Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോറടിക്കാതെ ഇരുന്നു കാണാവുന്ന ഒരു സാധാരണ ക്രൈം ത്രില്ലർ; സിദ്ദിഖിന്റെയും ഷാജോണിന്റെയും അഭിനയം ഒഴികെ അപൂർവ്വമായി ഒന്നുമില്ല; പ്രേക്ഷകരെ ചിരിപ്പിച്ചത് സാക്ഷാൽ അഡ്വ. ജയശങ്കർ; 16 കോടി മുടക്കിയെങ്കിൽ പത്ത് കോടിയും കൊടുത്തത് ദിലീപിനാവും: രാമലീല കൂവി തോല്പിക്കേണ്ട ഒരു സിനിമയല്ല

ബോറടിക്കാതെ ഇരുന്നു കാണാവുന്ന ഒരു സാധാരണ ക്രൈം ത്രില്ലർ; സിദ്ദിഖിന്റെയും ഷാജോണിന്റെയും അഭിനയം ഒഴികെ അപൂർവ്വമായി ഒന്നുമില്ല; പ്രേക്ഷകരെ ചിരിപ്പിച്ചത് സാക്ഷാൽ അഡ്വ. ജയശങ്കർ; 16 കോടി മുടക്കിയെങ്കിൽ പത്ത് കോടിയും കൊടുത്തത് ദിലീപിനാവും: രാമലീല കൂവി തോല്പിക്കേണ്ട ഒരു സിനിമയല്ല

ഷാജൻ സ്‌കറിയ

രു സിനിമ അതിന്റെ ആദ്യ ഷോയിൽ തന്നെ ഇതിന് മുമ്പ് കണ്ടതായി ഈ ലേഖകന് ഓർമയില്ല. ദിലീപ് എന്ന നടനോട് അയാൾ ജയിലിൽ കിടക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു അനുഭാവവും ഇല്ലെങ്കിലും സിനിമ എന്ന കലാരൂപത്തെ അതിലെ താര സംഗമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല കാണേണ്ടത് എന്ന കാര്യത്തിൽ ഉറപ്പുള്ളതുകൊണ്ടാണ് രാമലീല കാണാൻ പോയത്. ആദ്യ ഷോയിൽ തന്നെ കാണാൻ പോയത് നല്ല സിനിമ ആണെങ്കിൽ നടനോടുള്ള വിദ്വേഷത്തിന്റെ പേരിൽ അത് തോറ്റുപോവരുത് എന്നു കരുതിയാണ്.

ആദ്യ ഷോ കഴിഞ്ഞ് ഓഫീസിൽ എത്തിയപ്പോൾ മനസിലായി, കൂവി തോല്പിക്കൽ കാരെക്കാൾക്കൂടുതൽ ചവിട്ടിഉയർത്തലുകാരായിരുന്നു എന്നു. യൂട്യൂബും വാട്‌സ്ആപ്പും ഫേസ്‌ബുക്കും നിറയെ നിരൂപകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ. എല്ലാവരും ഒരേസ്വരത്തിൽ പറയുന്നു ഒന്നാംതരം സിനിമയെന്നു. കൂട്ടത്തിൽ മഞ്ജു വാരിയയരുടെ സുജാത മോശം ആണെന്നും കൂടി പറഞ്ഞു കേട്ടപ്പോൾ കൊട്ടേഷൻ നിരൂപണം എന്നാൽ എന്തെന്നു കൂടി മനസിലായി.

എന്തുകൊണ്ട് രാമലീല ഒരു മോശം പടമാണ് എന്നു പറയാൻ വയ്യ. കാരണം അത് അത്രയ്ക്ക് മോശം പടമല്ല. മലയാളത്തിൽ ഇറങ്ങിയ സമാന്യം ഭേദപ്പെട്ട ഒരു ക്രൈം ത്രില്ലർ. ജിത്തു ജോസഫിന്റെ സിനിമകൾ പോലെ സസ്‌പെൻസും, വഴിത്തിരിവും ഒക്കെയുള്ള ഒരു കഥ. എന്നാൽ അത്രയധികം സൂഷ്മതയൊന്നും അവകാശപ്പെടാനുമില്ല. അപ്രതീക്ഷിതമായ ഒരു കൊലപാതകവും ആ കൊലപാതകത്തിന്റെ നേര് തേടിയുള്ള അന്വേഷണവുമാണ് രാമലീല.

ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത് സാധാരണമായ ഒരു ക്രൈം സിനിമയെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചു എന്നതുതന്നെയാണ്. നായകനായ നടൻ നിറഞ്ഞു നിൽക്കുന്ന രാമലീലയിൽ ഒരു വെബ്ചാനലാണ് നിർണായകമായ വഴിത്തിരിവാകുന്നത്. സോഷ്യൽ മീഡിയ യുഗത്തിൽ ആർക്കും നിഷേധിക്കാവാത്ത ഓൺലൈൻ സാധ്യതകൾ തുറന്നുകാട്ടുക കൂടിയാണ് ഈ സിനിമ. ഒരു പക്ഷേ, അത് തന്നെയാവും രാമലീലയുടെ പ്രധാന ഹൈലൈറ്റ്.

ഒരു ഗ്രാമത്തിലെ ഇടത് വലത് രാഷ്ട്രീയവും ഇടത് പക്ഷത്തുനിന്നും പുറത്താക്കപ്പെടുന്ന യുവനേതാവും അയാളുടെ പുതിയ നീക്കങ്ങളും ഇടത് വലത് കൂട്ടുകച്ചവടവും ഒക്കെ ചേർന്ന് ഒരു പക്കാ വാണിജ്യ സിനിമയുടെ മിക്‌സുകൾ ആണ് തുടക്കം മുതൽ. രക്തസാക്ഷിയും, അടവ് നയങ്ങളും, വലത് രാഷ്ട്രീയവും ഒക്കെ ശരിക്കും രഞ്ജി പണിക്കർ സിനിമ മോഡലിലാണ് അവതരിപ്പിക്കപ്പെടുന്നത്. രക്തസാക്ഷികളെക്കുറിച്ചുള്ള സംവിധായകന്റെ സമീപനം എന്തായാലും ഇടത് പക്ഷക്കാരുടെ കൈയടി നേടുന്നതല്ല.

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരെ കൈയടിച്ചു ചിരിപ്പിച്ച ഒരു സീൻ ഉണ്ട്. ആ ഹാസ്യനടൻ മറ്റാരുമല്ല - നമ്മുടെ ചാനൽ ചർച്ചയിൽ മെഗാ സ്റ്റാർ അഡ്വ. ജയശങ്കർ തന്നെ. നായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വെബ് ചാനലിന്റെ മുഖവർണത്തിലൂടെ ആദ്യദിവസം ക്ലൈമാക്‌സിൽ എത്തുകയും ചെയ്ത ഉടൻ നടന്ന ചാനൽ ചർച്ചയിൽ പങ്കെടുത്ത അഡ്വ. ജയശങ്കർ നടത്തുന്ന അഭിപ്രായ പ്രകടനമാണ് പ്രേക്ഷകരെ ചിരിപ്പച്ചത്.ഇന്റർവെല്ലിന് ശേഷം സിനിമയിൽ ധാരാളം സസ്‌പെൻസുകൾ ഉണ്ടാകുന്നു. എന്നാൽ ആർക്കും ഒരുപടി മുമ്പേ മനസിലാക്കാൻ കഴിയുന്നിടത്താണ് ഓരോ സ്‌റ്റെപ്പും മുന്നേറുന്നത്. സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകൻ എന്തൊക്കെ കരുതുന്നുവോ അതൊക്കെ തന്നെയാണ് നടക്കുന്നത്. നായകൻ വിജയിക്കുകയും പൊലീസ് പരാജയപ്പെടുകയും ചെയ്യുന്നിടത്താണ് കഥ അപൂർണമായതിനാൽ ഒരു പ്രകോപനവും ഇല്ലാതെ കഥയുടെ വഴി തിരിച്ച് വിട്ടു ഉള്ള ആകാഷ കൂടി ഇല്ലാതാക്കുന്നു എന്നതാണ് രസകരം.

ഏറ്റവും ശ്രദ്ധേയമായ കാര്യം അറസ്റ്റിലായ നടൻ ദിലീപിന്റെ ജീവിതവുമായി വളരെയേറെ താദാത്മ്യം ഈ സിനിമയ്ക്കുണ്ട് എന്നതാണ്. വളരെ യാഥൃച്ഛികമായാണെങ്കിലും അറംപറ്റി എന്നൊക്കെ നമ്മൾ പറയുന്നതിന് തുല്യമായ ഒട്ടേറെ സീനുകൾ കാണാം. ശ്രാദ്ധം ഊട്ടാൻ പോകുന്നത് മാത്രമല്ല കുരുക്കുകൾ എങ്ങനെ മുറുകുന്നു എന്നും അഴിയുന്നു എന്നും യാഥാർത്ഥ്യവുമായി കൃത്യമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഈ കഥയിയിൽ കുരുക്കഴിഞ്ഞതുപോലെയാകുമോ ദിലീപിന്റെ യഥാർത്ഥ ജീവിതത്തിലും കുരുക്കഴിയുന്നത് എന്നു കാത്തിരുന്നു കാണാം.

നടൻ സിദ്ദിഖ് ഒരിക്കൽ കൂടി അതുല്യനായ നടൻ ആണെന്നു രാമലീലയിലൂടെ തെളിയിച്ചിരിക്കുന്നു. ഉദയഭാനു എന്ന ഡിസിസി പ്രസിഡന്റിന്റെ റോൾ ഓർമിപ്പിക്കുന്നത് കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനെയാണ്. വെട്ടും കൊലയും ഒക്കെ വശമാക്കി വളർന്ന ഉദയഭാനുവിന്റെ രൂപവും ഭാവവും സംസാരവും ഒക്കെ മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത വിധം അസാധാരണമായി സിദ്ദിഖ് ചെയ്തു.

പിന്നെ ശ്രദ്ധേയമായ റോൾ കലാഭവൻ ഷാജോണിന്റെ ആയിരുന്നു. നായികയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ലാതെ രാമലീലയിൽ നായകനൊപ്പം തുല്യമായ റോളിൽ ഷാജോണും തിളങ്ങി. നർമം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാമലീലയിൽ ഷാജോണിന്റെ അതുല്യമായ പ്രകടനം പ്രേക്ഷകരെ രസിപ്പിക്കും. ദിലീപിന്റെ പ്രകടനം ആവറേജ് മാത്രമാണ്. ചാനലിലെ മുഖ്യ അവതാരിക എന്ന നിലയിൽ ലെന നന്നായി ഷൈൻ ചെയ്തു. മുകേഷ് പതിവുപോലെ വെറുതെ ഒരു റോളിലൂടെ കടന്നുപോയി.

അസാധാരണ സുന്ദരമായ ക്യാമറ വർക്കാണ് ഷാജികുമാറിന്റെ, എഡിറ്റിംഗും മികച്ചതായി നിന്നു. തലസ്ഥാനത്ത് കൂടി സ്ഥിരം യാത്ര ചെയ്യുമ്പോഴും സെക്രട്ടറിയേറ്റും നിയമസഭ മന്ദിരവും രക്തസാക്ഷി മണ്ഡപവും എകെജി സെന്ററും അടക്കമുള്ള നിരന്തര കാഴ്ചകൾക്ക് ഇത്രയും മിഴിവുണ്ടെന്നു മനസിലായത് രാമലീല കണ്ടപ്പോൾ ആണ്. അതൊക്കെ ഭംഗിയായി ചിത്രീകരിച്ചെങ്കിലും കമ്യുണിസ്റ്റുകാർ കൈയടിക്കുമെന്നു പ്രതീക്ഷ വേണ്ട.

പൊടിക്കുപോലും തമാശ ഇല്ലാത്ത സിനിമയാണ് രാമലീല. എന്നാൽ ചില തമാശകൾക്ക് സംവിധായകനും ശ്രമിച്ചിട്ടുണ്ട്. അതെല്ലാം പക്ഷേ പരാജയം ആയിരുന്നു. ഒരു പൊലീസുകാരന്റെ ഒരു അശ്ലീല പ്രയോഗം ആയിരുന്നു അത്തരത്തിൽ ചീറ്റിപ്പോയ ഒന്ന്. കലാഭവൻ ഷാജോണിന്റെ ശ്രദ്ധേയമായ ചില ഡയലോഗുകൾ വേണമെങ്കിൽ ചിരിക്കുള്ള സാധ്യത ഉയർത്തിയിരുന്നു. നിത്യജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ചില ഡയലോഗുകൾ ശ്രദ്ധ നേടി. അതിലൊന്നു കൊലപാതകത്തിന്റെ വിശദാംശങ്ങൾ അറിയാൻ മനോരമയിൽ വിളിച്ചാൽ ഗ്രാഫ് സഹിതമുള്ള റിപ്പോർട്ട് കിട്ടുമെന്നുള്ള  ഡയലോഗായിരുന്നു.

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരെ കൈയടിച്ചു ചിരിപ്പിച്ച ഒരു സീൻ ഉണ്ട്. ആ ഹാസ്യനടൻ മറ്റാരുമല്ല - നമ്മുടെ ചാനൽ ചർച്ചയിൽ മെഗാ സ്റ്റാർ അഡ്വ. ജയശങ്കർ തന്നെ. നായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വെബ് ചാനലിന്റെ മുഖവർണത്തിലൂടെ ആദ്യദിവസം ക്ലൈമാക്‌സിൽ എത്തുകയും ചെയ്ത ഉടൻ നടന്ന ചാനൽ ചർച്ചയിൽ പങ്കെടുത്ത അഡ്വ. ജയശങ്കർ നടത്തുന്ന അഭിപ്രായ പ്രകടനമാണ് പ്രേക്ഷകരെ ചിരിപ്പച്ചത്. രാമുണ്ണിയുടെ വെളിപ്പെടുത്തലുകളിൽ ഗോതമുണ്ട തിന്നുന്ന തരത്തിൽ സ്വയം കുഴിച്ചകുഴിയായി മാറുമെന്നു ഇന്ത്യൻ ശിക്ഷാ നിയമം ഒക്കെ ക്വോട്ട് ചെയ്തു അഡ്വ. ജയശങ്കർ പറയുമ്പോൾ എന്നും കണ്ടു പരിചയമുള്ള ആ ഡയലോഗ് അതേപടി അവതരിക്കുന്നതിന്റെ ഒരു രസം അതിസ്വാഭാവികമായി കാണുന്നുണ്ട്.

ഇതിൽ കൂടുതൽ ഒന്നും രാമലീലയെ കുറിച്ച് പറയാനില്ല. ആദ്യ ഷോ ആയിട്ടും തീയേറ്ററിൽ വലിയ തള്ളൽ ഒന്നുമുണ്ടായിരുന്നില്ല. ഫാൻസുകാർ എത്തിയിരുന്നു എന്നതിന് രണ്ട് തെളിവുകൾ ഉണ്ടായിരുന്നു - ഫാൻസിന് നന്ദി പറഞ്ഞുള്ള വാചകം സ്‌ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ ആരവവും, ദിലീപന്റെ ചിത്രം കണ്ടപ്പോൾ ഉണ്ടായ ആരവവും. എന്നാൽ പിന്നീട് തീയേറ്ററിനുള്ളിൽ ഫാൻസിന്റെ യാതൊരു ആരവവും കണ്ടില്ല.

ഈ സിനിമയെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം എന്നു വിളിക്കുന്നത് എന്തുകൊണ്ട് എന്നു എത്ര ആലോചിച്ചിട്ടും ഈ ലേഖകന് മനസിലാവുന്നില്ല. ഒരു ഗ്രാമവും ഒരു റിസോർട്ടും അല്ലാതെ ഈ സിനിമയിൽ ഒരു ജയിൽ പോലുമില്ല. ആൾക്കൂട്ടത്തിന്റെ കാര്യം ആണെങ്കിലും ഒന്നോ രണ്ടോ പ്രകടനങ്ങൾ മാത്രം. പിന്നെങ്ങനെയാണ് ഈ സിനിമയ്ക്ക് ഇത്രയധികം പണം ചെലവാകുന്നത്. ഇതിന് പറഞ്ഞു കേട്ടതുപോലെ 16 കോടി ആയെങ്കിൽ 12 കോടിയും ദിലീപിന് കൊടുത്ത പ്രതിഫലം ആകാനാണ് സാധ്യത, അല്ലെങ്കിൽ ടോമിച്ചൻ മുളകുപാടത്തെ ആരോ വിദഗ്ധമായി കബളിപ്പിച്ചു. അത് സംവിധായകൻ ആണെന്നു കരുതാൻ വയ്യ. അത്രയ്ക്കും നല്ല മനസുള്ള സിനിമയെ പ്രേമിക്കുന്ന ഒരാൾ ആണ് അരുൺ ഗോപി എന്നാണ് സിനിമ ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടുകൾ, കൈയടക്കത്തോടെ അരുൺ നടത്തിയ ഇടപെടൽ അയാൾക്ക് നല്ലൊരു ഭാവിയും ഉറപ്പാക്കുന്നുണ്ട്.

എന്തായാലും കൂവി തോല്പിക്കേണ്ട ഒരു സിനിമയല്ല രാമലീല. നേരംപോക്കും സമയം കളച്ചിലുമാണ് സിനിയുടെ ലക്ഷ്യം എങ്കിൽ ഇത് അതിന് പറ്റിയ ഒരു എന്റർടെയിന്മെന്റാണ്. ജോർജേട്ടൻസ് പൂരം ഒക്കെ വച്ചുനോക്കുമ്പോൾ സൂപ്പർ ക്ലാസ് സിനിമയ എന്നു പറയാം. എന്നാൽ കണ്ടെ മതിയാവു എന്നു നിർബന്ധം പിടിക്കേണ്ട ഒന്നുമില്ല. തീയേറ്ററിൽ നിന്നും ഇറങ്ങി കഴിയുമ്പോൾ മനസിൽ തങ്ങി നിൽക്കാൻ ഒരുപാടൊന്നും ബാക്കിയില്ലാത്ത ഒരു ശരാശരി സിനിമ. അത്ര തന്നെ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP