Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിക്കറ്റ് 43: അതിർത്തികളെ മായ്ക്കുന്ന പട്ടാളക്കഥ; പൃഥ്വിരാജിന് കൈയടി, മേജർ രവിക്ക് ബിഗ് സല്യൂട്ട്; ഇനി വേണ്ടത് മിലട്ടറി ദേശീയതയിൽ നിന്നും നായർ ഗൃഹാതുരത്വത്തിൽ നിന്നുമുള്ള മോചനം!

പിക്കറ്റ് 43: അതിർത്തികളെ മായ്ക്കുന്ന പട്ടാളക്കഥ; പൃഥ്വിരാജിന് കൈയടി, മേജർ രവിക്ക് ബിഗ് സല്യൂട്ട്; ഇനി വേണ്ടത് മിലട്ടറി ദേശീയതയിൽ നിന്നും നായർ ഗൃഹാതുരത്വത്തിൽ നിന്നുമുള്ള മോചനം!

എം മാധവദാസ്

മിമിക്രിയിലൂടെ യൂട്യൂബ് വഴി ഹിറ്റായ 'ജാലിയൻ കണാരേട്ടൻ' (ഗാന്ധിജി നിർബന്ധിച്ചിട്ടും കറൻസിയിൽ സ്വന്തം പടം കൊടുക്കാത്തയാൾ!) എന്ന ബഡായി കഥാപാത്രത്തിന്റെ അവസ്ഥയായിരുന്നു അടുത്തകാലം വരെ ഫേസ്‌ബുക്കിലും മറ്റും ചില ദോഷൈകദൃക്കുകൾ സംവിധായകൻ മേജർ രവിക്ക് ചാർത്തിക്കൊടുത്തത്. ഹെന്ദവതയും ന്യൂനപക്ഷവെറിയും അജിനമോട്ടോയാവുന്ന പട്ടാള പുളുവടികൾ നിറഞ്ഞതായിരുന്നു, ബോക്‌സോഫീസ് തരംഗമായ 'കീർത്തിചക്രക്കു'ശേഷം വന്ന മേജർ രവി സിനിമകളെല്ലാം. കാണ്ഡഹാർ, കർമ്മയോദ്ധ തുടങ്ങിയ ഇത്തരം പടപ്പുകളെല്ലാം എട്ടുനിലയിലല്ല, പത്തുനിലയിലാണ് പൊട്ടിയതും.

ഡൽഹിയിൽ ഒരു ഹിന്ദുത്വ സെമിനാറിൽ പങ്കെടുത്തുകൊണ്ട് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനാൽ തനിക്കിനി പേടിയില്ലാതെ സിനിമയെടുക്കാമെന്നും, 'കീർത്തിചക്ര' മലബാറിൽ റിലീസ് ചെയ്യാൻപോലും കഴിയില്ലെന്ന് ചിലർ പറഞ്ഞിരുന്നു, എന്നൊക്കെ തട്ടിവിട്ടതോടെ അദ്ദേഹത്തിനെതിരായ സൈബർ ആക്രമണത്തിന് മൂർച്ചകൂടി. മേജർ രവി മോഡൽ ദേശീയത എന്ന പുതിയൊരു വാക്കുതന്നെ ഉയർന്നുവന്നു. (തൂണു പിളർന്ന് നരസിംഹം പോലൊരുത്തൻ ഇറങ്ങിവന്ന് പാക് പട്ടാളക്കാരനെ അടിച്ചു ചമ്മന്തിയാക്കുന്ന ഒരു തെലുങ്കുപടത്തിന്റെ വീഡിയോ ഷെയർ ചെയ്യപ്പെട്ടത്, ഇതാ മേജർ രവിയുടെ ശിഷ്യൻ എന്ന പേരിലായിരുന്നു. വെറുതെയല്ല ഉണ്ണിമുകുന്ദൻ ഇവനെ പഞ്ഞിക്കിട്ടതെന്ന് മറ്റൊരുത്തന്റെ കമന്റ്!)

എന്നാൽ പുതിയ ചിത്രമായ പിക്കറ്റ്43 ശരാശരി മേജർ രവി പടത്തിന്റെ എല്ലാ ധാരണകളും മാറ്റിമറിക്കയാണ്. പാക്കിസ്ഥാനെ ശത്രുപക്ഷത്ത് നിർത്തുന്ന തേഞ്ഞ പട്ടാളയുക്തി മാറ്റിപ്പിടിച്ച്, വിശാലമായ മാനവികതയുടെയും മനുഷ്യാവകാശത്തിന്റെയും ഭാഗത്തേക്ക് തന്റെ തൂലികയെ മാറ്റിയ മേജർക്ക് ആദ്യംതന്നെ ഒന്നാന്തരമൊരു ബിഗ് സല്യൂട്ട്.

അതിഗംഭീരമെന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, ഒറ്റവരിയിൽ പറഞ്ഞാൽ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണിത്. മനുഷ്യത്വത്തിന്റെയും മാനവകിതയുടെയും ഭാഗത്തുനിന്ന് ചിന്തിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ടതാണിത്. പുതുവർഷത്തിലെ ആദ്യ ഹിറ്റ് ഇതാണെന്ന സൂചന നൽകി ചിത്രത്തിന് തീയേറ്ററുകളിലും നല്ല തിരക്കാണ്.

പട്ടാള സങ്കുചിതത്വത്തിൽ നിന്ന് വിശാല മാനവികതയിലേക്ക്

ഫിലിം ഫെസ്റ്റിവെലിലൊക്കെ കാണുന്നതു പോലുള്ള മികച്ച ലോക സിനിമകളുടെ തലത്തിലേക്ക് ഉയർത്താവുന്ന പ്രമേയമായിരുന്നു പിക്കറ്റ്43യുടേത്. മലയാള സിനിമ ഇതുവരെ കാണാത്ത ഈ ദൃശ്യപരിസരം ഒരുക്കിയതിന് രചയിതാവുകൂടിയായ മേജർ രവി ബോണസ് അഭിനന്ദനം അർഹിക്കുന്നു. ഉള്ളത് വൃത്തിയായി എടുത്തു എന്നല്ലാതെ ആ കഥയെ അത് അർഹിക്കുന്ന തലത്തിലേക്ക് ഉയർത്താൻ ആയില്ല എന്ന പരിഭവം ഈ സിനിമയോട് ശക്തമായി ഉണ്ട്.തത്വചിന്താപരമായ ഒരു തലത്തിലേക്ക് സിനിമ ഉയരുന്നുണ്ട്. അർഥശൂന്യമായ കവാത്തുകൾ, വെടിവെപ്പുകൾ, ആയുധസംസ്‌ക്കാരം എന്നിവയൊക്കെ കാണിച്ച് എന്റെ രാജ്യം മാത്രം ശരിയെന്ന പട്ടാള സങ്കുചിതത്വത്തിൽ നിന്ന് വിശാലമായ മാനവികതയിലേക്ക് ചിത്രം മിഴി തുറക്കുന്നുണ്ട്. പൃഥ്വിരാജും അയാൾക്ക് കൂട്ടായി വന്ന മിലിട്ടറി ഡോഗുമായുള്ള ബന്ധവും അതി ഹൃദമായി മേജർ രവി, ജോമോൻ ടി. ജോണിന്റെ കൊതിപ്പിക്കുന്ന കാമറയിലൂടെ കാണിച്ചുതരുന്നു. ചുരുങ്ങിയകാലം കൊണ്ട് മൂന്നുപേർ മരിച്ചുവീണ പിക്കറ്റ്43-യിലേക്ക് അതിർത്തി കാക്കാനത്തെുന്ന ഹരീന്ദ്രൻ നായരെന്ന പട്ടാമ്പിക്കാരൻ ഇന്ത്യൻ ജവാനും (സിനിമയിൽ പൃഥ്വിരാജ്), തൊട്ടപ്പുറത്ത് ഇതുപോലെ ഏകാകിയായി കഴിയാൻ വിധിക്കപ്പെട്ട പാക് പട്ടാളക്കാരൻ മുഷ്‌റഫ് ഖാനും (സിനിമയിൽ ഹിന്ദി നടൻ ജാവേദ് ജഫ്രി) തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ചിത്രം ഇതൾ വിരിയുന്നത്. വേലിക്കപ്പുറത്തെ ശത്രു എന്ന പരമ്പരാഗത ധാരണമാറ്റിവച്ച് അവർ അടുക്കുന്നു. ഏകാന്തതയും, ഭയവും, വിരഹവും, പ്രണയവും ലോകത്ത് എല്ലായിടത്തും ഒരുപോലെയാണെന്ന് അവർ തിരിച്ചറിയുന്നു. യുദ്ധവും നിയന്ത്രണരേഖയുമെല്ലാം ഭരണകൂടങ്ങൾ സൃഷ്ടിക്കുന്നതാണെന്നും ഒരു ശരാശരി ഇന്ത്യക്കാരനും പാക്കിസ്ഥാനിയും തമ്മിൽ എന്താണ് ശത്രുതയെന്നും ചിത്രം പറയാതെ പറയുന്നു. നിയന്ത്രരേഖയെന്ന കമ്പിവലയെ നെറ്റാക്കി വോളിബാൾ കളിച്ചും, അതിനു താഴെയിരുന്ന് ഭക്ഷണം പാകംചെയ്തും, പാട്ടുപാടിയും ആരുമില്ലാത്ത ആ മഞ്ഞുമലക്കുമുകളിലും അവർ ജീവിതം ആസ്വദിക്കുന്നു. അപ്പോഴൊക്കെ തത്വചിന്താപരമായ ഒരു തലത്തിലേക്ക് സിനിമ ഉയരുന്നുണ്ട്. അർഥശൂന്യമായ കവാത്തുകൾ, വെടിവെപ്പുകൾ, ആയുധസംസ്‌ക്കാരം എന്നിവയൊക്കെ കാണിച്ച് എന്റെ രാജ്യം മാത്രം ശരിയെന്ന പട്ടാള സങ്കുചിതത്വത്തിൽ നിന്ന് വിശാലമായ മാനവികതയിലേക്ക് ചിത്രം മിഴി തുറക്കുന്നുണ്ട്. പൃഥ്വിരാജും അയാൾക്ക് കൂട്ടായി വന്ന മിലിട്ടറി ഡോഗുമായുള്ള ബന്ധവും അതി ഹൃദമായി മേജർ രവി, ജോമോൻ ടി. ജോണിന്റെ കൊതിപ്പിക്കുന്ന കാമറയിലൂടെ കാണിച്ചുതരുന്നു. ആ ഭാഗങ്ങളൊക്കെ കാണുമ്പോൾ പെട്ടന്ന് ഇതൊരു വിദേശ സിനിമയാണോ എന്ന് തോന്നിപ്പോകും. മുഖ്യ കഥക്കിടെ ഇടക്കിടെ ഫ്‌ളാഷ് ബാക്കുകൾ മിന്നിമറയുന്ന രീതി പുതുമയുള്ളതാണെങ്കിലും പരമ്പരാഗത പ്രേക്ഷകർക്ക് ഇത് അത്രപിടിച്ചിട്ടില്ലെന്ന് തീയറ്റർ പ്രതികരണങ്ങളിൽനിന്ന് വ്യക്തം. പക്ഷേ സിനിമയുടെ ചടുലതയേയോ ഒഴുക്കിനേയൊ അത് ബാധിച്ചിട്ടില്ല. ഫ്‌ളാഷ് ബാക്കിലെ പട്ടാമ്പി ദൃശ്യങ്ങളും പൊറാട്ടു സംഘത്തെപ്പോലെ താലിബാൻകാർ വരുന്നതും കല്ലുകടികളാണ്.

പൃഥ്വി - ജാവേദ് അഭിനയ മൽസരം

താരങ്ങളുടെ മികച്ച പ്രകടനമാണ് പിക്കറ്റിനെ മിഴിവുറ്റതാക്കിയത്. ഒരു ഘട്ടത്തിൽ അത് പൃഥ്വിരാജും ഹിന്ദി നടൻ ജാവേദ് ജഫ്രിയും തമ്മിലെ എകാഭിനയ മൽസരം പോലെ ഉഷാറായി വളരുന്നു. പതിവ് കോമഡി കുടംബവേഷങ്ങളിൽ ഒതുങ്ങേണ്ട നടനല്ല ജാവേദ് ജഫ്രിയെന്ന് ഈ ചിത്രം തെളിയിക്കുന്നു. ഇത് ഹിന്ദിയിൽ ഇറങ്ങിയാൽ അത് ജാവേദിന് വലിയ ബ്രേക്കായിരിക്കും. ചില രംഗങ്ങളിൽ പൃഥ്വിയെ വെട്ടിച്ച് ജാവേദ് മുന്നേറുന്നുണ്ടെങ്കിലും കൈ്‌ളമാക്‌സിൽ നമ്മുടെ രാജു തകർക്കുന്നുണ്ട്. (പൃഥ്വി എന്ന നടന്റെ മിനിമം ഗ്യാരന്റിയിലാണ് ഈ ലേഖകനൊക്കെ ഈ സിനിമക്ക് കയറിയത്. വ്യത്യസ്തകളില്ലാത്ത ഒരു പട്ടാളപ്പുളുവിന് ഈ യുവനടൻ തലവച്ച് കൊടുക്കില്ലെന്ന് ഏവർക്കും അറിയാം. നടൻ ഇടപെട്ടാലും സിനിമ നന്നാവുമെന്നുള്ള ചുരുക്കം) 'ഞാൻ' എന്ന രഞ്ജിത്ത് ചിത്രത്തിൽ വിസ്മയിപ്പിച്ച രഞ്ജിപ്പണിക്കർ മിലിട്ടറി കമാൻഡറായി ഇതിലും കസറി. സംവിധായകനും നടനുമായ ലാലിനെപ്പോലെ നല്ലൊരു അഭിനേതാവ് രഞ്ജിയിലും പൊട്ടിവിടരുന്നുണ്ട്. നായികയില്ലാത്ത ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ മുറപ്പെണായി എതാനും സീനുകളിൽ വരുന്ന യുവതിക്ക് മേക്കപ്പിട്ട് സുന്ദരിയായിരിക്കുക എന്ന ധർമ്മം മത്രമേയുള്ളൂ. ജോമോൻ ടി ജോണിൽ നല്ലൊരു ക്യാമറാമാൻ മാത്രമല്ല സംവിധായകനും ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് ഫ്രെയിം കോമ്പോസിഷൻ കണ്ടാലറിയാം.
അടുത്തകാലത്ത് ഏതാണ്ട് എല്ലാ ചിത്രങ്ങളിലും എന്ന പോലെ സംഗീതം ഈ മഞ്ഞുറയുന്ന കാൽപ്പനിക സിനിമയിലും നന്നായിട്ടില്ല. മുരുകൻ കാട്ടാക്കടയുടെ വരികളും രതീഷ്വേഗയുടെ സംഗീത സംവിധാനവും ശരാശരി മാത്രം. പക്ഷേ സിനിമയുയർത്തുന്ന രാഷ്ട്രീയ വശങ്ങൾ നോക്കുമ്പോൾ ചില നടപ്പുരീതികൾ ഈ സിനമയിലും ആവർത്തിക്കപ്പെടുന്നുണ്ട്.

മിലട്ടറി ദേശീയതയും നായർ ഗൃഹാതുരത്വവും സൈനിക സങ്കുചിതത്വത്തിൽ നിന്ന് മേജർ രവി മാനസികമോചനം നേടിയിട്ടുണ്ടെങ്കിലും സൈനിക ദേശീയത എന്ന അപകടകരമായ അവസ്ഥയിൽനിന്ന് അദ്ദേഹത്തിന് പുറത്തുകടക്കാനായിട്ടില്ല. 'പൂർവാശ്രമത്തിൽ' മിലിട്ടറി മേജറായിപ്പോയത് ഒരു ചലിച്ചിത്രകാരൻ എന്ന നിലയിൽ രവിക്ക് ബാധ്യതയാവരുത്.സൈനിക സങ്കുചിതത്വത്തിൽ നിന്ന് മേജർ രവി മാനസികമോചനം നേടിയിട്ടുണ്ടെങ്കിലും സൈനിക ദേശീയത എന്ന അപകടകരമായ അവസ്ഥയിൽനിന്ന് അദ്ദേഹത്തിന് പുറത്തുകടക്കാനായിട്ടില്ല. 'പൂർവാശ്രമത്തിൽ' മിലിട്ടറി മേജറായിപ്പോയത് ഒരു ചലിച്ചിത്രകാരൻ എന്ന നിലയിൽ രവിക്ക് ബാധ്യതയാവരുത്. ഏറ്റവും മോശമായ ജനാധിപത്യ ഭരണത്തേക്കാൾ മോശമാണ് സൈനിക ഭരണം എന്നത് ലോക രാഷ്ട്രങ്ങളുടെ അനുഭവമായിരിക്കേ, പട്ടാളത്തെ എവറസ്റ്റീകരിക്കാൻ എല്ലാ സിനിമകളിലും അദ്ദേഹം ശ്രമിക്കുന്നത് 'റുട്ടീൻ' എന്നു കരുതി തള്ളാൻ കഴിയില്ല. സൈന്യം നടത്തുന്ന കൂട്ടമാനഭംഗങ്ങളും (മണിപ്പൂരിൽ വീട്ടമ്മമാർ ആർമി ക്യാമ്പിലേക്ക് നഗ്‌നരായി മാർച്ച് നടത്തിയതും ഇറോം ശർമിളയുടെ സഹനസമരവും ഒക്കെ ഓർക്കുക) വ്യാജ ഏറ്റുമുട്ടലുകളും, കോടികളുടെ ആയുധ അഴിമതിയുമൊന്നും മേജർ രവി സിനിമകളിിൽ കാണാറില്ല. കത്തിനായി കാത്തിരിക്കുന്ന സൈനികനും മറ്റും നൂറ്റൊന്ന് ആവർത്തിച്ചു കഴിഞ്ഞതിനാൽ ഒന്നുകിൽ മേജർ രവിക്ക് മടുക്കണം അല്ലെങ്കിൽ പ്രേക്ഷകർക്ക് മടുക്കണം. ഈ സിനിമയിലും അവധികിട്ടാത്തിനാൽ ഹരീന്ദ്രൻനായർക്കുണ്ടാകുന്ന വ്യക്തി നഷ്ടങ്ങൾ ചില്ലറയല്ല. അയാൾക്ക് തട്ടിക്കൊണ്ടുപോവാൻ അവധിയില്ലാത്തതിനാൽ കാമുകി കൂടിയായ അമ്മാവന്റെ മകൾ വേറെയാെരാളെ വിവാഹം കഴിക്കുന്നു.അമ്മ മരിക്കുന്ന വിവരവും അയാൾ അറിയുന്നില്ല. ഇതൊക്കെ നാം എത്രകണ്ടതാണ്.

പട്ടാളക്കാരുടെ കഷ്ടപ്പാടുകൾ ഇടക്കിടെ ഓർമ്മിപ്പിച്ചില്ലെങ്കിൽ സമൂഹത്തിന് അവരോടുള്ള ബഹുമാനം കുറഞ്ഞുപോകുമെന്നാണോ മേജർ രവി കരുതുന്നത്. മാത്രമല്ല ഇതൊരു പണവും പദവിയുമുള്ള ജോലി കൂടിയല്ലേ. ഇവരെ ആരും തട്ടിക്കൊണ്ടുപോയി ബലാൽക്കാരമായി സൈന്യത്തിൽ ചേർത്തതല്ലല്ലോ. ലക്ഷക്കണക്കിന് അപേക്ഷകരിൽ നിന്ന് എതാനും ഭാഗ്യവാന്മാരല്ലേ ഇന്ന് സൈനികരായി എത്തുന്നത്. അവസാനം പ്രേക്ഷകർ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ച് 'കീർത്തിചക്ര' കണ്ടതുപോലെ ഇറങ്ങിപ്പോവണം എന്ന് ഉദ്ദേശിച്ചെന്നോണം, മഞ്ഞിനും തണുപ്പിനും ഭീകരവാദികൾക്കുമിടയിൽ നമ്മെ കാക്കുന്ന ജവാന്മാരെക്കുറിച്ച് ലഫ്റ്റനന്റ് കേണൽ മോഹൻലാലിന്റെ സോദ്ദേശ ക്ലാസുമുണ്ട്. (നോക്കണേ തീയേറ്റിൽ പോയാലുള്ള ഒരോ ദുരിതം. ശ്വാസകോശം സ്‌പോഞ്ചുപോലെ ആയതുതന്നെ താങ്ങാനാവുന്നില്ല!)

മലായ യൂസഫ്‌സായിയുടെയൊക്കെ ജീവിതാനുഭവം കൊണ്ട് ലോകത്തിന് ബോധ്യപ്പെട്ടതാണ് പാക് താലിബാൻ പെൺകുട്ടികൾ വിദ്യാസമ്പന്നരാകുന്നതിനോടുള്ള വിരോധം. സിനിമ അത് എടുത്തുപറയുമ്പോൾ ചെറുതായി ഒരു ഏകപക്ഷീയത തോന്നുന്നു. പാക്കിസ്ഥാനിലെ പുഴുക്കുത്തുകളെക്കുറിച്ച് പറയാം, ഇന്ത്യയെക്കുറിച്ച് പാട്ടും പ്രണയവും മാത്രം എന്ന നിലപാട് ശരിയാണോ. കമൽഹാസന്റെ വിശ്വരൂപത്തിലെന്നപോലെ പാക് പട്ടാളക്കാരൻ നിസ്‌ക്കരിക്കുമ്പോൾ വലിയയൊരു തോക്കിന്റെ പശ്ചാത്തലം രണ്ടുതവണ കാണുന്നത് ഒരു പക്ഷേ യാദൃശ്ചികമാവാം. പക്ഷേ ഇന്ത്യൻ പട്ടാളക്കാരൻ നിലവിളക്ക് കൊളുത്തുമ്പോൾ ബങ്കറിനകത്ത് തോക്കില്ലെന്നതും യാദൃശ്ചികമാവാം!

പട്ടാളക്കാരന്റെ ഫ്‌ളാഷ്ബാക്ക് പറയുന്നിടത്തൊക്കെ പഴയൊരു നായർ തറവാടും പുഴയും വള്ളുവനാടൻ ഗ്രാമവും വേണമെന്ന് രവിക്ക് നിർബന്ധമാണ്. അച്ഛൻ പത്തായത്തിലില്ല എന്ന മോഡലിൽ മതസൗഹാർദമുണ്ടാക്കാൻ ശ്രമിക്കേണ്ടകാര്യവും എന്താണെന്ന് മനസ്സിലാവുന്നില്ല. ഒരു വീടോ, സമ്പാദ്യമോ ഇല്ലെന്ന് പറഞ്ഞ് സ്വന്തം അമ്മാവൻ പെണ്ണുകൊടുക്കാത്ത ഹരീന്ദ്രൻ നായർ, തൊട്ടടുത്ത വീട്ടിലെ ഒരു മുസ്ലിം പെൺകുട്ടിയെ മാസാമാസം മണിയോഡർ അയച്ച് പഠിപ്പിക്കയാണ്. ആ കുട്ടി ഹരീന്ദ്രൻ നായർക്ക് സ്വന്തം പെങ്ങളെപ്പോലെയാണെന്നും സിനിമ എടുത്തു പറയുന്നു.

ഈ കിണ്ടി, കോളാമ്പി, ചെമ്പുരുളി ബാധ്യതകളിൽ നിന്നും വ്യാജ മതസൗഹാർദങ്ങളിൽ നിന്നും അടുത്ത തവണയെങ്കിലും മേജർ പുറത്തുകടക്കുമെന്ന് നമുക്ക് ആശ്വസിക്കാം. ഇത്രയെങ്കിലും എത്തിച്ചത് പ്രതീക്ഷ ഉയർത്തുന്നു. മൊഴിമാറ്റി അന്യഭാഷകളിൽ കൂടി നിർബന്ധമായും ഇറക്കേണ്ട സിനിമയാണിത്.

വാൽക്കഷ്ണം: സൈന്യവും പട്ടാമ്പിയും പോലെ തന്നെ മേജർ രവിയുടെ വീക്ക്‌നെസാണ് മോഹൻലാലുമെന്ന് തോന്നുന്നു. ലാലിന്റെ വോയ്‌സ് ഓവറിലാണ് ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും. പിക്കറ്റിലത്തെിയ ഹരീന്ദ്രൻനായർ അവിടെ ഒട്ടിക്കുന്നത് മേജർ മഹാദേവന്റെ ചിത്രമാണ്. ഇത് ഒന്നാന്തരമൊരു വിപണന തന്ത്രവും കൂടിയാണ്. പടക്കം പൊട്ടുന്നതുപോലുള്ള കയ്യടിയാണ് മോഹൻലാലിന്റെ ശബ്ദത്തിനും എന്തിന് പോസ്റ്ററിനുപോലും കിട്ടുന്നത്. ഈ പ്രായത്തിലും മോഹൻലാൽ തന്നെയാണ് ഇന്നും കേരളത്തിലെ എറ്റവും ജനപ്രിയ നടൻ എന്ന് പിക്കറ്റ്43യും അടിവരയിടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP