Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇത് പാതി പിന്നിയ പാവാട! ആദ്യപകുതിയിലെ പ്രതീക്ഷകൾ തകിടം മറിച്ച് രണ്ടാം പകുതി, കോമഡി അനായാസം ചെയ്ത് പ്രഥ്വിരാജ്; കട്ടക്ക് കട്ടക്ക് അനൂപ് മേനോനും

ഇത് പാതി പിന്നിയ പാവാട! ആദ്യപകുതിയിലെ പ്രതീക്ഷകൾ തകിടം മറിച്ച് രണ്ടാം പകുതി, കോമഡി അനായാസം ചെയ്ത് പ്രഥ്വിരാജ്; കട്ടക്ക് കട്ടക്ക് അനൂപ് മേനോനും

എം മാധവദാസ്‌

ദ്യപകുതി കണ്ട് ഇത്രയേറെ ത്രില്ലടിക്കുകയും രണ്ടാംപകുതി കണ്ട് ഇത്രമേൽ നിരാശപ്പെടുകയും ചെയ്ത ഒരു പടം ഇതുപോലെ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. അടിക്കടി ഹിറ്റുകൾ ഉണ്ടാക്കി സൂപ്പർതാര പദവിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന, നമ്മുടെ പ്രിയപ്പെട്ട പ്രഥ്വീരാജിനെ നായകനാക്കി മാർത്താണ്ഡൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ 'പാവാടയെ' ഏറ്റവും ചുരുക്കി ഇങ്ങനെ വിശേഷിപ്പിക്കാം.

ഒരു കള്ളുകുടിയന്റെ വാലുംതലയുമില്ലാത്ത ജീവിതംപോലെയായിപ്പോയി പടം അവസാനഘട്ടത്തിൽ. എന്നാൽ ആദ്യപകുതിയിലോ. രാജുവിന്റെ പെരും കുടിയൻ കഥാപാത്രവും കൂട്ടാളികളും, അനൂപ് മേനോന്റെ 'വെള്ളക്കമ്പനിയും' ചേർന്നുള്ള വെടിക്കെട്ട് തമാശകൾ കണ്ടാൽ പുതുവർഷത്തെ ഷുവർ ഹിറ്റാണ് ഇതെന്ന് കരുതിപ്പോവും. അപ്പോഴതാ വരുന്നു, യുക്തിരഹിതമായ ട്വിസിറ്റുകളും, ചന്ദനമഴ, കറുത്തമുത്ത് സീരിയൽ മോഡൽ പൈങ്കിളി വൈകാരികതയും, നീതിന്യായ വ്യവഹാരങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത രീതിയിലുള്ള കോടതി രംഗങ്ങളും ചേർന്ന് ചളമാക്കിയ രണ്ടാംപകുതി. ഈ സെക്കൻഡ് ഹാഫിൽ അൽപ്പം എഡിറ്റിങ്ങ് നടത്തി ഒന്ന് സ്പീഡ് ആക്കുകയായിരുന്നെങ്കിൽ 'പാവാട' എത്രയോ നല്ല ചലച്ചിത്ര അനുഭവമായി മാറുമായിരുന്നു.

എന്നുവച്ച് കൊടുത്ത കാശ് വെള്ളത്തിൽപോവുന്ന അറുബോറൻ സിനിമയൊന്നുമല്ലിത്. ഒറ്റത്തവണ കണ്ടിരിക്കാൻ കഴിയുന്ന നേരമ്പോക്കാണിത്. പക്ഷേ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രനും, തിരക്കഥ നിരവധി തവണ തിരുത്തിച്ച നമ്മുടെ രാജുവും, എല്ലാറ്റിനും ഉപരി സംവിധായകൻ മാർത്താണ്ഡനും അൽപ്പംകൂടി ശ്രദ്ധപുലർത്തിയിരുന്നെങ്കിൽ 'പാവാട' അനിതസാധാരണമായ ചലച്ചിത്ര അനുഭവമായേനെ.

മദ്യം മധുരിക്കുന്ന നർമ്മങ്ങൾ

മലയാളത്തിലെ ന്യൂജൻ പടങ്ങളിൽനിന്ന് ഇത് വ്യത്യസ്തമാവുന്നത് തീർത്തും നഗരകേന്ദ്രീകൃമായ ടെക്കി കഥാപാത്രങ്ങളെ വിട്ടുകൊണ്ട് മണ്ണിലേക്ക് ഇറങ്ങുന്നു എന്നതിനാലാണ്.മലയാളികളുടെ രണ്ടു പ്രധാന ലഹരികളെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്. മദ്യവും സിനിമയും. ഇതിനെ കൂട്ടിയിണക്കുന്നതിലാണ് തിരക്കഥാകൃത്തിന്റെ വൈഭവം പ്രകടമാവുന്നത്. കേരളത്തിൽ ബാറായ ബാറൊക്കെ പൂട്ടിപ്പോവുന്നതിന് മുമ്പുള്ള കഥയാണിത്. നാട്ടിൽ പുറങ്ങളിൽ നാം സ്ഥിരമായി കാണാറുള്ള രണ്ട് മുഴുക്കുടയന്മാരാണ് പാവാടാ ബാബുവും ( അനൂപ് മേനോൻ), പാമ്പ് ജോയിയും ( പ്രഥ്വീരാജ്). മുമ്പ് ഒരു കോളജ ് പ്രൊഫസറായിരുന്ന ബാബു ഇന്ന് കുടിച്ച് എവിടെയും അലമ്പുണ്ടാക്കുന്ന ഒരു പൊതുശല്യമാണ്.

പിതൃസ്വത്ത് ധാരളമുള്ളതിനാലും പൊലീസുകാർ ഉൾപ്പെടെയുള്ള വലിയൊരു ശിഷ്യ പരമ്പരയുള്ളതിനാലും നാട്ടുകാർ അയാളുടെ തടി കേടാക്കുന്നില്‌ളെന്ന് മാത്രം. എന്നാൽ ജീവിത സാഹചര്യം കൊണ്ട് ഇതിന് നേർ വിപരീതമാണ് പാമ്പ് ജോയി. കിണറ്റിൽവീണ നായയെ പുറത്തെടുത്ത് തേവി വൃത്തിയാക്കൽതൊട്ട്, കൂലിപ്പണിയും, ബ്‌ളാക്കിന് ടിക്കറ്റ് വിൽപ്പനയും, കാശുവാങ്ങി ജാഥയിൽ പങ്കെടുക്കലുമൊക്കെയായി എന്തുപണിയും ചെയ്യും. ഇത്തരത്തിൽ അരികുവത്ക്കരിക്കപ്പെട്ട ഒരു കഥാപാത്രത്തെ ഈ ന്യൂജൻകാലത്തും നായകനാക്കി സ്വീകരിച്ച രാജു അഭിനന്ദനവും അർഹിക്കുന്നു.പക്ഷേ കഥയെ അത്തരമൊരു ജീവിതത്തോട് ചേർത്തുപിടിക്കാതെ മദ്യത്തിലേക്ക് ട്രാക്ക് മാറ്റുകായാണ് ബപിൻ പ്രഭാകർ ചെയ്തത്.

വൈകുന്നേരം അൽപ്പം അടിക്കനുള്ള തത്രപ്പാടിനായി ജോയിയും സുഹൃത്തായ വരുന്ന 'പ്രേമത്തിലെ' ഗിരിരാജാ കോഴിയെ 'അനശ്വരനാക്കിയ' ഷറഫുദ്ദീനും തമ്മിലുള്ള ചില നമ്പറുകൾ തീയേറ്ററിൽ ചിരി ഉയർത്തുകയാണ്. ചെമ്പൻ വിനോദും, മണിയൻപിള്ള രാജുവും, സുധീർ കരമനുയുമൊക്കെ ഒപ്പം ചേരുന്നതോടെ പടം അതീവ രസകരമായി നീങ്ങുകയാണ്.രാജു ഇത്ര അനായാസമായി കോമഡി ചെയ്യുന്ന മറ്റൊരു ചിത്രമില്ല. ബിപിൻ എഴുതിയ ഡയലോഗുകളൊക്കെ ഇവിടെ ശരിക്കും കുറിക്ക് കൊള്ളുന്നവയാണ്. അഡൽസ് ഓൺലി എന്ന വിഭാഗത്തിൽ പെടുത്താവുന്നരായണ് ഇവയിൽ ചിലതെങ്കിലുമെങ്കിലും ഈ വാട്‌സാപ്പ്കാലത്തും സഭ്യേതരം എന്ന് തീർത്തുപറയാവുന്നവ എവിടെയുമില്ല. ( ഒരു സാമ്പിൾ നോക്കുക. പ്രണയത്തിൽ പെട്ടുപോവുന്നതിനെക്കുറിച്ച് ഷറഫുദ്ദീൻ പറയുന്നത് അത് ഷെഡ്ഡിയിടാതെ അരയിൽ ബിയർക്കുപ്പി പൂഴ്‌ത്തിയാലുള്ള അവസ്ഥപോലെയാണെന്നാൺ)

അപ്പനും അമ്മയും ഇല്ലാത്ത ജോയി, തന്റെ മുടിഞ്ഞ കുടികാരണം ഭാര്യയും (മിയ) ഉപേക്ഷിച്ചുപോവുന്നതോടെ തീർത്തും ഒറ്റപ്പെടുന്നു. ഒടുവിൽ ഒരു ഡീഅഡിക്ക്ഷൻ സെന്ററിൽ എത്തപ്പെടുന്ന അയാൾ അവിടെവച്ചാണ് പാവാട ബാബുവിനെ പരിചയപ്പെടുന്നത്.അടിവസ്ത്രത്തിനൊപ്പം കവറിൽ മദ്യം കെട്ടി ഓസിട്ട് വലിച്ചുകുടിക്കുന്ന അയാളുടെ വിദ്യ കണ്ട് ബാബു ശിഷ്യപ്പെട്ടുപോവുന്നു.

ഇരുവരും ചേർന്ന് മദ്യ വിമുക്തികേന്ദ്രത്തിനിന്ന് സമർഥമായി ചാടുന്നതോടെ കഥയുടെ രണ്ടാംഘട്ടം തുടങ്ങുന്നു. ബാബുവിന്റെ വീട്ടിൽ ആട്ടവും പാട്ടും കുടിയുമായി ആഘോഷിച്ചു ജീവിക്കയെയാണ് അയാളെ പാവാട ബാബു എന്ന് ജനം വിളിക്കാനുള്ള കാണം ജോയി യാദൃശ്ചികമായി മനസ്സിലാക്കുന്നത്. 'കിന്നാരത്തുമ്പികൾ ' പോലെ ഒരുകാലത്ത് യുവാക്കളിൽ വൻ സ്വാധീനമുണ്ടാക്കിയ എ പടമായ പവാടയുടെ നിർമ്മാതാവാണ് ബാബു. ആ ചിത്രത്തിലൂടെ ജീവിതം തകർന്നുപോയ രണ്ടുപേരാണ് തങ്ങളെന്ന് ബാബുവും ജോയിയും പിന്നീട് തിരച്ചറിയുന്നു. അപ്പോഴാണ് പാവാടാ റീ ലോഡഡ് എന്ന വാർത്തകേട്ട് അവർ ഞെട്ടുന്നത്. പഴയ പാവാട പുതിയ കുപ്പിയിലാക്കി വീണ്ടും വരുന്നു. അത് മുടക്കാനുള്ള നിയമപോരാട്ടങ്ങളാണ് പിന്നീടുള്ള സിനിമയിൽ.

കാടുകയറിപ്പോയ രണ്ടാം പകുതി

ആദ്യപകുതിയിൽ കിട്ടിയ നർമ്മത്തിന്റെയും മികച്ച കഥാമുഹൂർത്തങ്ങളുടെയും പിൻബലം രണ്ടാം പകുതിയിൽ കാണുന്നേയില്ല. വെറൊരു ടീമാണോ ഈ ഭാഗങ്ങൾ എടുത്തതെന്ന് പെട്ടെന്ന് സംശയം തോന്നിപ്പോകും. വളരെ ചെറുപ്പത്തിൽ കാണാതായ പാമ്പുജോയിയുടെ അമ്മയായി ആശാ ശരത്ത് വരുന്നതും, ജോയിയുടെ ഭാര്യ മിയ കൃത്യമായി തന്റെ ഭർത്താവിന്റെ അമ്മയെ ഒരു വയോധികസദനത്തിൽ കണ്ടത്തെുന്നതുമൊക്കെ 'കറുത്തമുത്തിലൊക്കെയാണ്' ഇപ്പോൾ കാണാറ്. രഞ്ജി പണിക്കരുടെ ഒരു ചാനൽ മേധാവിയുടെ കഥാപാത്രമൊക്കെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ പറഞ്ഞ് പ്രേക്ഷകരെ പരമാവധി വെറുപ്പിക്കുന്നുണ്ട്. ആദ്യമായാണ് രഞ്ജി പണിക്കരുടെ ഒരു കഥാപാത്രത്തെ ഇത്രയും കൃത്രിമത്വം തോനുന്ന രീതിയിൽ കാണുന്നത്.ടോക്ക് ഷോക്കിടയിൽ തളർന്നുവീഴുന്ന അമ്മയെ സ്ലോമോഷനിൽ ഓടിയത്തെി മകൻ വാരിയെടുക്കുന്നതുപോലുള്ള ക്‌ളീഷേകൾ വേറെയും!

നീതിന്യായ വ്യവഹാരങ്ങളെക്കുറിച്ചൊന്നും ധാരണയുമില്ലാത്തപോലെയാണ് ചിത്രം പലപ്പോഴും നീങ്ങൂന്നത്. കൈ്‌ളമാക്‌സിൽ, വിദ്യാഭ്യാസമൊന്നുമില്ലാത്ത നമ്മുടെ പാമ്പ് ജോയിയാണ് പ്രതിക്കുട്ടിൽനിന്നുകൊണ്ട് 'വക്കീലായി' മാറി സുപ്രീം കോടതി അഭിഭാഷകനെപ്പോലും ഞെട്ടിക്കുന്നത്.മലയാള സിനിമയിൽ നായകനായിപ്പോയാൽ ഇതൊക്കെ ചെയ്‌തേ പറ്റു. 'ചിറകൊടിഞ്ഞ കിനാക്കളെ' വീണ്ടും നമിച്ചുപോവുന്നു.

'ദൃശ്യ' ത്തിലൊക്കെ നമ്മെ ഞെട്ടിച്ച ആശാ ശരത്ത് ഇവിടെ നോക്കുകുത്തിയാണ്. ഡയലോഗ് പ്രസന്റേഷനിലെ വലിവു കാണുമ്പോൾ, കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ സീരിയലായ 'കുങ്കുമപ്പൂവിലെ' പ്രൊഫസർ ജയന്തിയുടെ ബാധ ഇനിയും ആശാ ശരത്തിന് വിട്ടുപോയിട്ടില്‌ളെന്ന് തോനുന്നു. ശരീരഭാഷയിൽ പ്രകടമാവാതെ, വെറുതെ തലനരപ്പിച്ചാൽ വാർധക്യം കൊണ്ടുവരാൻ കഴിയില്‌ളെന്നും ഈ കഥാപാത്രം ഓർമ്മിപ്പിക്കുന്നു.

ഗ്രാമീണതയിലേക്ക് രാജുവിന്റെ പരകായ പ്രവേശം

തനി നാടൻ കഥാപാത്രങ്ങളിലേക്കും ഹാസ്യരംഗങ്ങളിലേക്കും എത്തുമ്പോഴുള്ള വഴക്കക്കുറവ് നാളിതുവരെയുള്ള പ്രഥ്വീരാജിന്റെ ചിത്രങ്ങളിൽ പ്രകടമായിരുന്നു. 'മൊയ്തീനിലെ' ചില പ്രാദേശിക സ്‌ളാങ്ങിലും, 'ഇന്ത്യൻ റുപ്പിയിൽ' മതിലുചാടി ഓടുന്ന രംഗത്തിലുമൊക്കെ സൂക്ഷിച്ചുനോക്കിയാൽ ഈ വഴക്കക്കുറവ് പ്രകടമാണ്. ഒരു അർബൻ ഓറിയന്റഡ് മല്ലു എന്ന ലേബലിലാണ് അദ്ദേഹത്തിന് കിട്ടുന്ന കഥാപാത്രങ്ങൾ ഏറെയും. എന്നാൽ ഇത്തവണ ആ പരിമിതിയെ പ്രഥ്വി ശക്തമായി മറികടക്കുന്നു. പാമ്പ് ജോയിയുടെ ഭാഷയും ശൈലിയും ശരീരഭാഷയുമെല്ലാം തനി നാടൻ. മേക്കപ്പ്മാനും കൊടുക്കണം ചെറുതല്ലാത്ത അഭിനന്ദനം. ഒരു സ്ഥിരം മദ്യപാനിയുടെ പുരികത്തിന് താഴെ വരുന്ന പ്രത്യേകമോഡൽ വെളുപ്പ്‌പോലും കൃത്യമായി ചെയ്തുവച്ചിരിക്കുന്നു. മദ്യപന്റെ ചിരിയും ചേഷ്ടകളുമൊക്കെ പ്രഥ്വി എന്ത് അനായസമായാണ് ചെയ്യുന്നതെന്ന് നോക്കുക. മിമിക്രിക്കാർ 'പാമ്പുകളെ' പ്രത്യേക ഭാവത്തിൽ ട്യൂൺ ചെയത് വച്ചിരിക്കുന്നത് രാജു എടുക്കുന്നേയില്ല.

പ്രഥ്വിയോട് കട്ടക്ക് കട്ടക്ക് മുട്ടിയാണ് അനൂപ് മേനോന്റെയും മുന്നേറ്റം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി അൽപ്പം പാളിയിരുന്നെങ്കിൽ ചിത്രം ചളമായേനെ. അനൂപിന്റെ ചില ഭാവങ്ങളൊക്കെ നമ്മുടെ പ്രിയപ്പെട്ട മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നു. പടത്തിൽ അനൂപ് ഉള്ളതുകൊണ്ട് ഫിലോസഫികൊണ്ടുള്ള തള്ളലുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഈ 'അസുഖത്തിന് ' അൽപ്പം കുറവുണ്ട്. 'ലൈഫ് ഓഫ് എ ഡ്രങ്കാണ്ട് ഈസ് ലൈക്ക് ആൻ എംറ്റി ബോട്ടിൽ' എന്നൊക്കെ പോലുള്ള ഇമ്പമുള്ള ചില ഫിലോസഫികളും, ഷേക്‌സ്പിയറിന്റെ 'ടുബി ഓർ നോട്ടു ടു ബി'യൊക്കെയേ ചിത്രത്തിലുള്ളൂ. അതിന് കഥാപാത്രം ഇംഗ്‌ളീഷ് പ്രൊഫസറാണെന്ന ന്യായീകരണവും ഉണ്ട്.നായിക മിയക്ക് കാര്യമായാന്നും ചെയ്യാനില്‌ളെങ്കിലും ഉള്ള രംഗങ്ങൾ വൃത്തിയായിട്ടുണ്ട്.

എതാനും സീനുകളിലായിട്ടും സീദ്ദീഖ് പ്രകടിപ്പിക്കുന്ന ഊർജം ഗംഭീരം. സംവിധായകൻ മാർത്താണ്ഡനും അഭിമാനിക്കാവുന്ന പടമാണിത്. ആദ്യ പകുതിയിലെ പല ഷോട്ടുകളിലും സംവിധായകന്റെ മിടുക്ക് പ്രകടമാണ്. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് എന്ന ആവറേജ് സിനിമക്കുശേഷം മാർത്താണ്ഡൻ ചെയ്ത 'അഛാദിൻ' എന്ന മാരണംവച്ചുനോക്കുമ്പോൾ ഈ പടമൊക്കെ സ്വർഗമാണ്.എബി ടേടാം സിറയക്കിന്റെ സംഗീതവും ഗോപിസുന്ദറിന്റെ പശ്ചാത്തലവുമൊക്കെ ശരാശരി എന്നെ പറയാൻ പറ്റൂ.

വാൽക്കഷ്ണം:മദ്യ വിപത്തിനെക്കുറിച്ച് മലയാളത്തിൽ എടുത്തിട്ടുള്ള മിക്ക സിനിമകൾക്കും പറ്റിയിട്ടുള്ള അബദ്ധം 'പവാടക്കും' വന്ന് ചേർന്നിട്ടുണ്ടെന്ന് പറയാതെ വയ്യ. ലാലേട്ടന്റെ രഞ്ജിത്ത് ചിത്രമായ 'സ്പിരിറ്റിലെ'ന്നപോലെ ഇവിടെയും മദ്യപന്റെ ജീവിതം അതി രസകരവും, അതല്ലാത്ത ജീവിതം ബോറടിയുമായാണ് ഒരു സാധാരണപ്രേക്ഷകന് തോന്നുക. അത്രക്ക് കൊതിപ്പിക്കുന്ന രീതിയിലാണ് രാജുവിന്റെയും കൂട്ടരുടെയും വെള്ളമടി രംഗങ്ങൾ. മദ്യം അജണ്ട നിശ്ചയിക്കാത്ത രണ്ടാം പകുതി പലയിടത്തും കഷായവും. അതുകൊണ്ടുതന്നെ ഈ പടം കണ്ടാൽ മദ്യപാനത്തിന്റെ വിപത്തല്ല, മദ്യം നൽകുന്ന ഹരമാണ് ബോധ്യപ്പെടുന്നത്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP