Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരളുലയ്ക്കുന്ന കറുത്ത ജൂതന്‍! സലീംകുമാർ എന്ന ബഹുമുഖ പ്രതിഭക്കുമുന്നിൽ നമിച്ച് മലയാള സിനിമ; ചരിത്രം ചവറ്റുകുട്ടയിലിട്ടവരുടെ കഥ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുന്നു; സഹൃദയരേ... നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽപെടുത്തി ഈ യഹൂദന് ആളെകൂട്ടുക!

കരളുലയ്ക്കുന്ന കറുത്ത ജൂതന്‍! സലീംകുമാർ എന്ന ബഹുമുഖ പ്രതിഭക്കുമുന്നിൽ നമിച്ച് മലയാള സിനിമ; ചരിത്രം ചവറ്റുകുട്ടയിലിട്ടവരുടെ കഥ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുന്നു; സഹൃദയരേ... നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽപെടുത്തി ഈ യഹൂദന് ആളെകൂട്ടുക!

എം.മാധവദാസ്

ഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കഥാകൃത്തായി കറുത്ത ജൂതന്‍  എന്ന സിനിമയിലൂടെ നടൻ സലീംകുമാറിനെ പ്രഖ്യാപിച്ചപ്പോൾ നെറ്റി ചുളിച്ചവർ ഏറെയുണ്ട്.സിനിമാക്കാർ തമ്മിലുള്ള പതിവ് വീതംവെപ്പാണിതെന്ന് സന്ദേഹിച്ചവർ, ഇപ്പോൾ തീയേറ്ററിലുള്ള ഈ പടം ഒന്ന് കണ്ടുനോക്കുക. നിങ്ങൾ നല്ല ചലച്ചിത്രങ്ങളെ സ്‌നേഹിക്കുന്നുവെങ്കിൽ, പുതുമയും മാറ്റവും ആഗ്രഹിക്കുന്നെങ്കിൽ, നിശ്ചയമായും പറയാൻ കഴിയും, സലീകുമാറിനെ കഴിഞ്ഞ ജൂറി നിർലജ്ജം തഴയുകയായിരുന്നെന്ന്. ഒറ്റ കഥാ അവാർഡിൽ ഒതുക്കേണ്ടതല്ല, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കേണ്ട ഈ പടം.കഥയിൽ മാത്രമല്ല തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും സലീകുമാറിന്റെ അതിഗംഭീരമായ പ്രകടനമാണ്. നിർമ്മാതാവും അദ്ദേഹം തന്നെയായതിനാൽ വേണമെങ്കിൽ, സലീംകുമാർ വൺമാൻഷോയെന്ന് ഈ പടത്തെ വിശേഷിപ്പിക്കാം.

ഉള്ളുലക്കുന്ന അത്യപൂർവ ചലച്ചിത്രാനുഭവം. ഒറ്റവാക്കിൽ ഈ പടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. നല്ല സിനിമയെ സ്‌നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ടത്.പൊട്ടക്കഥകളും ക്‌ളീഷേ രംഗങ്ങളും, മസ്തിഷ്‌കത്തിൽനിന്ന് സാമാന്യയുക്തിയെ നിയന്ത്രിക്കുന്ന ഭാഗം തുരന്നുമാറ്റിയാൽ മാത്രം കാണാൻ കഴിയുന്ന അയഥാർഥമായ പേക്കൂത്തുകളും കണ്ടുമടുത്ത നമുക്ക്, ചരിത്രവും ആഗോള രാഷ്ട്രീയവും, ബഹിഷ്‌കൃതന്റെ നിലവിളികളുമെല്ലാം ചേർത്തുവെച്ച് ഇത്തരമൊരു പടം നൽകിയതിന് സലീം കുമാറിന് നന്ദി പറയാം. ( ഇടക്കിടെ നവമാധ്യമങ്ങൾ 'മരിപ്പിക്കുന്ന' സലീംകുമാർ ഉയർത്തെഴുനേറ്റത് ഇതിനുവേണ്ടിതന്നെയായിരിക്കാം) പ്രിയപ്പെട്ട സലീംകുമാർ, ബഹുമുഖ പ്രതിഭയാണ് താങ്കളെന്ന് അറിഞ്ഞില്ല. എത്ര വലിയ വായനയും ഗവേഷണവും നിരീക്ഷണവുമാണ് ഈ ചിത്രത്തിന് വേണ്ടിവന്നത്.അന്താരാഷ്ട്ര ലോകക്രമവും, കേരളത്തിന്റെ സാമൂഹിക അവസ്ഥയുമെല്ലാം കൃത്യമായി ഈർച്ചവാൾ ചേർച്ചയിൽ ചേരുമ്പടിചേർക്കുന്ന അസാധ്യ തിരക്കഥ.

മാളയിലെ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ഒരു യഹൂദന്റെ വീട് ആയിരുന്നു എന്ന വാർത്തയിൽനിന്നാണ് കഥയുടെ ബീജം കിട്ടിയതെന്ന് സലീംകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ വളർത്തിയെടുക്കുന്ന മികവ് അതിശയകരം തന്നെയാണ്. അതുപോലെ ചിത്രം വിതരണത്തിനെടുത്ത സംവിധായകൻ ലാൽ ജോസിനും കൊടുക്കണം ഒരു സ്‌നേഹോപഹാരം. അദ്ദേഹമില്ലായിരുന്നെങ്കിൽ പൊടിപിടിച്ച് പൊതുജനം അറിയാതെ ഈ പടം പെട്ടിയിലായേനെ.

ഒന്നാലോചിച്ചുനോക്കൂ, അടൂർ ഗോപാലകൃഷ്ണനോ മറ്റോ ആണ് ഈ പടം ചെയതതെങ്കിൽ, നമ്മുടെ സോകോൾഡ് ബുജികൾ എങ്ങനെ പാടി പുകഴ്‌ത്തുമായിരുന്നു. എത്ര അവാർഡുകൾ കിട്ടുമായിരുന്നു. എത്ര ഫിലിം ഫെസ്റ്റിവലുകളിൽ എൻട്രിയുണ്ടാകുമായിരുന്നു. പക്ഷേ ഇത് കമേർഷ്യൽ സിനിമയിലെ ഒരു താരം സ്വന്തം കൈയിൽനിന്ന് കാശുമുടക്കിയെടുത്ത ചിത്രമായിപ്പോയി. അദ്ദേഹം ഫിലിം ഇൻസ്റ്റിട്ട്യൂട്ടിലോ ,'പോളിടെക്ക്‌നിക്കിലോ' ഒന്നും പഠിക്കാതെ മിമിക്രിയിൽനിന്ന് വന്നയാളുമായിപ്പോയി. ഇതും ഒരുതരം ചലച്ചിത്ര ബ്രാഹ്മണ്യമാണ്. സലീകുമാറിപ്പോലുള്ളവർ ഈ വർണ്ണവിവേചനത്തോടും കൂടിയാവണം പൊരുതുന്നത്.( കറുത്തമ്മയാക്കാൻ വെളുത്തു തുടുത്ത ഷീലയെയും, കാർത്തുമ്പിയാവാൻ ശോഭനയെയും അഭിനയിപ്പിച്ചതാണ് നമ്മുടെ ചലച്ചിത്രകാരന്മാരുടെ പൊതുബോധം.സലീകുമാറിന്റെ നായകവേഷത്തിന് പകരം മോഹൻലാലിനെയോ മമ്മൂട്ടിയോയാ ബ്‌ളാക്കടിപ്പിച്ച് രംഗത്തിറക്കാത്തതിലും സന്തോഷമുണ്ട്.കാരണം ഏത് സൂപ്പർസ്റ്റാർ കേട്ടാലും കണ്ണടച്ച് ഡേറ്റുകൊടുക്കുന്ന വൈവിധ്യമാർന്ന കഥയാണിത്.)

ചരിത്രം ചവറ്റുകുട്ടയിട്ട കറുത്തവരുടെ കഥ

ചരിത്രം എന്നും വെളുത്തവർക്കൊപ്പമാണെന്ന് ഈ പടത്തിൽ ഒരിടത്ത് പറയുന്നതുപോലെ, ഇത് അക്ഷരാർഥത്തിൽ കാലം ചവറ്റുകുട്ടയിലിട്ട കുറെ മനുഷ്യരുടെ കഥയാണ്.കഴിഞ്ഞ രണ്ടായിരം കൊല്ലത്തോളം ഇവിടെ മലയാളികളായി ജീവിച്ച മലബാറി യഹൂദന്മാരുടെ കഥ.അവരാണ് കറുത്ത ജൂതന്മാർ . ചരിത്രം എന്നും മട്ടാഞ്ചേരിയിലും ഫോർട്ട്‌കൊച്ചിയിലും ഉണ്ടായിരുന്ന വെളുത്ത യഹൂദന്മാർക്ക് ഒപ്പമായിരുന്നു. അവരുടെ പ്രണയവും വേർപാടുമൊക്കെ പൈങ്കിളിവത്ക്കരിച്ച്, ഗ്രാമഫോണും എസ്രയുമടക്കം എത്രയോ ചിത്രങ്ങളിൽ നാം കണ്ടുകഴിഞ്ഞു. എന്നാൽ ആരോൺ ഇല്യാഹു എന്ന കറുത്ത ജൂതനിലൂടെ നാളിതുവരെ കണ്ടിട്ടില്ലാത്ത കഥാപരിസരങ്ങളിലൂടെയാണ് സലീംകുമാർ കൂട്ടിക്കൊണ്ടുപോവുന്നത്.

ഒരു സമ്പന്ന ജൂത കുടുംബത്തിൽ ജനിച്ചിട്ടും അവസാനം ഈ നാട് തെണ്ടിയെപ്പോലെയാക്കിയ ആരോൺ ഇല്യാഹുവായി സലീംകുമാർ അഭിനയിക്കയല്ല ജീവിക്കയാണ്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ജൂത സംസ്‌കൃതിയെകുറിച്ച് ഗവേഷണം നടത്താനായി അയാൾ ഒരു വർഷം നീണ്ടുനിൽക്കുന്ന യാത്ര പുറപ്പെടുകയാണ്. അമ്മയെയും പെങ്ങളെയും സുഹൃത്തായ ബീരാനെ ഏൽപ്പിച്ചുകൊണ്ട്.

ഒരുവർഷത്തെ ഗവേഷണത്തിനുശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കവേ ഉത്തരേന്ത്യയിൽവെച്ച് ആറോൺ ഒരു വാഹാനാപകടത്തിൽ പെടുന്നു. ജീവഛവം പോലെയായ അയാൾ ഉത്തരേന്ത്യയിലെ ഒരു ആശ്രമത്തിൽ വർഷങ്ങളോളം കഴിയുന്നു.മരിച്ചുപോയിട്ടുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ച് അയാളുടെ പെട്ടി മാത്രമാണ് വീട്ടിൽ തിരിച്ചത്തെുന്നത്.

ഇതിനിടെയാണ്ദജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം ഉണ്ടാകുന്നത്. ലോകമെമ്പാടുമുള്ള യഹൂദന്മാർ തങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഇസ്രയേലിലേക്ക് പോകുമ്പോൾ, ആരോണിന്റെ അമ്മയും പെങ്ങളും ഉൾപ്പെടെയുള്ള മലബാറി യഹൂദന്മാരും കപ്പൽ കയറുന്നു. തന്റെ മകൻ മരിച്ചുവെന്ന് അമ്മ ഒരിക്കലും വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ ആരോൺ എന്നെങ്കിലും തിരിച്ചുവരികയാണെങ്കിൽ കൈമാറാനായി തങ്ങളുടെ സ്വത്തുവകകൾ പഞ്ചായത്ത് അധികാരികളെ ഏൽപ്പിച്ചുകൊണ്ടാണ് അവർ പോയത്.

പക്ഷേ വർഷങ്ങൾക്ക്‌ശേഷം ഒരു കൈ തളർന്ന് ആകെ കോലംകെട്ട് വീട്ടിൽ തിരച്ചത്തെുന്ന ആരോൺ കാണുന്നത്, തന്റെ വീട് ഒരു തപ്പാലാപ്പീസായി മാറിയതാണ്. സ്വത്തുക്കൾ മുഴുവൻ നാട്ടുകാർ കൈയേറി കരമടച്ച് സ്വന്തമാക്കിക്കഴിഞ്ഞു. അയാളുടെ അടുത്താണെങ്കിൽ താനാണ് ആരോൺ എന്ന് തെളിയിക്കാനുള്ള ഒരു രേഖയുമില്ല. അധികൃതർ ആ ജൂതൻ മരിച്ചുപോയി എന്ന നിലപാടിലും.സുഹൃത്ത് ബീരാനല്ലാതെ ആരും ഒപ്പമില്ല. താൻ പഠിപ്പിച്ച് വളർത്തിയവർ തന്നെ ജൂതനെ തിരഞ്ഞുകൊത്തുന്നു. നാട്ടുകാർക്കെല്ലാം അയാളെ തരിച്ചറിയാൻ പറ്റിയെങ്കിലും സ്വത്ത് നഷ്ടപ്പെടാതിരക്കാൻ അവർ അത് ആരോണല്ലെന്ന് പറയുന്ന. ഇസ്രയേലിലുമില്ല, ഇന്ത്യയിലുമില്ല. അങ്ങനെ ഒരു തെരുവുതെണ്ടിയേപ്പോലെ അലഞ്ഞ് നടക്കുകയാണ് ആ പ്രദേശത്തെ ആദ്യത്തെ എം.എക്കാരനായ കറുത്ത ജൂതന്‍. ഈ അസ്തിത്വപരമായ അന്താളിപ്പ് വളരെ കൃത്യമായി ചിത്രം വരച്ചുകാട്ടുന്നുണ്ട്.

ഭീതിപ്പെടുത്തുന്ന കൈ്‌ളമാക്‌സ്

പൊടുന്നനെ ഇരുമ്പുവടികൊണ്ട് തലക്ക് അടികിട്ടിയതുപോലുള്ള വല്ലാത്തൊരു ഷോക്കാണ് ഈ ചിത്രത്തിന്റെ കൈ്‌ളമാക്‌സ്. നാട്ടിൽ രക്ഷയില്ലാതായ ജൂതന്‍ എങ്ങനെയെങ്കിലും കപ്പലുകയറി ഇസ്രയേലിലേക്ക് പോവുമെന്ന് കരുതുന്നിടത്താണ് അമ്പരപ്പിക്കുന്ന ട്വിസ്റ്റ് സലീംകുമാർ കൊണ്ടുവരുന്നത്. അതെന്താണെന്ന് പ്രേക്ഷകർ കണ്ടുതന്നെ അറിയട്ടെ. വേണുവിന്റെ മുന്നറിയിപ്പും, സനൽകുമാർ ശശിധരന്റെ ഒഴിവുദിവത്തെ കളിയും കണ്ടപ്പോഴുള്ള സമാനമായ ശൂന്യതയും വേദനയും ഒരിക്കൽകൂടി.

ഒരു പക്ഷേ കേരളത്തിൽ ഇങ്ങനെയാന്ന് സംഭവിച്ചിട്ടില്ലെന്നും സംഭവിക്കില്ലെന്നും, കൈ്‌ളമാക്‌സിനോട് വിയോജിക്കുന്നവർക്ക് അവകാശപ്പെടാവുന്നതാണ്. പക്ഷേ നമ്മുടെ നാടിന്റെ സമകാലീന അവസ്ഥവെച്ച് ഇങ്ങനെയും സംഭവിക്കാം. ഇന്ന് ഒന്ന് സംഭവിച്ചില്ലെന്ന് കരുതി നാളെ സംഭവിച്ചുകൂടാ എന്നില്ലല്ലോ. ജോസഫ് മാഷുടെ കൈവെട്ടും വരെ അങ്ങനെയാന്ന് ഈ നാട്ടിൽ നടക്കില്ലെന്ന് വിശ്വസിച്ചവരാണെല്ലോ നാം. മാറാട് കലാപത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എന്തിന് കൊന്നവനും കൊല്ലപ്പെട്ടവനും എന്തിനാണെന്ന് പോലും അറിയാതെ എത്ര രാഷ്ട്രീയ കൊലപാതകങ്ങൾ ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്.അതുകൊണ്ടുതന്നെ കേരളത്തിൽ അസംഭ്യവമായ കാര്യങ്ങൾ പെരുപ്പിച്ചുവെന്ന് ചിത്രത്തെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിടുന്നവർ ഇതുംകൂടി ഓർക്കേണ്ടതുണ്ട്.

സംവിധാനത്തിലും സലീകുമാർ ബ്രില്ല്യൻസ്

ഒരു അവാർഡ്‌സിനിമയുടെ ചിട്ടവട്ടങ്ങളിൽപെടുത്തി മന്ദിച്ച നരച്ചഷോട്ടുളിലൂടെ കടന്നുപോവുന്ന പടമാണിതെന്ന തെറ്റിദ്ധാരണ വേണ്ട.സാമാന്യം വേഗതയിൽ തന്നെയാണ് കഥപോവുന്നത്.മരണവേഗമില്ലെന്ന് മാത്രം. ആരോണിന്റെ പിതാവിന്റെ മരണ രംഗങ്ങളൊക്കെ ചിത്രീകരിച്ചിരിക്കുന്നതിൽ സംവിധായകന്റെ കൈയോപ്പ് പ്രകടമാണ്. അവസാന രംഗങ്ങളിലെ കാക്കകളും, ദൃശ്യവിന്യാസവും ഹൃദയത്തെ കൊളുത്തി വലിക്കുന്നതാണ്.ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഇനിയും എത്രയോ അങ്കങ്ങൾക്ക് ബാല്യമുണ്ടെന്ന് സലീംകുമാർ നമ്മെ ഓർമ്മിപ്പിക്കുന്നു.

ചില വിയോജിപ്പുകൾ

കരളുലക്കുന്ന ഈ സിനിമയിൽ ആകെ കല്ലുകടിയായി തോന്നിയത് ചില സംഭാഷണങ്ങളിലെ അച്ചടിഭാഷയും നാടകീയതയുമാണ്.പക്ഷേ ഇത് എല്ലായിടത്തുമില്ലെന്നതും എടുത്തുപറയേണ്ടതാണ്.സി.ആർ ഓമനക്കുട്ടൻ വേഷമിട്ട വക്കീൽ, കറുത്ത ജൂതനോട് ഉത്തരേന്ത്യയിലെ കർഷകരുടെ ഭൂമി അവർ മരിച്ചുവെന്ന് രേഖയുണ്ടാക്കി തട്ടിയെടുക്കുന്ന ഭാഗം വിവരക്കുന്നിടത്തൊക്കെ ഈ ഡോക്യൂമെന്ററി സ്വഭാവം പ്രകടം. ( ഇവിടെയും സലീംകുമാർ തിരക്കഥക്കായി നടത്തിയ ഗവേഷണങ്ങളും അന്വേഷണങ്ങളും പ്രശംസനീയമാണ്) അതുപോലെതന്നെ സലീംകുമാറിന്റെ അമ്മയായി വേഷമിട്ട നടി ഉഷയുടെ ചില ഡയലോഗ് ഡെലിവറിയിലുമുണ്ട് ഇതേ പ്രശ്‌നം. ചില ഷോട്ടുകളിലുമുണ്ട് പതിവ് അവാർഡ് സ്‌റ്റൈൽ. അങ്ങനെ ചൂഴ്ന്നാൽ നമുക്ക് കുറ്റങ്ങളുടെ ലിസ്റ്റും നീട്ടാം.പക്ഷേ അതൊക്കെ ടോട്ടാലിട്ടിക്ക് മുന്നിൽ നമുക്ക് പൊറുക്കാം.
അതിനാൽ സഹൃദയരേ കലാസ്‌നേഹികളേ... നിങ്ങൾ നിർബദ്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽപെടുത്തി ഈ ജൂതന് ആളെകൂട്ടുക!അല്ലെങ്കിൽ ഇപ്പോൾ ഇത് ഹോൾ ഓവർ ആവും.

വാൽക്കഷ്ണം: ഇത്ര മികച്ച ഒരു സിനിമക്ക് എന്തുകൊണ്ട് തീയേറ്റിൽ ആളെകൂട്ടാൻ കഴിയുന്നില്ല എന്നതും, ചലച്ചിത്രപ്രേമികൾ പരിശോധിക്കേണ്ടതാണ്.ബാഹുബലിപോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് കൊടുത്ത പരിഗണനയുടെ പത്തിലൊന്നെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതുപോലുള്ള ചിത്രങ്ങൾക്ക് കൊടുക്കണം. പരസ്യ ചാർജ്വെച്ച് നോക്കുകയാണെങ്കിൽ കോടികളുടെ പബ്‌ളിസിറ്റി താരചിത്രങ്ങൾക്ക് ഉണ്ടാക്കിക്കൊടുക്കുന്ന നമ്മുടെ ദൃശ്യമാധ്യമങ്ങളും മറ്റും ഈ പുതിയ കാലത്തിന്റെ ചിത്രത്തോട് പുറംതിരഞ്ഞ് നിൽക്കയാണെങ്കിൽ, ചരിത്രം നിങ്ങളെ കുറ്റക്കാരനെന്നായിരിക്കും വിളിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP