Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിസ റേ; അർബുദത്തിന്റെ പിടിയിൽ നിന്നും ഉയിർത്തെഴുന്നേറ്റ് താരാകാശത്തിൽ തിളങ്ങുന്ന വംഗപുത്രി

ലിസ റേ; അർബുദത്തിന്റെ പിടിയിൽ നിന്നും ഉയിർത്തെഴുന്നേറ്റ് താരാകാശത്തിൽ തിളങ്ങുന്ന വംഗപുത്രി

ബംഗാളിയായ പിതാവിനും പോളണ്ടുകാരിയായ അമ്മയ്ക്കും പിറന്ന് കാനഡയിലെ സിനിമാതാരമായി മാറിയ ചരിത്രമാണ് ലിസറേയ്ക്കുള്ളത്. ഒരു നടിയെന്നതിന് പുറമെ മോഡൽ, ടെലിവിഷൻ അവതാരക എന്നീ നിലകളിലും ഇവർ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയും ആക്ടിവിസ്റ്റുമെന്ന നിലയിലും ലിസ റേ ശ്രദ്ധേയയായിട്ടുണ്ട്. 2005ൽ ഇവർ അഭിനയിച്ച് വാട്ടർ എന്ന ചലച്ചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.

1994ൽ പുറത്തിറങ്ങിയ നേതാജി എന്ന തമിഴ്‌സിനിമയിൽ അഭിനയിച്ചു കൊണ്ട് ഇന്ത്യൻ സിനിമയിലേക്കും ലിസ റേ കടന്നു വന്നു. ശരത്കുമാറായിരുന്നു ഇതിൽ നായകൻ. 2001ൽ ബോളിവുഡ് ചിത്രമായ കസൂദിലും 2002ൽ തെലുങ്ക് ചിത്രമായ തക്കാറിയിലും ഇവർ അഭിനയിച്ചിരുന്നു. തുടർന്ന് 2011ൽ ടിസിഎൽ ചാനലിന്റെ ഓ മൈ ഗോൾഡ് എന്ന ശ്രദ്ധേയമായ ടിവിപ്രോഗ്രാമിലും ലിസ ഭാഗഭാക്കായിരുന്നു.

1972 ഏപ്രിൽ നാലിന് കാനഡയിലെ ഒന്റാറിയോവിലുള്ള ടൊറൻോയിലാണ് ലിസ റേ ജനിച്ചത്. കുട്ടിക്കാലത്ത് അൽപകാലം കൊൽക്കത്തയിലെ ശ്യാംബസാറിൽ അവർ ചെലവഴിച്ചിരുന്നു. എറ്റോബിക്കോക്ക് കൊളിജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, റിച്ച് വ്യൂ കൊളിജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, സിൽവർത്രോൻ കാളിജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു അവരുടെ പഠനം. അമ്മയുടെ മാതൃഭാഷയായ പോളിഷ് നന്നായി സംസാരിക്കുന്ന ലിസ ഫെല്ലിനിയുടെയും സത്യജിത്ത് റേയുടെയും സിനിമകൾ കാണാനും താൽപര്യം പുലർത്തുന്നു. അച്ഛന്റെ ബംഗാൾ പാരമ്പര്യമുള്ളതിനാലാകും അവർ സത്യജിത്ത് റേയുടെ സിനികളെ ഇഷ്ടപ്പെടാൻ കാരണം.

കരൺ കപൂറിനൊപ്പം ബോംബെ ഡൈയിംഗിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് മുതലാണ് ലിസറേ പൊതുജന ശ്രദ്ധയാകർഷിച്ചത്. ഇതിൽ അവർ അണിഞ്ഞ ഹൈ കട്ട് ബ്ലാക്ക് സിം സ്യൂട്ട് ഈ താരത്തിന് ഒരു പ്രത്യേക ലുക്ക് നൽകിയിരുന്നു. ഇതിന് ശേഷം ജേർണലിസം പഠിക്കാനായി ലിസ കാനഡയിലേക്ക് തിരിച്ച് പോയി. എന്നാൽ അവരുടെ അമ്മയ്ക്ക് ഒരു കാറപടകമുണ്ടായതിനെത്തുടർന്ന് ലിസയുടെ പദ്ധതികളൊന്നും നടന്നില്ല. തുടർന്ന് അവർ ഇന്ത്യയിലേക്ക് തിരിച്ച് വരികയും ഗ്ലാഡ് റാഗ്‌സിന്റെ കവർ പേജിൽ ബേവാച്ച് സ്‌റ്റൈൽ സ്വിംസ്യൂട്ട് ധരിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ കവർ ഫോട്ടോ ഒരു തരംഗമാവുകയും അത് ലിസക്ക് ഗുണം ചെയ്യുകയുമുണ്ടായി. ഇതിനെത്തുടർന്ന് നിരവധി മാഗസിനുകളുടെ കവർ ഫോട്ടോകളിൽ ലിസ പ്രത്യക്ഷപ്പെട്ടു. ഒരു അവതാരകയെന്ന നിലയിൽ തിളങ്ങാനും ഇക്കാലത്ത് അവർക്ക് സാധിച്ചു. മില്ലെനിയത്തിലെ ഏറ്റവും നല്ല ഒമ്പതാമത്തെ സുന്ദരിയെന്ന സ്ഥാനമാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ ലിസക്ക് ലഭിച്ചത്. ഈ ലിസ്റ്റിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങൾക്കുള്ളിൽ ഇടം നേടിയ ഏക മോഡലായിരുന്നു ലിസ റേ. സ്റ്റാർ മൂവീസിലെ സ്റ്റാർ ബിസ് എന്ന ഷോയുടെ അവതാരകയാകാനും ഇക്കാലത്ത് അവർക്ക് അവസരമുണ്ടായി. നടനും മോഡലുമായ കെല്ലി ഡോർജിയായിരുന്നു ഈ പരിപാടിയുടെ സഹ അവതാരകൻ.

തന്റെ ആദ്യ ബോളിവുഡ് സിനിമയായ കസൂറിൽ ലിസക്ക് ശബ്ദം നൽകിയത് ദിയ ദത്തയായിരുന്നു. ലിസക്ക് ഹിന്ദി സംസാരിക്കാനറിയാത്തതായിരുന്നു ഇതിന് കാരണം. ദിയ ദത്തയും ആ ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ അവർക്ക് ശബ്ദം നൽകിയതാകട്ടെ മറ്റൊരാളായിരുന്നു. കസൂറിലെ ലിസയുടെ അഭിനയത്തിൽ ആകൃഷ്ടയായ ദീപ മേത്ത ഇന്ത്യൻ കനേഡിയൻ സംരംഭമായ തന്റെ ചിത്രം ബോളിവുഡ്/ ഹോളിവുഡിൽ ലിസക്ക് അവസരം നൽകുകയും ചെയ്തു.

അഭിനയത്തെ കുറച്ച് കൂടി ഗൗരവമായി കാണണമെന്ന ബോധമുണ്ടായപ്പോൾ ലിസ റേ ലണ്ടനിലേക്ക് പോയി. അഭിനയം ഒരു കരിയറായി സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ അവർ സെൻട്രൽ സ്‌കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ, ദി ലണ്ടൻ സെന്റർ ഫോർ തിയേറ്റർ സ്റ്റഡീസ്, ഡെസ്മണ്ട് ജോൺസ് സ്‌കൂൾ ഓഫ് ഫിസിക്കൽ തിയേറ്റർ തുടങ്ങിയയിടങ്ങളിൽ ചേർന്ന് അഭിനയത്തിൽ കൂടുതൽ അവഗാഹം നേടിയെടുത്തു. 2004ൽ അക്കാദമി ഓഫ് ലൈവ് ആൻഡ് റെക്കോർഡഡ് ആർട്‌സിസിൽ ഡിഗ്രി നേടിയതിനൊപ്പം അഭിനയത്തിൽ ബിരുദാനന്തര ബിരുദവും ലിസ റേ നേടിയെടുത്തു.

പഠനകാലത്ത് തന്നെ ലിസയെത്തേടി സിനിമയിൽ നിന്നും നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ അവയൊന്നും സ്വീകരിച്ചില്ല. എന്നാൽ പഠനാനന്തരം വാട്ടർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ദീപ മേത്ത ക്ഷണിച്ചപ്പോൾ അത് തള്ളിക്കളയാൻ ലിസ തയ്യാറായില്ല. തൽഫലമായി വാട്ടറിലെ പ്രധാനകഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കാനുള്ള അവസം ലിസയ്ക്ക് കൈവന്നു. ഓസ്‌കറിന് വരെ നോമിനേഷൻ ലഭിച്ച വാട്ടറിലെ അഭിനയത്തിലൂടെ ലിസ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയാവുകായിരുന്നു. തുടർന്ന് കാനഡ,യൂറോപ്പ്, യുഎസ്, എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ചിത്രങ്ങളിൽ ഈ അഭിനേത്രിക്ക് അവസരം ലഭിച്ചു. അൽ ഹാറ്റിലെ ഫാം ഗേൾ, എ സ്റ്റോൺസ് ത്രോയിലെ സ്‌കൂൾ ടീച്ചർ, ദി വേൾഡ് അൺസീനിലെ വീട്ടമ്മ, ഐ കാണ്ട് തിങ്ക് സ്രട്രെയിറ്റിലെ അറബ് ലെസ്ബിയൻ എന്നിവ ലിസ റേയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ചിലതാണ്. 2007ൽ കിൽ കിൽ ഫാസ്റ്റർ ഫാസ്റ്റർ എന്ന ചിത്രത്തിലെ സെക്‌സ് സീനുകളിൽ തുറന്നഭിനയിച്ചതിന്റെ പേരിൽ ലിസ റേ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് മുമ്പ് ഒരു ഇന്ത്യൻ നടി ചെയ്യാൻ ധൈര്യം കാണിക്കാത്ത രംഗങ്ങളായിരുന്നു അതെന്നാണ് മാദ്ധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.

ബിരുദത്തിന് ശേഷം പാരീസ്, ന്യൂയോർക്ക് തുടങ്ങിയിടങ്ങളിലായിരുന്ന ലിസ പ്രിയപ്പെട്ട അമ്മയുടെ മരണത്തെത്തുടർന്ന് 2008ൽ ടൊറന്റോയിലേക്ക് തന്നെ മടങ്ങിയെത്തി. 2009ൽ സംപ്രേഷണം ചെയ്ത യുഎസ്എ നെറ്റ് വർക്ക് സീരീസായ സൈക്കിൽ അതിഥി താരമായി ലിസയെത്തിയിരുന്നു. കുക്കിങ് വിത്ത് സ്റ്റെല്ല എന്ന തന്റെ വർക്കിനെ പിന്തുണയ്ക്കാൻ വേണ്ടി ലിസ ടൊറന്റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ എത്തിയിരുന്നു. താൻ ചികിത്സിച്ച് ഭേദമാക്കാനാവാത്ത മൾട്ടിപ്പിൾ മൈലോമ എന്ന കാൻസറിന് അടിമയാണെന്ന് ലിസ വെളിപ്പെടുത്തിയത് ഈ അവസരത്തിലാണ്. തന്റെ കാൻസർ അനുഭവങ്ങൾ എഴുതാൻ ദി യെല്ലോ ഡയറീസ് എന്നൊരു ബ്ലോഗ് ലിസ ആരംഭിച്ചതും ഇക്കാലത്താണ.് ടൊറന്റോയിലെ പ്രിൻസസ് മാർഗററ്റ് ഹോസ്പിറ്റലിൽ മൾട്ടിപ്പിൾ മൈലോമ കാൻസർ റിസർച്ച് ചെയർ സ്ഥാപിക്കാൻ ഫണ്ട് സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ ലിസ മുന്നിട്ടിറങ്ങിയിരുന്നു. പെൺകുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ക്യാംപയിനായ ബികോസ് ഐ ആം എ ഗേൾ എന്ന ക്യാംപയിനിലും ഇവർ സജീവമായിരുന്നു. 2009ൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് എന്ന ട്രീറ്റ് മെന്റിലൂടെ ലിസ തന്നെ ബാധിച്ച അപൂർവ കാൻസറിൽ നിന്ന് അത്ഭുതകരമായി മുക്തയായി.

കാൻസർ ഡോക്യു ഡ്രാമയായ വൺ എ മിനുറ്റിൽ ലിസ ഭാഗഭാക്കായിരുന്നു. നമ്രതസിങ് ഗുജ്‌റാളാണ് ഇത് ആവിഷ്‌കരിച്ചത്. കാൻസർ രോഗത്തിൽ നിന്ന് വിമുക്തി നേടിയ പ്രമുഖരിൽ ചിലരും ലിസക്കൊപ്പം ഇതിൽ ഭാഗഭാക്കായിരുന്നു. ഇത്തരം ക്യാൻസറിനെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ലിസ 2011ൽ കാനഡയിലുടനീളം ഒരു മീഡിയ ടൂറിന് നേതൃത്വം നൽകിയിരുന്നു.

ഹൻസ്‌റ്റേ ഖെൽറ്റേ, ബാൾ ആൻഡ് ചെയിൻ, യുവരാജ്, സീക്കിങ് ഫിയർ, ദി ഫ്‌ലവർ മാൻ, ക്വാർട്ടർ ലൈഫ് ക്രൈസിസ്, ടൊറന്റോ സീരീസ്, സംനോലെൻസ്, ഡിഫെൻഡർ, ലെറ്റ് ദി ഗെയിം ബിഗൻ, ട്രേഡർ ഗെയിംസ്, മർഡോക്ക് മിസ്റ്ററീസ്,എൻഡ്‌ഗെയിം,പാച്ച്ടൗൺ എന്നിവയും ലിസയുടെ സിനിമകളാണ്. ഇതിന് പുറമെ ദി സ്റ്റാൻഡേർഡ്, ഗ്രേറ്റ് കനേഡിയൻ ബുക്ക്‌സ്, ദി മരിയൻ ഡെന്നീസ് ഷോ, ദി ഹൗവർ, ടോപ്പ് ചെഫ് കാനഡ എന്നീ ടിവിസീരീസുകളിലും അവർ ഭാഗഭാക്കായിട്ടുണ്ട്. അഭിനയത്തികവിന് നിരവധി അവാർഡുകളും ഈ അഭിനേത്രിയെത്തേടിയെത്തിയിട്ടുണ്ട്. 2012 ഒക്ടോബർ 20ന് ലിസ റേ മാനേജ് മെന്റ് കൺസൾട്ടന്റായ ജാസൺ ഡെഹ്നിയെ വിവാഹം കഴിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP