Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശീലങ്ങളെ പൊളിച്ചടുക്കിയെങ്കിലും സാധാരണക്കാരന് ഒന്നും മനസിലാകാത്ത 'ലീല'; രഞ്ജിത്ത് ചിത്രം ഒരു അസാമാന്യ ചലച്ചിത്രാനുഭവവുമല്ല; നർമ്മത്തിൽ കലക്കി ബിജുമേനോൻ; അഭിനയ മികവുകൊണ്ട് ഞെട്ടിച്ച് ജഗദീഷും വിജയരാഘവനും

ശീലങ്ങളെ പൊളിച്ചടുക്കിയെങ്കിലും സാധാരണക്കാരന് ഒന്നും മനസിലാകാത്ത 'ലീല'; രഞ്ജിത്ത് ചിത്രം ഒരു അസാമാന്യ ചലച്ചിത്രാനുഭവവുമല്ല; നർമ്മത്തിൽ കലക്കി ബിജുമേനോൻ; അഭിനയ മികവുകൊണ്ട് ഞെട്ടിച്ച് ജഗദീഷും വിജയരാഘവനും

എം മാധവദാസ്

ലയാള സിനിമയിലെ ഏറ്റവം വലിയ പ്രതിസന്ധിയായി ഏവരും ചൂണ്ടിക്കാണിക്കുന്നത് വ്യത്യസ്തമായ കഥാപരിസരങ്ങൾ ഇല്ലാത്തതാണ്. അച്ഛൻ, അമ്മ, കുടുംബം തുടങ്ങിയതിലും ഗ്രാമത്തിലും പ്രേമത്തിലും ഗൃഹാതുരത്വത്തിലുമായി നമ്മുടെ പടങ്ങളുടെ പ്രമേയം അങ്ങനെ കടന്നുപോവുകയാണ്. ആഖ്യാനത്തിൽ ന്യൂജൻ ആയി വിസ്മയിപ്പിച്ച പല സംവിധായകരുടെ പ്രേമേയം പലപ്പോഴും അറുപഴഞ്ചനായിരക്കും. ഭഗവതിയ കാറിത്തുപ്പിയശേഷം വെട്ടിമരിക്കുന്ന വെളിച്ചപ്പാടിന്റെ കഥ 35 വർഷം മുമ്പെങ്കിലും പറഞ്ഞ നാടാണിത്. പത്മരാജനും ഭരതനുമൊക്ക മലയാളികയുടെ ലൈംഗികകാമനകളെ അതി വിദഗ്ധമായി വ്യാഖ്യാനിച്ചു. ലോഹിതദാസ് പച്ചയായ ജീവിതത്തന്റെ നൊമ്പരങ്ങൾ കാണിച്ചു തന്നു. പക്ഷേ ഇവരൊക്കെ കാല യവനികക്കുള്ളിൽ മറിഞ്ഞശേഷമോ? ഒരേ പ്രമേയങ്ങൾ തിരച്ചുമറിച്ചുമിട്ട് മലയാള സിനിമ ആശ്വാസംകൊള്ളുന്നു.

ഇതിനിടയിലേക്കാണ് പത്മരാജനെ ഓർമ്മിപ്പിക്കുന്ന ശക്തമായ രചനകളുമായി ഉണ്ണി.ആർ എന്ന ചെറുകഥാകൃത്ത് കടന്നുവരുന്നത്. മുന്നറിയിപ്പ്, ചാർലി തുടങ്ങിയ ഉണ്ണിയുടെ മുൻകാല ചിത്രങ്ങളിലെല്ലാം ഈ വിഷയ വൈവിധ്യങ്ങളുടെയും വിചിത്രാനുഭവങ്ങളുടെയും പൊള്ളൽ കാണാം. ഉണ്ണിയുടെ പ്രശസ്തമായ ചെറുകഥ 'ലീല' അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ രഞ്ജിത്ത് സിനിമയാക്കിയപ്പോൾ, മലയാളികൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. മലയാളം നെഞ്ചോടു ചേർത്ത നിരവധി സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്താണ് ലീലയുടെ സംവിധായകനെന്നത് ആ പ്രതീക്ഷ ഇരട്ടിപ്പിച്ചു. ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന കുട്ടിയപ്പനും, അയാൾ ലീലയെന്ന് വിളിക്കുന്ന പെൺകുട്ടിയുടെ നിസ്സഹായതയും ഒരു കൊമ്പന്റെ ചിന്നം വിളിയിൽ തകർന്നടിയുന്ന കുട്ടിയപ്പന്റെ ആണഹന്തയുമെല്ലാം തിരശ്ശീലയിൽ എങ്ങിനെ ആവിഷ്‌ക്കരിക്കപ്പെടും എന്നായിരുന്നു ആകാംക്ഷ. പടം കണ്ടപ്പോൾ ഒരുകാര്യം വ്യക്തമായി, തരക്കേടില്ലാത്ത ഒരു കാഴ്ചാനുഭവം ഒരുക്കാൻ രഞ്ജിത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ ലീലയെന്ന ചെറുകഥവായിച്ച് സിനിമ കാണാൻപോയവർക്ക് ചെറിയതോതിലുള്ള നിരാശയും അവശേഷിക്കും.

ഞെട്ടലോടെ മലയാളികൾ വായിച്ച കഥയാണ് ഉണ്ണി ആറിന്റെ ലീല. അസാധാരണമായ അവതരണ ശൈലിയും ഭാഷയുടെ മനോഹാരിതയും കൊണ്ട് ശ്രദ്ധേയമായ രചന. മലയാളിയുടെ സദാചാരത്തെയും ലൈംഗിക കാപട്യങ്ങളെയും കടപുഴക്കിയ വ്യത്യസ്തമായ വായനാനുഭവം. വ്യത്യസ്തമായ നിരവധി വായനകളിലേക്ക് വഴി തുറക്കുന്നതാണ് ലീലയെന്ന കഥ. എന്നാൽ അത്തരം സാധ്യതകളെ അപ്രസക്തമാക്കി കുട്ടിയപ്പന്റെ വീരശൂര പരാക്രമങ്ങളുടെ കഥയായി സിനിമ മാറിപ്പോവുകയായിരുന്നു. കഥയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ തിരക്കഥയെഴുതിയ കഥാകൃത്തിനും സംവിധായകനും സാധിക്കാതെ വന്നതോടെ ലീലയുടെ കണ്ണുനീരും കുട്ടിയപ്പന്റെ വിചിത്രഭാവനകളും പൂർണ്ണമായി നെഞ്ചിലേറ്റാൻ പ്രേക്ഷകർക്ക് സാധിക്കാതെ വരുന്നു. എന്നാലും വേറിട്ടൊരു പരീക്ഷണമെന്ന നിലയിൽ നിർബദ്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് ഇതെന്ന് നിസ്സംശയം പറയാം.

എന്നാൽ ഇതൊരു ബുജി ചിത്രവുമല്ല. ഏത് സാധാരണക്കാരനും ശരിക്കും ആസ്വദിക്കാവുന്ന ഒന്നാന്തരം നർമ മുഹൂർത്തങ്ങളുള്ള ചിത്രം കൂടിയാണ് ലീല.കഴിഞ്ഞ കുറച്ചു കാലമായി അത്ര നല്ല അവസ്ഥയല്ല രഞ്ജിത്തിന്. ടി പി രാജീവന്റെ കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ 'ഞാൻ', സ്വർണ്ണക്കടത്തിന്റെ കഥ പറഞ്ഞ 'ലോഹം' തുടങ്ങിയ ചിത്രങ്ങളുടെ തകർച്ചയിൽ നിന്നും അവ നൽകിയ മടുപ്പിൽ നിന്ന് ഒട്ടൊക്കെ ലീല പ്രേക്ഷകർക്ക് മോചനം നൽകുന്നുണ്ട്.

വിചിത്രകാമനകളിലൂടെ ജീവിതം ആഘോഷിക്കുന്ന കുട്ടിയപ്പൻ

ദ്യവും മദിരാക്ഷിയുമൊക്കൊയി കുത്തഴിഞ്ഞതെന്ന് പൊതുജനം പറയുന്ന ഒരു ട്രാക്കിലൂടെ ജീവിതം ആഘോഷമാക്കി മാറ്റുകയാണ് കോട്ടയംകാരൻ കുട്ടിയപ്പൻ. അതി വിചിത്രമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെയായാണ് അയാളുടെ ജീവിതം. ലൈംഗികവൃത്തിക്കായി കൊണ്ടുവന്ന ഉഷയെന്ന സുന്ദരിപെണ്ണിനെ പൂർണ്ണ നഗ്‌നയാക്കി ദേഹത്ത് എണ്ണ തേപ്പിച്ച് 'ആത്മവിദ്യാലയമേ' എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യിപ്പിക്കുന്നുണ്ട് കുട്ടിയപ്പൻ. മറ്റൊരു യുവതിയോട്, മുന്നിൽ വെള്ളത്തുണി പുതച്ച് കിടന്ന്, ഇത് മരിച്ചു കിടക്കുന്ന നിന്റെ അച്ഛനാണെന്ന് കരുതി കരയാനാണ് അയാൾ ആവശ്യപ്പെടുന്നത്. വിചിത്രവും ഭ്രാന്തവുമായ പുതിയൊരു ആഗ്രഹ സാക്ഷാത്ക്കാരത്തിനായുള്ള കുട്ടിയപ്പന്റെ യാത്രയാണ് രഞ്ജിത്തിന്റെ ലീലയെന്ന സിനിമ.

ലൈംഗിക ബന്ധങ്ങളിൽ വ്യത്യസ്തതകൾ തേടാനുള്ള അടങ്ങാത്ത ആഗ്രഹമോ, ലൈംഗിക ബന്ധങ്ങളിൽ പരാജയപ്പെട്ടേക്കാവുന്ന കുട്ടിയപ്പന് സുഹൃത്തുക്കൾക്ക് മുമ്പിൽ വീരത്വം പ്രകടിപ്പിക്കാനുള്ള വഴിയോ ആവാം അയാളുടെ ഈ വിചിത്ര രതിസ്വപ്നങ്ങളും ആഗ്രഹങ്ങളും. ചിത്രത്തിലെ നായകനായ കുട്ടിയപ്പനെക്കുറിച്ച് അറിയാൻ ശ്രമിക്കുമ്പോൾ അയാൾക്ക് രണ്ട് മുഖമാണ്. രാത്രിയിൽ തനിച്ച് കിടക്കാൻ പോലും ഭയക്കുന്ന ഒരാളാണ് അയാൾ. കുട്ടിയപ്പന്റെ ലൈംഗികാനുഭവങ്ങൾ പരാമർശിക്കുന്ന രംഗങ്ങളിലെല്ലാം പക്ഷെ ലൈംഗികതയിൽ അയാൾ ഒരു പരാജയമാണെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. വിവാഹക്കാര്യം പറയുമ്പോൾ അറിഞ്ഞുകൊണ്ട് എന്നാത്തിനാ ഒരാളെ പറ്റിക്കുന്നേ എന്നാണ് കുട്ടിയപ്പൻ ചോദിക്കുന്നത്.

മദ്യപിച്ച് വണ്ടിയോടിക്കുമ്പോൾ പിടിക്കുന്ന പൊലീസുകാർക്ക് മുമ്പിലൂടെ കുട്ടിയപ്പൻ കുതിരപ്പുറത്ത് സഞ്ചരിക്കുന്നു. കോണിപ്പടി കയറി വന്ന് തനിക്ക് ചായ തരുന്ന് ഏലിയാമ്മ ചേട്ടത്തിയോട് ഒരു ചെയ്ഞ്ചിനായി പുറത്ത് ചാരിവച്ച ഏണിയിലൂടെ കയറിവരാൻ ആവശ്യപ്പെടുന്നുണ്ട് അയാൾ. 'റിട്ടയർ ചെയ്ത' ലൈംഗിക തൊഴിലാളികൾക്ക് സ്വീകരണം ഏർപ്പെടുത്തുന്നുമുണ്ട് കുട്ടിയപ്പൻ.

കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിന്റെ എടുത്തു പറയാവുന്ന മേന്മ. വിചിത്ര സ്വഭാവമുള്ള കുട്ടിയപ്പനും അയാൾക്കോപ്പം നിഴൽ പോലെ സഞ്ചരിക്കുന്ന പിള്ളച്ചേനും ദാസപ്പാപ്പിയെന്ന കൂട്ടിക്കോടുപ്പുകാരനും മകളെ ക്രൂരമായി ബലാത്സംഗം ചെയ്യകയും പിന്നീടവളെ വ്യഭിചാരത്തിന്റെ വഴിയിലേക്ക് നടത്തിക്കുകയും ചെയ്യന്ന തങ്കപ്പൻ പിള്ള, അച്ഛാ എന്നൊരു ദയനീയ വിളിയല്ലാതെ ശബ്ദം പോലുമില്ലാത്ത നിസ്സഹായയായ ലീല തുടങ്ങിയ കഥാപാത്രങ്ങളെയെല്ലാം അസാധാരണ മികവോടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിലേതുപോലെ അസാധാരണമായ കഥാപാത്ര നിർമ്മിതിയാണ് ലീലയിലും.

ഡിങ്കനും ബീഫും ചുംബന സമരവും കേരള കോൺഗ്രസിലെ പിളർപ്പുമെല്ലാം രസകരമായ തമാശകളായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥയിൽ നിന്ന് സിനിമയിലേക്ക് വളർന്നപ്പോൾ കൂട്ടിച്ചർേക്കപ്പെട്ടതാണ് വർത്തമാനകാലവുമായി ബന്ധപ്പെട്ട ഈ തമാശകളെല്ലാം.

ചെറുകഥയിൽ ആദ്യമേ വെളിപ്പെടുത്തുന്ന കുട്ടിയപ്പന്റെ അതിവിചിത്രമായ ആഗ്രഹത്തെ, സസ്‌പെൻസാക്കി മാറ്റി നിർത്തിക്കോണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു ആനയെ സംഘടിപ്പിക്കണം എന്ന് മാത്രമാണ് കുട്ടിയപ്പൻ പിള്ളച്ചേനോട് പറയുന്നത്. പെട്രോളിന് വില കുതിച്ച് കയറുന്ന കാലത്ത് ആന സവാരിയല്ലേ നല്ലത് എന്നാണ് അയാൾ ചോദിക്കുന്നത്. തുടർന്ന് പിള്ളച്ചേനൊപ്പം ആനയെ തപ്പിയിറങ്ങുകയാണ് കുട്ടിയപ്പൻ. ഇതിനൊപ്പം ഉഷയുടെയും ദാസപ്പാപ്പിയുടെയും സഹായത്തോടെ ഒരു പെൺകുട്ടിയെയും അന്വേഷിക്കുന്നുണ്ട്. എന്നാൽ അപ്പോഴൊന്നും എന്താണ് ലക്ഷ്യമെന്ന് വിശദീകരിക്കുന്നില്ല.

തന്റെ ആഗ്രഹപൂർത്തികരണത്തിനായി, കുട്ടിയപ്പന്റെയും സംഘത്തിന്റെയും വയനാടുവരെയുള്ള യാത്രയാണ് ചിത്രത്തിൽ. തന്റെ പേര് പോലും പറയാതെ നിസ്സഹായയായി നിൽക്കുന്ന പെൺകുട്ടിയെ കുട്ടിയപ്പൻ വിളിക്കുന്ന പേരാണ് ലീല. ആരുടേയൊക്കെയോ ലീലാ വിലാസങ്ങൾക്ക് ഇരയാക്കപ്പെട്ട പെൺകുട്ടി.

എന്നാൽ ലീലയെന്ന അസാധാരണമായ ചെറുകഥയിൽ നിന്ന് ലീലയെന്ന അസാധാരണ സിനിമയുണ്ടാക്കാൻ രഞ്ജിത്തിന് സാധിച്ചിട്ടില്ലന്നെ് ഖേദത്തോടെ പറയട്ടെ. ലീലയെന്ന കഥ സിനിമയാക്കാൻ വലിയ വെല്ലുവിളിയുണ്ട്. ആ വെല്ലുവിളികളെ നേരിടുമ്പോൾ വന്ന പതർച്ചയാണ് സിനിമയെ പലപ്പോഴും ദുർബലപ്പെടുത്തുന്നത്.

പിള്ളച്ചേന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ലീലയെന്ന ചെറുകഥ കടന്നുപോവുന്നത്. എന്നാൽ നേരിട്ട് കുട്ടിയപ്പന്റെ വിചിത്ര ജീവിതം പകർത്തുകയാണ് സിനിമ. ഇവിടെ ഉണ്ണിയുടെ കഥയ്ക്കപ്പുറത്തേക്ക് സിനിമയെ വളർത്താനുള്ള ശ്രമങ്ങളൊന്നും രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മാലാഖയെയും മറ്റും കൊണ്ട് വന്ന് ചില ഫാന്റസി ദൃശ്യങ്ങൾ സൃഷ്ടിച്ചങ്കെിലും അത് സിനിമയുടെ കരുത്ത് ചോർത്തുക മാത്രമാണ് ചെയ്യന്നത്. ലീലയെന്ന കഥ പ്രസിദ്ധീകരിച്ച കാലത്തിൽ നിന്ന് പുതിയ കാലത്തിലേക്ക് വളർന്നതാണ് ചിത്രത്തിന്റെ തിരക്കഥയെന്ന ആർ ഉണ്ണിയുടെ അവകാശവാദവും ഇവിടെ അവസാനിക്കുന്നു. ചില ചെറു സംഭാഷണങ്ങൾക്കപ്പുറത്തേക്ക് കഥയെ വളർത്താൻ യാതൊരു ശ്രമവും അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായിട്ടില്ല. അസാധാരണ ഭംഗിയോടെ ഉണ്ണി കഥയിൽ അവതരിപ്പിച്ച കൈ്‌ളമാക്‌സ് രംഗത്തിന്റെ തീവ്രത പകർന്നു നൽകാൻ സിനിമ പരാജയപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.

നർമ്മത്തിൽ കലക്കി ബിജുമേനോൻ; ഞെട്ടിച്ച് ജഗദീഷും വിജയരാഘവനും

ർഡിനറിയിലെ ഡ്രൈവർക്കും വെള്ളിമൂങ്ങയിലെ മാമച്ചനും പിന്നാലെ ബിജു മേനോന് ഇളകിയാടാനുള്ള അവസരമൊരുക്കി ഒരു വിജയ സാധ്യതയാണ് സംവിധായകൻ അന്വേഷിച്ചത്. പതിവ് പോലെ നർമ്മ മുഹൂർത്തങ്ങളിൽ ബിജു മേനോൻ കത്തിക്കയറിയപ്പോൾ, കുട്ടിയപ്പനെന്ന വിചിത്ര കഥാപാത്രം ചിലപ്പോഴെങ്കിലും അയാൾക്ക് മെരുങ്ങാതെ കിടക്കുന്നുമുണ്ട്. എന്നിരുന്നാലും രസകരമായ നർമ്മ മുഹൂർത്തങ്ങളാൽ തിയേറ്ററിൽ അവസാനം വരെ ചിരിപടർത്തിക്കോണ്ട് ബിജു മേനോൻ കൈയടി നേടുന്നുമുണ്ട്. കുട്ടിയപ്പനൊപ്പം നിഴൽ പോലെ സഞ്ചരിക്കുന്ന പിള്ളച്ചേൻ എന്ന കഥാപാത്രം വിജയരാഘവന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ്. കുട്ടിയപ്പനും ഭാര്യയ്ക്കും മുന്നിൽ വിധേയത്വത്തോടെ നിൽക്കുന്ന പിള്ളച്ചേന്റെ ചെറിയ ചലനങ്ങൾ പോലും അതിഗംഭീരമായിട്ടാണ് വിജയരാഘവൻ പകർത്തിയത്.

ലീലയെ കാണുമ്പോൾ 'നിങ്ങളുടെ മോൾടെ പ്രായം തന്നെയാ' എന്ന കുട്ടിയപ്പന്റെ വാക്ക് കേട്ട് ഞെട്ടിത്തരിച്ച് വീട്ടിൽ വിളിച്ച് മകളെ അന്വേഷിക്കുന്ന പിതാവിന്റെ കണ്ണുകളിലെ ദൈന്യത പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്യം. ഒരു കാലത്ത് മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ജഗദീഷ്. ഇന്ന് മലയാളികളെ ഏറ്റവും വെറുപ്പിക്കുന്ന നടനും അദ്ദേഹം തന്നെ. ടെലിവിഷൻ സ്‌ക്രീനിലും തെരഞ്ഞെടുപ്പ് പ്രചരണ വേദികളിലും കാര്യങൾ പരമാവധി അരോചകമാക്കാനാണ് ജഗദീഷ് ശ്രമിക്കാറുള്ളത്. എന്നാൽ ലീലയിലെ അദ്ഭുത കാഴ്ച തന്നെയാണ് ജഗദീഷിന്റെ തങ്കപ്പൻ നായർ. മകളെ ക്രൂരമായ ഭോഗിക്കുകയും അതിൽ തെല്ലും കുറ്റബോധമില്ലാത്ത അയാളുടെ കണ്ണുകളിലെ ആസക്തി പ്രേക്ഷകരുടെ നെഞ്ചിനെ പൊള്ളിക്കുകയാണ്. ആർത്തിയും ആസക്തിയും ചിറകടിക്കുന്ന തങ്കപ്പൻ നായരുടെ മുഖത്ത് നോക്കി നമുക്ക് പറയാം ഇതാ ജഗദീഷ് എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രമെന്ന്. ഇതിനുശേഷം ഫേസ്‌ബുക്കിൽ വന്ന ഒരു കമന്റ് ഈ പടം പത്താനപുരത്ത് പ്രദർശിപ്പിച്ചാൽ അവിടെ മൽസരിക്കുന്ന ജഗദീഷ് തോൽക്കുമെന്നാൺ ജഗദീഷിലെ നടനുകിട്ടിയ ഏറ്റവും വലിയ അംഗീകാരവും ഇതുതന്നെയാണ്. ഒന്നും ഉരിയാടാതെ എന്നാൽ എല്ലാ അഗ്‌നികളെയും ഉള്ളിൽ ഒളിപ്പിച്ച് ലീലയായി പാർവ്വതി നമ്പ്യാരും അസാധാരണമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിട്ടുള്ളത്.വയനാടൻ ചുരത്തിന്റെ വന്യമായ കാഴ്ചകൾ മതി പ്രശാന്ത് രവീന്ദ്രൻ എന്ന നവാഗത ഛായാഗ്രഹനിൽ കൂടുതൽ പ്രതീക്ഷയർപ്പിക്കാൻ. രാത്രിയിലെ രംഗങ്ങളെല്ലാം അതീവ മികവോടെയാണ് ചിത്രീകരിക്കപ്പെട്ടിരക്കുന്നത്. ബിജിപാലിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനൊപ്പം ചേർന്നു പോകുന്നുണ്ട്.

വാൽക്കഷ്ണം: പരസ്യ വാചകങ്ങളിൽ പറഞ്ഞതുപോലെ പുരുഷ നിയമങ്ങളെ തകർത്തെറിയുന്നൊന്നുമില്ല സിനിമ. ശബ്ദം പോലുമില്ലാത്ത ഇരയായ ലീലയ്ക്ക് മുകളിൽ കുട്ടിയപ്പന്റെ അലർച്ചകൾ തന്നെയാണ് മുഴങ്ങുന്നത്. ഈയിടെ 'സ്വന്തം രതിഭാവനകളെ കടലാസിലേക്ക് പകർത്തുന്ന ആൺകോയ്മയുടെ മംഗലശ്ശേരി നീലകുണ്ടന്മാർ' എന്ന് ഒരു എഴുത്തുകാരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിച്ചിരുന്നു. ലീല ഈ പ്രയോഗത്തെ നൂറുശതമാനവും സാധൂകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP