Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടി ശാരദയ്ക്കു വാഹനാപകടത്തിൽ പരിക്ക്; അപകടം നടന്നത് മലയാളത്തിന്റെ ദുഃഖപുത്രിയായി 50 വർഷം തികച്ച സമയത്ത്

നടി ശാരദയ്ക്കു വാഹനാപകടത്തിൽ പരിക്ക്; അപകടം നടന്നത് മലയാളത്തിന്റെ ദുഃഖപുത്രിയായി 50 വർഷം തികച്ച സമയത്ത്

സെക്കന്തരാബാദ്: മലയാളികളുടെ പ്രിയ നായികയായിരുന്ന നടി ശാരദയ്ക്ക് കാറപകടത്തിൽ പരിക്ക്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ അകുപമുല ഗ്രാമത്തിൽ ഇന്നലെ രാവിലെയാണ് അപകടം. മലയാളത്തിന്റെ ദുഃഖപുത്രി എന്ന വിശേഷണമുള്ള ശാരദ മലയാളികളുടെ മനസിലെത്തിയിട്ട് അമ്പതുവർഷം തികയുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായത്.

വിജയവാഡയിൽനിന്ന് ഷൂട്ടിങ്ങിനായി നൽഗൊണ്ടയിലേക്ക് വരുംവഴിയാണ് അപകടം. കാലിക്കൂട്ടം റോഡിലേക്കുകയറിയപ്പോൾ അവയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കാർ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.

തലകീഴായിമറിഞ്ഞ കാറിനുള്ളിൽനിന്ന് ഗ്രാമവാസികളാണ് ശാരദയെ രക്ഷപ്പെടുത്തി നൽഗൊണ്ടയിലെ ആശുപത്രിയിലെത്തിച്ചത്. കാറിൽ ശാരദയും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നൽഗൊണ്ടയിൽ നിന്ന് പിന്നീട് ശാരദയെ ഹൈദരാബാദിലെ ആശുപത്രിയിൽ വിശദപരിശോധനയ്ക്കു വിധേയയാക്കി. ശാരദയ്ക്കു നിസാര പരിക്കേ ഉള്ളൂ. ഡ്രൈവറുടെ തലയ്ക്കാണു പരിക്കേറ്റത്.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ നേടിയ നടി ശാരദ മലയാളം, തെലുങ്ക് സിനിമകളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിൽ തെലുങ്കുദേശം പാർട്ടി നേതാവുകൂടിയാണ് അവർ. പാർലമെന്റിലും അംഗമായിട്ടുണ്ട്. തെനാലി മണ്ഡലത്തെയാണ് അവർ പാർലമെന്റിൽ പ്രതിനിധാനംചെയ്തത്.

കുഞ്ചാക്കോയുടെ 'ഇണപ്രാവുകൾ' എന്ന ചിത്രത്തിലാണ് ശാരദ മലയാളത്തിൽ ആദ്യമായി എത്തുന്നത്. സരസ്വതി എന്ന ആന്ധ്രാപ്രദേശുകാരി 'റാഹേൽ' എന്ന പേരുമായാണ് മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയത്. പിന്നീടാണ് ശാരദ എന്ന പേരു സ്വീകരിച്ചത്. 1965 ഏപ്രിലിലാണ് 'ഇണപ്രാവുകൾ' പ്രദർശനം തുടങ്ങിയത്. ഇതിനു മാസങ്ങൾക്കു മുമ്പേ ആലപ്പുഴയിലാണ് ചിത്രീകരണം ആരംഭിച്ചത്. ആന്ധ്രയിലെ തെന്നാലിയിൽ നെയ്ത്തുകാരായ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണിയുടെയും മകളാണ് ശാരദ. നാടകവേദിയിൽ നിന്നാണ് ശാരദ ചലച്ചിത്രലോകത്തെത്തിയത്. കന്നട സിനിമയിൽ തിളങ്ങിയ നേരത്താണ് മലയാളത്തിൽ അവസരം തേടിയെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP