Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഇക്കുറി കന്നഡ താരത്തിനെന്നു സൂചന; അവസാന റൗണ്ടിൽ ആറു മലയാള ചിത്രങ്ങൾ; ദുൽഖറിന് പ്രത്യേക പരാമർശം ലഭിച്ചേക്കും

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഇക്കുറി കന്നഡ താരത്തിനെന്നു സൂചന; അവസാന റൗണ്ടിൽ ആറു മലയാള ചിത്രങ്ങൾ; ദുൽഖറിന് പ്രത്യേക പരാമർശം ലഭിച്ചേക്കും

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡിനുള്ള പട്ടികയിൽ അവസാന റൗണ്ടിൽ ആറ് മലയാള ചിത്രങ്ങളെന്ന് സൂചന. ഒറ്റാൽ, അലിഫ്, ഒരാൾപൊക്കം, ഐൻ, 1983, ബാംഗ്ലൂർ ഡേയ്‌സ് എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം, മികച്ച നടനുള്ള പുരസ്‌കാരത്തിന് കന്നഡ താരം സഞ്ചാരി വിജയ്, ദുർഗേഷ് എന്നിവരെയാണ് പരിഗണിക്കുന്നതെന്ന സൂചനയുമുണ്ട്. നേരത്തെ മുന്നറിയിപ്പിലെ അഭിനയത്തിന് മമ്മൂട്ടിയെയും പികെയിലെ പ്രകടനത്തിന് ആമിർ ഖാനെയും ഹൈദറിലെ നായകനായ ഷാഹിദ് കപൂറിനെയും പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

തമിഴ് സംവിധായകൻ ഭാരതിരാജ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരപ്രഖ്യാപനം നടത്തുക. 24നാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. ഞാൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദുൽഖർ സൽമാന് പ്രത്യേക പരാമർശം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. നാളെ പുരസ്‌കാരനിർണ്ണയത്തിന് ശേഷം പട്ടിക കൈമാറും.

പ്രിയങ്ക ചോപ്ര (മേരികോം), റാണി മുഖർജി (മർദാനി), കങ്കണ റണൗട്ട് (ക്വീൻ) എന്നിവരാണ് അഭിനേത്രിമാരിൽ അന്തിമ പട്ടികയിലുള്ളത്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ മികച്ച ചിത്രം, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ അന്തിമപട്ടികയിലുണ്ട്. മറാത്തി ചിത്രമായ കൗഡ, തമിഴ് ചിത്രം കാക്കമുട്ടൈ, ബംഗാളി ചിത്രം ചതുഷ്‌കോൺ, ഹിന്ദി ചിത്രം ക്വീൻ എന്നിവയാണ് ഒറ്റാലിനൊപ്പം മികച്ച ചിത്രത്തിന്റെ മത്സരത്തിനുള്ളത്.

നാൻ അവനല്ല അവളു,ഹാരിവു എന്നീ സിനിമകൾക്കാണ് കന്നട നടൻ സഞ്ചാരി വിജയ് പരിഗണിക്കപ്പെട്ടത്. ഇസഡ് പ്ലസിലെ പ്രകടനത്തിനാണ് ദുർഗേഷ് പരിഗണിക്കപ്പെട്ടത്. നവാഗത സംവിധായകനുള്ള പുരസ്‌കാരം ഒരാൾ പൊക്കത്തിന് സനൽകുമാർ ശശിധരൻ നേടുമെന്ന് സൂചനയുണ്ട്. 1983, മൈ ലൈഫ് പാർട്ണർ (എം.ബി. പത്മകുമാർ) എന്നിവ മികച്ച പ്രാദേശികഭാഷാ ചിത്രമായി പരിഗണിക്കുന്നവയിലുൾപ്പെടുന്നു.

സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമാ വിഭാഗത്തിൽ സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഐനും കുടുംബക്ഷേമ സിനിമാ വിഭാഗത്തിൽ കെ മുഹമ്മദ് കോയയുടെ അലീഫും പരിഗണനയിലുണ്ട്. നെടുമുടി വേണു, ജോയ്മാത്യു, കുമരകം വാസുദേവൻ എന്നിവർ മികച്ച സഹനടന്മാരായി അന്തിമറൗണ്ടിൽ എത്തിയതായും സൂചനയുണ്ട്. തമിഴിൽ നിന്ന് വസന്തബാലൻ ചിത്രം കാവിയതലൈവൻ ഉൾപ്പെടെ വിവിധ സിനിമകളുമായി നാസറും സഹനടനുള്ള മത്സരത്തിനുണ്ട്. ലെനയാണ് സഹനടിയായി മലയാളത്തിൽ നിന്ന് പരിഗണിക്കപ്പെട്ടത്.

പികെ, കൊച്ചടയാൻ, ജിഗർ തണ്ടാ, കുറ്റ്‌റം കടിതൽ, കാക്കമുട്ടൈ, അപ്പുച്ചി ഗ്രാമം എന്നീ സിനിമകൾക്കും പ്രധാന പുരസ്‌കാരങ്ങളുണ്ടെന്നാണ് സൂചന. ഞാൻ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ മനോജ് പിള്ളയെ ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിട്ടുള്ളതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP