Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ടിരിക്കാം, ഈ ഋത്വിക് റോഷനെയും; അമർ അക്‌ബറിന്റെ അത്ര വരില്ലെങ്കിലും കോമഡി നിറഞ്ഞ ഉൽസവ ചിത്രവുമായി വീണ്ടും നാദിർഷ; കല്ലുകടിയാവുന്നത് ഓരോ രംഗത്തും കോമഡി വേണമെന്ന് നിർബന്ധം; തകർപ്പൻ ഫോമിൽ കുടുകുടെ ചിരിപ്പിക്കുന്ന നർമ്മവുമായി വീണ്ടും സലിംകുമാർ

കണ്ടിരിക്കാം, ഈ  ഋത്വിക് റോഷനെയും; അമർ അക്‌ബറിന്റെ അത്ര വരില്ലെങ്കിലും കോമഡി നിറഞ്ഞ ഉൽസവ ചിത്രവുമായി വീണ്ടും നാദിർഷ; കല്ലുകടിയാവുന്നത് ഓരോ രംഗത്തും കോമഡി വേണമെന്ന് നിർബന്ധം; തകർപ്പൻ ഫോമിൽ കുടുകുടെ ചിരിപ്പിക്കുന്ന നർമ്മവുമായി വീണ്ടും സലിംകുമാർ

എം മാധവദാസ്

രുണ്ട നിറം കാരണം അപകർഷതാ ബോധമനുഭവിക്കുന്ന നിരവധി നായകന്മാരെ ശ്രീനിവാസൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. 'ഫെയർ ആൻഡ് ലവ് ലിയെക്കുറിച്ച് എന്താണഭിപ്രായം; തേച്ചാൽ വെളുക്കുമോ' എന്ന് ഡോക്ടർക്ക് കത്തെഴുതിയ തളത്തിൽ ദിനേശൻ, ടെലിവിഷൻ സ്‌ക്രീനിലൂടെ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇരുണ്ട നിറത്തെക്കുറിച്ചോർത്ത് നിരാശപ്പെടുന്ന നായകനെയാണ് നാദിർഷ 'കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ' നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. നായക നടന് എന്തല്ലാം ആവശ്യമുണ്ടെന്നതിനെക്കുറിച്ച് മലയാള സിനിമയ്ക്ക് ചില തീരുമാനങ്ങളുണ്ട്. അടുത്ത കാലം വരെയും ആ ധാരണയ്ക്ക് വലിയ മാറ്റമൊന്നും ഇവിടെ ഉണ്ടായിട്ടുമില്ല. മലയാള സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി നമ്മുടെ കറുത്ത ഋത്വിക് റോഷൻ എത്തുമ്പാഴുള്ള തമാശകളിലാണ് നാദിർഷാ തന്റെ പുതിയ ചിത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്. 'കുറവുകൾ കൂടുതലുള്ളവന്റെ' കഥ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തന്റെ കറുപ്പ് നിറമാണ് ഈ കുറവുകളെന്ന് നായകൻ ധരിച്ച് വച്ചിരിക്കുന്നതുപോലെയാണ് ചിത്രത്തിന്റെ പോക്ക്.

നർമ്മം മുഴുനീളെ വാരിവിതറിയായിരുന്നു നാദിർഷയുടെ ആദ്യ ചിത്രമായ അമർ അക്‌ബർ അന്തോണി പുറത്ത് വന്നത്. എന്നാൽ കഥാ സന്ദർഭങ്ങളെ കൃത്യമായി കൂട്ടിച്ചർത്തേുകൊണ്ട് കഥ പറഞ്ഞ തിരക്കഥാകൃത്തുക്കളുടെ മികവിലും പരിചരണ പുതുമയിലും ഈ ചിത്രം പ്രേക്ഷകരെ കൈയിലെടുത്തു.ആദ്യചിത്രത്തിന്റെ അതേ വഴി തന്നെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലും നാദിർഷാ പിന്തുടരുന്നത്. ചിത്രത്തിലെ ഓരോ രംഗത്തും കോമഡി വേണമെന്ന് നിർബന്ധമുള്ളതുപോലെയാണ് സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും യാത്ര. ഇത് ഇടയ്ക്ക് കല്ലുകടിയാവുന്നുമുണ്ട്. കോമഡി കുത്തി നിറച്ചത്,ചിലപ്പോഴെങ്കിലും ഒരു ടെലിവിഷൻ കോമഡി സ്‌കിറ്റിന്റെ നിലവാരത്തിലേക്ക് ചിത്രത്തെ എത്തിക്കുന്നുവെന്നാണ് 'കട്ടപ്പനയിലെ ഋത്വക് റോഷന്റെ' ഒരു പ്രധാന പോരായ്മ.എന്നിരുന്നാലും മറ്റല്ലാം മറന്ന് ചിരിയിൽ മാത്രം മുഴുകാൻ കട്ടപ്പനക്കാരൻ അവസരമൊരുക്കുന്നതുകൊണ്ട് തന്നെ ഈ ചിത്രവും തിയേറ്ററിൽ വിജയം നേടുമെന്ന് ഉറപ്പാണ്. പ്രതീക്ഷയുടെ അമിതഭാരങ്ങൾ ഒന്നുമില്‌ളെങ്കിൽ തീയേറ്റിൽപോയി ഒന്ന് ചിരിച്ച് റിലാക്‌സ് ചെയ്ത് പോരാവുന്ന സിനിമയാണിത്.ശരാശരി കുടുംബപ്രക്ഷകർക്ക് കാശ് നഷ്ടമാവില്ല.

പക്ഷേ അതുമതിയോ. മലയാളസിനിമ കണ്ടിട്ടുള്ളതിൽ വച്ച് സമാനതകളില്ലാത്ത മഹുമുഖ പ്രതിഭയാണ് നാദിർഷ. അമർ അക്‌ബറിലെ ഗാനങ്ങൾതന്നെ ഒന്നാന്തരം തെളിവ്. മിമിക്‌സ് പരേഡിലും കാസറ്റ് കോമഡിയിലുമൊക്കെ കേരളത്തിൽ വിപ്ലവം കൊണ്ടുവന്നതിന്റെ പേരിൽ ഒരു പത്മശ്രീയെങ്കിലും അർഹിക്കുന്ന ആളാണ് നാദിർഷ ( എത്ര പ്രാഞ്ചിയേട്ടന്മാർക്കൊക്കെ നാം വെറുതെ പത്മകൾ കൊടുക്കുന്നു) .കണ്ടുവന്ന പാറ്റേണുകളെ ലംഘിക്കയായിരുന്നു അവിടെയൊക്കെ നാദിർഷയുടെ രീതി. പക്ഷേ അദ്ദേഹം സിനിമയിൽ എത്തിയപ്പോൾ ഒരു പരീക്ഷണങ്ങൾക്കും മുതിരാതെ സേഫ്‌സോണിലാണ് കളിക്കുന്നത്. അധികമായാൽ അമൃതും വിഷമെന്നപോലെ കോമഡി കൂടിപ്പോയാൽ അതും പ്രശ്‌നമാണെന്ന് ഓർക്കുന്നത് നന്ന്.

ജയന്റെ ആരാധകന് സീമയിലുണ്ടായ കൃഷ്ണൻ നായരുടെ കഥ!

കടുത്ത സിനിമാ പ്രേമിയും നടൻ ജയന്റെ ആരാധകനുമായിരുന്നു കട്ടപ്പനയിലെ സുരേന്ദ്രൻ (നടൻ സിദ്ധീഖ്). 'കണ്ണും കണ്ണും' തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ പശ്ചാത്തലമൊരുക്കി ഓർമ്മകളെ താലോലിക്കുന്ന മലയാളികളുടെ കൈയടിയും ചിത്രം ഉറപ്പാക്കുന്നുണ്ട്. സീമയെ ആണ് സുരേന്ദ്രൻ വിവാഹം കഴിക്കുന്നത്. അവരുടെ മകനാണ് കൃഷ്ണൻ നായർ എന്ന കിച്ചു.

കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ജയൻ മരണപ്പെടുന്നു. ഈ വിടവ് നികത്താനും ജയന് പകരക്കാരനാവാനും മദിരാശിയിൽ പോയ സുരേന്ദ്രൻ ഒന്നുമാവാതെ തിരിച്ചുവന്നു. തന്റെ ആഗ്രഹം മകനിലൂടെ സാധിക്കാനാണ് സുരേന്ദ്രന്റെ പിന്നീടുള്ള ശ്രമം. ( ഇത് ഇപ്പോഴത്തെ ഒരു സ്ഥിരം പരിപാടിയാണ്) മുമ്പിറങ്ങിയ പല സിനിമകളെയും ഓർമ്മിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പിന്നീടുള്ള യാത്ര. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന് വിളിപ്പോരുള്ള കിച്ചുവിന് പക്ഷെ അച്ഛന്റെ ആഗ്രഹം പോലെ വലിയ താരമൊന്നും ആകാനായില്ല. കറുത്ത നിറവും നായക സങ്കൽപ്പങ്ങൾക്ക് യോചിക്കാത്ത ആകാരവും അവനെ വെറും ചെറുകഥാപാത്രങ്ങളിൽ തളച്ചിടുകയായിരുന്നു. ഒരു കള്ളന്റെ വേഷം കെട്ടിയാൽ ആസ്ഥാന കള്ളനായിപ്പോവുന്ന നമ്മുടെ ഹരിശ്രീ അശോകനെപ്പോലെ. സിനിമയിൽ നായകനാവണം. സുന്ദരിയായൊരു പെണ്ണിനെ വിവാഹം കഴിക്കണം. അച്ഛനെ നല്ല പോലെ നോക്കണം. ഇതാണ് കിച്ചുവിന്റെ ആഗ്രഹങ്ങൾ. ഈ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടിയുള്ള അവന്റെ യാത്രയാണ് ചിത്രത്തിന്റെ കഥ.

സസ്‌പെൻസ് ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്ന തോന്നൽ സമ്മാനിച്ചുകൊണ്ടുള്ള തുടക്കമാണ് ചിത്രത്തിന്റേത്. ജയന്റെ കാലഘട്ടത്തിൽ അങ്ങാടി പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ സിദ്ദിഖിന്റെ ഇൻട്രോ സീനെല്ലാം തകർപ്പനായി. വളരെ സരസമായി കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിയ ശേഷം ചിത്രം പിന്നീട് നിരന്തരം കോമഡി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അമർ അക്‌ബറിലേതുപോലെ ഒഴുക്കിൽ കഥ പറഞ്ഞുപോകാൻ ഇവിടെ പക്ഷെ സാധിക്കുന്നില്ല. എങ്കിലും പരമാവധി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ഈ പ്രതിസന്ധി പക്ഷെ സംവിധായകൻ തരണം ചെയ്യന്നുണ്ട്.

അമർ അക്‌ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിട്ടുള്ളത്. സിനിമയിലെ നായകനായ കിച്ചുവാകുന്നതും വിഷ്ണു ഉണ്ണിക്കൃഷ്ണൻ തന്നെയാണ്. ചിലയിടത്ത് തപ്പിത്തടഞ്ഞ് പോവുന്നുണ്ടെങ്കിലും വലിയ പരിക്കില്ലാതെ കഥ രസകരമായ ക്ലൈമാക്‌സിലത്തെിക്കാൻ നാദിർഷയ്ക്ക് കഴിയുന്നുണ്ട്. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിന് ശേഷം ഇടുക്കി പശ്ചാത്തലമാവുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. മഹേഷിന്റെ ഭാവനാ സ്റ്റുഡിയോയും മഹേഷുമെല്ലാം ഈ ചിത്രത്തിലും പരാമർശിക്കപ്പെടുന്നുമുണ്ട്. പക്ഷേ ' പ്രതികാരത്തിലേതുപോലെ' ആ നാടിന്റെ ജീവിതം പകർത്താനുള്ള ശ്രമമൊന്നും കട്ടപ്പനയിലില്ല. ക്ലൈമാക്‌സിന് തൊട്ടു മുമ്പുള്ള രംഗങ്ങളിൽ മാത്രമാണ് നർമ്മം അകന്ന് നിൽക്കുന്നത്. ചിരിയോടെ തന്നെയാണ് സിനിമ പൂർത്തിയാവുന്നത്. പുറത്തിറങ്ങുമ്പോൾ ഈ പടത്തിലെ കഥാപാത്രങ്ങൾ ആരും തന്നെ നമ്മുടെ കൂടെയില്ലെങ്കിലും ഒരു ഫീൽഗുഡ് മൂഡ് കിട്ടുന്നുണ്ട്.

നായകനായി തിളങ്ങി തിരക്കഥാകൃത്ത്; നർമ്മവുമായി വീണ്ടും സലീം കുമാർ

തിരക്കഥയ്ക്ക് പുറമെ നായക കഥാപാത്രമായി മികച്ച പ്രകടനവും വിഷ്ണു കാഴ്ച വെക്കുന്നു. കോമഡി വാരി വിതറിക്കോണ്ട് നായകന്റെ സുഹൃത്തായി ധർമ്മജൻ ബോൾഗാട്ടിയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഫ്രെയിമുകളിൽ നിന്ന് അപ്രത്യക്ഷനായ സലീം കുമാറിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനാണ് സംവിധായകന്റെ ശ്രമം. മായാവി പോലുള്ള ചിത്രങ്ങളിലെ കിടിലൻ പ്രകടനത്തിലേക്ക് തിരിച്ചത്തെിയില്ലങ്കെിലും കോമഡി നടനെന്ന നിലയിൽ തന്നെ എഴുതിത്ത്ത്ത്ത്തള്ളണ്ടേ എന്ന് സലീം കുമാർ ഈ ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. സലീം കുമാറിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്. ഒറ്റ ദേശീയ അവാർഡിന്റെ ഹാങ്ങോവറിൽ വായിൽ കൊള്ളാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞ് സ്വയം പരിഹാസനായി സമയം കളയാതെ, തന്റെ പഴയ ഫോമിലേക്ക് സലീം തിരിച്ചെത്തുന്നു എന്നത് നല്ല സൂചനയാണ്. ദേശീയ അവാർഡ് കിട്ടിപ്പോയെന്ന് വച്ച് ഇനി കോമഡി വേഷങ്ങൾ ചെയ്യാൻ' കഴിയില്ലെന്ന് നിയമമൊന്നുമില്ലല്ലോ?

തുടക്കത്തിലെ തകർപ്പൻ സുരേന്ദ്രൻ പിന്നീട് സ്ഥിരം അച്ഛനായി മാറിപ്പോവുന്നുണ്ടെങ്കിലും സിദ്ധിഖും പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ലിജോമോൾ ജോസ് രസകരമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കൂടുന്നു. ഗാനങ്ങളും പശ്ചാത്തലവും ആദ്യകേൾവിൽ ശരാശരിയാണെന്നേ പറയാൻ കഴിയൂ.

ആദ്യ ചിത്രത്തിൽ നിന്ന് മുന്നോട്ട് പോകാൻ നാദിർഷായ്ക്ക് സാധിച്ചിട്ടില്ലങ്കെിലും ജീവിതത്തെ പോസറ്റീവായി സമീപിച്ചും ചിരിപ്പിച്ചും കട്ടപ്പനയിലെ ഈ ഋത്വിക് റോഷൻ മുന്നോട്ട് പോകുന്നു. അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാൽ രണ്ടേകാൽ മണിക്കൂർ തിയേറ്ററിലിരുന്ന് ചിരിക്കാനുള്ള വകകളൊക്കെ നാദിർഷാ ഈ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. താരങ്ങളൊന്നുമില്ലാതെ ഒരു പുതുമുഖത്തെ നായകനാക്കി ചിത്രമൊരുക്കാനുള്ള ധൈര്യവും നാദിർഷാ കാട്ടി. ഈ കറുത്ത ഋത്വിക് റോഷനെയും നായകനാക്കാൻ ആരെങ്കിലും വേണ്ടേ. അതിന് നാദിർഷയ്ക്ക് ഒരു സല്യൂട്ട് കൊടുക്കാം. പക്ഷേ അതോടൊപ്പം വർണ്ണത്തിന്റെ തൊലിപ്പുറമെയുള്ള കാര്യങ്ങളല്ലാതെ, അതുയർത്ത സമകാലീന പ്രശ്‌നങ്ങൾഒന്നും ടച്ച്‌ചെയ്യാൻ സംവിധായകന് കഴിഞ്ഞില്ല എന്ന പരാതിയും.

വാൽക്കഷ്ണം: ആദ്യ ചിത്രത്തിന്റെ വിജയമല്ല, രണ്ടാമത്തെ ചിത്രമാണ് ഒരു സംവിധായകനെ അളക്കുന്നതെന്ന് സിനിമാ ഫീൽഡിലൊരു ചൊല്ലുണ്ട്. ആ രീതിയിൽ നോക്കുകയാണെങ്കിൽ നാദിർഷയെന്ന സംവിധായകൻ രണ്ടടി പിറകോട്ടാണ്. ആദ്യ ചിത്രമായ അമർഅക്‌ബർ അന്തോണിയുടെ ഫീൽ കൊണ്ടുവരാൻ ഈ പടത്തിന് കഴിഞ്ഞിട്ടില്ല.മാത്രമല്ല നിരന്തരമായി പാരഡികളും കോമഡിസ്‌ക്റ്റകളും ചെയ്യുന്നതുമൂലം സംവിധായകന്റെ മനസ്സും ആ രീതിയിൽ ഉറച്ചുപോയോ എന്നും ഓരോ സീനിലും കാണുന്ന സ്‌ക്വിറ്റ് മോഡൽ കോമഡി പ്രേക്ഷകനെ ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP