Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാപ്പരായ പ്രൈവറ്റ് ലിമിറ്റഡ്! വെറും ഉപരിവിപ്‌ളവ സാമൂഹിക-രാഷ്ട്രീയ ചിത്രം; ആക്ഷേപം ധാരാളമുള്ള ചിത്രത്തിൽ ഹാസ്യം കുറവ്; മെർസലിനെ കടത്തി വെട്ടുന്ന കേന്ദ്ര സർക്കാർ വിമർശനവും എങ്ങുമത്തൊതെ

പാപ്പരായ പ്രൈവറ്റ് ലിമിറ്റഡ്! വെറും ഉപരിവിപ്‌ളവ സാമൂഹിക-രാഷ്ട്രീയ ചിത്രം; ആക്ഷേപം ധാരാളമുള്ള ചിത്രത്തിൽ ഹാസ്യം കുറവ്; മെർസലിനെ കടത്തി വെട്ടുന്ന കേന്ദ്ര സർക്കാർ വിമർശനവും എങ്ങുമത്തൊതെ

എം മാധവദാസ്

സാമൂഹ്യ പ്രതിബദ്ധത കുറച്ച് കൂടുതലുള്ള സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. ആദ്യ ചിത്രമായ പാസഞ്ചർ മുതൽ തന്റെ ഭൂരിഭാഗം ചിത്രങ്ങളിലും ഇക്കാര്യം തെളിയിക്കാനുള്ള ശ്രമങ്ങൾ ഈ സംവിധായകൻ നടത്തിയിട്ടുണ്ട്. അഴിമതി, റിയൽ എസ്റ്റേറ്റ് മാഫിയ, ബ്യൂറോക്രാറ്റിക് രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെക്കെതിരെയെല്ലാം ശബ്ദമുയർത്തുന്ന രഞ്ജിത്ത് ശങ്കർ, തരക്കേടില്ലാതെ ഓടിയ പുണ്യാളൻ അഗർബത്തീസിന് രണ്ടാം ഭാഗമൊരുക്കി പുണ്യാളൻ അഗർബത്തീസ് പ്രൈവറ്റ് ലിമിറ്റഡുമായി രംഗത്തത്തെുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് അശേഷം കുറവില്ല.

റോഡിൽ കുഴിയടച്ച് തന്റെ സാമൂഹ്യ പ്രതിബന്ധത തെളിയിച്ച ജയസൂര്യ നായകനായത്തെുമ്പോൾ,പ്രതിബദ്ധ എല്ലാം കുറച്ചു കൂടിപ്പോയി എന്നേ പരാതിയുള്ളു.അതുകൊണ്ടുതന്നെ തൊലിപ്പുറമെയുള്ള രാഷ്ട്രീയ വിമർശനവും കോമഡിയെന്നപേരിലുള്ള കുറേ തറനമ്പറുകളുമല്ലാതെ പ്രേക്ഷകനെ അനന്ദിപ്പിക്കുന്ന യാതൊന്നും ഈ ചിത്രത്തിലില്ല. ആദ്യ പകുതി സഹിക്കാം.പക്ഷേ എന്റെ ചക്കരേ, രണ്ടാം പകുതി ഹൊറിബിൾ.എന്താണ് ഈ കാണിച്ചുവെച്ചിരിക്കുന്നത്.

പാസഞ്ചർ എന്ന മലായളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ന്യൂജൻ പടമെടുത്ത സംവിധായകൻ എത്രകണ്ട് പിറകോട്ട് പോയി എന്നനോക്കുക. പ്രേതമായലും പുണ്യാളനായാലും ഓരോ പടം കഴിയുന്തോറും, സംവിധയകാൻ ഞണ്ടിനെപ്പോലെ പിറകോട്ട് നടക്കുന്നത് മഹാ കഷ്ടമാണ്.

ഉപരിവിപ്‌ളവമായ സാമൂഹിക-രാഷ്ട്രീയ ചിത്രം

കേരളത്തിലെ രാഷ്ട്രീയ സംഭവികാസങ്ങളെ ഹാസ്യാത്മകമായി നോക്കിക്കണ്ട നിരവധി സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ചിത്രങ്ങളുണ്ട്. ബസ് വാങ്ങി വെട്ടിലായ ഗൾഫുകാരന്റെ കഥ പറഞ്ഞ വരവേൽപ്പ് തന്നെ ഒരുദാഹരണം. ദാക്ഷായണി ബിസ്‌ക്കറ്റ് കമ്പനി തുടങ്ങാൻ പോയി വടിപിടിച്ച യുവാവിന്റെ കഥ പറഞ്ഞ മിഥുനം എന്ന പ്രിയദർശൻ ചിത്രം മറ്റൊരുദാഹരണം.

കാലം മാറിയെങ്കിലും കേരളത്തിലെ അവസ്ഥകൾ മാറിയിട്ടില്ല എന്ന് വ്യക്തമാക്കിക്കോണ്ട് രഞ്ജിത്ത് ശങ്കർ ഒരുക്കിയ ചിത്രമായിരുന്നു പുണ്യാളൻ അഗർബത്തീസ്. പുണ്യാളൻ അഗർബത്തീസ് നിർമ്മിക്കാൻ ഇറങ്ങിയ ജോയി താക്കൊൽക്കാരൻ എന്ന തൃശൂർക്കാരൻ യുവാവ് ( ചിത്രത്തിൽ ജയസൂര്യ) നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു ചിത്രം പറഞ്ഞത്. ഹർത്താൽ, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി, രാഷ്ട്രീയ ഇടപെടലുകൾ എന്നിവയ്‌ക്കോപ്പം ജോയിയുടെ കുടുംബ ജീവിതവും ചിത്രത്തിൽ ഇഴചേർത്തു.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുമ്പോൾ അത് പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമല്‌ളെന്നും, പുതിയൊരു കഥ ആ പശ്ചാത്തലത്തിൽ പറയുക മാത്രമാണെന്നുമായിരുന്നു സംവിധായകന്റെ വാദം. എന്നാൽ ഇത് ശരിയല്ലന്നെ് സിനിമ വ്യക്തമാക്കിത്തരുന്നുണ്ട്. അത്യാവശ്യം ഓടിയ ഒരു ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അതേ കഥാപാത്രങ്ങളെ ഉപയോഗപ്പെടുത്തിക്കോണ്ട്, ഒരു തട്ടിക്കൂട്ട് കഥ പതിഷ്ഠിക്കുകയാണ് സംവിധായകൻ ചെയ്തതെന്ന് വ്യക്തമാണ്.

അഗർബത്തീസിൽ നിന്ന് വ്യത്യസ്തമായി അതീവ ദുർബലമാണ് പ്രൈവറ്റ് ലിമിറ്റഡിന്റെ തിരക്കഥ. ഓരോ കഥാപാത്രത്തെയും വ്യക്തമായി അവതരിപ്പിച്ച്, നർമ്മത്തിന്റെ അകമ്പടിയോടെ വർത്തമാനകാല അവസ്ഥകളെ നോക്കിക്കാണുകയായിരുന്നു പുണ്യാളൻ അഗർബത്തീസ്. എന്നാൽ പ്രൈവറ്റ് ലിമിറ്റഡിൽ എത്തുമ്പോൾ അതേ കഥാപാത്രങ്ങളെ കയറൂരി വിട്ട് രാഷ്ട്രീയ- ഭരണകൂട സംവിധാനങ്ങളോട് എന്തൊക്കെയോ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ചിത്രം.

ജോയി താക്കൊൽക്കാരന്റെ മുഴുനീള പോരാട്ടമാണ് ചിത്രം. അതുകൊണ്ട് തന്നെ അയാളുടെ കുടുംബമോ ചുറ്റുപാടുകളോ ഒന്നും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. തുടക്കം മുതൽ തന്നെ ജോയിയുടെ ബിസിനസ്സ് ലോകവും സുഹൃത്തുക്കളും മാത്രമാണ് രംഗത്തുള്ളത്. സമകാലിക രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങൾ ഓരോന്നായി തുറന്ന് കാണിക്കാനാണ് ഇവിടെ ശ്രമം. സമൂഹ മാധ്യങ്ങളിലും പത്രങ്ങളിലും ദിനം പ്രതി കാണുന്ന സംഭവങ്ങൾ കാരിക്കേച്ചർ രൂപത്തിൽ അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടി ആഴത്തിൽ പ്രശ്‌നങ്ങളെ സമീപിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. ഉപരിവിപ്‌ളവമായാണ് രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങളെ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ ചിത്രമെന്ന നിലയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ പക്ഷെ ആക്ഷേപങ്ങൾ ധാരാളം ഉന്നയിക്കുമ്പോളഴും ഹാസ്യം മാത്രം പൂർണ്ണമാവാതെ വഴിമുടക്കി നിൽക്കുന്നു. മുദ്രാവാക്യങ്ങൾ പോലെ ജോയി താക്കൊൽക്കാരൻ എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നതിനപ്പുറം നല്‌ളൊരു ആക്ഷേപ ഹാസ്യ സിനിമയായി പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് മാറുന്നില്ല.

ആദ്യ പകുതിയിലെ രംഗങ്ങൾ പലതും പുണ്യാളൻ അഗർബത്തീസിന്റെ ഉൾപ്പെടെ ആവർത്തനമായി അനുഭവപ്പെടുന്നുണ്ടെങ്കിലും ലളിതമായി കഥ പറയുന്നതിനാൽ കണ്ടിരിക്കാം. എന്നാൽ സംഭവ ബഹുലമായ രണ്ടാം പകുതി പലപ്പോഴും ഒരു നാടകം പോലെ അനുഭവപ്പെടുന്നു. അടിമുടി കൃത്രിമത്വം നിറഞ്ഞ രംഗങ്ങളാണ് രണ്ടാം പകുതിയിൽ കൂടുതലും. അതുകൊണ്ട് തന്നെ സിനിമ ഇവിടെ പലപ്പോഴും വിരസവുമാകുന്നു.

'ഇനി അണ്ടർവയറിന്റെ വള്ളി മാത്രമെയുള്ളൂ ആധാറുമായി ബന്ധിപ്പിക്കാൻ'

രാഷ്ട്രീയ വിമർശനത്തിൽ വിജയുടെ മെർസലിനെ കവച്ച് വെക്കുന്നുണ്ട് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് . കേന്ദ്ര സർക്കാറിനെ ഉൾപ്പെടെ രൂക്ഷമായി വിമർശിക്കുന്നുണ്ട് ഈ ചിത്രം. നോട്ട് നിരോധനത്തെ, ആധാർ ബന്ധിപ്പിക്കലിനെ, തിയേറ്ററിൽ ദേശീയ ഗാനം അടിച്ചൽേപ്പിക്കുന്നതിനെ, ഭക്ഷണ സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെയെല്ലാം ജോയ് താക്കൊൽക്കാരൻ സധൈര്യം ശബ്ദമുയർത്തുന്നു. ശബ്ദം നഷ്ടപ്പെട്ട മലയാള സിനിമാ ലോകത്ത് ജോയിയുടെ ഈ ശബ്ദം വലിയൊരു വിപ്‌ളവം തന്നെയാണെന്ന് പറയാവുന്നതാണ്.
മെർസലിനേക്കാൾ കുറച്ചു കൂടി ശക്തമാണ് ജോയിയുടെ വിമർശനങ്ങൾ. സിനിമാ തിയേറ്ററിലല്ല സർക്കാർ ഓഫീസുകളിലും കോടതികളിലുമെല്ലാമാണ് ദേശീയ ഗാനം ആദ്യം കേൾപ്പിക്കേണ്ടതെന്ന് പറയുന്ന ജോയി ഇനി അണ്ടർവയറിന്റെ വള്ളി കൂടെ മാത്രമെ ആധാറുമായി ബന്ധിപ്പിക്കാൻ ബാക്കിയുള്ളു എന്നെല്ലാം പറയുന്നുണ്ട്. പക്ഷെ ചില തമിഴ് ചിത്രങ്ങളിലേതുപോലെ എന്തൊക്കെയോ പറഞ്ഞുപോകുന്നു എന്ന ഫീൽ മാത്രം അനുഭവപ്പെടുന്നതാണ് ചിത്രത്തിന്റെ പോരായ്മ.

ആനപ്പിണ്ടത്തിൽ നിന്ന് അഗർബത്തിയുണ്ടാക്കുന്ന ബിസിനസ്സ് പൊളിഞ്ഞ് ഫാക്ടറി ജപ്തി ചെയ്ത അവസ്ഥയിലാണ് ജോയി താക്കൊൽക്കാരൻ. രാഷ്ട്രീയത്തിൽ നിന്നെല്ലാം മാറി നിൽക്കുന്ന പുള്ളിയുടെ പുതിയ ആശയം ആനമൂത്രത്തിൽ നിന്ന് കുടിവെള്ളം നിർമ്മിക്കാനുള്ള ഫാക്ടറിയാണ്. ഈ ശ്രമത്തിനിടയിൽ കോർപ്പറേഷനുമായും ഒരു രാഷ്ട്രീയ നേതാവുമായും കെ എസ് ആർ ടിസിയുമായും അദ്ദഹത്തേിന് ഏറ്റുമുട്ടേണ്ടിവരുന്നു. ഈ ഏറ്റുമുട്ടൽ വളരെ പെട്ടന്ന് തന്നെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ശക്തൻ രാജശേഖരൻ (വിജയരാഘവൻ) മായുള്ള പോരാട്ടമായി മാറുന്നു. ഷങ്കറിന്റെ സൂപ്പർ ഹിറ്റ് തമിഴ് ചിത്രം മുതൽവനെപ്പോലെ ഒരു ദിവസം മുഖ്യമന്ത്രിക്കോപ്പം നിൽക്കാൻ ജോയി്ക്ക് അവസരം ലഭിക്കുകയാണ്. ഈ ഒരു ദിവസം കൊണ്ട് ജോയി മുഖ്യമന്ത്രിയെ പൊളിച്ചടുക്കുന്നതാണ് ചിത്രത്തിന്റെ കഥ.

റോഡിലെ കുഴി, മാലിന്യ പ്രശ്‌നം എന്നിവയെല്ലാം ഉന്നയിച്ച് ജോയി മുഖ്യമന്ത്രിയെ നേരിടുന്നു. തമിഴ് ചിത്രങ്ങളുടേത് മാതിരി സംഭാഷണങ്ങളിലൂടെയുള്ള ഏറ്റുമുട്ടലാണ് പിന്നീട്. ഓരോ സാധാരണക്കാരനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളാണ് ജോയി ചോദിക്കുന്നതെങ്കിലും പലതും ഫേസ് ബുക്ക് കമന്റുകകളുടെ തരത്തിലാണ് കൈകാര്യം ചെയ്യപ്പടുന്നത്. പക്ഷേ തീർത്തും ഉപരിവിപ്‌ളവുമായയ രീതിയിൽ രാഷ്ട്രീയ കാഴ്ചകൾ ചർച്ച ചെയ്യപ്പടുന്ന കേരളത്തിൽ കയ്യികൾ ഉയർത്തിയേക്കാം.

തീർത്തും ജയസൂര്യാഷോ, ഓവറാക്കി മറ്റ് കൊമേഡിയന്മാർ

ജോയിക്ക് ചിത്രത്തിൽ നായികയില്ല. ആദ്യഭാഗത്തിൽ അദ്ദഹത്തേിന്റെ ഭാര്യയായി വേഷമിട്ട നൈല ഉഷ പ്രസവത്തോടെ മരിച്ചുവെന്ന് സിനിമയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് ഫോട്ടോകളിലാണ് അവരുടെ സാന്നിധ്യം. തീർത്തും ജയസൂര്യ ഷോ ആണ് ചിത്രം. ഒരു വിധം എല്ലാ രംഗങ്ങളിലും താരത്തിന്റെ സാന്നിധ്യം ചിത്രത്തിലുണ്ട്. ആദ്യഭാഗത്തിലേതുപോലെ ഇവിടെയും ജയസൂര്യ നല്ല പ്രകടനം കാഴ്ച വെച്ചു. ആ അഭിനയ മികവിലാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള സഞ്ചാരം. കല്ലുകടിയുയർത്തുന്ന പല രംഗങ്ങളും ജയസൂര്യ സ്വന്തം നിലയിലാണ് രക്ഷിച്ചെടുക്കുന്നത്.



ആദ്യ ചിത്രത്തിലേതുപോലെ ഓരോ കഥാപാത്രത്തെയും വ്യക്തമായി അവതരിപ്പിച്ച് രസകരമായ ഒരൊഴുക്കോന്നും ഇവിടെ നടത്തിയിട്ടില്ല. സ്ത്രീ കഥാപാത്രങ്ങൾക്കോന്നും തീരെ പ്രാധാന്യമില്ല. അഗർബത്തീസിലെ മറ്റ് കഥാപാത്രങ്ങളെല്ലാം വിഡ്ഢിക്കഥാപാത്രങ്ങൾ പോലെയാണ് സ്‌ക്രീനിൽ എത്തുന്നത്. അഭയകുമാർ, ജിബ്രൂട്ടൻ എന്നിവരെല്ലാം ജോയിയ്‌ക്കോപ്പം ഇപ്പോഴുമുണ്ട്. ഗ്രീനോയാവട്ടെ ഗൾഫിലാണ്. അതുകൊണ്ട് തന്നെ അജുവർഗീസിന്റെ ഗ്രീനോ വീഡിയോ ലൈവിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിന്പകരമായി പീർ തനീഷ് എന്ന അഭിഭാഷകനായി ധർമ്മജൻ ബോൾഗാട്ടി രംഗത്തുണ്ട്. എന്നാൽ ഈ വക്കീൽ കഥാപാത്രം തീർത്തും അനാവശ്യമായ കൂട്ടിച്ചേർക്കൽ മാത്രമായി അനുഭവപ്പെടുന്നു. നല്ല രീതിയിൽ നർമ്മം കൈകാര്യം ചെയ്യറുള്ള ധർമ്മജന്റെ കോമഡി നമ്പറുകളൊന്നും ഇവിടെ ഏൽക്കുന്നില്ല.

പുണ്യാളൻ അഗർബത്തീസിൽ അഭയനായി തകർത്ത് അഭിനയിച്ച ശ്രീജിത്ത് രവിയെക്കോണ്ട് അനാവശ്യമായി കോമഡി സൃഷ്ടിക്കാൻ ശ്രമിച്ചത് തിരിച്ചടിയാകുന്നു. ജയരാജ് വാര്യർ, സുനിൽ സുഗത, വിഷ്ണു ഗോവിന്ദ്, ആര്യ, ഗിന്നസ് പക്രു തുടങ്ങിയവരാണ് മറ്റുള്ളവർ. വ്യവസ്ഥിതിയോട് പോരാടാൻ ഭരണകൂടത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ തമിഴ് ചിത്രമായ മെർസൽ മാത്രമല്ല ഞങ്ങൾ മലയാളികളുടെ ജോയിയേട്ടനും ഉണ്ട് എന്ന് പറയുന്നത് മാത്രമാണ് ചിത്രത്തിന്റെ മേന്മ.

മെർസൽ കണ്ട് ആനന്ദിച്ചവർക്ക് മലയാളി ഉയർത്തുന്ന ചോദ്യങ്ങൾ കേട്ട് വേണമെങ്കിൽ കയ്യടിക്കാം. അല്ലാത്തവർക്ക് പക്ഷെ പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിന്റെ അടുത്തെങ്ങും എത്താത്ത ഒരു സാധാരണ രണ്ടാം ഭാഗം മാത്രമായിരിക്കും പ്രൈവറ്റ് ലിമിറ്റഡ്.

വാൽക്കഷ്ണം:
ഇനി ഈ ചിത്രത്തെ വിജയിപ്പിക്കണമെങ്കിൽ നമ്മുടെ സംഘികൾ തന്നെ വിചാരിക്കണം. മോദി സർക്കാറിനെ രൂക്ഷമായി വിമശിക്കുന്നതിനാൽ ചിത്രം നിരോധിക്കണമെന്നോ, സംവിധായകന്റെയും നിർമ്മാതാവിന്റെയും തലയെടുക്കുമെന്നോ പറഞ്ഞ് ഏതെങ്കിലും ഒരു ചാണകനേതാവ് രംഗത്ത് വന്നാൽ ചിത്രം നൂറ് കോടി ക്‌ളബിൽ ഇടം പിടിക്കും! പുണ്യാളൻ ടീം കാത്തിരികകയാവും. പ്‌ളീസ്, പ്രിയപ്പെട്ട സംഘികളെ ഞങ്ങളെയൊന്ന് വിമർശിച്ച് രക്ഷിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP