Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌നേഹ നിധിയായ നാട്ടിൻപുറത്തുകാരനായി കുഞ്ചാക്കോ തകർത്തു; സൂപ്പർ പ്രകടനവുമായി മണിയൻപിള്ള രാജു; കൊച്ചവ്വ പൗലോ അയ്യപ്പ കൊഹ്ലോ ലളിതമായി കഥ പറഞ്ഞ ഒരു കുഞ്ഞ് സിനിമ; കുട്ടിത്താരങ്ങളുടെ മുഖത്തെ കൃത്രിമത്വം മാത്രം മുഴച്ചുനിന്നു

സ്‌നേഹ നിധിയായ നാട്ടിൻപുറത്തുകാരനായി കുഞ്ചാക്കോ തകർത്തു; സൂപ്പർ പ്രകടനവുമായി മണിയൻപിള്ള രാജു; കൊച്ചവ്വ പൗലോ അയ്യപ്പ കൊഹ്ലോ ലളിതമായി കഥ പറഞ്ഞ ഒരു കുഞ്ഞ് സിനിമ; കുട്ടിത്താരങ്ങളുടെ മുഖത്തെ കൃത്രിമത്വം മാത്രം മുഴച്ചുനിന്നു

ട്രെയിലറിലെ ലാളിത്ത്യമാണ് കുഞ്ചാക്കോ ബോബൻ ചിത്രമായ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊഹ്ലോ' കാണാൻ എന്നെ പ്രേരിപ്പിച്ചത്, പിന്നെ തീർച്ചയായും ഉദയയുടെ തിരിച്ച് വരവും സിദ്ധാർഥ് ശിവയുടെ സംവിധാനവും ആ പ്രേരണയുടെ ആക്കം കൂട്ടി. വളരെ ലളിതമായി കഥ പറഞ്ഞ ഒരു കുഞ്ഞ് സിനിമ എന്ന് ഒറ്റവാക്കിൽ പറയാം. പ്രശസ്ത ബ്രസീലിയൻ നോവലിസ്റ്റ് ആയ പൗലോ കൊഹ്ലോയുടെ ദി ആൽക്കമിസ്‌റ് എന്ന നോവലിലെ ചില വാചകങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. നമ്മൾ ഒരു കാര്യം ആഗ്രഹിച്ചാൽ ആ ആഗ്രഹം തീവ്രമാണെങ്കിൽ അത് സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഈ ലോകം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാകും എന്ന പൗലോ കൊഹ്ലോയുടെ വാക്കുകളാണ് സിനിമക്ക് അടിത്തറ പാകിയത്. ജീവിതത്തിൽ പരാജയത്തിന്റെ രുചിയറിയാത്തവർ ആരുമുണ്ടാകില്ല. നമ്മുടെയൊക്കെ ലക്ഷ്യം, അത് പൂർത്തീകരിക്കുന്നതിന് വേണ്ടി ഒരുപാട് യാദനങ്ങളും പീഡനങ്ങളും വേദനനകളും സഹിക്കേണ്ടതായി വരും. അങ്ങനെയുള്ളവർ ഒരിക്കലും നിരാശപ്പെടരുതെന്നും നിരന്തരമായ പരിശ്രമത്തിലൂടെയും ആത്മ വിശ്വാസത്തിലൂടെയും തങ്ങളുടെ ആഗ്രഹം നേടിയെടുക്കാൻ കഴിയുമെന്നും ആ ലക്ഷ്യം നിറവേറ്റാൻ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കുമെന്നുമുള്ള വളരെ പോസിറ്റീവായ ഒരു മെസ്സേജ് ഈ സിനിമ നമുക്ക് പകർന്നു നൽകുന്നു.

പൈലറ്റ് ആകണമെന്നാണ് അപ്പു എന്ന കുഞ്ഞിന്റെ ആഗ്രഹം. അതിന്റെ ആദ്യ പടിയെന്നോണം വിമാനത്തിൽ കയറണമെന്നും അപ്പു ആശിച്ചു. അതിന് വേണ്ടി രണ്ട് പ്രാവശ്യം അവസരങ്ങൾ ലഭിച്ചെങ്കിലും അപ്പുവിനെ ഭാഗ്യം തുണച്ചില്ല. എന്നാൽ ഈ ആഗ്രഹം നടത്തി കൊടുക്കാൻ വേണ്ടി കൊച്ചവ്വ (ചാക്കോച്ചൻ )എന്ന നായകൻ നടത്തുന്ന ശ്രമങ്ങൾ അപ്പുവിനെ നീന്തൽ പഠിക്കുന്ന ക്‌ളബ്ബിലേക്കാണ് എത്തിക്കുന്നത്. നല്ല നീന്തൽക്കാരനായാൽ വലിയ ക്ലബുകൾ തിരഞ്ഞെടുക്കുമെന്നും അതിന്റെ പരിശീലനം വിദേശ രാജ്യങ്ങളിൽ വച്ച് നടക്കുമ്പോൾ വിമാനത്തിൽ കേറാമെന്നുമുള്ള നായകന്റെ സംസാരം കേൾക്കാനിടയാകുന്നതോടെയാണ് അപ്പു നീന്തൽ പഠിക്കാൻ തീരുമാനിക്കുന്നത്. ഇതാണ് കഥാ തന്തു.

വൈറ്റ് പോയന്റ്‌സ്:-

മുകളിൽ പ്രസ്താവിച്ചത് പോലെ വളരെ പോസിറ്റീവ് എനർജി തരുന്ന ഒരു സിനിമ. ഇത്രയും മനോഹരമായ ഒരു ആഖ്യാനം ഒരുക്കിയ സിദ്ധാർഥ് ശിവ അനുമോദനം അർഹിക്കുന്നു. ചിത്രത്തിലെ ഫ്രയിമുകൾ ഗംഭീരമായിരുന്നു. ഓരോ ഷോട്ടും വേറിട്ട് നിന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം (ഹൈറ്റ് ഷോട്ട്,കുളം സീൻ,) കണ്ണിന് കുളിർമയേകുന്ന മനസ്സിന് സാന്ത്വനമേകുന്ന ലൊക്കേഷൻ. ഇടുക്കിയാണെന്ന് തോന്നുന്നു ഷൂട്ട് ചെയ്ത സ്ഥലം. ഇത്രയും മികച്ച സിനിമാ ലൊക്കേഷനുകൾ കേരളത്തിലുണ്ടെന്നുള്ള സത്യം പലരും ഈ സിനിമ കാണുമ്പോഴായിരിക്കും മനസ്സിലാക്കുക. സിനിമയുടെ സിംഹ ഭാഗവും കുളത്തിലാണ് ഷൂട്ട് ചെയ്തത്. തിയേറ്ററിൽ നിന്നു ഒരിക്കലെങ്കിലും ഈ സ്ഥലത്തു പോകണമെന്നും ആ കുളത്തിലൊരു പ്രാവശ്യം കൈകാലിട്ടടിച്ച് എല്ലാം മറന്ന് ഒഴുകി നടക്കണമെന്നുമുള്ള മോഹത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കാൻ സംവിധായകന് കഴിഞ്ഞു.

ക്യാമറാമാൻ നീൽ ഡി കുൻഹ നല്ല കഴിവുള്ള ആളാണ്. ലൊക്കേഷൻ ഫ്രയിമുകളെ അതിന്റെ സൗന്ദര്യത്തോടെയും തനത് ഭംഗിയിലും ഒപ്പിയെടുക്കുന്നതിൽ അദ്ദേഹം നൂറ് ശതമാനം വിജയിച്ചു.

ബിജിബാലിന്റെ പശ്ചാത്തല സംഗീതം ഒരു പരിധി വരെ കഥക്ക് അനുയോജ്യമായിരുന്നു. ഷാൻ റഹ്മാന്റെ പാട്ടുകളിൽ നീല കണ്ണുള്ള മാനെ എന്ന ഗാനം മികച്ചു നിന്നു. എഡിറ്റർ പാളിച്ചകളില്ലാതെ തന്റെ ജോലി പൂർത്തിയാക്കി.

കുഞ്ചാക്കോ ബോബന്റെ പുള്ളി പുലിയും ആട്ടിൻ കുട്ടിയും എന്ന സിനിമക്ക് ശേഷം ഒരുപാട് നന്മയുള്ള കഥാ പാത്രം. സ്‌നേഹ നിധിയായ നാട്ടിൻ പുറത്തുകാരനായി അദ്ദേഹം തകർത്തു. നെടുമുടി,സുരാജ്, കെ.പി എ സി ലളിത,അനുശ്രീ,മുത്തുമണി,മുസ്തഫ, മണിയൻ പിള്ള രാജു, സുധീഷ്, ഇർഷാദ്, അജു തുടങ്ങിയവർ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. കൂട്ടത്തിൽ മണിയൻ പിള്ള രാജുവിന്റെ പ്രകടനം സൂപ്പറായിരുന്നു.

ബ്ലാക്ക് പോയന്റ്‌സ്:-

ളരെ മന്ദ ഗതിയിലാണ് കഥ മുന്നോട് പോകുന്നത്. ആദ്യ പകുതി ശരിക്കും ഇഴച്ചിലായിരുന്നു. പിന്നെ നായകന് സ്‌ക്രീൻ സ്പേസ് കുറവാണ് അതുകൊണ്ട് കുട്ടികളുടെ പ്രകടനം കണ്ട് സംതൃപ്തിയടയേണ്ടതായി വരും ഇത് ചിലരെയെങ്കിലും വല്ലാതെ ബോറടിപ്പിക്കും. പൗലോ പറഞ്ഞ ആ മെസ്സേജ് ആണ് സിനിമയിലെ നായകൻ. അത് തെളിയിക്കാൻ വേണ്ടി തിരക്കഥ എഴുതിയത് പോലെയായി . ഒരു സിനിമക്ക് പക്ഷെ ഈ തിരക്കഥ പൂർണമാണെന്ന് തോന്നുന്നില്ല. അൽപം കൂടി തിരക്കഥയെ വിശാലമാക്കാമായിരുന്നു. ഇത് കിണറ്റിലെ തവളായായിപ്പോയി.

കുട്ടികളുടെ പ്രകടനം വേണ്ടത്ര നന്നായില്ല. ആൺ കുട്ടിയുടെ മുഖത്ത് പലപ്പോഴും മൗന ഭാവമായിരുന്നു. അതിൽ നിറയെ കൃതിമത്വം നിഴലിച്ചു നിന്നു. ആൺ കുട്ടിയും പെൺ കുട്ടിയും തമ്മിലുള്ള സംഭാഷണത്തിൽ നാടകീയത വിലങ്ങു തടിയായി. കെപിഎസി ലളിത ടിവി കാണുമ്പോൾ കറന്റ് പോകുന്നതിന് മുമ്പ് ഡയലോഗ് പറഞ്ഞ പോലെ തോന്നി.

ബിജി ബാലിന്റെ പശ്ചാത്തലം ചില ഭാഗങ്ങളിൽ ഹമ്മിങ് ആയി കൊടുത്തിരുന്നു. അത് പലപ്പോഴും ഓവറായി അനുഭവപ്പെട്ടു. ഷാനിന്റെ നീല കണ്ണേ എന്ന പാട്ടൊഴികെ ഒന്നും മനസ്സിൽ തങ്ങി നിൽക്കുന്നതല്ല.

സ്വപ്നങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ തന്റെ മൂല്യങ്ങളും ധാർമികതയും മറന്ന് പോകരുതെന്ന് എഴുത്തുകാരൻ ഓർമിപ്പിച്ചു തരുന്നു. വിദേശ രാജ്യത്തേക്കുള്ള പരിശീലനത്തിന് പോകുമ്പോഴാണ് അപ്പുവിന്റെ ഫ്രണ്ട് അപകടത്തിൽ പെടുന്നതും അപ്പു തന്റെ ആഗ്രഹം മാറ്റി വച്ച് ആ ഫ്രണ്ടിനെ രക്ഷിക്കുന്നതും. തന്റെ ആഗ്രഹങ്ങൾ അതെത്ര വലുതാണെങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മനുഷ്യത്വം ഒരിക്കലും പണയം വെക്കരുതെന്നും ഒരു മനുഷ്യന്റെ പ്രഥമ പ്രധാന ലക്ഷ്യം നന്മയും സ്‌നേഹവും സഹായവും ആണെന്നും അത് ആർക്കും കൈമോശം വന്നു പോകരുതെന്നും അങ്ങനെയുള്ള ആളുകൾക്ക് മാത്രമേ നാളെ ഉന്നത പദവിയിലെത്താൻ കഴിയുകയുള്ളു എന്നും ചിത്രം കാണിച്ച് തരുന്നു.

സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് സ്വപ്നങ്ങളെ സ്‌നേഹിക്കുന്നവർക്ക് ആഗ്രഹങ്ങളെ കാത്ത് സൂക്ഷിക്കുന്നവർക്ക് ധാർമികതയെ മുറുകെ പിടിക്കുന്നവർക്ക് നന്മ വറ്റാത്തവർക്ക് ഒരിക്കലും നിരാശപ്പെടാതെ ഈ സിനിമ കണ്ടിറങ്ങാം. നൂറിൽ (100) അറുപത്തിയാറ് (66) മാർക്ക് കൊടുക്കുന്നു.

(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP