Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചളമായ സോഷ്യൽ സറ്റയർ! 'ദൈവമേ കൈതൊഴാം...' എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ; കണ്ടുമടുത്ത വേഷത്തിൽ ജയറാം വീണ്ടും; കറുത്ത യഹൂദൻ പോലൊരു ചിത്രമെടുത്ത സലിംകുമാറിന് ഇത് തീരാത്ത നാണക്കേട്

ചളമായ സോഷ്യൽ സറ്റയർ! 'ദൈവമേ കൈതൊഴാം...' എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ; കണ്ടുമടുത്ത വേഷത്തിൽ ജയറാം വീണ്ടും; കറുത്ത യഹൂദൻ പോലൊരു ചിത്രമെടുത്ത സലിംകുമാറിന് ഇത് തീരാത്ത നാണക്കേട്

എം മാധവദാസ്

ചില കൊടിയ ക്രിമിനലുകളുടെയും മറ്റും ചരിത്രം പഠിക്കുന്ന മനഃശാസ്ത്രജ്ഞർ, കുട്ടിക്കാലത്തോ മറ്റോ ആയി അവർക്ക് ഇങ്ങനെയൊരു പ്രവണതയിലേക്ക് നയിക്കാനിടയായ ഒരു 'ട്രിഗർ ഇഷ്യൂ' കണ്ടത്തൊറുണ്ട്.(എല്ലായിപ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നുമില്ല) വ്യക്തി ജീവതത്തിലെ കൊടിയ അവഗണനകൾ,പരിഹാസങ്ങൾ, ഒറ്റപ്പെടലുകൾ തുടങ്ങി ലൈംഗിക ചൂഷണവരെയുള്ള വിവിധ കാരണങ്ങൾ കാണാം അതിൽ.വേണ്ടരീതിയിൽ അംഗീകരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ പല ചീത്തമനുഷ്യരും,അങ്ങനെ അല്ലാതാവുയരുന്നെന്നാണ് ക്രിമിനോളജിസ്റ്റുകൾ പറയുന്നത്.

കറുത്ത യഹൂദൻ എന്ന സമീപകാല മലയാള സിനിമയിലെ, കരളുലക്കുന്ന അനുഭവമായ ചിത്രമെടുത്ത സലിംകുമാർ എന്ന ബഹുമുഖ പ്രതിഭയുടെ പുതിയ പടമായ 'ദൈവമേ കൈതൊഴാം കെ.കുമാറാകണം' കണ്ടപ്പോൾ ആദ്യം ഓർത്തുപോയത് ഈ ക്രിമിനോളജിസ്റ്റുകളുടെ നിഗമനമാണ്.കറുത്ത യഹൂദൻ എന്ന ക്‌ളാസിക്ക് പടത്തിന് പ്രേക്ഷകരിൽനിന്ന് കിട്ടാതെപോയ അംഗീകാരത്തിന്റെ സർഗാത്മക പ്രതികാരമാണോ ഈ പടം എന്ന് ന്യായമായും സംശയിച്ചുപോവും.നല്ല പടമെടുത്തിട്ട് ഇവനൊന്നും വേണ്ട.. എന്നാൽ കുറച്ച് കൂതറ ഇട്ടുകൊടുക്കാം എന്ന് കരുതിയാണെന്ന് അറിയില്ല, കറുത്ത യഹൂദന്റെ സംവിധായകന് തീർത്തും അപമാനകരമായിപ്പോയ വിലക്ഷണമായ ഒരു സൃഷ്ടിയാണ് കെ.കുമാർ.

ചളമായിപ്പോയ ഒരു സോഷ്യൽ സറ്റയർ ആണ് ഈ പടം.എന്തൊക്കെയോ പറയണമെന്ന് രചനയും സംവിധാനവും നിർവഹിച്ച സലിംകുമാറിന്റെ ഉള്ളിലുണ്ട്.പക്ഷേ ആകെ മൊത്തം ടോട്ടലായി എടുക്കുമ്പോൾ,സലിംകുമാറിന്റെതന്നെ ഒരു കഥാപാത്രം 'കലാണരാമനിൽ' പറഞ്ഞപോലെ 'എന്തിനോവേണ്ടി തിളക്കുന്ന സാമ്പാറയിപ്പോയി'.(പുലിവാൽ കല്യാണത്തിൽ വ്യത്യസ്തക്കുവേണ്ടി മൊത്തം സ്‌മോക്കിട്ട് കൊടുത്ത സലിംകുമാറിന്റെ ഡാൻസ് മാസ്‌റററെപ്പോലെ മൊത്തം ഒരു പുകയാണ്) പിന്നെ ആകെ ഒരു ഗുണമുള്ളത് മാധ്യമങ്ങളൊന്നും വിമർശിക്കാത്ത നമ്മുടെ സ്വർണക്കട മുതലാളി ബോബി ചെമ്മണ്ണൂരിനെ ചെറുതായൊന്നു ട്രോളി എന്നതുമാത്രമാണ്.

ദൈവം കേരളത്തിൽ വന്നാൽ എന്തുസംഭവിക്കും

'പണ്ട് നാരദൻ കേരളത്തിൽ' എന്നപേരിൽ കലാനിലയത്തിന്റെയോ മറ്റോ സൂപ്പർ ഹിറ്റായ നാടകം ഉണ്ടായിരുന്നു. ഇന്നായിരുന്നെങ്കിൽ നമ്മുടെ സംഘികൾ സ്റ്റേജ് കത്തിച്ചേനേ.കേരളത്തിലത്തെിയ നാരദനിലൂടെ സമകാലീന രാഷ്ട്രീയ-സാമൂഹിക അവസ്ഥകളെ ഒന്നാന്തരമായി വിമർശിക്കുന്ന നാടകമായിരുന്നു അത്.അതേപേരിൽ ഇത് ക്രോസ്‌ബെൽറ്റ് മണി നാടകം സിനിമയാക്കിയെങ്കിലും ചീറ്റിപ്പോവുകയായിരുന്നു.
ആ നാരദനെക്കെ കൈകാര്യം ചെയ്യാൻ ശ്രമിച്ച പ്രമേയത്തിന്റെ ഒരുഭാഗം തന്നെയാണ്, ഈ ആസുരമായ അസഹിഷ്ണുതയുടെ കാലത്തും സലിംകുമാർ ഏറ്റെടുത്തിരിക്കുന്നത്.ആ തന്റെടത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാവൂ. ദൈവം ഒരു മലയാളിയുടെ വീട് സന്ദർശിക്കാനത്തെുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം!കടിലൻതന്നെ. സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുള്ള ഒരു പ്രമേയമായിരുന്നു ഈ ചിത്രത്തിന്റെത്.ഹോളിവുഡ്ഡിൽ ബ്രൂസ് ഓൾമൈറ്റി, ആൽഫ ആൻഡ് ഒമേഗ പോലുള്ള ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രമേയം. വേണമെങ്കിൽ നമ്മുടെ ആമിർ ഖാന്റെ പീ.കെപോലെയും ആക്കാമായിരുന്നു. പക്ഷേ ആ വൺലൈൻ വികസിപ്പിക്കാനുള്ള കരുത്ത് സലിംകുമാറിന്റെ തന്നെ തൂലികക്ക് ഇല്ലാതെപോയി.അതുകൊണ്ടുതന്നെ ഈ പടം ഒരു ദുരന്തമായതിന്റെ ഉത്തരവാദിത്വവും മറ്റാർക്കുമല്ല.

ദൈവം താമസിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന വീട് ഇടുക്കിയിലെ ഗ്രാമസേവകനായ കെ.കുമറിന്റെതാണ്.( ജയാറാം) ഏതൊരു ശരാശരി മലയാളിയെയുംപോലെ കുഴിമടിയനായ എന്തും ഭാര്യ നിർമ്മല (അനുശ്രീ) ചെയ്തു തരേണ്ട ആണത്താധികാരത്തിന്റെ ആൾരൂപം.ഗ്യാസടുപ്പുപോലുമില്ലാത്ത അയാളുടെ പഴഞ്ചൻ വീട്ടിൽ ജോലിചെയ്ത് നടുവൊടിയുകയാണ് ഭാര്യ.അങ്ങനെയിരക്കെയാണ് ദൈവവും ( നെടുമുടിവേണു),സഹായി മായാദത്തനും( കോട്ടയം പ്രദീപ്) ഈ ഇടുക്കിക്കാരന്റെ വീട്ടിൽ താമസിക്കാൻ എത്തുന്നത്.

തുടർന്നങ്ങോട്ട് ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കങ്ങളാണ്.പെണ്ണിന് ചെയ്യാൻ കഴിയുന്ന ജോലിയെ നിസ്സാരവത്ക്കരിച്ച് കെ.കുമാർ കാണുന്നതോടെ ദൈവത്തിന്റെ മുന്നിൽവെച്ച് അവർ പന്തയത്തിൽ ഏർപ്പെടുകയാണ്.അതായത് ഇതുവരെ കെ.കുമാർ ചെയ്ത ജോലിയൊക്കെ നിർമ്മല ചെയ്യും. നിർമ്മല ചെയ്ത വീട്ടുജോലി കെ.കുമാറും.പക്ഷേ അത് അവസാനം പ്രതീക്ഷിക്കാത്ത കുഴപ്പത്തിലേക്കാണ് അവരെ എത്തിക്കുന്നത്.ഈ സിനിമ കാണാനായി അവസരം കിട്ടുന്ന നിർഭാഗ്യവാന്മാർക്കായി ആ സസ്‌പെൻസ് പൊളിക്കുന്നില്ല. ഇവിടെയെല്ലാം ജയറാമിന്റെ ഹിറ്റ് ചിത്രം 'വെറുതെയല്ല ഭാര്യ' മണക്കുന്നുണ്ട്.അതുപോലെ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന സത്യൻ അന്തിക്കാട് ചിത്രത്തോട് സാമ്യമുള്ള പലരംഗങ്ങളും ഈ പടത്തിലും കാണാം.

ഇതിൽ കെ.കുമാറിന്റെ ഭാര്യ നിർമ്മലയുടെ സഹോദരനായി ഗോപി കരിമണ്ണൂർ എന്ന്‌പേരുള്ള ഒരു കഥാപാത്രമായാണ്, നമ്മുടെ ബോബി ചെമ്മണ്ണൂരിന്റെ വേഷവിധാനങ്ങൾ അനുകരിച്ചുകൊണ്ട് സലിംകുമാറിന്റെ കഥപാത്രം എത്തുന്നത്.ചിലയിടത്തൊക്കെ കൂട്ടച്ചിരി ഉയർത്താൻ ഈ വേഷത്തിന് കഴിയുന്നുണ്ടെങ്കിലും മുഖ്യകഥാപാത്രങ്ങളുമായി ശക്തമായി ബന്ധിപ്പിക്കാനുള്ള തിരക്കഥാസൂത്രം ചിത്രത്തിനില്ല. അതായത് ഈ കഥാപാത്രത്തെ പൂർണമായി കട്ട്‌ചെയ്താലും ചിത്രത്തിന്റെ കഥക്ക് ഒരു കുഴപ്പവും പറ്റുന്നില്ല.

കുറ്റം മാത്രം പറയരുത്.ചില നല്ല ഹാസ്യരംഗങ്ങളും സാമൂഹിക വിമർശനങ്ങളും ചിത്രത്തിലുണ്ട്.ദൈവവും സഹായിയും ആദ്യമായി കേരളത്തിലത്തെുമ്പോൾ ബംഗാളികളെ മാത്രമേ കാണുന്നുള്ളൂ.മലയാളികൾ എവിടെയുണ്ടെന്ന് ചോദിക്കുമ്പോൾ ബിവറേജസിലെ ക്യൂ കാണിക്കുന്നത് ഒരുരംഗം.പൂജയും വഴിപാടുമെല്ലം കേവലം കൈക്കൂലി സമമാണെന്ന് ദൈവം ഒരിടത്ത് പറയുന്നുണ്ട്.മെസ്സിയോടും സുവാരസിനുമൊപ്പം സലിംകുമാറിന്റെ ഫുട്ബോൾ കളി വിശ്വസനീയമായി ചിത്രീകരിച്ചത് കൗതുകകരമായി.ആനിമേഷന്റെയും എഡിററിങ്ങിന്റെയും ചില വിദഗ്ധ കരങ്ങൾ ഇവിടെ കാണാം.കുളപ്പുള്ളി ലീല ഗ്യാസുകുറ്റി തോളിൽവെച്ചു കൊണ്ടുപോവുന്നതിന് ശിവലിംഗവുമായി പോവുന്ന ബാഹുബലിയുടെ മ്യൂസിക്ക് ഇട്ടതും പ്രക്ഷേകർക്ക് രസിച്ചിട്ടുണ്ട്.അതുപോലെ തന്നെ സ്വഛഭാരത് മിഷനും ശൗചാലയവുമൊക്കെ പ്രത്യേക ഒരു ടോണിൽ അവതരിപ്പിച്ച് ട്രോളുന്നുണ്ട്.

നിലവാരം കുറഞ്ഞ ഫലിതങ്ങളും അനവധി

എന്നാൽ ആദ്യപുകുതിയിലെ ഏതാനും ചില ചിരിപ്പടക്കങ്ങൾ കഴിഞ്ഞാൽ പല കോമഡിയും ശുദ്ധ വളിപ്പും തറയുമാവുന്നു.ഒരു പഞ്ചായത്ത് മെമ്പറായ സുരഭിലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ഇടക്കിടെ ഞാൻ ഇന്നയാളുമായി ബന്ധപ്പെട്ട് ആ പ്രശ്‌നം പരിഹരിച്ചു എന്നൊക്കെ പറയുന്നതിലെ ബന്ധപ്പെട്ടു എന്ന വാക്കുമാത്രം അടർത്തിയെടുത്ത് ആവർത്തിച്ച് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ചളികോമഡി ഉണ്ടാക്കിയിരുക്കുന്നു.ദിലീപ് വിഷയത്തിൽ മാധ്യമങ്ങൾ എടുത്ത സമീപനത്തെ നിശിതമായി വിമർശിക്കാനായി തട്ടിക്കൂട്ടിയ സീനുകളാണ് അവസാന ഭാഗങ്ങളിലെ ചാനൽ വിമർശനമെന്നൊക്കെ ഏത് കണ്ണുപൊട്ടനും ബോധ്യപ്പെടും സർ.കെ.കുമാറിന്റെ കക്കൂസിനികത്തുനിന്നും ഓടുപൊളിച്ചുമൊക്കെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെ കാണിക്കുന്നുണ്ട്.ഒരുഘട്ടത്തിൽ താൻകൂടി അംഗമായ 'അമ്മ'യെന്ന സിനിമാ സംഘടനക്കും കൊടുക്കുന്നുണ്ട് സലിംകുമാർ ഒരു പണി. ഒരു ആരോപണം വന്ന ഉടനെതന്നെ ഉൽസവക്കമ്മറ്റിയിലെ എക്‌സിക്യൂട്ടീവ് സമിതി കെ.കുമാറിനെ പുറത്താക്കുകയാണ്.പുറത്താക്കാനുള്ള അധികാരം നമുക്കില്‌ളെന്നും അത് ജനറൽബോഡിക്കാണെന്നും വനിതാ മെമ്പർ പറയുമ്പോൾ, 'നമ്മൾ പറഞ്ഞാൽ മതി,മറ്റുള്ളവർ കേട്ടോളും' എന്നാണ് മറുപടി.

പ്രിയപ്പെട്ട സലിംകുമാർ എന്തിനാണ് ഇങ്ങനെ വളഞ്ഞവഴിക്ക് മൂക്ക് പിടിക്കുന്നത്.താങ്കൾ ആ ഉൽസവക്കമ്മറ്റിയിലൂടെ എന്താണ് ആരെയാണ് ഉദ്ദേശിച്ചത് എന്നൊക്കെ അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യപ്പെടും.താങ്കളുടെ വളഞ്ഞവഴിമൂലം ആക്ഷേപവുമില്ല ഹാസ്യവുമില്ല എന്ന മോഡലിലാണ് പല രംഗങ്ങളും അവസാനിക്കുന്നത്.ഇങ്ങനെയല്ല സ്പൂഫിങ്ങ്.

അടിക്കടി ചിത്രങ്ങൾ പൊട്ടി വെടിതീർന്നുനിൽക്കുന്ന ജയറാമിന്റെ കരിയറിലേക്കുള്ള ആണിയടിയായിപ്പോയി ഈ പടം.വെറുതെയല്ല ഭാര്യയിലൊക്കെ ജയാറാം ചെയ്ത കഥാപാത്രത്തിന്റെ നിഴൽ മാത്രമാണിവിടെ.പിന്നെ ചില രംഗങ്ങളിലൊക്കെ പഴയ പ്രതിഭയുടെ മിന്നലാട്ടം കാണാം.ഗ്രാമസേവകന്റെ അറിയിപ്പ് പ്രത്യേക ശബ്ദത്തിൽ കാണിക്കുന്നിടത്തൊക്കെ മാത്രം.അനുശ്രീയും ഈ പടത്തിൽ നന്നായിട്ടില്ല.ഡയലോഗിലും ചിലയിടത്ത് വല്ലാത്ത കൃത്രിമത്വം തോന്നുന്നു.'വയ്യാ മടുത്തു' എന്ന ഡയലോഗ് വഴി ചിലയിടത്തൊക്കെ സെൽഫ് ട്രോൾ ആകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും നെടുമുടിവേണുവും ടൈപ്പ് റോളിൽ തന്നെയാണ്.കുളപ്പുള്ളി ലീലമാത്രമാണ് ബോറടിപ്പിക്കാഞ്ഞത്.സലിംകുമാറിന്റെ ഉറ്റസുഹൃത്ത് നാദിർഷ തയാറാക്കിയ പാട്ടുകളും നന്നായിട്ടില്ല.

അവസാനമായി ഒന്നേ പറയാനുള്ളൂ. ദൈവത്തെയോർത്ത് സലിം കുമാർ താങ്കളുടെ വില കളയരുത്. ഇനിയും ഇതിലേ വരരുത്, അനകളെയും തെളിച്ച്.

വാൽക്കഷ്ണം: ഈ ചിത്രത്തിലെ ഒരു ആശ്വാസം ബോബി ചെമ്മണ്ണൂർ എന്ന ആരും വിമർശിക്കാത്ത, സ്വർണ്ണക്കട മുതലാളിയെ ട്രോളിയതാണെന്ന് നേരത്തെ പറഞ്ഞുവല്ലോ.പക്ഷേ അതും ഒരു അഡ്ജസ്റ്റ്‌മെന്റാണെന്ന് സംശയം ഉയരുകയാണ്.ചിത്രമെടുക്കുന്ന കാര്യം ഒരുവർഷം മുമ്പ് ബോബി ചെമ്മണ്ണൂരുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നുമാണ് സലിംകുമാർ ഈയിടെ ഒരു ഓൺലൈൻ വാർത്താപോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്! 'ബോബി ചെമ്മണ്ണൂരിനെ ഇമിറ്ററ്റേു ചെയ്യുന്നു എന്നുമാത്രമേ ചിത്രത്തിൽ ഉള്ളൂ. എന്നാൽ അദ്ദഹത്തേിന്റെ പ്രൊഫഷണൽ ജീവിതവുമായി ഒരു ബന്ധവും സിനിമക്കില്ല' എന്നുകൂടിയും സലീം കുമാർ വ്യക്തമാക്കുന്നു.

ചുമ്മതാണോ കേവലും വേഷവിധാനത്തിന്റെ കൗതുകത്തിലും, മെസ്സിയുമൊത്തുള്ള ഫുട്‌ബോൾ കളിയിലും,കൂട്ടയോട്ടത്തിലും മാത്രമായി സാമ്യം ഒതുങ്ങിപ്പോയത്.നാണക്കേടാണ്, മിസ്റ്റർ സലിംകുമാർ അങ്ങയെപ്പോലുള്ള ദേശീയ അവാർഡ്വരെ നേടിയ കലാകാരൻ ഇങ്ങനെ ചെറുതാവുന്നതിൽ.വിമശിക്കേണ്ടവരുടെ മുൻകൂർ സമ്മതം വാങ്ങി ചെറുതായൊന്ന് തോണ്ടുക. എന്നിട്ട് വലിയ സോഷ്യൽ സറ്റയർ ആണെന്ന് വീമ്പടിക്കുക.ഒ.എം.കെ.വി എന്നല്ലാതെ എന്ത് പറയാൻ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP