Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടക്കിടെ വെള്ളം മുടങ്ങുന്ന പൈപ്പിൻ ചുവട്! ഒന്നാന്തരം പ്രമേയം കാടുകയറുന്നു; മികച്ച തുടക്കത്തിനുശേഷം ആവറേജിനപ്പുറത്തേക്ക് കയറാതെ ചിത്രം; നായകവേഷത്തിൽ കസറി നീരജ് മാധവ്; ചിത്രമുയർത്തുന്ന ജലരാഷ്ട്രീയത്തിന് കൈയടി

ഇടക്കിടെ വെള്ളം മുടങ്ങുന്ന പൈപ്പിൻ ചുവട്! ഒന്നാന്തരം പ്രമേയം കാടുകയറുന്നു; മികച്ച തുടക്കത്തിനുശേഷം ആവറേജിനപ്പുറത്തേക്ക് കയറാതെ ചിത്രം; നായകവേഷത്തിൽ കസറി നീരജ് മാധവ്; ചിത്രമുയർത്തുന്ന ജലരാഷ്ട്രീയത്തിന് കൈയടി

എം മാധവദാസ്

തി ഗംഭീരമായി തുടങ്ങുക, തുടർന്ന് ഫോക്കസില്ലാതെ എന്തെല്ലാമോ കാണിച്ച് കുളമാക്കുക. മലയാള സിനിമയിലെ ഈ സമീപകാല ഭൂലോക തോൽവി നിലനിർത്തിയിരിക്കയാണ് പുതുമുഖ സംവിധായകനായും എഴുത്തുകാരനുമായ ഡോമിൻ ഡിസിൽവ, നീരജ് മാധവ് എന്ന യുവനടനെ നായകനാക്കിയെടുത്ത 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ന്യൂജൻ ചിത്രം.

നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടന്നിട്ടും തുള്ളിപോലും കുടിക്കാനില്ലാത്ത കൊച്ചി നഗരത്തിലെ ഒരു തുരുത്തിൽ താമസിക്കുന്ന ഒരു ജനതയുടെ കഥപറഞ്ഞ ഈ ചിത്രത്തിന്, അതിശക്തവും നൂതനവും കാലികവുമായ ഒരു പ്രമേയം ഉണ്ടായിരുന്നു. ന്യൂജൻ സിനിമയുടെ സ്ഥിരം അലമ്പ് ഫോർമാറ്റിനപ്പുറമുള്ള വിയർക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ നൽകുന്ന സാധ്യതകളുടെ കഥാപ്രപഞ്ചം.അങ്ങേയറ്റം നൊസ്റ്റാൾജിക്കായി, ഒരു പൈപ്പിൻ ചുവട്ടിൽ മൊട്ടിടുന്ന കുട്ടിപ്രണയം കാണിച്ചുകൊണ്ട് ചിത്രം തുടങ്ങുമ്പോൾ, പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചുപോവും. പക്ഷേ ആദ്യപകുതി അങ്ങോട്ട് കഴിയട്ടെ, എല്ലാം പതിവുപോലെ.കുറച്ചു പ്രഭാഷണ ഗീർവാണങ്ങളും അയഥാർഥ്യമായ രംഗങ്ങളുമൊക്കെയായുള്ള ക്‌ളീഷേകളുടെ സംസ്ഥാന സമ്മേളനം!

ബിജിപാലിന്റെ ഒടുക്കത്തെ പ്രണയ സൗകുമാര്യമുള്ള പാട്ടുകളും കൂടിയാവുമ്പോൾ, തുടക്കത്തിൽ ഹൈ ഫസ്റ്റ്ക്‌ളാസ് മാർക്ക് മനസ്സിൽകൊടുത്ത് ചിത്രം കാണുന്ന നാം പടം തീരുമ്പോൾ അത് പാസ്മാർക്ക് മാത്രമാക്കി ചുരുക്കുന്നു. പക്ഷേ തിരക്കഥയിലെ പോരായ്മകളും ആലോചനക്കുറവും എടുത്തുപറയാനുണ്ടെങ്കിലും ഡോമിൻ ഡിസിൽവക്ക് തീർത്തും നിരാശപ്പെടേണ്ട കാര്യവുമില്ല. അടുത്തകാലത്ത് ചലച്ചിത്രമെന്നപേരിൽ മലയാള സിനിമ പടച്ചുവിട്ട കൂതറകൾ കാണുമ്പോൾ സ്വർഗമാണ് ഈ പടം.പിന്നെ മലയാളി ശക്തമായി അഭിസംബോധനചെയ്യേണ്ട ജല ദൗർലഭ്യം എന്ന അതി ഗുരതര പ്രശ്‌നത്തിലേക്കും ഈ ചിത്രം വിരൽ ചൂണ്ടുന്നു.

അതുകൊണ്ട് പ്രിയപ്പെട്ട വായനക്കാരെ ഒറ്റത്തവണ കണ്ടുവെന്നുവെച്ച് നിങ്ങൾ അത് ഒരു നഷ്ടമായി എടുക്കരുത്.ചലച്ചിത്രത്തെ ഗൗരവമായെടുക്കുന്നവർ ഒഴിവാക്കേണ്ട പടമല്ലിത്.

വെള്ളംവെള്ളം സർവത്ര; പക്ഷേ തുള്ളി കുടിക്കാൻ

നാലുപാടും വെള്ളം നിറഞ്ഞുനിൽക്കുമ്പോഴും തുള്ളി കുടിനീരിനായി പരക്കംപായേണ്ട ഗ്രാമങ്ങൾ കുട്ടനാട് മുതൽ വെപ്പിൻവരെയുള്ള പലയിടത്തും നമുക്ക് പരിചിതമാണ്. അതുപോലെ അംബര ചുംബികളായ ഫ്‌ളാറ്റുകളും രമ്യഹർമ്യങ്ങളുമുള്ള കൊച്ചി നഗരത്തോട് ചേർന്നുനിൽക്കുന്ന, കൊച്ചുവീടുകൾ നിറഞ്ഞ സാധാരണക്കാർ മാത്രമമുള്ള പണ്ടാരത്തുരുത്ത് എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ ജലമാണ് എല്ലാം.പണ്ടാരത്തുരുത്തുകാരുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം നിശ്ചിത സമയത്തുമാത്രം വെള്ളമത്തെുന്ന പൈപ്പിൻ ചുവട്ടിലാണ്. അവിടെ നാട്ടുസൗഹൃദങ്ങളുണ്ട്, കശപിശയുണ്ട്, പ്രണയുമുണ്ട്.

ജലക്ഷാമം കാരണം ഈ നാട്ടിലേക്ക് അന്യദേശത്ത്‌നിന്ന്‌പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുകപോലുമില്ല. ചിത്രത്തിലെ നായിക നായകനോട് ആവശ്യപ്പെടുന്നതും ഒരേ ഒരുകാര്യമാണ്. 'വിവാഹശേഷം നമ്മുടെ വീട്ടിലെ ബാത്‌റൂമിന്റെ പൈപ്പ് തുറന്നാൽ വെള്ളം വരണം.!'  പാലമില്ലാത്തതാണ് ഇവിടുത്തെ മറ്റൊരു പ്രശ്‌നം. ആശുപത്രിയിലേക്ക്‌ പോകൻ പോലും വഞ്ചിതന്നെ ആശ്രയം. ഈ സാഹചര്യങ്ങളൊക്കെകൊണ്ടുമൂലം കിട്ടിയ വിലക്ക് സ്ഥലംവിറ്റ് ഈ നാട്ടിൽനിന്ന് പോകുന്നവരുമുണ്ട്.

ഇങ്ങനെയുള്ള പണ്ടാരത്തുരുത്തിന്റെ പശ്ചാത്തല അവതരണമാണ് സംവിധായകൻ ആദ്യപകുതിയിൽ രസകരമായി നിർവഹിക്കുന്നത്.തുരുത്തിലെ കുട്ടികളുടെ ഹീറോയാണ് നമ്മുടെ നായകൻ ഗോവൂട്ടിയെന്ന ഗോവിന്ദൻ കുട്ടി.നല്‌ളൊരു ഡാൻസർകൂടിയായ ഇയാൾ ഹൗസ്‌ബോട്ടുകളിൽ നൃത്തം ചെയ്തും വരുമാനമുണ്ടാക്കുന്നുണ്ട്.പുറമെ പെയിന്റിങ്ങും മീൻപിടുത്തവുമൊക്കെയായി ഗോവൂട്ടിയും സുഹൃത്തുക്കളും സജീവമാണ്.അങ്ങനെ പ്രണയവും ജീവിതവുമായി ചിത്രം മന്ദമാരുതനെപ്പോലെ കടന്നുപോവുമ്പോഴാണ് ഹൊറിബിളായ രണ്ടാപകുതി വരുന്നത്.ശേഷം തഥൈവ.

കൃത്രിമത്വങ്ങളുടെ രണ്ടാം പകുതി

ആദ്യപകുതിയിലും കാര്യമായൊരു അബദ്ധം സംവിധായകന് സംഭവിച്ചിട്ടുണ്ട്. കഥയുടെ കാമ്പിലേക്ക് കടക്കാതെ, ടെലിവിഷൻ സീരിയൽപോലെ കുറെ വിഷയങ്ങൾ അവതരിപ്പിക്കുകയാണ് . ഇത് ചിലപ്പോഴൊക്കെ ലാഗിനിടയാക്കുന്നുണ്ട്.

കഥയുടെ മർമ്മം വരുന്നത് സെക്കൻഡ് ഹാഫിലാണ്.അവിടെ ഗോവൂട്ടിയുടെ സുഹൃത്തിന്റെ പൂർണ ഗർഭിണിയായ ഭാര്യ, മലിനമായ പെപ്പ്ജലം കുടിച്ചാലുണ്ടായ അസുഖംമൂലം മരിക്കുന്നു.പെട്ടെന്ന് പ്രസവവേദന കിട്ടുന്ന അവരെ ഗോവൂട്ടിയും കൂട്ടരും തോണിയിൽ എറണാംകുളത്തേക്ക് എത്തിക്കുന്നതൊക്കെ ഉള്ളുലക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.(ഈ രംഗങ്ങളൊക്കെ അൽപ്പം മുന്നോട്ടാക്കി ചിത്രത്തിന്റെ സ്പീഡ് അൽപ്പം കൂട്ടുകയായിരുന്നെങ്കിൽ പെപ്പിൻ ചുവടിന്റെ ബോക്‌സോഫീസ് വിധി മറ്റൊന്ന് ആവുമായിരുന്നു)

തുടർന്നങ്ങോട്ട് ഈ മരണത്തിൽ നീതികിട്ടാനായുള്ള ഗോവൂട്ടിയുടെയും കൂട്ടരുടെയും പോരാട്ടങ്ങളാണ്. അതാവട്ടെ നമ്മൾ കണ്ടുമടുത്ത പതിവ് ഫോർമാറ്റിലാണ്. റിയലിസ്‌ററിക്കായി നീങ്ങുന്ന ചിത്രത്തിന്റെ അതുവരെയുള്ള കഥാഗതി അട്ടിമറിയുന്നു.നായകന്റെയും കൂട്ടരുടെയും നൃത്ത പ്രതിഷേധവും , തുടർന്നുവരുന്ന ചാനൽ ചർച്ചകളിലുമൊക്കെ വല്ലാത്തെരു കൃത്രിമത്വമുണ്ട്. വില്ലൻ റോളിലത്തെുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ നായകൻ തല്ലിയോടിക്കുന്നു.അതേ നായകനായിപ്പോയൽ ഏത് ന്യൂജെന്നും അൽപ്പം പഴഞ്ചനായിപ്പോവും!

അതുപോലെ തന്നെ അജുവർഗീസിന്റെ ജേർണലിസ്‌ററ് കഥാപാത്രത്തിന്റെ വായിൽ വലിയ ഡയലോഗുകൾ കുത്തിത്തിരുകിയത് പ്രകടമാണ്. ജലത്തിന്റെ ലിറ്ററുകണക്കിന് വിലതിരച്ചുള്ള കണക്കും മറ്റുമൊക്കെ സാമൂഹിക പ്രതിബദ്ധതക്കായി ബഡ്ഡ് ചെയ്തപോലൊണ് തോനുന്നത്.
അവസാനം പതിവുപോലെ എല്ലാം പെട്ടന്ന് പരിഹരിച്ചുള്ള ശുഭാന്ത്യവും. ജനകീയ സമരങ്ങൾ ഒന്നൊന്നായി പരാജയപ്പെടുന്ന കേരളത്തിൽ അങ്ങനെ വെള്ളിത്തിരയിലെങ്കിലും നമുക്ക് ഒരു സമരം വിജയിപ്പിക്കാനായല്ലോ.

നീരജ് മുൻനിരയിലേക്ക്

ഈ പടംകൊണ്ട് ഏറ്റവും വലിയ ഗുണമുണ്ടായിരിക്കുന്നത് നടൻ നീരജ് മാധവിന് തന്നെയാണ്.കൂട്ടുചേർന്നുള്ള കോമഡിക്കളിക്ക് മാത്രമല്ല, വ്യക്തിത്വമുള്ള കഥാപാത്രമാകാനും തന്നെക്കൊണ്ട് കഴിയുമെന്ന് നീരജ് തെളിയിച്ചു.മലയാളത്തിലെ യുവനായകരുടെ ഇടയിലേക്ക് കസേരവലിച്ചിട്ട് ഇരിക്കാൻ പ്രാപ്തനായിരുക്കുന്നു, ലൊട്ടുലൊടുക്ക് വേഷങ്ങളിലൂടെ കയറിവന്ന ഈ കൊച്ചുനടൻ.

ഗോവൂട്ടിയുടെ പ്രണയിനി ടെസയായി റീബ മോണിക്ക തന്റെ വേഷം ഭദ്രമാക്കിയിട്ടുണ്ട്.റീബയുടെ പുഞ്ചിരി സിനിമ കഴിഞ്ഞിട്ടും നിലാവുപോലെ ഓർമ്മയിൽ തങ്ങിനിൽക്കും.അടുത്തകാലത്തൊന്നും ഇത്ര മനോഹരമായി ചിരിക്കുന്ന യുവനടിയെ കണ്ടിട്ടില്ല. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം സുധി കൊപ്പയുടെ പെയിന്റർ അയ്യപ്പൻ ആണ്. പതിവ് വേഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ റോളിൽ, ചിലയിടത്ത് സുധി ഓവറാക്കുന്നുണ്ട്.അങ്കമാലി ഡയറീസിലെ അപ്പാനി രവിയായും, വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കിക്കമ്മൽ പാടിയും പ്രേക്ഷകരുടെ അരുമയായ ശരത്കുമാർ ഈ പടത്തിൽ വില്ലന്റെ ഗെറ്റപ്പിലാണ്. ടൈപ്പാവാതെ ശ്രദ്ധിച്ചില്‌ളെങ്കിൽ പെട്ടെന്ന് പ്രേക്ഷകന് മടുക്കുമെന്ന് ശരത് ഓർമ്മിക്കണം. നമ്മുടെ ജഗതിച്ചേട്ടനെപ്പോലുള്ള എന്തോ ഒരു അനുഗ്രഹം കിട്ടിയ നടനാണ് ധർമ്മജൻ ബോൾഗാട്ടിയെന്ന് തോനുന്നു. എത്രതവണ കണ്ട നമ്പരായാലും ധർമ്മജൻ ബോറടിപ്പിക്കില്ല.

ബിജിബാൽ ഒരുക്കിയ സംഗീതവും പവി കെ പവന്റെ ഛായാഗ്രഹണവും ചിത്രത്തിന് വലിയ ഗുണം തന്നെ ചെയ്തു. പശ്ചാത്തലസംഗീതവും കിടു.'കായലിറമ്പിലെ' എന്നാരംഭിക്കുന്ന ഗാനവും, 'പൈപ്പിൻ ചോട്ടില് പൂക്കണ ലോകമിതാ' എന്നാരംഭിക്കുന്ന ഗാനവും എത്രകേട്ടാലും മടുക്കില്ല. അവസാനമായി പറയട്ടെ,എന്തെല്ലാം പാളിച്ചകൾ ഉണ്ടെങ്കിലും വിഷയത്തിന്റെ കനംകൊണ്ട് ്‌ള സിനിമാപ്രേമികൾ കാണേണ്ട ചിത്രംതന്നെയാണിത്.താൻതന്നെ എഴുതിയ ഈ കഥ ഡോമിൻ ഡിവിൽവ, പണിയറിയാവുന്ന ആരെയുംവെച്ച് റീവർക്ക്‌ചെയ്തിരുന്നെങ്കിൽ, മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്താവുന്ന ചിത്രമായും ഇത് മാറിയേനെ.

വാൽക്കഷ്ണം: ജാസി ഗിഫ്റ്റിന്റെ 'ലജ്ജാവതി' ഗാനം ഇറങ്ങിയപ്പോൾ, നമ്മുടെ പ്രിയ കവിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ ഒരു പ്രയോഗമാണ് ഇപ്പോൾ ഓർമ്മവരുന്നത്.'ഏറെക്കാലത്തിനുശേഷം മലയാളത്തിൽ ഞാൻ ഒരു പുരുഷ ശബ്ദം കേട്ടു'വെന്നായിരുന്ന ആ വിഖ്യാത വാചകം. അത് കടമെടുത്ത് പറയട്ടെ, ഏറെക്കാലത്തിനുശേഷം ഒരു 'പുരുഷൻ' നൃത്തം ചെയ്യുന്നത് മലയാള സിനിമയിൽ കണ്ടു.നീരജിന്റെ ഡാൻസ് കരിസ്മ ലൈക്കുകൾക്ക് അപ്പുറത്താണ്.

കോഴിഡാൻസ് എന്ന് ട്രോളന്മാർ കളിയാക്കുന്ന 'എകമുദ്ര, 'ദ്വിമുദ്ര' നമ്പരുകൾ മാത്രം കണ്ട മലയാളത്തിൽ, ഒരു പുരുഷൻനിന്ന് എല്ലാ കരുത്തോടുംകൂടി നൃത്തംചെയ്യുന്നത് ഇപ്പോഴാണ് കാണുന്നത്.നടൻ എന്ന നിലയിലേക്കാൾ നർത്തകൻ എന്ന രീതിയിലായിരിക്കും ചിലപ്പോൾ ഭാവിയിൽ നീരജ് അറിയപ്പെടുകയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP