Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയ കൊണ്ടുള്ള തരികിട! ഇത് പാർട്ടിക്കാർക്കുള്ള സോദ്ദേശ്യ തെറ്റുതിരുത്തൽ ചലച്ചിത്രം; സൂപ്പർ സ്റ്റാർ സിൻഡ്രോം നിവിൻ പോളിയിലേക്കും; സാമ്പത്തിക വിജയം കൊണ്ട് മാത്രം നിങ്ങൾ തൃപ്തനാണോ മിസ്റ്റർ സിദ്ധാർഥ ശിവ?

വീണ്ടും കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയ കൊണ്ടുള്ള തരികിട! ഇത് പാർട്ടിക്കാർക്കുള്ള സോദ്ദേശ്യ തെറ്റുതിരുത്തൽ ചലച്ചിത്രം; സൂപ്പർ സ്റ്റാർ സിൻഡ്രോം നിവിൻ പോളിയിലേക്കും; സാമ്പത്തിക വിജയം കൊണ്ട് മാത്രം നിങ്ങൾ തൃപ്തനാണോ മിസ്റ്റർ സിദ്ധാർഥ ശിവ?

എം മാധവദാസ്

ന്നും ഗൃഹാതുരത്വങ്ങളിൽ ജീവിക്കുന്ന ഒരു ജനതയാണ് നമ്മൾ മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അരുവിയും തുമ്പിയും പാടവുമെന്നുവേണ്ട മഴപോലും നമുക്ക് നൊസ്റ്റാൾജിയയായി മാറുന്നുണ്ടെന്ന് ഫേസ്‌ബുക്കിലൂടെയൊക്കെ വ്യക്തമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചലച്ചിത്രകാരന്മാരും എഴുത്തുകാരുമൊക്കെ ഈ ഘടകത്തെ നന്നായി മാർക്കറ്റ് ചെയ്യാനും ശ്രമിക്കുന്നുണ്ട്.മലയാളികൾക്കിടയിൽ ശക്തമാണ് രാഷ്ട്രീയ നൊസ്റ്റാൾജിയയും. ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള ഈ കേരള മണ്ണിൽ, അങ്ങനെയൊരു വൈകാരിക ബ്‌ളാക്ക്‌മെയിലിങ്ങ് നടത്തി പടം ഹിറ്റാക്കിയത് നാം 'ഒരു മെക്‌സിക്കൻ അപാരതയിൽ' കണ്ടതാണ്.ചുവപ്പ ്ഷർട്ടുമിട്ട് ചെറുപ്പക്കാർ ചെണ്ടയും വാദ്യവുമായി ഇരച്ച് കയറിയതോടെ 'പുലിമരുകനെ'വെല്ലുന്ന ഇനീഷ്യൽ കളക്ഷനാണ് ഈ ശരാശരി പടത്തിന് ലഭിച്ചത്.പത്ത് ദിവസംകൊണ്ട് 11കോടിയിലേറെ നേടി 'അപാരത' നിർമ്മാതാവിന്റെ പെട്ടി നിറച്ചു. 'അപാരതയിൽനിന്ന്' അൽപ്പം മെച്ചപ്പെട്ട കലാസൃഷ്ടിയാണെങ്കിലും, അനുഗൃഹീത സംവിധായകൻ സിദ്ധാർഥ് ശിവയുടെ പുതിയ ചിത്രമായ 'സഖാവും' ഈ നൊസ്റ്റാൾജിയ മാർക്കറ്റുതന്നെയാണ് ലക്ഷ്യമിട്ടത്.

ഒരു ചലച്ചിത്രമെന്ന നിലയിൽ വിലയിരുത്തുമ്പോൾ ദയനീയമാണെങ്കിലും 'സഖാവും' തീയേറ്റിൽ വൻ വിജയമാവുകയാണ്. മെക്‌സിക്കോയെപ്പോലെ 'സഖാവും', ദേശാഭിമാനിക്ക് ഒന്നാംപേജിൽ മുഴുവൻ പരസ്യം നൽകിയിട്ടുണ്ട്. ചിത്രം തുടങ്ങുമ്പോൾ സ്റ്റാലിൻ-ചെഗുവേര തൊട്ട് വി എസ്-പിണറായി വരയെുള്ളവരെ വിപ്‌ളവഗാനത്തിലൂടെ കാണിക്കുന്നുമുണ്ട്. ഏതുവിഭാഗത്തിലുള്ള പ്രേക്ഷകരാണ് ഈ പടത്തിന് ഇരച്ചുകയറുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.( ഒരു പ്രമുഖ സംവിധായകൻ ഈയിടെ പറഞ്ഞത്, ഈ കോൺഗ്രസിനെ കുറിച്ചൊക്കെ സിനിമയെടുത്താൽ ആര് കാണാനുണ്ടാവുമെന്നാണ്.മെക്‌സിക്കൻ അപാരതിയിലെ കഥാസന്ദർഭം തിരിച്ചിട്ടാൻ അത് വലിയ പരാജയമായെനെ!)

'മെക്‌സിക്കൻ അപാരത' കുറച്ചു കുട്ടികളുടെ പിള്ളേര് കളിയാണെന്നുവെക്കാം. പക്ഷേ സിദ്ധാർഥ് ശിവയെപ്പോലുള്ള ദേശീയ അവാർഡ് നേടിയ ഒരു സംവിധായകനും നടനുമായ ഒരു ചെറുപ്പക്കാരൻ ഒരുക്കുന്ന ചിത്രത്തിന് കുറച്ചുകൂടി ഒതുക്കവും, ആശയ വൈവിധ്യവും, കാലാമേന്മയും പ്രതീക്ഷിച്ചിരുന്നു.പക്ഷേ ഇത് കേട്ടുമടുത്ത കമ്യൂണിസ്റ്റ് ത്യാഗങ്ങളും,യാന്ത്രിക അച്ചടിഭാഷയിലുള്ള വിപ്‌ളവപ്രഭാഷണങ്ങളും ഒപ്പം മുട്ടിന് മുട്ടിന് വിപ്‌ളവഗാനങ്ങളും ചേർന്ന ഒരു പൈങ്കിളി ചിത്രമായിപ്പോയി.

ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളുടെ കഥതന്നെ നാം എത്രയോ കേട്ടതാണ്. ഇതിന്റെ രചനയും സിദ്ധാർഥ് ശിവയാണെന്നതാണ് അത്ഭുദം.'നൂറ്റിയൊന്ന് ചോദ്യങ്ങൾ' എന്ന ആദ്യചിത്രം മുതൽ 'ഐൻ'വരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രമേയ വൈവിധ്യം കൊണ്ടാണ് ശ്രദ്ധേയമായത്. അതുവരെ അവാർഡ് സിനിമകൾ എന്ന് വിളിക്കാവുന്ന രീതിയിലുള്ള ചിത്രങ്ങൾ എടുത്ത അദ്ദേഹം, കുഞ്ചാക്കോ ബോബനെ നായകനാക്കി 'കൊച്ചവ്വപൗലോ അയ്യപ്പകൊയ്‌ലോ' എന്ന ചിത്രത്തിലൂടെയാണ് ജനപ്രിയ ചിത്രങ്ങളിലേക്ക് കൂടുമാറിയത്.ആദ്യമന്ത്യാന്തം പ്രേക്ഷകനെ തീയേറ്റിൽ പിടിച്ചിരുത്താൻ കഴിയുന്ന ഒരു കമേർഷ്യൽ സിനിമയുണ്ടാക്കുന്നത് തന്നെയാണ് ഏത് അവാർഡ് സിനിമകളേക്കാൾ കടുകട്ടിയെന്ന് അദ്ദേഹത്തിന് ആദ്യ സംരഭത്തിൽ തന്നെ മനസ്സിലായിട്ടുണ്ടാവും.പക്ഷേ രണ്ടാം ചിത്രത്തിലും അതിൽനിന്നൊരു പാഠം സിദ്ധാർഥ് ശിവ പഠിച്ചതായി കാണുന്നില്ല.ഒരോ പറ്റേണിൽപോവുന്ന, ഏത് അവിദഗ്ധനായ കാക്കാലനും കൈ്‌ളമാക്‌സ് പ്രവചിക്കാൻ പറ്റുന്ന രീതിയിലുള്ള കഥയായിപ്പോയി ഇത്.അനാവശ്യരംഗങ്ങൾ വെട്ടിക്കുറച്ച്, രണ്ടേമുക്കാൽ മണിക്കൂർ നീളുന്ന ചിത്രത്തിന്റെ ദൈർഘ്യം ഒന്ന് കുറച്ചാൽ, ലാസ്റ്റ്ബസിന്റെ സമയമൊപ്പിച്ചൊക്കെ തീയേറ്റിൽ കയറുന്ന നാട്ടിൻ പുറങ്ങളിലെ പാവം സഖാക്കൾക്ക് അതും ഒരു ആശ്വാസമാവുമായിരുന്നു.

നിവിൻപോളിയുടെ വൺമാൻഷോയാണ് ഈ ചിത്രം. പുതിയ കാലത്തിന്റെ പ്രതിനിധിയായ കൃഷ്ണകുമാർ എന്ന് എസ്.എഫ്.കെ സഖാവും, ( ഈ എസ്.എഫ്.കെ പ്രയോഗവും 'അപാരതയിൽനിന്ന്' കിട്ടിയതാണ്) പഴയകാല കമ്യൂണിസ്റ്റ് നേതാവായ സഖാവ് കൃഷ്ണനുമായണ് നിവിൻ ഈ പടത്തിലത്തെുന്നത്. ( 'അപാരതയിലും' കൊച്ചനിയൻ എന്ന കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് നേതാവായതും, പുതിയകാല കോളജ് സഖാവായതും ടൊവീനോതോമസ് എന്ന നടനായിരുന്നു) സഖാവ് കൃഷ്ണന്റെ യൗവനം,മധ്യവയസ്സ്, വാർധക്യം എന്നീ വേഷങ്ങൾ കൂടി കൂട്ടുമ്പോൾ മൊത്തം നാലു ഗെറ്റപ്പിലായി ചിത്രത്തിന്റെ 90ശതമാനം സീനുകളിലും നിവിൻ നിറഞ്ഞു നിൽക്കുന്നുണ്ട്.തമിഴിൽ കമൽഹാസനൊക്കെ പരീക്ഷിച്ച ഈ രീതി നിവിനിൽ എത്തിയപ്പോൾ പൂർണമായും വിജയിച്ചുവെന്ന് പറയാൻ ആവില്ല.അത്യാഗ്രഹിയായ യുവനേതാവ് കൃഷ്ണകുമാറിനെ നിവിൻ ഭംഗിയാക്കിയപ്പോൾ മറ്റ് രൂപങ്ങൾ ശരാശരിയിൽ ഒതുങ്ങി.എങ്കിലും ഒരുവർഷത്തെ കാത്തിരിപ്പിനുശേഷം എത്തിയ ഈ പടത്തിന്, നിവിന്റെ കട്ട ആരാധാകരെ സംതൃപ്തിയാക്കിക്കാനുള്ളതൊക്കെ കൈയിലുണ്ട്. പക്ഷേ വിമർശന ബുദ്ധിയോടെ വിലയിരുത്തുന്ന ഒരാൾക്ക് ചൂണ്ടിക്കാട്ടാൻ പോരായ്മയും ഒട്ടേറെയുണ്ട്.

അവധിക്കാലത്തിന്റെ തിരക്കും, നിവിൻപോളിയുടെ ക്രൗഡ് പുള്ളിങ്ങ് കപ്പാസിറ്റിയും, സഖാക്കളുടെ ഇടിച്ചുകയറ്റവും കൂടിയാവുമ്പോൾ ചിത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ വൻ തുക നേടി വിജയമാവുമെന്ന് ഉറപ്പാണ്.പക്ഷേ സാമ്പത്തിക വിജയംകൊണ്ട് മാത്രം നിങ്ങൾ തൃപ്തനാണോ മിസ്റ്റർ സിദ്ധാർഥ ശിവ. നിങ്ങളെപ്പോലുള്ള സംവിധായകരിൽനിന്ന് ഈ ടൈപ്പ് പൊള്ള ചലച്ചിത്രങ്ങളല്ല, ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

വഴിമാറിപ്പോയ രാഷ്ട്രീയ ഫോക്കസ്

ഇങ്ങനെയാക്കെയാണെങ്കിലും രണ്ടാംപകുതിയിലെ ഒരു സീനിലെ സഖാവ് കൃഷ്ണന്റെ ഡയലോഗ് മറക്കാനാവില്ല.മകൾ സ്‌കൂളിൽ ഒരു സമരത്തിൽ പങ്കെടുത്തിന് പിതാവിനെ വിളിച്ചുവരുത്തി ശാസിക്കയാണ് ടീച്ചർ. അപ്പോഴുള്ള സഖാവിന്റെ ക്‌ളാസിക്ക് മറുപടിയിൽ, രാഷ്ട്രീയം കളിച്ചു തീർക്കാനുള്ളതല്‌ളെന്നും, ഓരോ മനുഷ്യനും രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പറയുന്നുണ്ട്.കുട്ടികൾ കറുപ്പോ നീലയോ മഷിയുള്ള പെൻ ഉപയോഗിച്ച് എഴുതുന്നതും, ടീച്ചർ അത് ചുവന്ന മഷികൊണ്ട് തിരുത്തുന്നതും ഒരു പൊളിറ്റിക്‌സാണെന്ന് സഖാവ് ചൂണ്ടിക്കാട്ടുന്നത് തന്നെയായിരുന്നു ഈ പടത്തിന്റെ മർമ്മമാകേണ്ടത്.പക്ഷേ നിർഭാഗ്യവശാൽ പൊളിറ്റിക്‌സ് എന്ന വാക്കിന് ഈ പടം നൽകുന്ന അർഥം കക്ഷിരാഷ്ട്രീയം എന്നായിപ്പോയി.

അങ്ങനെനോക്കുമ്പോൾ വഴിമാറിപ്പോയ രാഷ്ട്രീയ ഫോക്കസാണ് ഈ പടത്തിന്റെതെന്ന് പറയേണ്ടിവരും.അരാഷ്ട്രീയവാദികളുടെ സ്ഥിരം നമ്പറാണ് ഈ പടം തുടക്കം മുതൽ കാണിക്കുന്നതെന്നാണ് ഏറ്റവും ലജ്ജാവഹം.അതായത് പഴയകാല കമ്യൂണിസ്റ്റ് നേതാക്കൾ മഹാത്യാഗികളും, പുതിയകാലത്തുള്ളവർ വെറും അധികാരമോഹികളുമെന്ന ന്യുസ് അവർ ചർച്ചകളുടെ എക്സ്റ്റൻഷൻ മാത്രമാണ് ഈ പടം.പുതിയ കാലത്തിന്റെ പ്രതിനിധിയായ സഖാവ് കൃഷ്ണകുമാർ അധികാരത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവനാണ്.വിദ്യാർത്ഥി നേതാവായി തുടരാൻവേണ്ടി മാത്രം ഓരോരോ കോഴ്‌സിന് ചേരുകയാണ് അയാൾ.തന്റെ ഉറ്റസുഹൃത്തായ സഖാവിനെ, തനിക്കുമുകളിൽ രാഷ്ട്രീയമായും വളരും എന്നതുകൊണ്ടുമാത്രം തല്ലി ചതക്കാൻ ക്വട്ടേഷൻ ടീമിനെ ശട്ടം കെട്ടുന്ന, പിണറായി വിജയൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ കടമെടുത്താൽ പരമനാറിയാണ് അയാൾ.(ഫഹദ് ഫാസിലിന്റെ അയ്മനം സിദ്ധാർഥനെയാണ് ഇവിടെ ഓർമ്മവരുന്നത്) മാത്രമല്ല, ഒന്നാന്തരം അഴിമതിക്കാരനും. ആശുപത്രിയിലെ ദീനക്കിടക്കയിൽവച്ചാണ്, ഒരു വയോധികന്റെ കൈയിൽനന്ന് അയാൾ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത്. അയാളുടെ മകൾക്ക് വഴിവിട്ട സ്വാധീനം ചെലുത്തി ജോലി വാങ്ങിക്കൊടുത്തതിന്റെ കൈക്കൂലിയായ 5000രൂപയാണ് കൃഷ്ണകുമാർ ചോദിക്കുന്നത്. മുമ്പ് ഇരുപത്തിഅയ്യായിരം ഏതോ പാർട്ടി നേതാവ് വാങ്ങിയെന്നും പറയുന്നുണ്ട്. ഒന്നാന്തരം കമ്യൂണിസ്റ്റുകാർ. ഈ രീതിയിൽ പുതിയ തലമുറയിലെ കമ്യൂണിസ്റ്റുകാരെ അപമാനിക്കുന്ന ഒരു ചിത്രം അതേ പാർട്ടിക്കാർ ആഘോഷിക്കുന്നത് വിചിത്രമാണ്.(എതാണ്ട് സമാനമായ ആശയം പറഞ്ഞ ലാൽജോസിന്റെ 'അറബിക്കഥ'ക്കുനേരെ സംഘടിത ആക്രമണമാണ് ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങളിലൂടെ ഉണ്ടായത്).

ഇനി എന്ത് തെറ്റുചെയ്താലും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരു കറക്ഷൻ പ്രോസസ് ഉണ്ടല്ലോ. അതാണ് തുടർന്നുള്ള സോദ്ദേശ തെറ്റുതിരുത്തൽ ഭാഗങ്ങളിൽ സംഭവിക്കുന്നത്. പാർട്ടി നിർദ്ദേശപ്രകാരം ഒരു പഴയ സഖാവിന് രക്തം കൊടുക്കാനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തുകയാണ് കൃഷ്ണകുമാർ. അവിടെവച്ചാണ അകത്ത് ഐ.സി.യുവിൽ കിടക്കുന്ന സഖാവ് കൃഷ്ണൻ ഒരു പുലിയാണെന്നത് അയാൾ അറിയുന്നത്. സുഹൃത്തുക്കളുടെയും മറ്റ് സഖാക്കളുടെയും ഓർമ്മയിലുടെ അയാൾ സഖാവ് കൃഷ്ണന്റെ ത്വാഗോജ്ജ്വലമായ ജീവിതം അറിയുകയാണ്.ഈ വാർധക്യകാലത്തുമുള്ള ആയാളുടെ പോരാട്ടവീര്യത്തിന്റെയും പാവങ്ങൾക്കായുള്ള ആത്മത്യാഗത്തിന്റെയും കഥ നേരിട്ടറിഞ്ഞതോടെ, നമ്മുടെ പരമനാറി കൃഷ്ണകുമാറിന് മാനസാന്തരം ഉണ്ടാവുകയാണ്. സഖാവ് കൃഷ്ണന്റെ വഴിയെ അയാൾ ഉത്തമനായ കമ്യൂണിസ്റ്റാവുന്നു!(ഇനി മാർക്വിസ്റ്റുകാർക്ക് പ്‌ളീനം ചേരുകയോ വലിയ തെറ്റുതിരുത്തൽ രേഖയുണ്ടാക്കി ചർച്ചചെയ്യുകയോ ഒന്നും വേണ്ട.സഖാക്കളെ ഈ പടം കാണിച്ചാൽ മതി!) ഈ പൊട്ടക്കഥയൊക്കെ വലിയ വിപ്‌ളമാണെന്ന് പറഞ്ഞാൽ ഒന്നും പറയാനില്ല.

നേരത്തെ പറഞ്ഞപോലെ പൊളിറ്റിക്കൽ മൂവിയെന്ന ഉദ്ദേശത്തിൽ സംവിധായകനും എഴുത്തകാരനുമായ സിദ്ധാർഥ് ശിവക്ക് ടോട്ടൽ കൺഫ്യൂഷനാണ്. മതസംഘടനയിൽപെട്ടവരൊക്കെ കാണുമ്പോൾ അവരവരുടെ ദൈവത്തിന്റെ പേരിൽ അഭിവാദ്യം ചെയ്യുന്നപോലെ ,കാണുമ്പോഴോക്കെ മുഷ്ടിചുരുട്ടി പൊക്കുകയും ഇറങ്ങുമ്പോൾ ലാൽസലാം പറയുകയും ചെയ്യുകയാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ രീതിയെന്ന് സംവിധായകൻ തെറ്റിദ്ധരിച്ചിരിക്കുന്നു.വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെയുണ്ട് കമ്യൂണിസ്റ്റ് അഭിസംബാധനകൾ.സഖാവ് കൃഷ്ണനും സഹപ്രവർത്തകരും ഉള്ളിലെ ചോരമുഴുവൻ മുഖത്തേക്ക് എടുത്ത് സദാ വലിഞ്ഞുമുറകിയ ഭാവത്തിൽ നടക്കുന്ന സീനുകൾ യഥേഷ്ടം. അതിനൊക്കെ 'അപാരതയിലെ', കട്ട കലിപ്പ് മോഡൽ വിപ്‌ളവഗാനങ്ങൾ ബാക്ക് ഗ്രൗണ്ടിലും! ഇടക്കിടെ ചെങ്കൊടി വാനിൽ പാറിപ്പറുക്കുന്നു, കട്ട വിപ്‌ളവഗാനങ്ങൾ ഉയരുന്നു, കമ്യൂണിസ്റ്റുകാരനെ ആർക്കും തോൽപ്പിക്കാനാവില്‌ളെന്ന മട്ടിൽ ഇടക്കിടെ നായകൻ അച്ചടി സാഹിത്യം പറയുന്നു... ചിത്രം അങ്ങനെ ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടുപോവുകയാണ്.അവസാനം ഒരു ഇരട്ട കൈ്‌ളമാക്‌സിന്റെ പ്രതീതിയുണർത്തുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരുടെ കൗതുകവും സംവിധായകൻ പിടിച്ചുപറ്റുന്നുണ്ട്.അല്ലാതെ ഒരു പൊളിറ്റിക്‌സും ഈ പടത്തിൽ കാണാനില്ല.

ഈയിടെ പുറത്തിറങ്ങിയ രാജീവ് രവിയുടെ 'കമ്മട്ടിപ്പാടവും', അമൽ നീരദിന്റെ 'ഇയ്യോബിന്റെ പുസ്തകവും' എത്ര കൃത്യമായണ് രാഷ്ട്രീയം പറയുന്നത് എന്നുനോക്കുക. അവർ ഒരിടത്തുപോലും ചെങ്കൊടിയും മുദ്രാവാക്യങ്ങളുാെമന്നും കാണിച്ചിട്ടില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും നല്ല പൊളിറ്റിക്കൽ മൂവികളാണ് അവ.ഈ ചിത്രത്തിലെന്നപോലെ തോട്ടംതൊഴിലാളികളുടെ കഥയാണ് ഇയ്യോബും പറഞ്ഞത്.

സൂപ്പർ സ്റ്റാർ സിൻഡ്രോം നിവിനിലേക്കും

തന്റെ കഥാപാത്രങ്ങളെ വളരെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കുന്നതാണ് നിവിൻ പോളിയെന്ന, മലയാള സിനിമയുടെ ഇപ്പോഴത്തെ വണ്ടർബോയുടെ ഏറ്റവും വലിയ വിജയ ഘടകവും.ഇവിടെ നാലുവ്യത്യസ്തമായ കഥാപാത്രഘട്ടങ്ങളായിരിക്കണം നിവിനെ ആകർഷിച്ചിരിക്കുക. പക്ഷേ അതുതന്നെയാണ് ചിത്രത്തിന്റെ ദൗർബല്യവും. ഭൂരിഭാഗം രംഗങ്ങളിലും നിവിൻ തന്നെ ആയതോടെ വല്ലാത്തൊരു മൊണോട്ടണസ് പ്രകടമാണ്.വയോധിക കഥാപാത്രത്തിന്റെ ഡബ്ബിങ്ങും ഡയലോഗ് ഡെലിവറിയും നന്നായിട്ടുമില്ല. മാത്രമല്ല ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് നടക്കാൻപോലും വയ്യാത്ത സഖാവ് കൃഷ്ണൻ, നാലഞ്ചുഗുണ്ടകളെ ഒറ്റക്ക് തല്ലിത്താഴെയിടുന്നത് കണ്ടാൽ നാം കണ്ണുതള്ളിയിരുന്നുപോവും.

ഇത് ശരിക്കും ഒരു സൂപ്പർ സ്റ്റാർ സിൻഡ്രോമാണ്. നിവിൻ പോളിക്ക് ഇതുവരെയില്ലാത്ത അസുഖമാണിത്. താൻ ഒരു സൂപ്പർ സ്റ്റാറായി എന്ന് സ്വയം തോന്നിത്തുടങ്ങിയാൽ രണ്ടുകൈയില്‌ളെങ്കിലും 25പേരെ തല്ലിയൊതുക്കാം! കമ്യൂണിസ്റ്റുകാരന്റെയുള്ളിലെ വാർധക്യത്തിലും അണയാത്ത അഗ്‌നി ജ്വാലകാണിക്കാൻ ഈ തല്ല് സംവിധായകൻ കെട്ടിവെച്ചതാണെന്ന് വേണമെങ്കിൽ വാദിക്കാം.എന്തായാലും അതൊക്കെ സാമാന്യബുദ്ധിക്ക് നിരക്കാത്തതായിപ്പോയി.അതുപോലെ സഖാവ് കൃഷ്ണന്റെ യൗവനകാലത്ത് തീപ്പന്തങ്ങൾ കൊണ്ടുള്ള സംഘട്ടനമൊക്കെയുണ്ട്. ബാഹുബലി തോറ്റുപോവും!

മറ്റുള്ളവർക്കൊക്കെ ചിത്രത്തിൽ ചെറിയ വേഷങ്ങളാണ്.ഇതിൽ യൗവനത്തിൽ സഖാവ് കൃഷ്ണന്റെ ക്രൂരനായ എതിരാളിയായ എസ്.ഐ ഈരാളിയായും, വാർധക്യത്തിൽ അയാളുടെ ഉറ്റ സൃഹൃത്തുമായും വേഷമിട്ട ബിനുപപ്പുവാണ് ഏറ്റവും ശ്രദ്ധേയമായത്. അനശ്വര നടൻ കുതിരവട്ടം പപ്പുവിന്റെ മകൻ മലയാള സിനിമക്ക് മുതൽക്കൂട്ടാണെന്ന് പറയാതെ വയ്യ.(പിതാവുമായി താരതമ്യം ചെയ്യുമെന്ന് ഭയന്നാണ് താൻ കോമഡിവേഷം ചെയ്യാത്തതെന്ന് അദ്ദേഹം ഈയിടെ പറഞ്ഞിരുന്നു.)തേയിലത്തോട്ടങ്ങളിലെ കങ്കാണിയായി ബൈജുവും ശ്രദ്ധേയമായി. 'പ്രേമം'ഫെയിം അൽത്താഫാണ് കൃഷ്ണകുമാറിന്റെ എർത്തായി എത്തുന്നത്. സ്വാഭാവികത കൊണ്ടും ശരീര പ്രകൃതികൊണ്ടും ഈ നടൻ പലപ്പോഴും ചിരിപ്പിക്കുന്നുണ്ട്. സഖാവിന്റെ ഭാര്യയായി എത്തുന്ന ഐശര്വ രാജേഷും മോശമാക്കിയിട്ടില്ല.  ശ്രീനിവാസനും, അപർണഗോപിനാഥും, ഗായത്രി സുരേഷുമൊക്കെ ഈ പടത്തിൽ ഉണ്ടെങ്കിലും അവർക്കൊന്നും കാര്യമായി എന്തെങ്കിലും ചെയ്യാനുള്ള സ്‌കോപ്പില്ല.

എട്ടുപാട്ടുകളുള്ള ഈ ചിത്രത്തിൽ ഒന്നുരണ്ടെണ്ണമെങ്കിലും വേണ്ടിയിരുന്നില്‌ളെന്ന് സാധാരണ പ്രേക്ഷകന് തോന്നും. പ്രശാന്ത് പിള്ളയുടെ ഗാനങ്ങൾ മിക്കവയും നന്നായിട്ടുണ്ട്. 'മധുമതി ' എന്ന് തുടങ്ങുന്ന നായകന്റെ വിവാഹ ഗാനം ഏറെക്കാലം ഓർമ്മിക്കപ്പെടുമെന്ന് ഉറപ്പ്.പക്ഷേ പാശ്ചാത്തല സംഗീതം ഭീകരമാണ്. ഒരു കമ്യൂണിസ്റ്റ് സിനിമയല്ലേ, അൽപ്പം ഹൊറർ കിടക്കട്ടെ എന്ന് കരുതിയിരിക്കും.കത്തി, തെറി എന്നീ ചിത്രങ്ങളുടെ ക്യാമറാനായ ജോർജ് ജെ. വില്യംസാണ് ഈ ചിത്രത്തിന്റെ രംഗങ്ങളും മനോഹരമാക്കിയത്.

വാൽക്കഷ്ണം: എന്തായാലും ഒരു കാര്യത്തിൽ ഈ ലേഖകനൊക്കെ സംതൃപ്തിയുണ്ട്. സന്ദേശം പോലുള്ള കടുത്ത അരാഷ്ട്രീയ സിനിമകളായിരുന്നു ഒരു കാലത്ത് മലയാളിക്ക് പഥ്യമെങ്കിൽ ഇന്ന് കാലം തിരിച്ചടിച്ചിരിക്കുന്നു. പത്തുവർഷം മുമ്പാണെങ്കിൽ ഇതുപോലൊരു പ്രമേയമുള്ള ചിത്രം വന്നാൽ അത് പൊളിയുമെന്ന് ഉറപ്പായിരുന്നു. അതിവേഗ അരാഷ്ട്രീയവത്ക്കരണത്തിന്റെ പ്രശ്‌നങ്ങൾ നമ്മുടെ ചലച്ചിത്രകാരന്മാരും തിരച്ചറിയുന്നുവെന്നത് നല്ലത്.പക്ഷേ അതിന് മറുപടിയായി പൈങ്കിളികഥകൾ പോര. അടുത്ത ഊഴത്തിലെങ്കിലും സിദ്ധാർഥ് കടുത്ത ഒരു രാഷീട്രീയ ചിത്രവുമായി തിരിച്ചുവരട്ടെ. സഖാക്കളെ...നമുക്ക് ഇനി അമൽ നീരദ്-ദുൽഖർ കൂട്ടുകെട്ടിൽ വരുന്ന സിഐഎക്കായി ( കോമ്രേഡ് ഇൻ അമേരിക്ക) കാത്തിരിക്കാം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP