Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആട് ഇത്തവണ ഭീകരജീവിയല്ല; സോഷ്യൽ മീഡിയ താരമാക്കിയ ഷാജിപാപ്പനും കൂട്ടരും തീയേറ്റർ ഇളക്കി മറിക്കുന്നു; സാമാന്യബുദ്ധി പോക്കറ്റിൽവെച്ച് കയറിയാൽ ആട് 2 നിങ്ങളെ ചിരിപ്പിക്കും; വെടി തീർന്നു നിൽക്കുന്ന ജയസൂര്യക്ക് വീണ്ടുമൊരു ലൈഫ്

ആട് ഇത്തവണ ഭീകരജീവിയല്ല; സോഷ്യൽ മീഡിയ താരമാക്കിയ ഷാജിപാപ്പനും കൂട്ടരും തീയേറ്റർ ഇളക്കി മറിക്കുന്നു; സാമാന്യബുദ്ധി പോക്കറ്റിൽവെച്ച് കയറിയാൽ ആട് 2 നിങ്ങളെ ചിരിപ്പിക്കും; വെടി തീർന്നു നിൽക്കുന്ന ജയസൂര്യക്ക് വീണ്ടുമൊരു ലൈഫ്

കെ വി നിരഞ്ജൻ

ലയാളികൾക്ക് അത്രയൊന്നും പിടിയില്ലാത്ത പരിപാടിയാണ് സ്പൂഫിങ്ങ് എന്ന സുകുമാരകല. അതുകൊണ്ടുതന്നെ തീക്കളിയാണ് ശരിക്കും ഇവിടെ ഒരു സ്പൂഫ് ചിത്രമെന്ന് പറയുന്നത്. ടമാർ പഠാർ, മസാല റിപ്പബ്‌ളിക്ക്, ഡബിൾ ബാരൽ പോലുള്ള ഇത്തരം പരീക്ഷണ സിനിമകൾക്കുണ്ടായ ബോക്‌സോഫീസ് അനുഭവം ഓർക്കുന്ന ഒരാളും 'ആട് 2'പോലുള്ള ഒരു പടത്തിന് പണം മുടക്കില്ല.

പക്ഷേ അവിടെയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെയും, നിർമ്മാതാവ് വിജയ്ബാബുവിന്റെയും ആത്മവിശ്വാസത്തിന് കൈയടി കൊടുക്കേണ്ടത്. ചിത്രം ഇറങ്ങും മുമ്പ് ഇരുവരും പറഞ്ഞിരുന്നു, നിങ്ങളുടെ യുക്തിയൊക്കെ വീട്ടിൽവെച്ച് കാണേണ്ട, ഒരു കോമിക്ക് ബുക്ക് വായിച്ചുപോകുന്നതുപോലുള്ള കാരിക്കേച്ചർ സിനിമയാണിതെന്ന്. ഒരു കോമിക്ക് പുസ്തകത്തെ നിങ്ങൾക്ക് ലോജിക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താനാവില്ല.

ഡിങ്കൻ വെറുമൊരും എലിക്കുട്ടിമാത്രമാണെന്നും അത് എങ്ങനെ ശക്തരിൽ ശക്തനാവുന്നും, കബീഷ് എന്ന കുരങ്ങന്റെ വാലുനീളുന്നത് അശാസ്ത്രീയമാണെന്നുമൊക്കെ ലേഖനിക്കാൻ ആരും തയാറാവില്ലല്ലോ. ( ഡിങ്കോയിസ്റ്റുകളുടെ മതവ്രകാരം വ്രണപ്പെടാതിരിക്കട്ടെ!) അതുപോലെ ആസ്വദിക്കാവുന്ന ഒരു പടമാണിത്. എത്ര ഗൗരവം നടിച്ചാലും നമ്മുടെ എല്ലാവരിലുമുള്ള കുട്ടിയെ ഈ പടം തട്ടിയുണർത്തുന്നു.പലപ്പോഴും പൊട്ടിച്ചിരി സമ്മാനിക്കുന്നു.

പ്രേക്ഷകരോട് ഇത്രയേ പറയാനുള്ളു. കാർട്ടൂൺപോലെ ഒരു സിനിമ ആസ്വദിക്കാമെങ്കിൽ നിങ്ങൾക്ക് ആട് 2 വിന് ടിക്കെറ്റടെുക്കാം.എന്തെങ്കെിലും തരത്തിലുള്ള ഗൗരവപൂർണ്ണമായ ഒരു ചിത്രമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആടിന് കയറാതിരിക്കുന്നതാവും നല്ലത്. ഇത് വെറുമൊരു നേരമ്പോക്ക് മാത്രമാണ്.പക്ഷെ അതിനും കഴിയാതെ അസഹനീയമായ ബോറടി നൽകുന്ന പടപ്പുകളുടെ കാലത്ത് ഇതൊക്കെ സ്വർഗമാണ്.

തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെടുന്നതുകാരണം ബോക്‌സോഫീസിൽ വെടിതീർന്ന് നിൽക്കുന്ന ജയസൂര്യക്ക് കിട്ടിയ കച്ചിത്തുരുമ്പാണ് ഈ പടം.ഈ ക്രിസ്മസ് അവധിക്കാലത്ത് ഹൗസ്ഫുൾ ബോർഡുകളാണ് ചിത്രത്തിനായി എവിടെയും കാണാനാവുന്നത്.

സോഷ്യൽ മീഡിയ ഹിറ്റാക്കിയ പാപ്പൻ

പല ചിത്രങ്ങളം പരാജയപ്പെടുമ്പോൾ അതിന്റെ അണിയ പ്രവർത്തക പഴിക്കാറുള്ളത് സോഷ്യൽ മീഡിയയെയാണ്.എന്നാൽ 'ആടിന്റെ' കാര്യത്തിൽ ഇത് മറിച്ചാണ്. ബ്‌ളോക്ക്‌ബസ്‌ററർ ചിത്രങ്ങളിലെ നായകരായ സേതുരാമയ്യും, ദാസനും വിജയനുമൊക്കെ വീണ്ടും വരുമ്പോലെയായിരുന്ന ഷാജി പാപ്പൻ എന്ന പരാജയപ്പെട്ട ചിത്രത്തിലെ നായകന്റെയും രണ്ടാം വരവ്. പൊട്ടിത്തകർന്ന് പെട്ടിയിലായ ഷാജി പാപ്പനെയും സംഘത്തെയും അവിടെ നിന്ന് ഉയർത്തിയെടുത്ത് ഇപ്പോഴുള്ള വൻ വിജയത്തിലേക്ക് നയിച്ചത് നവമാധ്യമങ്ങളാണെന്നത് മറുക്കരുത്. 'ഷാജിയേട്ടാ..ഷാജി പാപ്പാ' വിളികളും, കടലാസ് മഴയും, കൈയടികളുമൊക്കെയായി ഒരു സൂപ്പർസ്റ്റാറിന്റെ എൻട്രിപോലെയാണ് പാപ്പൻ തീയേറ്റിൽ അവതരിക്കുന്നത്.

സൂപ്പർ ഹിറ്റായ സിനിമകൾക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് സ്വാഭാവികമാണ്. നാടോടിക്കാറ്റും സി ബി ഐ ഡയറിക്കുറിപ്പും കിരീടവുമൊക്കെ ഇത്തരത്തിലുള്ളവയാണ്. എന്നാൽ തിയേറ്ററിൽ പരാജയപ്പെട്ട സിനിമകൾക്ക് രണ്ടാം ഭാഗം സങ്കൽപ്പിക്കാനാവില്ല. (അടുത്തകാലത്ത് ഇതിനൊരു മാറ്റം കണ്ടു. നല്ല അഭിപ്രായം നേടിയിട്ടും തിയേറ്ററിൽ ഓളം സൃഷ്ടിക്കാൻ കഴിയാതെ പോയ ഒരു കന്നഡ ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി റിച്ചിയെന്ന പേരിൽ തമിഴിൽ പുറത്തിറക്കിയത്. എന്നാൽ കന്നഡ ചിത്രത്തിന്റെ അടുത്തെങ്ങും എത്താൻ കഴിഞ്ഞില്ലന്നെ വിമർശനം മാത്രമാണ് ആ ചിത്രം നേടിയത്)

മലയാളത്തിൽ ഇത്തരമൊരു സാഹചര്യത്തിൽ പുറത്തുവന്ന ചിത്രമാണ് ആട് 2. വ്യത്യസ്തമായ ചിത്രമെന്ന് അഭിപ്രായം നേടിയിട്ടും തിയേറ്ററിൽ പരാജയപ്പെട്ട 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രത്തിനാണ് മിഥുൻ മാനുവൽ തോമസ് രണ്ടാം ഭാഗം ഒരുക്കിയത്.ചീറ്റിപ്പോയ ആക്ഷേപഹാസ്യമായിരുന്നു ആട് ഒന്നാഭാഗം. വളരെ പ്രതീക്ഷ നൽകിയ പ്രമേയം ആയിരുന്നിട്ടും തിരക്കഥയുടെ ദൗർബല്യവും കാടുകയറലും നിമിത്തം പാളിപ്പോയ ചിത്രം. തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ടോറന്റ്, സീഡി എന്നിവയിലൂടെ ചിത്രം പിന്നീട് ഏറെ ചർച്ച ചെയ്യപ്പട്ടു. സ്മാർട്ടുഫോണുകൾ വഴി ഷാജി പാപ്പനും പിള്ളരേും ന്യൂജനുകാരുടെ പ്രിയതാരമായി. ചിത്രത്തിന് വേണ്ടി തീയേറ്റർ വാടകയ്‌ക്കെടുത്ത് യുവാക്കൾ സ്‌പെഷ്യൽ ഷോ പോലും പിന്നീട് സംഘടിപ്പിച്ചു.

ഓൺലൈനിൽ ചിരിപടർത്തുന്ന ട്രോളുകളെ ഗംഭീരമാക്കുന്നതിലും ഷാജിപാപ്പനും സംഘവും വലിയ പങ്കുവഹിച്ചു. ഒന്നാംഭാഗത്തിലെ പിഴവുകൾ പരിഹരിച്ചാൽ പരാജയത്തിൽ നിന്ന് സൂപ്പർഹിറ്റായ രണ്ടാം ഭാഗം ഒരുക്കാൻ കഴിയുമെന്ന സംവിധായകന്റെ ആത്മവിശ്വാസമാണ് ആട് 2 വിലേക്കത്തെിയതെന്ന് വ്യക്തം.

ഒന്നാം ആടിന്റെ കൈപ്പിഴ തീർത്ത് സംവിധായകൻ

ഓരോ രംഗങ്ങളും ഒറ്റക്ക് കാണുമ്പോൾ സൂപ്പർ.പക്ഷേ ഒരു മുഖ്യപ്രമേയത്തിൽ കോർത്തിണക്കുമ്പോൾ രസച്ചരട് മുറിയുന്നു. (അതായത് ഫോണിൽ ചിത്രത്തിലെ ഒരു രംഗംമാത്രം കാണുന്നയാൾ അമ്പരക്കും. ഈ പടം എന്തുകൊണ്ട് ഹിറ്റായില്‌ളെന്ന്) ഇതായിരുന്നു ഒന്നാം ആടിന്റെ പ്രധാന ദൗർബല്യം. ആടിനെ കയറൂരി വിടാതെ പിടിച്ചുകെട്ടിയാണ് രണ്ടാമങ്കത്തിൽ സംവിധായകന്റെ കഥ പറച്ചിൽ. പ്രധാന പ്രമേയത്തിൽ നിന്ന് വഴുതിമാറി സഞ്ചരിച്ചതാണ് ആദ്യഭാഗത്തിന് വിനയായതെന്ന സംവിധായകന്റെ ബോധം ആട് 2 വിൽ കാണിച്ച ജാഗ്രത വ്യക്തമാക്കിത്തരുന്നുണ്ട്.

തീർച്ചയായും ഗൗരവമേറിയ കാഴ്ചകളൊന്നും ചിത്രത്തിലില്ല. ചില കാരിക്കേച്ചർ കഥാപാത്രങ്ങളിലൂടെയും സംഭവവികാസങ്ങളിലൂടെയും കടന്നുപോയി അവസാനത്തെ കൂട്ടപ്പൊരിച്ചിലേക്ക് കഥയെ എത്തിക്കുകയാണ്. പ്രിയദർശന്റെ ചില മുൻകാല ചിത്രങ്ങളാണ് ഇതിന് മാതൃക. യുക്തഭദ്രമല്ലാത്ത കഥകളെ രസകരമായി പല ചിത്രങ്ങളിലും ഇത്തരത്തിൽ പ്രിയദർശൻ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ രണ്ടര മണിക്കൂർ ചിരി മാത്രം സമ്മാനിക്കാനുള്ള ശ്രമമാണ് മിഥുനന്റെത്.ചിലപ്പോഴെങ്കിലും ഈ ശ്രമം അരോചകമായമാറുന്നെന്നും പറയാതെ വയ്യ.

ആദ്യത്തെ ആടിൽ നീലക്കോടുവേലി എന്ന അത്ഭുദ സിദ്ധിയുണ്ടെന്ന് പലരും വിശ്വസിക്കുന്ന കുറിഞ്ഞി തേടിയുള്ള അന്വേഷണമായായിരുന്നു പ്രമേയമെങ്കിൽ രണ്ടാം ഭാഗത്തിൽ, നോട്ട് നിരോധനവും അതിനത്തെുടർന്നുണ്ടാകുന്ന വയ്യാവേലികളുമാണ്. പതിവുപോലെ ഷാജി പാപ്പനും സംഘവും വടം വലി മത്സരത്തിൽ പങ്കെടുത്ത് ജയിക്കുന്നു. ആടിന് പകരം സ്വർണ്ണക്കപ്പാണ് ഇവിടെ അവർക്ക് ലഭിക്കുന്നത്.ഒന്നാം ഭാഗത്തിൽ ആടുണ്ടാക്കിയതുപോലെ, സ്വർണ്ണക്കപ്പ് പലവിധ പൊല്ലാപ്പുകളിലേക്ക് ഈ സംഘത്തെ നയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ഷാജി പാപ്പന് പതിവ് നടുവേദന ഇപ്പേഴുമുണ്ടെങ്കിലും കുറച്ചുകൂടി ഹീറോയിസം ഇവിടെ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിലപ്പോൾ കാരിക്കേച്ചർ സ്വഭാവത്തിനിന്ന് മാറി ചിത്രം ഹീറോയിസത്തിലേക്കും കടക്കുന്നു.

നോട്ട്‌  നിരോധനത്തത്തെുടർന്നുണ്ടാകുന്ന വിവിധ സംഭവങ്ങളിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം കൂട്ടിമുട്ടിക്കുകയാണ് സംവിധായകൻ. അങ്ങനെ പാപ്പനും സംഘവും, എസ് ഐ സർബത്ത് ഷമീറും, സാത്താൻ സേവ്യറും, ഭീകരൻ ഡ്യൂഡും, കഞ്ചാവ് സോമനും, ബാറ്ററി സൈമണുമെല്ലാം ഒരേ രേഖയിൽ സന്ധിക്കുകയും ഒരു പ്രിയദർശൻ സിനിമയിലേതുപോലെ കൈ്‌ളമാക്‌സിലൂടെ ഒന്നിച്ച് നീങ്ങുകയും ചെയ്യുന്നു.

തകർത്ത് ജയസൂര്യയും വിനായകനും

പേരിന് മാത്രമാണ് ആട് 2വിൽ ആടിന്റെ സാന്നിധ്യമുള്ളത്. യുവാക്കളുടെ മനസ്സിൽ മംഗലശ്ശേരി നീലകണ്ഠനെയോ രാജമാണിക്യത്തെപ്പോലെയോ വളർന്നു കഴിഞ്ഞ ഷാജി പാപ്പന്റെ ഇളകിയാട്ടങ്ങൾക്ക് തന്നെയാണ് ഇവിടെ പ്രധാന്യം.തീർച്ചയായും ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനം ഷാജിയേട്ടനും പിള്ളരേും കാഴ്ചവെച്ചിട്ടുണ്ട്. ഡബിൾ സൈഡ് മുണ്ടും ധരിച്ച് ബുള്ളറ്റിലത്തെുന്ന ഷാജിപാപ്പാന് ഒരു ആക്ഷൻ കഥാപാത്രത്തിന് കിട്ടുന്ന കൈയടിയാണ് കിട്ടുന്നത്. പാപ്പനായി ജയസൂര്യ തകർത്തിട്ടുമുണ്ട്. കഥാപാത്രത്തിന്റെ ലുക്കും മാനറിസങ്ങളുമെല്ലാം അതുപോലെ വീണ്ടും പകർത്താൻ അദ്ദഹത്തേിന് സാധിച്ചു. മണ്ടത്തരങ്ങളുമായി അറയ്ക്കൽ അബുവും സച്ചിൻ ക്‌ളീറ്റസും ലോലനുമെല്ലാം ഒപ്പമുണ്ട്. സൈജു കുറുപ്പും ധർമ്മജനുമെല്ലാം ഈ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി.

എങ്കിലും ചിത്രത്തിൽ തകർത്തത് നമ്മുടെ ഡ്യൂഡ് തന്നെയാണ്. ആദ്യചിത്രത്തിൽ ഭീകരനായത്തെിയ വിനായകന്റെ ഡ്യൂഡ് ഇന്ന് തമിഴ്‌നാട്ടിലെ ഒരു ചായക്കടയിൽ പൊറോട്ട അടിക്കാരനാണ്. അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് വിനായകന്റെത്.എസ് ഐ സർബത്ത് ഷമീർ (വിജയ് ബാബു), സാത്താൻ സേവ്യർ (സണ്ണി വെയ്ൻ), ഡ്യൂഡ് (വിനായകൻ), പി പി ശശി (ഇന്ദ്രൻസ്), കഞ്ചാവ് സോമൻ (സുധി കോപ്പ) ബാറ്ററി സൈമൺ (ബിജുക്കുട്ടൻ) തുടങ്ങിയവരും മണ്ടത്തരങ്ങളുമായി വിജയാഘോഷത്തിൽ ഒപ്പമുണ്ട്. പി പി ശശിയെന്ന രാഷ്ട്രീയ നേതാവ് ഇപ്പോൾ കേരളത്തിലെ ഒരു മന്ത്രിയായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും നമ്മുടെ മണിയാശാനെ..സോറി പി പി ശശിയെ ആധികം തോണ്ടാൻ സംവിധായകൻ മിനക്കെട്ടിട്ടുമില്ല.

ആദ്യഭാഗത്തുണ്ടായിരുന്ന ചെമ്പൻ വിനോദ്, സാന്ദ്ര തോമസ് എന്നിവരുടെ കഥാപാത്രങ്ങൾ ഇത്തവണയില്ല. കഥയെ പലവഴിയിൽ സഞ്ചരിച്ച് വിരസമാക്കുന്നതിൽ നിന്ന് ഈ കഥാപാത്രങ്ങളെ ഒഴിവാക്കിയതിലൂടെ ചിത്രത്തിന് രക്ഷനേടാൻ സാധിക്കുന്നുണ്ട്. ആദ്യഭാര്യ ഒളിച്ചോടി പോയതുകൊണ്ട് പാപ്പന് നായിക രണ്ടാം ഭാഗത്തിലും ഇല്ല. മംഗലാപുരത്താണ് കഥ തുടങ്ങുന്നതെങ്കിലും ഷാജിയേട്ടന്റെ ഹൈറേഞ്ചിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.മനോഹരമായ ഹൈറേഞ്ച് കാഴ്ചകൾ വിഷ്ണു നാരായണൻ മികച്ച രീതിയിൽ പകർത്തിയിരിക്കുന്നു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും ലിജോ പോളിന്റെ എഡിറ്റിംഗും ശ്രദ്ധേയമാണ്. എങ്കിലും ചിത്രത്തിന്റെ ദൈർഘ്യം കുറച്ച് കുറച്ചിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.

വാൽക്കഷ്ണം: യുക്തിയെ മടക്കി പോക്കറ്റിൽ വെക്കാൻ സംവിധായകൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇടയ്‌ക്കെങ്കിലും ബാക്കിവെച്ച യുക്തിബോധത്തെ ചിത്രം ചിലയിടത്തൊക്കെ പരിഹസിക്കുന്നുമുണ്ട്. പലയിടത്തും കെട്ടഴിഞ്ഞ് കിടക്കുകയാണ് ആഖ്യാനത്തെ, അടുക്കും ചിട്ടയുമാക്കുകയാണെങ്കിൽ മലയാളത്തിലെ ലക്ഷണമൊത്ത ആക്ഷേപഹാസ്യചിത്രമെന്ന് പേര് ഈ പടത്തിന് കിട്ടുമായിരുന്നു. പക്ഷേ അതിനുള്ള ക്ഷമയോ, ശ്രദ്ധയോ കാഴ്ചപ്പാടോ ഒന്നും ഇതിന്റെ അണിയറക്കാർക്ക് ഇല്ലാതെപോയി.ആ ഒരു വിഷമംമാത്രമാണ് ചിത്രം അവശേഷിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP