Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാബാലന് പകരം മഞ്ജു വാര്യരെ തെരഞ്ഞെടുത്തതിന്റെ പേരിൽ കമലും ദിലീപും തമ്മിൽ മുഷിഞ്ഞ് സംസാരിച്ചതായി റിപ്പോർട്ട്; തിയേറ്ററുകളുടെ മുഴുവൻ നിയന്ത്രണമുള്ള ദിലീപ് പാരയാകുമോ എന്ന പേടിയിൽ അണിയറ പ്രവർത്തകർ; മാധവിക്കുട്ടിയുടെ ആമിയെ ചൊല്ലി വിവാദങ്ങൾ ഒഴിയുന്നില്ല

വിദ്യാബാലന് പകരം മഞ്ജു വാര്യരെ തെരഞ്ഞെടുത്തതിന്റെ പേരിൽ കമലും ദിലീപും തമ്മിൽ മുഷിഞ്ഞ് സംസാരിച്ചതായി റിപ്പോർട്ട്; തിയേറ്ററുകളുടെ മുഴുവൻ നിയന്ത്രണമുള്ള ദിലീപ് പാരയാകുമോ എന്ന പേടിയിൽ അണിയറ പ്രവർത്തകർ; മാധവിക്കുട്ടിയുടെ ആമിയെ ചൊല്ലി വിവാദങ്ങൾ ഒഴിയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയെ ഇന്ന് നിയന്ത്രിക്കുന്നത് നടൻ ദിലീപാണ്. തിയേറ്റർ ഉടമകളുടെ സംഘടനയെ കൈയിലാക്കിയതോടെയാണ് ദിലീപ് സിനിമാക്കാർക്കിടയിലെ സൂപ്പർതാരമായത്. സമരങ്ങളും വിലക്കുമില്ലാത്ത സിനിമാ മേഖലയെന്ന ആശയവുമായാണ് ലിബർട്ടി ബഷീറിനെ തറപറ്റിച്ച് ദിലീപ് സിനിമാക്കാർക്കിടയിലെ നേതാവായത്. നിർമ്മാതാവും നടനുമായ ദിലീപ് നിശ്ചിയിക്കുന്നത് പോലെയാകും ഇനി സിനിമാ റിലീസുകൾ പോലും. തിയേറ്റർ ഉടമകളെ കൂടെ കൂട്ടി ദിലീപ് നടത്തിയ പരീക്ഷണങ്ങൾ ഫലം കണ്ടു. പക്ഷേ ശത്രുക്കളോട് കടുത്ത നിലപാട് തന്നെയാകും എടുക്കുകയെന്നും തെളിഞ്ഞു. ലിബർട്ടി ബഷീറിന് തിയേറ്റർ പൊളിച്ച് ഷോപ്പിങ് കോപ്ലക്‌സ് പണിയേണ്ടി വന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രതികാര കഥ കൂടി ചർച്ചയാവുകയാണ്.

ആമിയിൽ നായികയായി മഞ്ജു വാര്യരെ പരിഗണിക്കാതിരിക്കാൻ ദിലീപ് ശ്രമിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇതിന് കാരണം. ദിലീപിൽ നിന്ന് വിവാഹമോചിതയായ മഞ്ജവുമായി ഇപ്പോഴും വൈരാഗ്യ ബുദ്ധിയോടെ ദിലീപ് പ്രവർത്തിക്കുന്നുവെന്നാണ് വിലയിരുത്തലുമെത്തുന്നത്. മഞ്ജുവിനെ ഈ സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന തരത്തിലാണ് കാര്യങ്ങൾ പ്രചരിക്കുന്നത്. സംവിധായകൻ കമലിനോട് ദിലീപ് ആവശ്യപ്പെട്ടുവെന്നാണ് പ്രചരണം. എന്നാൽ ഇത് കമൽ നിഷേധിച്ചിട്ടുണ്ട്. ആമിയിൽ മഞ്ജു തന്നെ നായികയാകുമെന്നും കൂട്ടിച്ചേർത്തു.

പ്രൊഫഷണലായ അഭിനേതാവാണ് ദിലീപ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആളല്ല. ആരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. അത്തരത്തിൽ യാതൊരുവിധ ശ്രമങ്ങളും ദിലീപ് നടത്തിയിട്ടില്ലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് കമൽ പ്രതികരിച്ചത്. ദിലീപും കമലുമായി അടുത്ത ബന്ധമാണ് ഉള്ളത്. കമലിന്റെ സംവിധാന സഹായിയായാണ് ദിലീപ് സനിമയിൽ സജീവമാകുന്നത്. ഗുരുതുല്യനായാണ് കമലിനെ കാണുന്നതും. ഈ ബന്ധം ഉപയോഗിച്ചാണ് മഞ്ജുവിനെ മാറ്റണമെന്ന് ദിലീപ് ആവശ്യപ്പെട്ടതെന്നായിരുന്നു റിപ്പോർട്ട്. ഇതിനോട് പ്രതികരിക്കാൻ ദിലീപ് ഇനിയും തയ്യാറായിട്ടില്ല. മഞ്ജുവുമായി തെറ്റിപ്പിരിഞ്ഞ ദിലീപ്, ഈയിടെയാണ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. ഈ കല്ല്യാണത്തിന് സിനിമയിലെ പ്രമുഖരെത്താതിരിക്കാൻ മഞ്ജു കരുക്കൾ നീക്കിയെന്ന ആരോപണവും ശക്തമാണ്.

ഇതിനിടെയാണ് ആമിയുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഇടപെടൽ വാർത്ത പുറത്തുവരുന്നത്. നിലവിലെ സാഹചര്യത്തിൽ ആമിയായി മികച്ച നടിയെ ആവശ്യമുണ്ട്. അതുകൊണ്ട് മഞ്ജുവല്ലാതെ മറ്റൊരാളെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്ന് തന്നെയാണ് കമലിന്റെ നിലപാട്. ദിലീപുമായി പ്രശ്‌നമൊന്നുമില്ലെന്ന് കമൽ പറഞ്ഞെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന സൂചനയാണ് സിനിമാ ലോകം നൽകുന്നത്. ആമിയുടെ റിലീസ് സമയത്ത് തിയേറ്ററുകളുടെ മനോഭാവം അപ്പോൾ അറിയാമെന്ന് കരുതുന്നവരുമുണ്ട്. ലിബർട്ടി ബഷീറിന് സംഭവിച്ചതിനേക്കാൾ വലുത് കമലിന് സംഭവിക്കാതിരിക്കട്ടേ എന്നാണ് ഇവർ പറയുന്നത്.

ദീർഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കമലിന്റെ ആമിയിലെ നായികയെ തീരുമാനിച്ചത്. വിദ്യാ ബാലനാണ് ആമിയുടെ വേഷത്തിലെത്തുന്നതെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ചിത്രീകരണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വിദ്യ ചിത്രത്തിൽ നിന്നും പിന്മാറി. പിന്നീട് തബു, പാർവതി എന്നിവരുടെയൊക്കെ പേര് ഉയർന്നുവന്നു. എന്നാൽ തന്റെ ആമിയെ അവതരിപ്പിക്കാൻ പറ്റിയ ആളെ ഇതുവരെയും കണ്ടു കിട്ടിയില്ലെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഇതിനിടയ്ക്ക് മഞ്ജു വാര്യരുടെ പേരും ഉയർന്നു കേട്ടിരുന്നു. ഇതോടെ ദിലീപ് പ്രശ്‌നത്തിൽ ഇടപെട്ടുവെന്നാണ് വാർത്തകളും റിപ്പോർട്ടും. കമലിനോട് മഞ്ജുവിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടത്രേ. ഇത് കമൽ തള്ളി.

അതിന് ശേഷമാണ് ആമിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണെന്ന് സംവിധായകൻ സ്ഥിരീകരിച്ചത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആമിയെ അവതരിപ്പിക്കുന്നത് സിനിമാ പ്രേമികളുടെ ഇഷ്ട അഭിനേത്രി തന്നെയാണെന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് വിദ്യാ ബാലൻ പിന്മാറിയത്. കാരണമെന്താണെന്ന് അറിയില്ല. വിദ്യയെ ആദ്യമായി ക്യമറയ്ക്ക് മുന്നിൽ കൊണ്ടുവന്നത് താനാണ്. വിദ്യയുടെ പിന്മാറ്റം വ്യക്തിപരമായി ഏറെ വേദനിപ്പിച്ചുവെന്നും കമൽ പറഞ്ഞു. 37 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്-കമൽ പറയുന്നു.

മഞ്ജുവാര്യർക്കു മുന്നിൽ വലിയ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണ് ആമി. ആമിയെ നന്നായി ഉൾക്കൊള്ളാൻ മഞ്ജുവിന് കഴിയും. കഥാപാത്രമാവുന്നതിനായി ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ആമിയാവാൻ കുറച്ചു കൂടി തടി കൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കമൽ പറഞ്ഞു. ഏതായാലും ഈ വാർത്തയോട് പരസ്യ പ്രതികരണത്തിന് ദിലീപ് തയ്യാറല്ലെന്നാണ് സൂചന. മഞ്ജുവുമായി ദിപീലിന് കടുത്ത വിരോധമാണുള്ളതെന്നത് വ്യക്തമാണ്. വിവാഹ മോചനത്തിന് ശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് കഴിയുന്നത്. മകളെ സ്വന്തമാക്കാനും മഞ്ജു വാര്യർ നിയമപോരാട്ടം തുടങ്ങുമെന്ന് സൂചനയുണ്ട്. കാവ്യയുമായുള്ള ദിലീപിന്റെ വിവാഹം ഉയർത്തിയാണ് ഇത്. അതിനിടെയാണ് ആമിയിലും ഉടക്കുന്നത്.

മലയാളത്തിലെ സൂപ്പർഹിറ്റ് നായികയായിരുന്ന മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമാ അഭിനയം വേണ്ടെന്ന് വച്ചു. പിന്നീട് മഞ്ജു നൃത്ത രംഗത്തും സിനിമയിലും സജീവമായി. ഇതിന് പിന്നാലെയായിരുന്നു വിവാഹ മോചനം. സിനിമാ അഭിനയയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മഞ്ജുവും ദിലീപും തെറ്റാൻ കാരണമെന്നാണ് സൂചനകൾ. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഇനിയും പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP