Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മതിമറന്നു ചിരിക്കേണ്ടവർക്കു ചിരിക്കാം; ഏങ്ങിക്കരയേണ്ടവർക്ക് അതുമാകാം; കുടുംബം നടത്തുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ തിരുത്താൻ പഠിക്കാം; മരണമാസ്സായി അജു വർഗ്ഗീസും സണ്ണി വെയ്നും: ആ പേരു മാത്രമാണ് ആകെ ഒരു കുഴപ്പം: ഈ സിനിമ നിങ്ങൾ കണ്ടേ മതിയാവൂ

മതിമറന്നു ചിരിക്കേണ്ടവർക്കു ചിരിക്കാം; ഏങ്ങിക്കരയേണ്ടവർക്ക് അതുമാകാം; കുടുംബം നടത്തുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ തിരുത്താൻ പഠിക്കാം; മരണമാസ്സായി അജു വർഗ്ഗീസും സണ്ണി വെയ്നും: ആ പേരു മാത്രമാണ് ആകെ ഒരു കുഴപ്പം: ഈ സിനിമ നിങ്ങൾ കണ്ടേ മതിയാവൂ

ഷാജൻ സ്‌കറിയ

''ആൻ മരിയ കലിപ്പിലാണ്'' കൊള്ളാം എന്ന് കേൾക്കുന്നു... ഒന്ന് കണ്ട് കളയാം - എന്റെ മാദ്ധ്യമപ്രവർത്തകയായ സുഹൃത്ത് പ്രിൻസി ആമി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടപ്പോൾ ആണ് ഞാൻ ഈ സിനിമയെ ആദ്യം ശ്രദ്ധിക്കുന്നത്. എന്റെ പരിചയക്കാരൻ കൂടിയായ നിർമ്മാതാവ് മുൻപ് ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഞാൻ ഒട്ടും ഗൗരവത്തിൽ എടുത്തിരുന്നില്ല. പ്രിൻസിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്ന് നടത്തിയ സേർച്ചിൽ കണ്ടവരെല്ലാം നല്ലത് പറയുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇന്നലെ മാറ്റിനിക്കായി മക്കളുമായി ന്യൂ തീയേറ്ററിലെ സ്‌ക്രീൻ മൂന്നിൽ ചെന്നത്.

സിനിമ കഴിഞ്ഞു വെളിയിൽ ഇറങ്ങിയ ഉടൻ ഞാൻ നിർമ്മാതാവിനെ ആണ് വിളിച്ചത്. കുറഞ്ഞത് ഒരു 100 ദിവസം ഈ സിനിമ ഓടട്ടെ എന്നായിരുന്നു എന്റെ ആശംസ. ഒരു മിനിറ്റ് ഹോൾഡ് ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ കരുതിയില്ല കോൺഫറൻസിൽ എത്തുന്നത് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആയിരിക്കുമെന്ന്. പരിചയസമ്പന്നനായ ഒരു സംവിധായകന്റെ മെയ്വഴക്കത്തോടെ സൂക്ഷ്മതലങ്ങൾ പോലും ശ്രദ്ധിച്ച് എടുത്ത ഈ സിനിമയെ കുറിച്ച് എനിക്ക് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. വളരെ അർത്ഥഗർഭം എങ്കിലും ഒരു തരത്തിലും മനുഷ്യന്റെ മനസ്സിൽ കയറാത്ത ഒരു പേര് ഈ സിനിമയ്ക്കിട്ടു എന്ന ഒറ്റ കുറ്റമേ പറയാനുള്ളൂ. അത്രയ്ക്കും മനോഹരമാണ് 'ആൻ മരിയ കലിപ്പിലാണ്'.

ഒരിക്കൽ കൂടി കണ്ടു നോട്ട് കുറിച്ചാൽ ഒരു നീണ്ട കഥ പോലെ ഈ സിനിമയെ വർണ്ണിച്ചെഴുതാം. കഥയില്ലാത്ത സിനിമകൾ ഇറങ്ങുന്ന ആധുനിക കാലത്ത് നല്ലൊരു കഥയും ഒട്ടേറെ സസ്പെൻസും വഴിത്തിരവുകളുമുള്ള ഒരു സിംപിൾ ചിത്രം. കഥയുടെയും തിരക്കഥയുടെയും ഭംഗി, അസാധാരണമായ അഭിനയ മുഹൂർത്തങ്ങൾ, കുറച്ചെങ്കിലും ചിരിപ്പിച്ചു കൊല്ലുന്ന സംഭാഷണങ്ങൾ, സ്നേഹവും ദുഃഖവും കണ്ടു കണ്ണീരൊഴുക്കി പോകുന്ന വികാര നിർഭരമായ രംഗങ്ങൾ, കൃത്യമായ വഴിയിലൂടെ സഞ്ചരിക്കുന്ന ക്യാമറ, ഏച്ചു കെട്ടില്ലാത്ത എഡിറ്റിങ് തുടങ്ങി ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു സിനിമ എന്ന് പറയാതെ വയ്യ.

വല്ലപ്പോഴും മാത്രമേ ഒരു സിനിമ കണ്ടു കഴിയുമ്പോൾ ആളുകൾ ഒന്നടങ്കം കയ്യടിക്കുന്നത് കാണാൻ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. ഇതും ഞാൻ ഇന്നലെ ന്യൂ തീയേറ്ററിൽ വച്ചു കണ്ടു. മികച്ച തമാശകൾ ആസ്വദിച്ച് തീയേറ്റർ ഒന്നിച്ചു കുലുങ്ങി ചിരിക്കുന്നതും പിടിച്ചു നിർത്താൻ കഴിയാത്ത സങ്കടം കൊണ്ടു എല്ലാവരും കണ്ണു തുടയ്ക്കുന്നതും ഞാൻ സാക്ഷ്യം വഹിച്ചു. നല്ല സ്നേഹവും ദുഃഖവും കണ്ടാൽ ഞാൻ എത്ര മോശം സിനിമ ആണെങ്കിലും കരഞ്ഞു പോവാറുണ്ട്. പെരുങ്കോടൻ ബേബിച്ചൻ എന്ന കഥാപാത്രമായി നിറഞ്ഞോടുന്ന നടൻ സിദ്ദിഖ് ഒരു സന്ധ്യയിൽ തന്റെ ഡ്രൈവറോട് മദ്യപിച്ചു ആറാം ക്ലാസ്സിൽ പഠിച്ച മകൾ നഷ്ടപ്പെട്ട കഥ പറയുന്നതു കേട്ടപ്പോൾ ആദ്യം കണ്ണു തുടച്ചു. ഞാൻ അതുകൊണ്ട് ഒരു മുസ്ലീമിന്റെയും കല്ല്യാണത്തിന് പോകാറില്ല എന്നു ബേബിച്ചൻ പറഞ്ഞപ്പോൾ കണ്ണീരു ഒഴുകി എത്തിയെന്ന് പറയാൻ എനിക്കു മടിയില്ല.

ഈ രംഗത്തെ സവിശേഷമാക്കിയ ഒരു കാര്യം എടുത്ത് പറയാനുണ്ട്. ഒപ്പനയ്ക്ക് മണവാട്ടി ആകാൻ 300 രൂപ നൽകാൻ വിസമ്മതിച്ച പിതാവിനുണ്ടായ മഹാദുരന്തമാണ് ബേബിച്ചായൻ ഇവിടെ പറയുന്നത്. ആ ദുരന്തം കുട്ടിയുടെ ആത്മഹത്യ ആയിരിക്കുമോ എന്ന ഭയം സിനിമ കാണുമ്പോൾ എനിക്കുണ്ടായിരുന്നു. മക്കളോടൊപ്പം ഇരുന്നു കാണുമ്പോൾ അങ്ങനെ ആയിരുന്നു സംഭവം എങ്കിൽ തീർച്ചയായും അതെന്നെ വല്ലാതെ പേടിപ്പിക്കുമായിരുന്നു. അത്തരം കാര്യങ്ങളിൽ പോലും സൂക്ഷ്മത പുലർത്താൻ സംവിധായകന് കഴിഞ്ഞു എന്നതാണ് പ്രധാന കാര്യം. സൂക്ഷ്മതയുടെ കാര്യം പറയുമ്പോൾ മറ്റൊന്നു കൂടി എടുത്തു പറയാതിരിക്കാൻ സാധിക്കില്ല. സിനിമയുടെ ഏറ്റവും നിർണ്ണായകമായ ഒരു സീനിൽ ആൻ മരിയ ലോംഗ് ജംപ് ചെയ്യുന്ന ഒരു സീൻ ഉണ്ട്. വലിയ തരത്തിൽ വായു ഊതി മാറ്റിയാണ് ആൻ മരിയ ഓടുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ കായികതാരമായ അഞ്ജു ബോബി ജോർജിന്റെ ഓട്ടം സൂക്ഷ്മമായി വിലയിരുത്തി അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ജെസ്റ്റർ നായികയ്ക്ക് നൽകുകയാണ് സംവിധായകൻ.നമ്മൾ അറിയാതെ പറയുന്ന കാര്യങ്ങളും നമ്മുടെ പ്രവൃത്തികളും ഒക്കെ മക്കളെ എങ്ങനെ സ്വാധീനിക്കും എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ്‌ ഈ സിനിമ. വാടകക്കൊലയാളിയുടെ കാര്യം മാത്രമല്ല അപ്പനും അമ്മയും ഡിവോഴ്‌സ് ചെയ്യുന്ന കാര്യം പോലും കുഞ്ഞു തിരിച്ചറിയുന്നതു ഗൂഗിൾ സെർച്ച് ചെയ്താണ്.

അസാധാരണമായ ചിരി മുഹൂർത്തങ്ങളും ഏറെ ഉണ്ടായിരുന്നു ഈ സിനിമയിൽ. അജു വർഗീസ് എന്ന നടൻ അതുല്യ കലാകാരനാണ് എന്ന് ചിരിയിലൂടെ ഈ സിനിമ പഠിപ്പിച്ചു. സണ്ണി വെയിനിന്റെ സ്വാഭാവികമായ പ്രതികരണങ്ങളും ഈ സിനിമയ്ക്ക് മോടി കൂട്ടി. വളരെ കുറച്ച് നേരം മാത്രമേ ആൻ മരിയായിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും അരക്കനായ ബേബിച്ചൻ മനസ്സിൽ നിന്നും മായുന്നേയില്ല. നിർമ്മാതാവും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പത്തിന്റെ പുറത്ത് ഗെസ്റ്റ് വേഷത്തിൽ എത്തിയ ദുൽഖർ സൽമാൻ പ്രേഷകരുടെ കയ്യടി നേടുന്നുണ്ട്. തന്റെ സ്വതസിദ്ധമായ അലസ നടത്തവും പുഞ്ചിരിയുമായി ദുൽഖർ സ്‌ക്രീനിൽ എത്തുമ്പോൾ നിൽക്കാത്ത കയ്യടിയാണ്.

ഇതൊക്കെ ആണെങ്കിലും സിനിമയിലെ സൂപ്പർ സ്റ്റാർ ആൻ മരിയ എന്ന പെൺകുട്ടിയുടെ വേഷം കെട്ടിയ തമിഴ് നടിയും മോഡലുമായ ബേബി സാറ തന്നെയാണ്. ഇതു വാസ്തവത്തിൽ സാറയുടെ സിനിമയാണ്. ഇന്നത്തെ കാലത്ത് ഒരു പത്തു വയസ്സുകാരി പെൺകുട്ടിയുടെ കഥാപാത്രത്തെ നയികയാക്കാൻ ഒരു സംവിധായകൻ ധൈര്യം കാട്ടുകയും ഒരു നിർമ്മാതാവ് പണം മുടക്കുകയും ചെയ്യുക എന്നത് ആലോചിക്കാൻ പറ്റുന്ന കാര്യമാണോ? എന്നാൽ ഏഴുവയസ്സുകാരിയായ ആ പെൺകുട്ടിയായിരുന്നു ഈ സിനിമയിലെ നായിക. ബുദ്ധിമതിയും അതീവസുന്ദരിയുമായ ആൻ മരിയ പ്രേഷകരുടെ മനസ്സിൽ നിറഞ്ഞാടുകയാണ്. ഡോക്ടർ ദമ്പതികളുടെ ഏക മകളായി മാറുകയും ഏകാന്തതയും ജീവിത പ്രശ്നങ്ങളും ഒക്കെ ആൻ മരിയ വരച്ചു കാട്ടുകയാണ്.

ഒരു കുരുന്നിന്റെ ആത്മഹത്യ ബോധപൂർവ്വം ഉപേക്ഷിച്ചു എന്നു പറയുന്നത് പോലെ തന്നെ ശ്രദ്ധേയമായ മറ്റ് ചില സൂക്ഷ്മതകളും കാണാം ആൻ മരിയായിൽ. നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയോട് ഒരു അദ്ധ്യാപകൻ പ്രതികാരം ചെയ്യുക എന്നത് ഒറ്റ കേൾവിയിൽ യുക്തിഭദ്രമല്ലാത്തതായി തോന്നാം. എന്നാൽ ആ പ്രതികാരത്തിലേക്ക് നയിച്ച കാരണം വിശ്വസനീയമാണ് എന്നതാണ് സംവിധായകന്റെ മിടുക്ക്. പ്രതികാര കാരണം തിരിച്ചറിയാനുള്ള പ്രായം കുഞ്ഞിന് ഇല്ലാതിരുന്നിട്ടു കൂടി പ്രിൻസിപ്പലിനെ കണ്ടു കുഞ്ഞു പരാതിപ്പെടുന്നതിലെ സ്വാഭാവികത ഈ വിഷയത്തിലേക്കുള്ള ചവിട്ടു പടിയായി മാറുന്നു.

നമ്മുടെയൊക്ക ജീവിതത്തിന് നേരെ നീട്ടി പിടിച്ച ഒരു കണ്ണാടികൂടിയാണ് ആൻ മരിയ കലിപ്പിലാണ് എന്ന ഈ സിനിമ. എത്ര നിസ്സാരമായ വിഷയം മതി ഭാര്യയും ഭർത്താവും തമ്മിൽ വേർപിരിയാൻ എന്നു ഈ സിനിമ സൂചന നൽകുന്നു. വിവാഹം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും ഒരുമിച്ചു കഴിയേണ്ടവർ തന്നെയാണ്. തീരെ ദരിദ്രമായ സാമ്പത്തിക സാഹചര്യത്തെ മറികടക്കാൻ ഗൾഫിലും മറ്റും പോകുന്നവരുടെ കാര്യമല്ല സൂചിപ്പിക്കുന്നത്. അത്തരക്കാർക്ക് അകലത്തിലിരുന്ന് ഉണ്ടാക്കുന്ന പണം സ്‌നേഹത്തിനു പകരമുള്ള ഒരു ഔഷധമായി മാറുമ്പോൾ അകലം തീർത്തും ഇല്ലാതാവുകയും ഓരോ സന്ദർഭങ്ങളും ഓരോ ആഘോഷമായി മാറുകയും ചെയ്യാം.

എന്നാൽ അത്യാവശ്യം ജീവിത ചുറ്റുപാടുള്ളവർ എന്തിന്റെ പേരിൽ ആണെങ്കിലും ശരി രണ്ടു ദേശത്ത് താമസിക്കേണ്ടി വരുന്നത് ഉണ്ടാക്കുന്ന നിശബ്ദമായ സംഘർഷങ്ങൾ കൂടി ഈ സിനിമ വ്യക്തമാക്കുന്നു. ഒട്ടും അതിവൈകാരികതയില്ലാതെയാണ് സജു കുറുപ്പും ലിയോണ ലിഷോയിലും ഡോക്ടർ ദമ്പതികളുടെ വേഷം കെട്ടിയത്. സിറിയയിൽ റെഡ്ക്രോസിന്റെ ഡോക്ടറായി റോയ് തോമസ് പോയിരിക്കുന്നത് സമൂഹത്തോടുള്ള കടപ്പാട് മൂലമാണ്. നാട്ടിൽ ട്രീസ ജീവിക്കുന്നത് മകളോടുള്ള അടുപ്പം മൂലവും. വല്ലപ്പോഴും എത്തുന്ന ഡാഡിയുടെ വീരകഥകളാണ് മകളുടെ സ്വപ്‌നങ്ങളെ നിറയ്ക്കുന്നത്. ബേബിച്ചായൻ എന്ന കഥാപാത്രം ഗിരീഷ് എന്ന തന്റെ ഡ്രൈവരോട് ഒരു പെൺകുട്ടിക്ക് അപ്പൻ റോൾ മോഡലുമായി മാറുന്നതിന്റെ സാമൂഹിക പശ്ചാത്തലം വിവരിക്കുന്നുണ്ട്.

നമ്മുടെ ഒക്കെ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ റോയിയുടെയും ട്രീസയുടെയും ജീവിതം വരച്ചു കാട്ടുന്നുണ്ട്. ഭാര്യയ്ക്കും ഭർത്താവിനും ഇടയ്ക്ക് കുഞ്ഞ് എന്ന ഒരു യാഥാർത്ഥ്യം ഉണ്ടാകുമ്പോൾ നമ്മൾ അറിയാതെ പുലർത്തേണ്ട ചില സൂക്ഷ്മതകളാണ് മിഥുൻ ഈ ജീവിതത്തിലൂടെ കാണിച്ചു തരുന്നത്. ബേബിച്ചായൻ എന്ന മദ്യപാനിയായ സാധാരണക്കാരനായ കോടീശ്വരന്റെ ഓരോ സംഭാഷണങ്ങളും ഓരോ ഫിലോസഫികളാണ്. ഫൈവ് സ്റ്റാർ ബാറിൽ പോയി ചീറ്റിയും തുമ്മിയും മദ്യപിക്കുന്ന ബേബിച്ചായനോട് അസ്വസ്ഥത കാണിക്കുന്ന സൊസൈറ്റി കമ്പനികളോട് മുഖത്ത് നോക്കി എന്നെ പോലെയുള്ള പാവപ്പെട്ടവർക്ക് മദ്യപിക്കാനുള്ള സാധാരണ ബാറുകൾ അടച്ച സർക്കാരിനോട് പോയി പറയാൻ പറയുന്ന വാചകത്തിൽ പോലും ഉണ്ട് ഒരു ഫിലോസഫിയും സാമൂഹിക വിമർശനവും.

ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യം കൂടി സൂചിപ്പിക്കാതെ വയ്യ. നമ്മൾ അറിയാതെ പറയുന്ന കാര്യങ്ങളും നമ്മുടെ പ്രവൃത്തികളും ഒക്കെ മക്കളെ എങ്ങനെ സ്വാധീനിക്കും എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ്‌ ഈ സിനിമ. വാടകക്കൊലയാളിയുടെ കാര്യം മാത്രമല്ല അപ്പനും അമ്മയും ഡിവോഴ്സ് ചെയ്യുന്ന കാര്യം പോലും കുഞ്ഞു തിരിച്ചറിയുന്നത് ഗൂഗിൾ സേർച്ച് ചെയ്താണ്. അപ്പന്റെ വായിൽ നിന്നും കേൾക്കുന്ന ഡിവോഴ്സ് എന്ന വാക്കിന്റെ അർത്ഥം കുഞ്ഞു തിരയുന്ന കാഴ്ചയും തിരിച്ചറിയുമ്പോൾ കണ്ണീരൊഴുക്കുന്ന കാഴ്ചയും അച്ഛന്റെയും അമ്മയുടെയും തന്റെയും പടം കെട്ടിപ്പിടിച്ചു ഉറങ്ങി പോകുന്ന കാഴ്ചയും ആധുനിക ഗൂഗിൾ കാലത്ത് വളരെ പ്രസക്തമാണ്.നമ്മുടെ ഒക്കെ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ റോയിയുടെയും ട്രീസയുടെയും ജീവിതം വരച്ചുകാട്ടുന്നുണ്ട്. ഭാര്യയ്ക്കും ഭർത്താവിനും ഇടയ്ക്കു കുഞ്ഞ് എന്ന ഒരു യാഥാർത്ഥ്യം ഉണ്ടാകുമ്പോൾ നമ്മൾ അറിയാതെ പുലർത്തേണ്ട ചില സൂക്ഷ്മതകളാണു മിഥുൻ ഈ ജീവിതത്തിലൂടെ കാണിച്ചു തരുന്നത്. ബേബിച്ചായൻ എന്ന മദ്യപാനിയായ സാധാരണക്കാരനായ കോടീശ്വരന്റെ ഓരോ സംഭാഷണങ്ങളും ഓരോ ഫിലോസഫികളാണ്.

ഒരു ഹൈക്ലാസ്സ് ഫാമിലിയുടെ ജീവിതം വരച്ചു കാട്ടുമ്പോഴും മനുഷ്യത്വം മറക്കാത്ത സാധാരണക്കാരെ ഈ സിനിമയിലേക്ക് കൊണ്ടു വരാൻ മിഥുന് സാധിക്കുന്നു. ഈ സിനിമ വിജയിക്കേണ്ടത് മലയാള സിനിമ ഇൻഡസ്ട്രിയുടെ വിജയത്തിന് അത്യാവശ്യം ആണ്. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ എടുത്ത മിഥുന്റെ രണ്ടാത്തെ ചിത്രത്തിന് എന്തുകൊണ്ട് ഒട്ടും മീഡിയ അറ്റൻഷൻ കിട്ടിയില്ല എന്ന ചോദ്യം പ്രസക്തമാണ്. ഭാര്യയും മക്കളും സഹോദരങ്ങളും ഒക്കെ പോയി ഒരുമിച്ചിരുന്നു കാണാവുന്ന ഒരു സിനിമ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആൻ മരിയ കലിപ്പിലാണ് എന്ന സിനിമ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഒട്ടും സമയം കളയാതെ പോയി കാണുക. അതു നിങ്ങളെ സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും നല്ല മനുഷ്യരാക്കുകയും ചെയ്യാതിരിക്കുകയില്ല. നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ സിനിമ കാണിക്കാൻ കൊണ്ടുപോയാൽ നിങ്ങളോട് നന്ദി പറയാതിരിക്കില്ല. എന്റെ മക്കൾ പറഞ്ഞതു ജീവിതത്തിൽ കണ്ട ഏറ്റവും നല്ല ചിത്രം ഇതാണ് എന്നാണ്. സണ്ണി വെയിനിനെ അച്ഛനറിയാമോ എന്നു ഗംഗോത്രി ചോദിച്ചു. ഒപ്പം ഇരുന്നു അവൾക്കൊരു ഫോട്ടോ എടുക്കണമത്രെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP