Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വർഷം' ഹൃദ്യം വികാരസാന്ദ്രം; കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് മമ്മൂട്ടി വീണ്ടും; കല്ലുകടിയായി ഇഴച്ചിലും അതിവൈകാരികതയും

'വർഷം' ഹൃദ്യം വികാരസാന്ദ്രം; കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് മമ്മൂട്ടി വീണ്ടും; കല്ലുകടിയായി ഇഴച്ചിലും അതിവൈകാരികതയും

എം മാധവദാസ്

വസാനം അതും സംഭവിച്ചു! മൂന്നുനാലുവർഷത്തിനുശേഷം ഒരു മമ്മൂട്ടിച്ചിത്രത്തിന് കുടുംബപ്രേക്ഷകർ ഇരച്ചുകയറുകയാണ്. ഇടിവെട്ട് വർഷപാതമൊന്നുമല്ലെങ്കിലും, നനുത്തുപെയ്യുന്ന രാത്രിമഴയുടെ സുഖം പ്രേക്ഷകരിലേക്ക് എത്തിക്കാൻ രചനയും സംവിധാനവും നിർവഹിച്ച രഞ്ജിത്ത് ശങ്കറിന് 'വർഷ'ത്തിലൂടെ കഴിയുന്നു.

അച്ഛനും അമ്മയുമൊന്നുമില്ലാതെ സ്വയംഭൂവായതുപോലുള്ള ന്യൂജൻ കഥാപാത്രങ്ങളെമാത്രം കണ്ടു ശീലിച്ച ഇക്കാലത്ത് അമ്മയും ഏട്ടനും അമ്മായിയും പശുവും പട്ടിയുമൊക്കെയുള്ള 'വർഷം' ഫാസ്റ്റ് ഫുഡ്ഡിനിടയിൽ അമ്മിയിലരച്ച തേങ്ങാച്ചമ്മന്തി കൂട്ടി പ്ലാവിലക്കഞ്ഞി കുടിക്കുന്ന സുഖം തരുന്നു. 'മുന്നറിയിപ്പും' 'രാജാധിരാജ'യും ഒഴിവാക്കിയാൽ തുടർച്ചയായി പരാജയങ്ങൾ നേരിട്ട മമ്മൂട്ടി, വിസ്മയിപ്പിക്കുന്ന ഭാവങ്ങളുമായി ശക്തമായ തിരിച്ചുവരവാണ് ഇതിലൂടെ നടത്തുന്നത്.

ഇപ്പോൾ ഒരു കാര്യം വ്യക്തമായി. പൊട്ടക്കഥകൾക്ക് തലവച്ചുകൊടുക്കുന്നതാണ് മമ്മൂട്ടിയെന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. മോഹൻലാലിനെയും, ദിലീപിനെയും പോലെ, തട്ടിക്കൂട്ട് കഥകളായാൽപ്പോലും തത്സമയം കൈയിൽനിന്ന് എന്തെങ്കിലുമിട്ട് ചിത്രം ആസ്വാദ്യമാക്കാനുള്ള മാജിക്ക് മമ്മൂട്ടിക്കില്ല. അടിസ്ഥാനപരമായി മമ്മൂട്ടിക്ക് നല്ലൊരു കഥയും സംവിധായകനും വേണം. അത് കിട്ടിയാൽ അദ്ദേഹം അരങ്ങുതകർക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 'വർഷം'. അടുത്തകാലത്തെ പരാജയങ്ങളുടെപേരിൽ തനിക്ക് ചരമക്കുറിപ്പ് എഴുതിയവർക്കുള്ള മഹാനടന്റെ മറുപടികൂടിയാണിത് (ചിത്രങ്ങൾ അടിക്കടി പൊട്ടുന്നതുകൊണ്ട് നിർമ്മാതാക്കളെ കിട്ടാത്തതിനാലാണ് മമ്മൂട്ടിയുടെ പ്ലേഹൗസ് 'വർഷം' ഏറ്റെടുത്തതെന്നുപോലും ഒരു ഘട്ടത്തിൽ ഗോസിപ്പ് ഉയർന്നിരുന്നു).

വാത്സല്യം, തനിയാവർത്തനം തുടങ്ങി ഈറനണിയിക്കുന്ന മുൻകാല കുടുംബചിത്രങ്ങളൂടെ അത്രയൊന്നും വരില്ലെങ്കിലും പലേടത്തും പ്രേക്ഷകന്റെ ഉള്ളുലയ്ക്കാൻ മമ്മൂട്ടിക്കാകുന്നു. ചിത്രം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒരു വീട്ടമ്മ ചോദിക്കുന്നതുകേട്ടു, ഒരു സിനിമ കണ്ടിട്ട് കണ്ണു നിറഞ്ഞിട്ട് കാലമെത്രയായെന്ന്? ( മുമ്പ് 'ആകാശദൂത്' സിനിമ കണ്ടിറങ്ങുന്നവർക്ക് കണ്ണുതുടക്കാൻ സൗജന്യമായി തൂവാല വിതരണംചെയ്ത് കോഴിക്കോട്ടെ ഒരു ടെക്‌സ്റ്റൈൽസുകാർ നൂതനമായ പരസ്യരീതി സ്വീകരിച്ചിരുന്നു!) അതുപോലെതന്നെ അശ്ലീലവും ദ്വയാർഥപ്രയോഗവുമില്ലാതെ തെളിമയാർന്ന ഭാഷയിൽ ഒരു മലയാള സിനിമകണ്ടിട്ടും നാളുകൾ ഏറെയായി.

സമൂഹത്തിനുവേണ്ടിയും ഒരു സിനിമ

പലതവണ പ്രമേയമായ മലയാളി മധ്യവർഗകുടുംബങ്ങളിലെ ആർത്തിയും അനുകരണഭ്രമവും കരിയറിസ്റ്റിക്കായ മനസ്സുമൊക്കെയെടുത്താണ് രഞ്ജിത്ത് ശങ്കർ തന്റെ പുതിയ സിനിമ ഒരുക്കിയിരിക്കുന്നതെങ്കിലും, മകന്റെ മരണം ഒരു പിതാവിൽ ഉണ്ടാക്കുന്ന മാനസാന്തരമെന്ന പുതുമയിലാണ് വർഷം വ്യത്യസ്തമാകുന്നത്. ഒരു ഫിനാൻസ് കമ്പനി നടത്തുന്ന, പണമുണ്ടാക്കാൻ എല്ലാവിധ തട്ടിപ്പും തരികിടയും അറിയാവുന്ന, മമ്മുട്ടിയുടെ വേണുഗോപാലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. എന്നുവച്ച് അയാളൊരു കണ്ണിൽ ചോരയില്ലാത്തവനുമല്ല. നഗരമധ്യത്തിൽ ആകെയുള്ള പത്തുസെന്റ് സ്ഥലത്തു കൊട്ടാരംപോലുള്ള വീട് കഴിഞ്ഞ് ബാക്കിയാകുന്ന ഇട്ടാവട്ടത്തിലും, ഒരു പശുവിനെപോറ്റാനുള്ള ഗ്രാമീണന്റെ മനസ്സ് അയാൾ സൂക്ഷിക്കുന്നു. പക്ഷേ ഏതൊരു ശരാശരി മലയാളിയെയുംപോലെ മകനെ അയാളുടെ അഭിരുചിക്കനുസരിച്ച് വളരാൻ വിടാതെ, മറ്റുള്ളവരുടെമുന്നിൽ പേരെടുക്കാനായി പാട്ടുപഠനംതൊട്ട്, കരാട്ടെയും നീന്തലും എൻട്രൻസ് കോച്ചിങ്ങിനുമൊക്കെവിട്ട് ഒറ്റമകനെ സ്‌നേഹിച്ച് കൊല്ലുകയാണയാൾ. നാൽപ്പതുലക്ഷംകൊടുത്ത് സ്വാശ്രയകോളേജിൽ മകന് എംബിബിഎസ് സീറ്റുവരെ ബുക്കുചെയ്യുന്നുണ്ടയാൾ. എന്നിട്ടോ, ഒരു സുപ്രഭാതത്തിൽ ഉറങ്ങിയെഴുനേൽക്കുന്ന അയാൾ കാണുന്നത് ബെഡ്‌റൂമിൽ മരിച്ചുകിടക്കുന്ന മകനെയാണ്. ആർക്കും താങ്ങാനാകാത്ത ആ ജീവിതദുരന്തത്തിൽനിന്ന് വേണു ഉയർന്നുവന്ന് ഒരുപാട്‌പേർക്ക് ജീവിതം നൽകുന്ന ഒരു മഹദ് വ്യക്തിത്വമായി മാറുന്നതാണ് സിനിമയുടെ ഉള്ളടക്കം.

ജീവിതവും മരണവും തമ്മിലുള്ള ആത്മാർഥമായ ചില ചോദ്യങ്ങൾ ഈ ചിത്രം ഉയർത്തുന്നു. വേണുവിന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരൊറ്റയിരിപ്പിനു തീർന്നുപോകുന്നതാണ് ഈ ജീവിതമെന്ന് ഇടയ്‌ക്കെങ്കിലും ഓർത്താൽ നാം എത്ര നന്നായേനെ. അതുപോലെതന്നെ എന്റെ ആഗ്രങ്ങൾക്കുവേണ്ടി ജീവിച്ച് ജീവിച്ച് മകൻ ഇല്ലാതായെന്നുള്ള വാക്കുകൾ സിബിഎസ്ഇ സ്‌കൂളുകളും എൻട്രൻസ് ജ്വരവും സ്വാശ്രയ വ്യവസായവും അരങ്ങുതകർക്കുന്ന സമകാലീന കേരളത്തിൽ പ്രസക്തമാണ്. കേരളത്തെ മൊത്തം ഊറ്റിയെടുക്കുന്ന ബ്ലേഡ് മാഫിയയെന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളുടെ കെണികളും ചിത്രം ഓർമ്മിപ്പിക്കുന്നു. ഞാൻ, എന്റെ കുടുംബം അത് കഴിഞ്ഞേ എന്തുമുള്ളൂവെന്ന് ആവർത്തിച്ച് കേൾക്കുന്ന ഇക്കാലത്ത്, മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നതും നല്ലതാണ്. നൂലിൽകെട്ടിയിറക്കിയതുപോലെ ഭൂതകാലമില്ലാത്ത കഥാപാത്രങ്ങളുള്ള, വ്യക്തിദുഃഖങ്ങളും പ്രതിസന്ധികളുംമാത്രം പർവതീകരിക്കപ്പെടുന്ന പുതുതലമുറാ കാഴ്ചകളുടെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ ഇത്രയൊക്കെയാണെിലും ന്യൂനതകളില്ലാത്ത ഒരു മഹത്തായ സിനിമയൊന്നുമല്ലിതെന്നും എടുത്തു പറയേണ്ടതുണ്ട്.പൊട്ടക്കഥകൾക്ക് തലവച്ചുകൊടുക്കുന്നതാണ് മമ്മൂട്ടിയെന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. മോഹൻലാലിനെയും, ദിലീപിനെയും പോലെ, തട്ടിക്കൂട്ട് കഥകളായാൽപ്പോലും തത്സമയം കൈയിൽനിന്ന് എന്തെങ്കിലുമിട്ട് ചിത്രം ആസ്വാദ്യമാക്കാനുള്ള മാജിക്ക് മമ്മൂട്ടിക്കില്ല. അടിസ്ഥാനപരമായി മമ്മൂട്ടിക്ക് നല്ലൊരു കഥയും സംവിധായകനും വേണം. അത് കിട്ടിയാൽ അദ്ദേഹം അരങ്ങുതകർക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 'വർഷം'.

ഇഴച്ചിലും മെലോഡ്രാമയും വില്ലനാവുന്നു

'പാസഞ്ചർ' എന്ന അസാധാരണമായ സിനിമയിലൂടെ മലയാളത്തിൽ ന്യൂ ജനറേഷൻ തരംഗത്തിന് തുടക്കം കുറിച്ചയാളാണ് രഞ്ജിത് ശങ്കർ. പാസഞ്ചറിനുശേഷം, ആ സിനിമയുണ്ടാക്കിയ ഭാവുകത്വപരമായ മാറ്റത്തിൽനിന്നാണ് രാജേഷ് പിള്ളയുടെ 'ട്രാഫിക്' ഹിറ്റാകുന്നത്. എന്നാൽ മലയാള നവതരംഗസിനിമക്ക് തുടക്കംകുറിച്ചെന്ന ക്രെഡിറ്റ് പോയതാകട്ടെ 'ട്രാഫിക്കി'നും. പക്ഷേ ന്യൂജൻ സിനിമകളുടെ തലതൊട്ടപ്പൻ 'പാസഞ്ചറാ'ണെന്ന് മിതഭാഷിയും വിനയാന്വിതനുമായ രഞ്ജിത്ത് ശങ്കർ എവിടെയും പറയാറുമില്ല. പക്ഷേ പിന്നീടിറങ്ങിയ രഞ്ജിത്ത് ശങ്കറിന്റെ ഒരു ചിത്രവും ന്യൂ ജനറേഷൻ സിനിമയുടെ പാറ്റേണിൽ ആയിരുന്നില്ല എന്നുമാത്രമല്ല, ഒന്നിനും 'പാസഞ്ചറി'ന്റെ നിലവാരവും ഉണ്ടായിരുന്നില്ല. 'അർജുനൻ സാക്ഷി'യിലും 'മോളി ആന്റി റോക്ക്‌സി'ലുമൊക്കെ തീരെ നിരാശപ്പെടുത്തിയ രഞ്ജിത്ത് ശങ്കർ പക്ഷേ 'പുണ്യാളൻ അഗർബത്തി'യിൽ പിടിച്ചുനിന്നു. 'വർഷ'വും 'പാസഞ്ചറോ'ളം വരുന്നില്ല. വാട്ട്‌സാപ്പ് വഴിയുള്ള പ്രചാരണവും കേരളത്തിനു പുറത്ത് 200 കേന്ദ്രങ്ങളിൽ റിലീസ് ചെയ്യലുമൊക്കെയായി പ്രീ പ്രൊഡക്ഷൻ വർക്കുകളിൽ കാണിച്ച ശ്രദ്ധ തിരക്കഥയുടെ കാര്യത്തിൽ പലയിടത്തും രഞ്ജിത്ത് ശങ്കറിന് കൈമോശം വന്നു.

ചില സീനുകളിലെ ഇഴച്ചിലും അതിവൈകാരികതയും പ്രേക്ഷകർക്ക് പിടിച്ചിട്ടില്ല. തുടക്കത്തിലെ പല സീനുകളിലെയും നർമ്മം ഏച്ചുകെട്ടിയതായി തോന്നുന്നു. സമ്പന്നരുടെ വീട്ടിലെ വേലക്കാരികളൊക്കെ വ്യക്തിത്വമൊന്നുമില്ലാതെ ഏഷണികൾമാത്രം പറഞ്ഞ് ജീവിക്കുന്നവരാണെന്ന വൃത്തികെട്ട മുൻവിധി ആദ്യ പകുതിയിൽ സിനിമ പുലർത്തുന്നു. വേണുഗോപാലിന്റെ കുടുംബത്തിലെ അസ്വാരസ്യങ്ങളും റസിഡന്റ്‌സ് അസോസിയേഷനിലെ പ്രശ്‌നങ്ങളുമൊക്കെ അവതരിപ്പിക്കുന്നിടത്ത് നർമ്മവും സാമൂഹിക വിമർശനവും കൃത്യമായി പ്രതിഫലിപ്പിക്കാൻ സംവിധായകന് ആകുന്നില്ല. ഇവിടെയാണ് ശ്രീനിവാസനെപ്പോലൊരു തിരക്കഥാകൃത്തിന്റെ വിലയറിയുക. തലയണമന്ത്രം തുടങ്ങിയ എത്രയോ സിനിമകളിൽ ശ്രീനിവാസൻ കാണിച്ച തന്മയത്വം ഇവിടെ ഓർത്തുപോകുന്നു.

ബ്ലഡ് കാൻസർ വന്ന ഒരുകുട്ടിയോട് കൂട്ടുകൂടരുതെന്ന് ഇന്ന് ഏതെങ്കിലും ഒരമ്മ, അതും വിദ്യാസമ്പന്നയായ സ്ത്രീ പറയുമോ. അതേകുട്ടിയെ അവന്റെ അച്ഛന്റെ മുന്നിൽവച്ച് ചീത്തപറയാനും 'സുഖമില്ലാത്ത കുട്ടികളെ കളിക്കാൻ വിടരുതെ'ന്ന് കയർക്കാനും ഇന്നത്തെക്കാലത്ത് ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.ഞാൻ, എന്റെ കുടുംബം അത് കഴിഞ്ഞേ എന്തുമുള്ളൂവെന്ന് ആവർത്തിച്ച് കേൾക്കുന്ന ഇക്കാലത്ത്, മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നതും നല്ലതാണ്. നൂലിൽകെട്ടിയിറക്കിയതുപോലെ ഭൂതകാലമില്ലാത്ത കഥാപാത്രങ്ങളുള്ള, വ്യക്തിദുഃഖങ്ങളും പ്രതിസന്ധികളുംമാത്രം പർവതീകരിക്കപ്പെടുന്ന പുതുതലമുറാ കാഴ്ചകളുടെ കാലത്ത് പ്രത്യേകിച്ചും. മകന്റെ മരണാനന്തരം, ആ കുട്ടിയിൽനിന്ന് വാങ്ങിയ പണം കണ്ണീരോടെ മടക്കിത്തരുന്ന വേലക്കാരന്റെ കരണക്കുറ്റിക്ക് നോക്കി വേണു അടിക്കുന്നതും ആ സീനിന് ചേരുന്നില്ല. ഇത്തരം വൈകല്യങ്ങൾ വർഷത്തിൽ ഇടക്കിടെ കാലം തെറ്റിയ മഴപോലെ കടന്നുവരുന്നുണ്ട്. ഒരു പള്ളീലച്ചൻ എന്തോ നിസ്സാര വികൃതികൾ ഒപ്പിച്ചതിന് ഒരു കുട്ടിയെ മണലിൽ മുട്ടിൽ നിർത്തി ശാസിക്കുന്നത് കണ്ടു. ഇവരൊക്കെ ഏത് കാലത്താണോ ജീവിക്കുന്നത്. ഇക്കാലത്ത് അത്തരമൊരു ശിക്ഷകൊടുത്താലുള്ള സ്ഥിതിയെന്താകും. മാത്രമല്ല, ഇത്രയും ഉപകാരങ്ങളൊക്കെ ചെയ്തിട്ടും വേണു ഇപ്പോൾ മരിക്കുമെന്ന രീതിയിൽ അയാളുടെ കമ്പനി അംഗങ്ങളും സ്വന്തം അമ്മായിയുമൊക്കെ മുഖത്തുനോക്കി പറയുമ്പോൾ കേരളീയ സമൂഹം ഇത്രക്ക് അധഃപ്പതിച്ചോ എന്ന് തോന്നിപ്പോകും. രഹസ്യമായി പാരവയ്ക്കുകയല്ലാതെ, രോഗിയായി മരണാസന്നനായ ഒരാളെ പരസ്യമായി അധിക്ഷേപിക്കാൻ ശരാശരി മലയാളി ഒരിക്കലും തയാറാകില്ല. അത്തരമൊരു ശക്തമായ ശത്രുതയ്ക്കുള്ള കാരണം പറയാനും സംവിധായകന് ആകുന്നില്ല. തിരക്കഥയിലും കഥാപാത്രങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിലും അൽപ്പം കൂടി ശ്രദ്ധിക്കുകയും, ചിലയിടങ്ങളിലെ ഇഴച്ചിലും അതിവൈകാരികതയും ഒഴിവാക്കാൻ കഴിയുകയും ചെയ്തിരുന്നുവെങ്കിൽ 'വർഷം' എത്രയോ മികച്ച ദൃശ്യാനുഭവവുമായിരുന്നു.

മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും കാര്യമായി പെർഫോം ചെയ്യാനില്ലെങ്കിലും സുനിൽ സുഖദയും സുധീർ കരമനയും ടി ജി രവിയും സജിത മഠത്തിലുമടക്കമുള്ളവർ ഉള്ള വേഷം ഭദ്രമാക്കി. 'ദൃശ്യ'ത്തിലെ തന്റെ മാസ്റ്റർപീസ് റോളിന്റെ ഏഴയലത്ത് വരില്ലെങ്കിലും മമ്മൂട്ടിയുടെ ഭാര്യയായി ആശ ശരത്തും മികവുകാട്ടി. ബിജി ബാലിന്റെ സംഗീതം അദ്ദേഹത്തിന്റെ പതിവ് നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. മനോജ് പിള്ളയുടെ കാമറ രഞ്ജിത്തിന് നല്ല പിന്തുണയേകുന്നു.

മമ്മൂട്ടിയെന്ന മഹാത്ഭുതം

അടിസ്ഥാനപരമായി മമ്മൂട്ടിയുടെ വൺമാൻഷോയാണ് ഈ സിനിമ. ആ കഥാപാത്രം ചെറുതായൊന്ന് പാളിപ്പോയാൽ മൊത്തം സിനിമ പാളംതെറ്റുമായിരുന്നു. ആദിമധ്യാന്തം മമ്മൂട്ടിയിലൂടെയാണ് 'വർഷം' പെയ്യുന്നത്. തന്മയത്വത്തോടെയും തനിക്ക് മാത്രം കഴിയുന്ന അനിതരസാധാരണമായ നിയന്ത്രണത്തിലൂടെയും മമ്മൂട്ടി ആ വേഷം ഭംഗിയാക്കുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പ്രായത്തിനും രൂപത്തിനും ചേരുന്ന വേഷവുമാണിത്. ആശ ശരത്തിനുപകരം പതിനെട്ടോ ഇരുപതോ വയസ്സുള്ള ഏതെങ്കിലും കൊച്ചുപെൺകുട്ടി മമ്മൂട്ടിയുടെ ഭാര്യയായി വേഷമിടുകയും അവരെവച്ച് രണ്ട് പാട്ടുസീനും ഉണ്ടായിരുന്നെങ്കിൽ മൊത്തം ചളമായേനെ!

ഐസിയുവിനുമുന്നിൽ മകന്റെ മരണവിവരം കേട്ട് അർധഭ്രാന്തനെപ്പോലെ സിഗരറ്റുവലിച്ചുള്ള ആ ഡയലോഗൊക്കെ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പഠിക്കാൻപോലും ഉപകരിക്കും. (നേരത്തെ 'മുന്നറിയിപ്പി'ന്റെ ക്ലൈമാക്‌സിന് തൊട്ടുമുമ്പുള്ള ഒരൊറ്റ ചിരിയുണ്ടായിരുന്നു മമ്മൂട്ടിയുടെ റേഞ്ച് മനസ്സിലാക്കാൻ). മകന്റെ മൃതദേഹം കാണാൻ ഗോവണിയിറങ്ങിവരുന്ന പിതാവിന്റെ ഭാവങ്ങളും മനസ്സിൽനിന്ന് മായുന്നില്ല. ('തേവർ മകനി'ൽ ശിവാജി ഗണേശന്റെ മൃതശരീരം കാണാനായി, കമൽഹാസൻ വരുന്നതാണ് ഇതുപോലെ ഹൃദയസ്പൃക്കായി മനസിൽതങ്ങുന്ന മറ്റൊരു മരണരംഗം). ഇത്തരം കഥയിലാണ് മമ്മൂട്ടിയെന്ന നടന് എന്തെങ്കിലും ചെയ്യാനുള്ളത്. അല്ലാതെ 'ഗ്യാങ്സ്റ്ററും' 'മംഗ്ലീഷും' പോലുള്ള തറവേഷങ്ങളിൽ ഈ നടന് എന്തുകാര്യമാണുള്ളത്. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്നു പറഞ്ഞതുപോലെ അക്കാര്യം മമ്മൂട്ടിക്കും അറിയില്ലെന്ന് തോന്നുന്നു.

വാൽക്കഷണം: സ്വരം നന്നാവുമ്പോൾ പാട്ടുനിർത്തണം എന്നാണല്ലോ ചൊല്ല്. 'ദൃശ്യം' മലയാളത്തിലെ എക്കാലത്തെയും വലിയ വ്യാവസായിക വിജയമായിട്ടും പിന്നീടിറങ്ങിയ ചിത്രങ്ങൾ പറയിപ്പിച്ചതാണത്രേ, വാരിവലിച്ച് അഭിനയിക്കുന്നത് നിർത്തി നി ഉത്സവ സീസണുകളിൽമാത്രം സിനിമ ഇറക്കിയാൽമതിയെന്ന് തീരുമാനിക്കാൻ നമ്മുടെ പ്രിയ നടൻ മോഹൻലാലിനെ ലാലിനെ പ്രേരിപ്പിച്ചതത്രേ. ഈ വിജയത്തിൽ മനസ്സുനിറഞ്ഞ മമ്മൂട്ടിയും എടുക്കേണ്ടത് അത്തൊരുമൊരു തീരുമാനമാണെന്ന് തോന്നുന്നു. ഇനി നല്ല കഥയും കഥാപാത്രങ്ങളും കിട്ടിയാൽമാത്രമേ സിനിമയിറക്കൂവെന്ന്. തമിഴിൽ രജനിയും കമലും കാണിച്ചുതന്ന വഴിയിലൂടെ മലയാള സൂപ്പർ താരങ്ങളും നടന്നാൽ അത് മലയാള സിനിമാ വ്യവസായത്തിൽ തന്നെ വലിയ മാറ്റമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP