Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ പ്രായത്തിലും തന്റെ ശരീരം കൊണ്ട് മോഹൻലാൽ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ അത്ഭുതാവഹം; വിനു മോഹനെ ട്രോളുന്ന ഫേസ്‌ബുക്ക് മനോരോഗികൾക്കുള്ള മറുപടി; അമാനുഷികനാകാനുള്ള ശ്രമങ്ങളും രണ്ടാം പാതിയിൽ തെലുങ്ക് സ്റ്റൈലിലേയക്കുള്ള മാറ്റവും അരോചകമായി: പുലിമുരുകനെ കുറിച്ചുള്ള രണ്ടാമത്തെ നിരൂപണം വായിക്കാം

ഈ പ്രായത്തിലും തന്റെ ശരീരം കൊണ്ട് മോഹൻലാൽ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ അത്ഭുതാവഹം; വിനു മോഹനെ ട്രോളുന്ന ഫേസ്‌ബുക്ക് മനോരോഗികൾക്കുള്ള മറുപടി; അമാനുഷികനാകാനുള്ള ശ്രമങ്ങളും രണ്ടാം പാതിയിൽ തെലുങ്ക് സ്റ്റൈലിലേയക്കുള്ള മാറ്റവും അരോചകമായി: പുലിമുരുകനെ കുറിച്ചുള്ള രണ്ടാമത്തെ നിരൂപണം വായിക്കാം

പുലി വരുന്നേ! പുലി വരുന്നേ! എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അങ്ങനെ അക്ഷമരായി കാത്തിരുന്ന ലക്ഷക്കണക്കിന് സിനിമാ പ്രേമികളുടെ മുന്നിലേക്ക് അവസാനം പുലി വന്നിറങ്ങി. ആരാധകരുടെ ആർത്തിരമ്പുന്ന ആരവങ്ങളുടേയും കാതടപ്പിക്കുന്ന കരഘോഷങ്ങളുടേയും ആർപ്പുവിളികളുടേയും ഇടയിൽ ഞെരിഞ്ഞമർന്നാണ് ലേഖകൻ സിനിമ കണ്ടത്. മോശമല്ലാത്ത ഒരു സിനിമ കണ്ടിറങ്ങിയ ആത്മ നിർവൃതിയോടെയാണ് തിയേറ്ററിൽ നിന്നിറങ്ങി വന്നത്.

പ്രശസ്ത മസാല സംവിധായകൻ വൈശാഖ് ആദ്യമായി തന്റെ പതിവ് രീതിയിൽ നിന്നും മാറി ചിന്തിച്ച് മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടത്തിന്റേയും വീരത്തിന്റെയും കഥയാണ് ഇത്തവണ പറയാൻ ശ്രമിച്ചത്. ഈ സംവിധായകൻ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലുമായി ഒന്നിക്കുന്നു എന്ന വാർത്തയാണ് ഈ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ ഹൈപ്പിന് കാരണം. ഈ വാർത്ത കാട്ട് തീ പോലെ കേരളക്കരയാകെ പടർന്ന് പന്തലിച്ചു. കൂടാതെ ആ തീയിലേക്ക് ഇടക്കിടെയായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒഴിച്ച് കൊടുത്ത ബിഗ് ബജറ്റ് എണ്ണയും തീയുടെ ആക്കം കൂട്ടാൻ സഹായിച്ചു.

വൈറ്റ് പോയന്റ്‌സ്:

മോഹൻലാൽ എന്ന താരത്തിന്റെ സാന്നിദ്യം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയന്റ്, ഈ പ്രായത്തിലും തന്റെ ശരീരം കൊണ്ട് അദ്ദേഹം കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. മനസ്സ് എത്തുന്നിടത്തു മെയ്യ് എത്തണം എന്ന് പറയുന്നത് പോലെ ആകാര വടിവ് കഥാ പാത്രത്തിനു അനുകൂലമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മറ്റു അഭിനേതാക്കളായ ലാൽ, സുരാജ്, ജഗപതി ബാബു, കിഷോർ,ബാല, നോബി, സുധീർ, തുടങ്ങി ഒട്ടുമിക്ക താരങ്ങളും മോശമാലാത്ത രീതിയിൽ അഭിനയിച്ചു.

എടുത്തു പറയേണ്ടത് വിനു മോഹനെയും വില്ലനായി അഭിനയിച്ച ഡാഡി ഗിരിയേയും രാമയ്യയായി അഭിനയിച്ച ആളെയുമാണ് (പേര് ഓർക്കുന്നില്ല). വിനു മോഹനെ നിരന്തരം ട്രോളുന്ന ഫേസ്‌ബുക്ക് മനോരോഗികൾക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ ഈ ചിത്രത്തിലെ വേഷം. ഇനിയും ഒരുപാട് സിനിമയിൽ വിനുവിന് അവസരം കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. കുട്ടി മോഹൻലാൽ സൂപ്പറായിരുന്നു. മോഹൻലാലിന്റെ ചെറുപ്പ വേഷം അഭിനയിക്കാൻ ഇതിലും നല്ലൊരു കുട്ടിയെ ആർക്കും കിട്ടില്ല. ഒറ്റ നോട്ടത്തിൽ 100% മോഹൻലാൽ തന്നെ. തരക്കേടില്ലാത്ത തിരക്കഥയെ കുറ്റമില്ലാതെ സംവിധാനം ചെയ്യാൻ വൈശാഖിന് കഴിഞ്ഞു. കഥയിലെ പുതുമ തിരക്കഥയിൽ കൊണ്ട് വരാൻ സംവിധായകന് കഴിഞ്ഞില്ലെങ്കിലും സമൂഹത്തിലെ സമകാലിക പ്രശ്‌ന്ങ്ങളിലേക്കുള്ള എഴുത്തുകാരന്റെ എത്തി നോട്ടം പ്രശംസനീയമാണ്.

'മനുഷ്യരെ മൃഗങ്ങൾ കൊന്നാൽ പ്രശ്‌നമില്ല എന്നാൽ ആ മനുഷ്യൻ മൃഗങ്ങളെ ആക്രമിച്ചാൽ അത് കുറ്റം?' എന്ന് നായകൻ രോഷം കൊള്ളുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ എഴുതി വച്ച ഇത്തരം പൊള്ളയായ നിയമത്തോടും നീതി വ്യവസ്ഥയോടുമുള്ള വിമ്മിഷ്ടം പ്രകടമാകുന്നു. പശ്ചാത്തല സംഗീതം മികച്ച് നിന്നു. തിരക്കഥയിലെ ചില പോരായ്മകളെ സംവിധായകനും കൈവിട്ടതോടെ പ്രേക്ഷകർ പശ്ചാത്തല സംഗീതത്തിൽ അഭയം പ്രാപിച്ചു. ഗോപി സുന്ദറിന് ഒരു പരിധി വരെ ജനങ്ങളെ കസേരയിൽ പിടിച്ചിരുത്താൻ കഴിഞ്ഞു. പാട്ടുകൾ ശരാശരി നിലവാരം പുലർത്തി.

ബ്ലാക്ക് പോയന്റ്‌സ്:-

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ തോന്നി വൈശാഖ് പുലി മുരുഗൻ ചെയ്തത് കണ്ടപ്പോൾ. തന്റെ ചുമലിനു താങ്ങാൻ കഴിയുന്ന ഭാരമേ ഒരാൾക്ക് എടുക്കാൻ പറ്റുകയുള്ളൂ . ഇല്ലെങ്കിൽ ഓടിയും . മനസ്സിലോർത്ത് വെക്കാൻ കഴിയുന്ന ഒരു ഫ്രെയിം പോലും സിനിമയിലില്ല എന്നത് സങ്കടകരമാണ്. ആദ്യ പകുതി മോഹൻലാലിന്റെ ചെറുപ്പ കാലവും താരത്തിന് പുലി എങ്ങനെ ശത്രുവായി എന്നതും കാണിക്കുന്നു. ചെറുപ്പ കാലത്തെ മോഹൻലാലിന്റെ പുലി വേട്ട ഗംഭീരമായിരുന്നു. എന്നാൽ യഥാർത്ഥ മോഹൻലാൽ വന്നതോടെ സംവിധായകൻ താരത്തെ അമാനുഷനാക്കാനുള്ള ശ്രമം തുടങ്ങി. പലപ്പോഴും പാളിപ്പോകുകയും ചെയ്തു. താരത്തിന് വേണ്ടി കാട്ടിൽ സൃഷ്ടിക്കപ്പെട്ട സംഘട്ടന രംഗങ്ങൾ ഹോ.! ഒരു ശരാശരി സിനിമ പ്രേമിയുടെ ആസ്വാദന നിലവാരത്തെ സംവിധായകൻ ഇങ്ങനെ പരിഹസിക്കരുത്.

രണ്ടാം പകുതി സിനിമ കേരളം വിട്ടു. തെലുഗു സിനിമയോട് ചേർന്നാണ് പിന്നെ കഥ മുന്നോട്ട് പോകുന്നത്. ഒരു വലിയ ഗുണ്ടയും അയാളുടെ കൂടെ മോഹൻലാൽ എത്തി ചേരുന്നതും തുടങ്ങി പതിവ് തെലുഗ് സിനിമയുടെ ശൈലി കൈവരിച്ചതോടെ സിനിമക്ക് സംവിധായകൻ അവസാനവും കണ്ടെത്തി. താരത്തിന്റെ കുടുംബത്തെ കിഡ്‌നാപ്പ് ചെയ്യുന്നതും അതിനെതിരെ താരം പ്രതികാരം ചെയ്യുന്നതുമൊക്കെ നൂറ് സിനിമയിൽ കണ്ടിട്ടുള്ള കാര്യമാണ്. ഒരു പുതുമയും അദ്ദേഹത്തിന് കൊണ്ട് വരാൻ കഴിഞ്ഞില്ല. അവസാന സീനിൽ തോക്കുമായി കുറെ ഗുണ്ടകൾ കാട്ടിലേക്ക് കടക്കുകയാണ് . എന്നിട് നായകനെ തുരുതുരാ വെടി വെക്കുന്നു.

നമ്മുടെ നായകനുണ്ടോ വെടി കൊള്ളുന്നു? അദ്ദേഹം താരമല്ല? സൂപ്പർ താരം! അമാനുഷനായ താരത്തിന് വെട്ടി കൊള്ളാൻ പാടില്ലല്ലോ? തോക്കിനോട് അല്പമെങ്കിലും മാന്യത കാണിക്കണമായിരുന്നു. ഒരു വെടി പോലും കൊള്ളിക്കാൻ കഴിയാതെ ഉണ്ട കിടന്ന് നില വിളിക്കുന്നത് തിയേറ്ററിൽ മൊത്തം കേൾക്കാമായിരുന്നു. ഉണ്ട വരുമ്പോൾ നായകൻ തല മാറ്റുന്ന പതിവ് തമിഴ് തെലുഗ് രംഗങ്ങൾ ഇഷ്ടം പോലെ കുത്തികേറ്റിയിട്ടുണ്ട്. വൈശാഖിന്റെ അടുത്ത സിനിമയിൽ ട്രെയിൻ പിടിച്ച് ആട്ടി എറിഞ്ഞു വില്ലനെ കൊല്ലുന്ന രംഗങ്ങൾ ഉണ്ടാകുമെന്ന

കാര്യത്തിൽ സംശയമില്ല. സംവിധായകന്റെ തള്ളൽ ഗംഭീരമായിരുന്നു. പുലിയുമായി ലാലേട്ടന്റെ നേരിട്ടുള്ള ഫൈറ്റ്.! നല്ല അസ്സല് ഗ്രാഫിക്‌സ് ആണ് ഇതെന്ന് മനസ്സിലാക്കാൻ ഹലുവയും അയിലക്കറിയും ഏതാണെന്നറിയുന്ന ഏതൊരാൾക്കും പറ്റും. തള്ളുമ്പോൾ മയത്തിലൊക്കെ തള്ളണം. സ്വാഭാവികത തീരെയില്ലായിരുന്നു. ഇത്തരം സിനിമകളെടുക്കുമ്പോൾ ഉറുമി, പഴശ്ശി രാജ പോലുള്ള മലയാളം സിനിമകൾ ഒന്ന് കാണുന്നത് നന്നായിരുന്നു. ഉദയ് കൃഷ്ണയുടെ ആദ്യ തിരക്കഥ തനനെ ക്‌ളീഷെയുടെ പൂമരമാണ്. അശ്ലീലം അനാവശ്യത്തിനും അല്ലാതെയും പല രംഗത്തും കുത്തി നിറക്കപ്പെട്ടു. വില്ലൻ .ഗുണ്ടകൾ, നായകൻ. കൊല്ലുന്നു! പ്രതികാരം ചെയ്യുന്നു!. നായകന്റെ നാട്ടിൽ ഇടക്ക് പുലിയെ ഇറക്കുന്നു . സിനിമ തീർന്നു. ഇതിലെ സംഘട്ടനങ്ങൾ ഒരിക്കലും യുക്തിക്ക് യോജിച്ചതായിരുന്നില്ല .ഇതിനു വേണ്ടിയായിരുന്നു പീറ്ററിനെ കൊണ്ട് വന്നതെന്ന് ചോദിച്ച് പോകുന്ന ആയിരക്കണക്കിന് പ്രേക്ഷകരിൽ ഒരാൾ മാത്രമാണ് ഞാൻ .

ഈ സിനിമക്ക് എന്തിനാ ടോമിച്ചാ 30 കോടി ?? കാട്ടിൽ വച്ച് താരങ്ങൾ സംഭാഷണം പറയുന്നതിനാണോ 30 കോടി? 300 രൂപ കൊടുത്താൽ സ്‌കൂളിലെ പിള്ളേര് ഇതിലും മനോഹരമാക്കി വയനാട്ടിലെ ഫോറസ്റ്റിൽ പോയി ഷൂട്ട് ചെയ്തുകൊണ്ട് വരും. കമാലിനിയുടെ മുഖത്ത് ഭാവങ്ങളൊന്നുമില്ലായിരുന്നു. ഇതിനു വേണ്ടി ബംഗാളിയിൽ നിന്ന് ഒരു നടിയെ കൊണ്ട് വരേണ്ട ആവശ്യമുണ്ടായിരുന്നോ? നമിതയ്ക്ക് അവസരം കൊടുക്കാത്തതു നല്ല കാര്യമാണെങ്കിലും അവളെ പഴേ കണ്ണോട് കൂടി തന്നെയാണ് സംവിധായകൻ അവതരിപ്പിച്ചത്. ഷാജി കുമാറിന്റെ ക്യാമറ മികച്ചതായിരുന്നില്ല. പല ഷോട്ടുകളും അവ്യകത്മായിരുന്നു. വസ്ത്രാലങ്കാരത്തിന് വളരെ പ്രാധാന്യമുള്ള ഒരു സിനിമയായിട്ടും അതിന്റെ മികവ് എവിടെയും കണ്ടില്ല. ജോൺകുട്ടിയുടെ എഡിറ്റിങ് നിലവാരത്തിലെത്തിയില്ല. നീണ്ട് പോയ റീലുകൾ അങ്ങിങ്ങായി കാണുകയുണ്ടായി. ആർക്കും കണ്ടിരിക്കാവുന്ന ഒരു സാധാരണ സിനിമയാണ് പുലി മുരുഗൻ. എന്നാൽ സംവിധായാകന്റെയും മറ്റും അനാവശ്യ ഹൈപ്പും വീര വാദങ്ങളും മനസ്സിൽ വച്ച് ആരും ഈ സിനിമക്ക് പോകരുത്. അതിന് മാത്രം ഒന്നും ഇതിലില്ല. എങ്കിൽ നിങ്ങൾക്ക് സംതൃപ്തിയോടെ തിയേറ്ററിൽ നിന്നും മടങ്ങി വരാം.

നൂറിൽ (100) അറുപത് (60) മാർക്ക് കൊടുക്കുന്നു. (നിങ്ങളൊരു മോഹൻലാൽ ഫാൻ ആണെങ്കിൽ 3 മാർക്ക് കൂടി അധികം കൊടുക്കുന്നതിൽ വിരോധമില്ല. )

(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP