Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തിനോ വേണ്ടിയൊരു സിനിമ! കല്ലായ് എഫ് എമ്മിൽ നിറയുന്നത് അപശ്രുതി; തട്ടിക്കൂട്ട് തിരക്കഥയും ഏച്ചുകെട്ടിയ കോമഡിയും വെറുപ്പിക്കുന്നു; പ്രിയപ്പെട്ട ശ്രീനിവാസൻ പാവം പ്രേക്ഷകരുടെ പോക്കറ്റിടക്കാൻ താങ്കളും കൂട്ടുനിൽക്കരുത്

എന്തിനോ വേണ്ടിയൊരു സിനിമ! കല്ലായ് എഫ് എമ്മിൽ നിറയുന്നത് അപശ്രുതി; തട്ടിക്കൂട്ട് തിരക്കഥയും ഏച്ചുകെട്ടിയ കോമഡിയും വെറുപ്പിക്കുന്നു; പ്രിയപ്പെട്ട ശ്രീനിവാസൻ പാവം പ്രേക്ഷകരുടെ പോക്കറ്റിടക്കാൻ താങ്കളും കൂട്ടുനിൽക്കരുത്

എം മാധവദാസ്

ന്ത്യൻ റെയിവേയെകൊണ്ടുള്ള ഓരോ അനർഥങ്ങൾ ഇങ്ങനെയാണ്.അത്യാവശ്യമായി ഒരുയാത്ര പോകാമെന്നുവച്ചാൽ ട്രെയിൻ മൂന്നുമണിക്കൂറിലേറെ ലേറ്റ്.ആ സമയംഅഡ്ജസ്റ്റ് ചെയ്യാൻ കയറിപ്പോയതാണേ, വിനീഷ് മില്ലേനിയം സംവിധാനം ചെയ്ത 'കല്ലായ് എഫ്.എം' എന്ന ശ്രീനിവാസൻ നായകനായ ചിത്രത്തിന്. മുഹമ്മദ് റഫിയുടെ സംഗീതവും അൽപ്പം ശ്രീനിവാസൻ നർമ്മങ്ങളും ആസ്വദിക്കാമെന്ന് കരുതി. പക്ഷേ ചിത്രം തീർന്നപ്പോൾ, പ്രതീക്ഷകൾ മൊത്തം പാളം തെറ്റി.

എന്തിനോ വേണ്ടിയൊന്നോണം എടുത്ത ഒരു ചിത്രം. പ്രമേയത്തിൽ യാതൊരു ഫോക്കസുമില്ല.മൊബൈലിൽ എടുത്ത സിനിമപോലെ പിക്ച്ചർ ക്‌ളാരിറ്റിപോലുമില്ലാത്ത ആദ്യപകുതി,കോമഡികൊണ്ടുള്ള അസഹനീയ ഭീകരാക്രമണം ,ചത്ത തിരക്കഥ,സാ എന്ന മട്ടിലുള്ള സംവിധാനം.... ഏതാ ഒരു അപ്പാവി പ്രൊഡ്യൂസറുടെ രണ്ടുകോടിയോളം വരുന്ന തുകയാണ് (അതിലും കുറവിൽ ഇപ്പോൾ ഒരു മലയാള സിനിമ പിടിക്കാനാവില്ലത്രേ) ഇവരെല്ലാം കൂടി വെള്ളത്തിലാക്കിയത്.പക്ഷേ കുറ്റം മാത്രം പറയരുതല്ലോ.ചിത്രത്തിന്റെ അവസാനത്തെ 15 മിനിട്ട് മോശമായിട്ടില്ല.ഇവിടെ മാത്രമാണ് സംവിധായകന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നത്.പറഞ്ഞിട്ട് കാര്യമില്ല,അപ്പോഴേക്കും പടം തീരുകയും ചെയ്യുന്നു.അതുവരെയുള്ള ബോറടി താങ്ങാനാവാതെ തീയേറ്ററിൽ ആകെയുള്ള ഏഴുപേരിൽ നാലുപേരും അപ്പോഴേക്കും സ്ഥലവും വിട്ടിരുന്നു.

പക്ഷേ ഈ പടം കഥയെഴുതി സംവിധാനം ചെയ്ത വിനീഷിനേക്കാളും വിമർശിക്കപ്പെടേണ്ടത് ഈ ചിത്രത്തിൽ അഭിനയിച്ച ശ്രീനിവാസനാണ്.ശ്രീനിവാസന്റെ മുഖം കണ്ടതുകൊണ്ട് മാത്രമാണെല്ലോ ഈയുള്ളവനടക്കം കാശ് കളഞ്ഞത്.മിനിമം ഗ്യാരണ്ടിയായിരുന്നു ശ്രീനിവാസൻ ചിത്രങ്ങളുടെ മുഖമുദ്ര. അഭിനിച്ചതിന്റെ എത്രയോ ഇരിട്ടിയോളം ഒഴിവാക്കിയിട്ടുണ്ടെന്നും,താൻ ചെയ്യാതെവിട്ട വേഷങ്ങളാണ് മലയാളസിനിമയിൽ തനിക്കുള്ള സംഭാവനയെന്നും ശ്രീനിയേട്ടൻ ഒരിക്കൽ പറഞ്ഞിരുന്നു.

അപ്പോൾ ഇതുപോലുള്ള പടങ്ങളോ. പ്രേക്ഷകരുടെ ആസ്വാദന നിലവാരം വല്ലാതെ മാറിയ ഈ ന്യൂജൻ കാലത്ത് യാതൊരു പ്രസക്തിയുമില്ലാത്ത, ത്രില്ലടിപ്പിക്കുന്ന ഒരു രംഗംപോലുമില്ലാത്ത ഇതുപോലൊരു തിരക്കഥ എഴുതിക്കൊണ്ടുവന്ന പിള്ളേരോട്, ഇതൊന്ന് പണി അറിയാവുന്ന ആരെയെങ്കിലും എൽപ്പിച്ച് റീവർക്ക്‌ചെയ്ത് സാമാന്യയുക്തിക്ക് നിരക്കുന്ന കഥയെങ്കിലും ആക്കിവായെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നെങ്കിൽ, ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാവുമായിരുന്നില്ല.അഭിനേതാവ്,സംവിധായകൻ,തിരക്കഥാകൃത്ത് എന്നനിലയിലൊക്കെയുള്ള ശ്രീനിയേട്ടന്റെ പരിചയം ഇവിടെയല്ലേ പ്രയോജനപ്പെടേണ്ടത്. പകരം ലക്ഷങ്ങൾ എണ്ണിവാങ്ങി നിർമ്മാതാവിനെ പഞ്ഞിക്കിടാൻ അദ്ദേഹവും കൂട്ടുനിന്നു.ഒരു നടന് തന്റെ ഭാഗം നോക്കിയാൽ മാത്രംപോരെ എന്ന് പറയുന്നവർ ഉണ്ടാവാം.പക്ഷേ ശ്രീനിവാസൻ താൻ ഒഴിവാക്കിയ സിനിമകളെക്കുറിച്ച് ഭള്ള് പറയുന്നയാളാണ്.

ജൈവകൃഷിയും ആന ചേനയുമൊക്കെയായി സാമൂഹിക പ്രതിബദ്ധത തിളക്കുന്ന നടനുമാണേല്ലോ നമ്മുടെ ശ്രനിയേട്ടൻ.മാത്രമല്ല സിനിമയിലെ താരാധിപത്യത്തെയും അനഭലഷണീയ പ്രവണതകളെയും ചെറുക്കാനായി, തന്റെ ദീർഘകാല സുഹൃത്ത് മോഹൻലാലിനെ തനി കോമാളിയാക്കി സിനിമ പിടിച്ച് സാമൂഹിക പ്രതിബദ്ധത തെളിയിച്ച ആളുമാണ്.എവിടെപ്പോയി സാർ, ഈ പ്രതിബദ്ധതയൊക്കെ.(അടുത്തകാലത്തായി ശ്രീനിവാസന്റെ വ്യക്തിജീവിതത്തിലും ഇതേ ഇരട്ടത്താപ്പുകൾ കാണാം.അലോപ്പതി മരുന്നുകൾ കൊടിയ വിഷമാണെന്നും അവ കടലിൽ എറിയണമെന്നും ആഹ്വാനം നൽകിയ ശ്രീനിയേട്ടൻ അസുഖംവന്നപ്പോൾ ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലത്തെിയത് ട്രോളന്മാർ ആഘോഷിച്ചില്‌ളെങ്കിലല്ലേ അത്ഭുദമുള്ളൂ!)

ഈ പടത്തിന്റെ സംവിധായകനും കൂട്ടർക്കും പുതുമുഖങ്ങൾ എന്ന ആനുകൂല്യം നൽകാം.പക്ഷേ ദീപസ്തംഭം മഹാശ്ചര്യം എന്ന മോഡലിലുള്ള ശ്രീനിവാസൻ സിൻഡ്രോമിന് മാപ്പില്ല.

എന്തിനോ വേണ്ടിയൊരു  സിനിമ

ഈ പടം എടുക്കാനുള്ള സർഗാത്മക പ്രചോദനം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.സിലോൺ ബാപ്പുവിന്റ ജീവിതകഥയിൽ കാര്യമായ സിനിമാറ്റിക്ക് എലമെന്റുകളും കാണാൻ കഴിയുന്നില്ല.ഇനി ആ ജീവിതം എങ്ങനെയായിരുന്നെന്ന് കൃത്യമായും പറയുന്നില്ല. രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ബാപ്പയുടെയും മകന്റെയും ബന്ധമാണോ,അതോ മുഹമ്മദ് റഫിയുടെ പാട്ടുകൾ മാത്രം കേൾപ്പിക്കാനായി ബാപ്പു നടത്തുന്ന കല്ലായി എഫ്.എം എന്ന സ്റ്റേഷനുമായുള്ള അയാളുടെ അത്മബന്ധത്തിനാണോ, അതോ ബാപ്പുവിന്റെ ജീവിതം സിനിമയാക്കുന്ന സിനിമക്കുള്ളിലെ സിനിമക്കാണോ, ഏതിനാണ് ഫോക്കസ് കൊടുക്കണ്ടതെന്ന് സംവിധായകനും പിടിയില്ല.ഈ ദൗർബല്യവും ഘടനാപരമായ ഏച്ചുകെട്ടലുകളും ചിത്രത്തിൽ മുഴുനീളം പ്രകടമാണ്.

ഒന്നാമതായി സിലോൺ ബാപ്പുവെന്ന കല്ലായിക്കാരൻ നടത്തുന്ന എഫ്.എം നിലയത്തിന്റെ കാര്യം തന്നെ നോക്കുക.കേരളത്തിൽ എവിടെയാണ് സ്വകാര്യവ്യക്തികൾ റേഡിയോ സ്റ്റേഷൻ നടത്തുന്നത്.ഇത് ഇന്ത്യയിൽതന്നെ ആകെ പത്തോ പതിനൊന്നോ വ്യക്തികൾക്കുള്ളതാണ്.ഇനി ഒരാൾക്ക് ഒറ്റക്ക് നടത്തിക്കൊണ്ടുപോവാൻ കഴിയുന്നതാണോ ഒരു എഫ്.എം നിലയം.രണ്ടുകോഴിക്കൂടുകൾ ചേർന്നാലുള്ളത്ര വലിപ്പത്തിലുള്ള ഒരു ചെറിയ ഔട്ട് ഹൗസ്മാത്രമേ കല്ലായി എഫ്.എമ്മിനുവേണ്ടൂ!അതായത് സാമാന്യയുക്തിയെന്നത് ഈ പടത്തിന്റെ അടുത്തുകൂടി പോയിട്ടില്‌ളെന്ന് വ്യക്തം.

ഇനി സ്‌കൂൾ പഠിത്തംപോലും പൂർത്തിയാക്കാത്ത ബാപ്പു എങ്ങനെയാണ് എഫ്.എം നിലയത്തിന് ഉടമായതെന്ന് ചിത്രത്തിൽ ഒരിടത്തും പറയുന്നില്ല.സിലോൺ റേഡിയോയിലെ മുഹമ്മദ് റഫിയുടെ പാട്ടുകൾ കേട്ട് ഭ്രമിച്ചാണ് അയാൾക്ക് സിലോൺ ബാപ്പുവെന്ന് പേര് വീണതെന്ന് പറയുന്നുണ്ട്്.പക്ഷേ ഈ എഫ്.എം നിലയം എങ്ങനെ ബാപ്പുവിന് കിട്ടിയതെന്ന് വ്യക്തമല്ല. നിർണ്ണായകമായ ആ വിവരം വിട്ടതുതന്നെ ചിത്രത്തിന്റെ അമേച്വർ സ്വഭാവം പ്രകടമാക്കുന്നു.

പക്ഷേ ഈ സിനിമ പ്രഖ്യാപിച്ചപ്പോൾ കേട്ട കഥ മറ്റൊന്നായിരുന്നു.കോഴിക്കോട്ടെ കടുത്ത മുഹമ്മദ് റഫി ആരാധകനും,റേഡിയോ മെക്കാനിക്കുമായ കോയയുടെ (റേഡിയോ കോയക്ക) കഥയാണ് ചിത്രം അവലംബിക്കുന്നത് എന്നായിരുന്നു. റേഡിയോ കോയക്ക മാതൃഭൂമി ആഴ്ചപ്പതിപ്പിനോടടക്കം വിശദമായി പറഞ്ഞ അത്മകഥയുടെ പലഭാഗങ്ങളും സിലോൺ ബാപ്പുവിന്റെ ജീവിതമായി ചിത്രത്തിൽ വരുന്നുണ്ട്.റേഡിയോ കോയയെ പെട്ടന്ന് സിലോൺ ബാപ്പുവാക്കി എഫ്.എം നിലയം തലയിൽവെച്ചുകൊടുത്തതുകൊണ്ടാവണം ഡീറ്റയിൽസ് വിശദീകരിക്കാൻ ആവാത്തത്.

അതുപോട്ടെ.അതൊക്കെ സംവിധായകന്റെ ഇഷ്ടം.കഥക്ക് ഒരു കേന്ദ്രബിന്ദുവേണ്ടെ.കല്ലായിപ്പുഴ കൈയേറ്റവുമായി ബന്ധപ്പെട്ട് ബാപ്പുനൽകുന്ന റേഡിയോ വിമർശനങ്ങളിൽ പൊറുതിമുട്ടിയ കൈയേറ്റക്കാരൻ അയാളുടെ എഫ്.എം നിലയം പൂട്ടിക്കാൻ ശ്രമിക്കുകയാണ്.ഈ ഘടകത്തെ വികസിപ്പിച്ചാൽ കണ്ടിരിക്കാവുന്ന പടം ആക്കാമായിരുന്നു.പക്ഷേ അപ്പോഴേക്കും ഇതാ ചിലർ സിനിമാ പിടുത്തവുമായി വരുന്നു.പിന്നെ ബോറടിയുടെയും വെറുപ്പിക്കലിന്റെയും ഭയാനക വേർഷനുകളാണ്.കോട്ടയം നസീറും, കലാഭവൻ ഷാജോണും,സുനിൽ സുഖദയും കാണിക്കുന്ന കോപ്പിരാട്ടികൾ കണ്ടാൽ പെറ്റ തള്ള സഹിക്കില്ല.പഴയ തമിഴ് സിനിമകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, കാറിൽനിന്ന് ഇറങ്ങിയ ഉടൻതന്നെ ഷാജോൺ നീണ്ട ഡയലോഗുകളാണ്. ഈ കോമഡിക്കോലാഹലങ്ങൾക്കിടയിൽ പുട്ടിന് പീരപോലെ ഇടക്കിടെ റഫി സംഗീതവും മെഹഫിലുമൊക്കെ കടന്നുവരുന്നു.

ആദ്യപകുതിയിൽ ചിത്രത്തിന് വ്യക്തതയും തീരെക്കുറവാണ്.സ്‌കൂൾകുട്ടികൾ മൈാബൈൽ പടം പിടിക്കുന്നതുപോലുണ്ട് പല രംഗങ്ങളും.രണ്ടാം പകുതിയിലാണ് ചിത്രത്തിന് തെളിച്ചം വെക്കുന്നത് എന്നതുതന്നെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവർക്ക് നാണക്കേടാണ്.ഇത് തീയേറ്ററിന്റെ പ്രശ്‌നമാണെന്ന് കരുതിയപ്പോൾ തീയേറ്ററുകാർ ശക്തമായി നിഷേധിക്കയാണ്.മൊഗസ്സീരിയലുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരു വീടോ സ്ഥലമോ കേന്ദ്രീകരിച്ചുള്ള ഷോട്ടുകളാണ് ആദ്യ പകുതിയിൽ കൂടുതലും.അതുകൊണ്ടുതന്നെ ബോറടിയും കൂടുതലാണ്.

ഭേദപ്പെട്ട രണ്ടാംപകുതി.. പക്ഷേ

ഈ ചിത്രത്തിന്റെ രണ്ടുപകുതികളും രണ്ടു സംവിധായകരും ക്യാമറാന്മാരുമാണ് ചെയ്തതെന്ന് തോന്നും.ബാലാരിഷ്ടതകളിൽനിന്നും കോട്ടുവാരംഗങ്ങളിൽനിന്നും ചിത്രം അൽപ്പനേരത്തേക്ക് മോചനം നേടുന്നുണ്ട്.അവസാനത്തെ പതിനഞ്ച് മിനുട്ടുകളിൽ എടുത്ത ശ്രദ്ധയും ഭാവവും ചിത്രത്തിന് മൊത്തം നൽകാൻ വിനീഷ് ശ്രദ്ധിച്ചിരുന്നെങ്കിൽ കല്ലായി എഫ്.എമ്മിന്റെ വിധി മറ്റൊന്ന് ആവുമായിരുന്നു.റഫി സാഹിബിൽനിന്ന് എന്താണ് ഞാൻ പഠിച്ചതെന്ന് സിലോൺ ബാപ്പുവെളിപ്പെടുത്തുന്ന രംഗം തീവ്രവും ശക്തവുമാണ്. അതുപോലെതന്നെ സിലോൺ ബാപ്പുവിന്റെ ഫ്‌ളാഷ് ബാക്കിൽ, റഫി കോഴിക്കോട് വരുന്ന രംഗങ്ങളുമൊക്കെ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്.

ശ്രീനിവാസന്റെ എഫ്.എം റേഡിയോ അറിയിപ്പുകളും,റഫിയെവിട്ട് ആധുനിക സംഗീതത്തിൽ ആകൃഷ്ടനായ മകനുമൊത്തുള്ള കൗണ്ടറുകളിലും നർമ്മമുണ്ട്്.അതും കൂടി ഇല്ലായിരുന്നെങ്കിൽ തീയേറ്ററിൽനിന്ന് ഇറങ്ങി ഓടിയേനേ. സിലോൺ ബാപ്പുവിന്റെ മകനായി വേഷമിട്ട ശ്രീനാഥ് ഭാസിയുടെയും പ്രകടനം ഉഷാറായിട്ടുണ്ട്. സിനിമാ സംവിധായകനായത്തെിയ അനീഷ് മേനോനും മോശമായിട്ടില്ല.വനിതാ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യമൊന്നുമില്ലാത്ത ചിത്രത്തിൽ സിലോൺബാപ്പുവിന്റെ മകളായത്തെുന്ന പാർവതിരതീഷിനും,ഭാര്യയായ കൃഷ്ണപ്രഭക്കും കാര്യമായി ഒന്നും ചെയ്യാനില്ല.

ഒരു മ്യുസിക്കൽ മൂവി എന്നനിലയിലും ചിത്രം വിജയിച്ചിട്ടില്ല.മുഹമ്മദ് റഫിയുടെ ചില ഗാനങ്ങൾ മാത്രമാണ് ആശ്വാസം.ഗോപിസുന്ദറിന്റെ സംഗീതം ശരാശരി മാത്രമാണ്.ഗാന ചിത്രീകരവണവും തഥൈവ.സാക്ഷാൽ മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതും കേവല കൗതുകത്തിന് അപ്പുറത്തേക്ക് പോകുന്നില്ല. 'തീക്കുളിക്കും പച്ചൈമരം' (തീപിടിച്ച പച്ചമരം) എന്ന തമിഴ് ചിത്രം എടുത്തശേഷമാണ് വിനീഷ് മില്ലേനിയം ഈ ചിത്രം എടുക്കുന്നത്.ഒന്നാന്തരം ഒരു കഥയെ എടുത്ത് കുളമാക്കിയ ചിത്രമാണ് പച്ചൈമരമെങ്കിൽ, ഇവിടെ തട്ടിക്കൂട്ടിയ കഥയാണ് വില്ലനായത്.യുക്തിഭദ്രമായ ഒരു തിരക്കഥയില്ലാതെ പടം പിടിക്കാനിറങ്ങരുത് എന്നുതന്നെയാണ് ഈ പടം നൽകുന്ന ഗുണപാഠം.

വാൽക്കഷ്ണം:ഇത്തരം പടങ്ങളുടെ സാമ്പത്തിക പിൻബലം എന്തെന്നതാണ് ശരിക്കും അതിശയമായിരിക്കുന്നത്. അങ്ങേയറ്റം അരോചകമായ,90കളിലെ എ പടങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളാണ് ഈ ന്യൂജൻ കാലത്തും ഈ പടത്തിനായി ഇറങ്ങിയത്.ഈ പോസ്റ്റർ കണ്ടാൽതന്നെ മനസ്സിലാവില്ലേ ഇതൊന്നും എശില്‌ളെന്ന്.ഇങ്ങനെ രണ്ടാം ദിവസം ഹോൾഡ്ഓവർ ആകാൻ പാകത്തിൽ സിനിമ ഇറക്കുന്നതിലും ഭേദം ആ രണ്ടുകോടിരൂപ കൂട്ടിയിട്ട് തീയിടുന്നതായിരുന്നു.ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി ഇറങ്ങിയ 19 ചിത്രങ്ങളിൽ പകുതിയോളം, തീയേറ്ററിൽ ഒരാഴ്ചപോലും തികച്ചിട്ടില്ല.എന്നിട്ടും എങ്ങനെയാണ് ഇത്രയും നിർമ്മാതാക്കൾ മലയാളത്തിൽ ഇറങ്ങുന്നത്.ഇനി ഇതൊക്കെ വല്ല കള്ളപ്പണം വെളുപ്പിക്കാനുള്ള പരിപാടിയോ മറ്റോ ആണോ?പി.സി ജോർജെങ്കിലും അവശ്യപ്പെടണം, ഇക്കാര്യത്തിൽ ഒരു അന്വേഷണം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP