Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് ലളിത സുന്ദര ഗോദ; കൊച്ചു കൊച്ചു സംഭവങ്ങൾ കോർത്തിണക്കിയ കണ്ടിരിക്കാവുന്ന ചിത്രം; ടൊവീനൊയേക്കാൾ തിളങ്ങി പഞ്ചാബി നടി വമിഖ; കൈയടിക്കാം ബേസിൽ എന്ന യുവസംവിധായകന് വേണ്ടി

ഇത് ലളിത സുന്ദര ഗോദ; കൊച്ചു കൊച്ചു സംഭവങ്ങൾ കോർത്തിണക്കിയ കണ്ടിരിക്കാവുന്ന ചിത്രം; ടൊവീനൊയേക്കാൾ തിളങ്ങി പഞ്ചാബി നടി വമിഖ; കൈയടിക്കാം ബേസിൽ എന്ന യുവസംവിധായകന് വേണ്ടി

കെ വി നിരഞ്ജൻ

പേരുപോലെ തന്നെ ഒരു കുഞ്ഞു സിനിമയായിരുന്നു ബേസിൽ ജോസഫ് എന്ന യുവ സംവിധായകന്റെ ആദ്യ ചിത്രമായ 'കുഞ്ഞി രാമായണം'. ഒരു ചെറു നാട്ടിൻപുറവും സാധാരണക്കാരായ നാട്ടുകാരും 'സൽസ'യെന്ന വിലകുറഞ്ഞ മദ്യവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ചെറു നർമ്മത്തിലൂടെ പൂർത്തിയാവുന്ന ഒരു ചിത്രം. തുടക്കക്കാരന്റെ തെറ്റുകുറ്റങ്ങൾ ഉണ്ടായിരുന്നെങ്കിലും തരക്കേടില്ലാത്തൊരു കാഴ്ചാനുഭവം ആയിരുന്നു ആ ചിത്രം.

രണ്ടാമത്തെ ചിത്രമായ 'ഗോദ'യിലേക്കത്തെുമ്പോൾ നാട്ടിൻപുറവും സാധാരണക്കാരായ നാട്ടുകാരുമെല്ലാമുണ്ടെങ്കിലും ബേസിലിന്റെ കാൻവാസ് കുറേക്കൂടി വലുതാവുന്നു. കഥയങ്ങ് കണ്ണാടിക്കലെന്ന ഗ്രാമത്തിലെ മനയത്തുവയലിൽ നിന്ന് പഞ്ചാബ് വരെ പോകുകയും ചെയ്യുന്നു. എന്നാലും ദംഗലും, സുൽത്താനും പോലുള്ള ഗുസ്തി പ്രമേയമാക്കിയ വമ്പൻ ചിത്രങ്ങൾക്കിടയിൽ ബേസിലിന്റെ മനയത്ത് വയലിലെ ചെറിയ ഗോദ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. കലാമേന്മയിലും ജനപ്രീതിയിലും ഒരേ പോലെ മികച്ചു നിൽക്കുന്ന, എന്തും വിമർശന ബുദ്ധിയോടെ വിലയിരുത്തുന്ന മലയാളി പ്രേക്ഷകർ പോലും നെഞ്ചറ്റേിയ ഈ പടങ്ങൾ ഇറങ്ങിയിട്ട് അധികം കാലമായിട്ടില്ല. അപ്പോൾ സമാനമായ പശ്ചാത്തലത്തിലുള്ള കഥയുമായി വരാനുള്ള ബേസിലിന്റെ ധൈര്യം, ഇത് മലയാളികളുടെ ഗോദയാണ് എന്നത് തന്നെയാണ്. പണ്ട് നമ്മൾ കണ്ട മുകേഷിന്റെ 'മുത്താരം കുന്ന് പി.ഒ' പോലുള്ള ഗുസ്തി ചിത്രങ്ങൾ വാരി വിതറിയ നർമ്മ മുഹൂർത്തങ്ങൾ ഗോദയിലേക്കുള്ള വഴികളെ ആസ്വാദ്യകരമാക്കുന്നു.

ഗുസ്തി പ്രമേയമാക്കി പുറത്തിറങ്ങിയ സമീപകാല മറുഭാഷാ ചിത്രങ്ങളെ വെച്ച് നോക്കിയാൽ ഗോദയിലെ ഗുസ്തി രംഗങ്ങൾക്ക് അത്രയേറെ മികവൊന്നും അനുഭവപ്പെടുന്നില്ല. അത്തരം ചിത്രങ്ങൾ പോലെ ഗൗരവകരമായ ആവിഷ്‌ക്കാരവുമല്ല ഈ ചിത്രം. ഗുസ്തിയുടെ പശ്ചാത്തലത്തിൽ ന്യൂജനറേഷൻ കാലത്ത് ഒരു നാട്ടിൻ പുറത്തിന്റെ നന്മകളും നർമ്മവും നിറയുന്നൊരു ചിത്രം അതാണ് ഗോദ. അതുകൊണ്ട് തന്നെ ദംഗൽ ഉൾപ്പെടെയുള്ള ചിത്രങ്ങളുമായി ഒരു താരതമ്യം ഈ കൊച്ചുചിത്രം ആവശ്യപ്പെടുന്നില്ല. പോരായ്മകളൊന്നുമില്ലാതെയത്തെിയ ഗുസ്തിപ്പടങ്ങൾ മനസ്സിൽ നിൽക്കുന്നവർക്ക് ഗോദയുടെ തിരക്കഥാകൃത്ത് പലയിടത്തും വലിയ സുഷിരങ്ങൾ അവശേഷിപ്പിക്കുന്നതും പലയിടത്തു നിന്നും വിദഗ്ധമായി ചാടി മറയുന്നതും വ്യക്തമാവും.

ഇത്തരം അപൂർണ്ണമായ ഘട്ടങ്ങളെ വിദഗ്ധമായി കൂട്ടിയിണക്കിക്കോണ്ടുപോകാൻ സംവിധായകൻ കാണിക്കുന്ന സാമർത്ഥ്യമാണ് ഗോദയെ ബോറടികളിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. പരാജയങ്ങളിൽ നിന്നും തിരിച്ചടികളിൽ നിന്നും വിജയത്തിലേക്കത്തെുന്ന കഥയാണ് സ്പോർട്സ് പശ്ചാത്തലമാക്കിയ ഭൂരിഭാഗം ചിത്രങ്ങൾക്കും പറയുവാനുണ്ടാകുക. ചക്‌ദേ ഇന്ത്യ ആയാലും ലഗാനായാലും എല്ലാറ്റിലും വിജയത്തിലേക്കുള്ള യാത്രയാണ് കഥ. എന്നാൽ അവതരണ രീതിയിലെ വ്യത്യസ്തതകൾ സ്പോർട്സ് പ്രമേയമാക്കിയ ഭൂരിഭാഗം ചിത്രങ്ങളെയും സൂപ്പർഹിറ്റ് പട്ടികയിൽ എത്തിച്ചിട്ടുണ്ട്. അതിഥിയെന്ന പഞ്ചാബി പെൺകൊടിക്ക് നേരിടുന്ന വെല്ലുവിളികൾ, തിരിച്ചടികൾ ഒക്കെ തന്നെയാണ് ഗോദയുടെയും കഥ. അവയെ നേരിട്ട് പതിവു പോലെ അവൾ വിജയിക്കുകയും ചെയ്യന്നു.

തട്ടിയും മുട്ടിയും വഴിമുട്ടിയും പ്രമേയം നിന്നുപോകുന്ന അവസ്ഥ ബേസിലിന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാവാം തീരെ പരത്തിപ്പറയാതെ വെറും രണ്ടു മണിക്കൂർ കൊണ്ട് ഗുസ്തിക്കഥ അദ്ദേഹം പറഞ്ഞു തീർത്തത്. ഇത് ചിത്രത്തിന് ഗുണമാവുന്നതുപോലെ ദോഷവും സമ്മാനിക്കുന്നുണ്ട്.

കണ്ണാടിക്കൽ എന്ന ഗ്രാമത്തിലാണ് ഗുസ്തിക്കാരനായ രഞ്ജിപ്പണിക്കരുടെ ക്യാപ്റ്റൻ ജീവിക്കുന്നത്. ഗുസ്തിക്ക് ഇന്ന് പഴയ പ്രതാപമില്ലാത്തതിനാൽ അയാൾ അസ്വസ്ഥനാണ്. മകൻ പോലും ഗുസ്തി ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞു. ആളുകൾക്ക് പഴയതുപോലുള്ള ബഹുമാനവുമില്ല. മകനുൾപ്പെടെയുള്ള പുതിയ പിള്ളാരാവട്ടെ, വമ്പൻ ഗുസ്തി മത്സരങ്ങൾ അരങ്ങറേിയിരുന്ന മനയത്തുവയലിനെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ആക്കാനുള്ള പുറപ്പാടിലുമാണ്. ഇതിന്റെ പേരിൽ ക്യാപ്റ്റനും ഈ സംഘവുമായി ചെറിയ ഉരസലുകളും പതിവാണ്. പഞ്ചാബ് സർവ്വകലാശാലയിൽ പഠിക്കാൻ പോയ ക്യാപ്റ്റന്റെ മകൻ അജ്ഞനേയ ദാസ,് അതിഥി സിങ് എന്നൊരു ഗുസ്തിക്കാരിയായ പഞ്ചാബി പെൺകുട്ടിയെ പരിചയപ്പെടുന്നു. സഹോദരന്റെ ഭീഷണിയാൽ തന്റെ സ്വപ്നങ്ങൾ മുഴുവൻ ഞെരിച്ചു കളയേണ്ടി വരുന്ന ഈ പെൺകുട്ടി ദാസിന്റെ നാട്ടിലത്തെുന്നതും അവിടെ വെച്ച് തന്റെ സ്വപ്നങ്ങളിലേക്ക് തിരിഞ്ഞു നടക്കുന്നതുമാണ് ഗോദയുടെ പ്രമേയം. പെൺകുട്ടിയിലൂടെ ക്യാപ്റ്റൻ തന്റെ പഴയ പ്രതാപകാലം തിരിച്ചു പിടിക്കുകയും ദാസ് ഗുസ്തിയുടെ പഴയ വഴിയിലേക്ക് തിരിച്ചത്തെുകയും വിജയങ്ങളിലേക്ക് നടന്നു കയറുകയും ചെയ്യന്നു.

കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയും രംഗങ്ങളിലൂടെയും കഥ പറയുകയാണ് ബേസിൽ. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് എവിടെയും വിരസത അനുഭവപ്പെടുന്നില്ല. പഞ്ചാബിലത്തെുന്ന ദാസിന്റെ രംഗങ്ങൾ ഏറെ മനോഹരമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആദ്യപകുതിയുടെ നർമ്മം രണ്ടാം പകുതിയിൽ കൈമോശം വരുകയും ഗുസ്തിയുടെ ആവേശം നിറയ്ക്കാൻ സാധിക്കാതെയും വരുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ പോരായ്മ.

ലളിതസുന്ദരമായി കണ്ണാടിക്കൽ ഗ്രാമത്തിന്റെ കഥ പറയുമ്പോഴും കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങളെല്ലാം പറഞ്ഞൊപ്പിക്കാനുള്ള വ്യഗ്രതയാണ് പ്രശ്‌നമാകുന്നത്. രാകേഷ് മണ്ടോടിയുടെ തിരക്കഥയിൽ പലപ്പോഴും അപൂർണ്ണത പ്രേക്ഷകന് ഫീൽ ചെയ്യന്നു. രണ്ടാം പകുതി പലപ്പോഴും പറഞ്ഞു തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു തിരക്കഥാകൃത്ത് എന്ന് തോന്നും.

പക്ഷേ ബേസിൽ ജോസഫ് എന്ന സംവിധായകന്റെ വളർച്ച ഇവിടെ വ്യക്തമാവുന്നുണ്ട്. തിരക്കഥയിലെ പോരായ്മകളെ സാങ്കതേിക മികവുകൊണ്ടും വർണ്ണപ്പൊലിമ കൊണ്ടും സംവിധായകൻ നിഷ്പ്രയാസം മറികടക്കുന്നു. വിഷ്ണു ശർമ്മയൊരുക്കിയ മനോഹര കാഴ്ചകളാണ് ഗോദയെ മനോഹരമാക്കുന്ന ഘടകങ്ങളിലൊന്ന്. നായക വേഷങ്ങളിൽ ടൊവിനോ തോമസിന്റെ വളർച്ചയുടെ അടയാളപ്പെടുത്തലാണ് ഗോദ. വൻ ഇനീഷ്യൽ കളക്ഷൻ നേടിയ ഒരു മെക്‌സിക്കൻ അപാരതയ്ക്ക് ശേഷമത്തെിയ ഈ ചിത്രവും പ്രേക്ഷകർ കൈയടികളോടെ സ്വീകരിക്കുകയാണ്. സ്വാഭാവികമായ പ്രകടനത്താൽ ടൊവിനോ ദാസെന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിരിക്കുന്നു. ക്യാപ്റ്റൻ എന്ന കഥാപാത്രമായി രഞ്ജിപണിക്കർ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഫയൽവാനൊത്ത ശരീരഘടനയുമായി ഈ പ്രായത്തിലും രഞ്ജിപണിക്കരത്തെുന്നത് കൗതുകകരമാണ്. അജു വർഗീസ്, ധർമ്മജൻ, ശ്രീജിത്ത് രവി എന്നിവരെല്ലാം നാട്ടിൻപുറത്തെ നർമ്മങ്ങളുമായി ഗോദയെ മികവുറ്റതാക്കാൻ കൂട്ടിനുണ്ട്.

മസിൽ പെരുപ്പിച്ച് നിൽക്കുന്ന ടൊവീനോയായിരുന്നു ചിത്രമിറങ്ങും വരെ പോസ്റ്ററുകളിലൂടെ പ്രേക്ഷകരുടെ മനസ്സിലത്തെിയിരുന്നത്. ഗുസ്തിക്കാരനായി അരങ്ങ് തകർക്കുന്ന ടൊവീനോയെ കാത്തിരുന്ന പ്രേക്ഷകർക്ക് മുമ്പിലേക്കാണ് പഞ്ചാബി നടിയായ വമിഖ, അതിഥിയെന്ന കഥാപാത്രവുമായത്തെുന്നത്. ക്യാപ്റ്റനും ദാസുമുണ്ടെങ്കിലും ഗോദ അതിഥിയെന്ന പെൺകുട്ടിയുടെ കഥയാണ്. അഭിനയ മികവുകൊണ്ട് ആക്ഷൻ രംഗങ്ങളിലെ മികച്ച പ്രകടനം കൊണ്ടും വമിഖ കയ്യടി നേടുമ്പോൾ നായകൻ ഉൾപ്പെടെ പിന്നോട്ട് തള്ളപ്പെട്ടുപോകുന്നു.

സിനിമകൾ നായക കേന്ദ്രീകൃതമായി മാറിപ്പോകുന്ന കാലത്ത് അതിഥിയെന്ന നായിക നിറഞ്ഞു നിൽക്കുന്ന സിനിമയായി ഗോദ മാറുന്നു. അവളുടെ നിസ്സഹായതയുടെയും ചെറുത്ത് നിൽപ്പിന്റെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥ കൂടിയാണ് ഗോദ. അവളുടെ വിജയത്തിന് വേണ്ടി ഒന്നിച്ച് നിൽക്കുന്നവരാണ് കണ്ണാടിക്കൽ ഗ്രാമവാസികളും അവിടുത്തെ ഫയൽവാന്മാരുമെല്ലാം. ക്യാപ്റ്റനും മകൻ ദാസിനും വിജയത്തിലേക്ക് കയറാൻ ഏണിപ്പടിയാകുന്നതും ഈ പെൺകുട്ടി തന്നെയാണ്.

ബീഫ് കഴിക്കാനുള്ള ആഗ്രഹം മൂത്ത് ഗോ സംരക്ഷണ സമിതിക്കാരുടെ കൈയിലകപ്പെട്ടുപോകുന്ന ദാസും തമിഴ്‌നാട്ടുകാരനായ സുഹൃത്തും സൃഷ്ടിക്കുന്ന തമാശകൾ വർത്തമാനകാലത്തെ പൊള്ളുന്ന യാഥാർത്ഥ്യം കൂടിയാണ്. ഗോസംരക്ഷകരെന്ന വലിയ കോമഡിയാണ് ഗോദയിലെ മനോഹരമായ തമാശരംഗമായി മാറുന്നത്. ബീഫ് വരട്ടിയതിനെക്കുറിച്ച് ദാസ് പറയുന്ന രസകരമായ രംഗം കൂടിയുണ്ട് ചിത്രത്തിൽ. പ്രേക്ഷകർക്ക് നാവിൽ വെള്ളം വന്നുപോകുന്ന അത്തരം രംഗങ്ങൾ കണ്ട് സംഘപരിവാറുകാർ ഗോദയ്‌ക്കെതിരെ ഗദയും ശൂലവുമായി ചാടിവീഴില്ലന്നെ് നമുക്ക് പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP