്മച്ചിയേം നോക്കണ്ടേ. ഇളയ മകനെ ഒമ്പതുമാസം വയറ്റിലുള്ളപ്പഴും ഞാൻ ചവിട്ടുനാടകം ചെയ്തിട്ടുണ്ട്. കണ്ട് നിന്നവർക്കെല്ലാം പേടിയായിരുന്നു. അത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോ കൊച്ചിനെ പ്രസവിച്ചു. അതൊക്കെയൊരു ധൈര്യമാണെന്നും ദുഃഖത്തിലൂടെ വളർന്നവരായതു കൊണ്ട് ഇതിന് സാധിക്കുന്നുവെന്നും മോളി പറയുന്നു. എന്ത് ദുരിതം ഉണ്ടായാലും അങ്ങേയറ്റം വരെ പിടിച്ച് നിക്കാനുള്ള ചങ്കുറപ്പ് ഉണ്ടെന്നും മോളി വ്യക്തമാക്കുന്നു.

താൻ സിനിമയിൽ എത്തിയതിനെ കുറിച്ച് മോളി അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ: ഞാൻ സിനിമയിൽ എത്തിയതിന് പിന്നിൽ ചില യാദൃശ്ചികതകൾ ഉണ്ട്. ഞാൻ നാടകത്തിന് പോവുമ്പോ അമ്മച്ചിയാ കൊച്ചുങ്ങളെ നോക്കുന്നെ. ഒരു ദിവസം നിന്ന നിൽപ്പിൽ അമ്മച്ചീം പോയി. അപ്പോ ഞാൻ ഗോപൻ ചിദംബരം എന്നയാളിന്റെ സദൃശ്യവാക്യങ്ങൾ എന്ന നാടകം പഠിക്ക്വാണ്. അമ്മച്ചി ഒറ്റപ്പോക്കാ പോയേ. ഞാൻ കൊടുത്ത ച്വാറ് തിന്നേച്ച് രാത്രി കെടന്നതാണ്. വെളിപ്പിനായപ്പ അമ്മച്ചീടെ ചിറിയൊക്കെ കോടി. ആരോടും മുണ്ടാതെ അങ്ങനെ പോയി. അമ്മച്ചി മരിച്ച് അഞ്ചിന്റന്ന് പള്ളീത്തെ പരിപാടീം കഴിഞ്ഞ് ഞാൻ തട്ടേക്കേറി. അതുകാണാൻ ഗോപൻ സാറിന്റെ കൂട്ടുകാരൻ അൻവർ റഷീദ് സാറ് വന്നു. ബ്രിഡ്ജിന്റെ ഡയറക്ടറ്. നാടകത്തിലെ അഭിനയം കണ്ടിട്ട് സ്‌റ്റേജിൽ വച്ചിട്ടാണ് പുള്ളി സിനിമയിലേക്ക് വിളിക്കുന്നത്. ബ്രിഡ്ജിനുശേഷം ചാപ്പാകുരിശ്, ഡാ തടിയാ തുടങ്ങിയ പടങ്ങളിലും മോളി അഭിനയിച്ചു. അന്ന് ഞാൻ തമാശയായിട്ടാ അതൊക്കെ കൂട്ടാക്കിയെ. സിനിമാനടി ആയിട്ടും ഞാൻ ചൊമട്ടുപണിക്ക് പോയീട്ടാ. എന്നെ കാണുമ്പം ആൾക്കാരു പറയും, ദേ സിനിമാനടി പോണെന്ന്.

സിനിമയിൽ വന്ന ശേഷമാണ് മോളിയുടെ ദുരിതത്തിന് അറുതിവരുന്നത്. പുതിയ തീരങ്ങളിലെ കടപ്പുറത്തുകാരിയുടെ റോൾ വളരെ ഭംഗിയായി അഭിനയിച്ചു. തുടർന്ന് പ്രൊഫ. കെവി തോമസ് അടക്കമുള്ളവർ ഇടപെട്ടാണ് മോളിക്ക് വീടുണ്ടാക്കി കൊടുത്തത്. കടങ്ങളൊല്ലെ വീട്ടി. അത്യാവശ്യം തിരക്കുമുണ്ട് സിനിമയിൽ. അതുകൊണ്ട് ജീവിച്ച് പോകാൻ സാധിക്കുന്നുണ്ട്. ഇനിയിപ്പോൾ ഒരു അവാർഡ് കിട്ടിയാൽ കൊള്ളാമെന്നാണ് മോളി കണ്ണമാലി കള്ളച്ചിരിയോടെ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP