Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാൻസർ നിർണയത്തിന് സഞ്ചരിക്കുന്ന ക്ലിനിക്കുമായി 'അമ്മ'; ജനറൽ ബോഡി യോഗത്തിൽ നിന്നു വിട്ടുനിന്നു സലിംകുമാറും ജഗദീഷും; രാജിക്കത്തു നൽകിയെന്നു സലിംകുമാർ; രാജിവച്ചില്ലെന്ന് ഇന്നസെന്റ്‌

ക്യാൻസർ നിർണയത്തിന് സഞ്ചരിക്കുന്ന ക്ലിനിക്കുമായി 'അമ്മ'; ജനറൽ ബോഡി യോഗത്തിൽ നിന്നു വിട്ടുനിന്നു സലിംകുമാറും ജഗദീഷും; രാജിക്കത്തു നൽകിയെന്നു സലിംകുമാർ; രാജിവച്ചില്ലെന്ന് ഇന്നസെന്റ്‌

കൊച്ചി: അർബുദരോഗബാധിതരെ തിരിച്ചറിയുന്നതിനായി സഞ്ചരിക്കുന്ന ക്ലിനിക്കുകൾക്കു രൂപം നൽകുമെന്നു താരസംഘടനയായ അമ്മ. സലിംകുമാർ -ജഗദീഷ് വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ കൊച്ചിയിൽ ഇന്നു ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തീരുമാനം.

കേരളത്തിലെ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് സൗജന്യമായ രീതിയിൽ ക്യാൻസർ നിർണ്ണയം നടത്തും. ക്യാൻസർ നിർണ്ണയ ക്‌ളിനിക്ക് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു.

ക്യാൻസർ രോഗം സാധാരണക്കാർക്കിടയിൽ വർധിക്കുന്നതും രോഗനിർണ്ണയം വൈകുന്നതുമാണ് ഇങ്ങനെ ഒരു സംരഭത്തിന് തുടക്കമിടാൻ കാരണമെന്ന് ഇന്നസെന്റ് പറഞ്ഞു. താരങ്ങളിൽ പലരും വ്യക്തിപരമായി പലരേയും സഹായിക്കാറുണ്ട്. താൻ ക്യാൻസർരോഗ ബാധിതനായി കിടന്നപ്പോളാണ് സാമ്പത്തിക പ്രയാസം മൂലം ചികിത്സ പോലും വേണ്ടെന്ന് വെയ്ക്കുന്ന രോഗികളെ കണ്ടത്. പഞ്ചായത്ത് ഭരണസമിതികളുമായി ബന്ധപെട്ട് രോഗനിർണ്ണയ സംവിധാനം പ്രവർത്തിപ്പിക്കാനാണ് പദ്ധതി. ഇതിനായി ബസുകൾ സജ്ജീകരിക്കും നാല് മാസത്തിനുള്ളിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.

മാമോ ഗ്രാം, പ്രോസ്റ്റേറ്റ് ക്യാൻസർ പരിശോധന തുടങ്ങിയ വിവിധ പരിശോധനകൾ നടത്താൻ കഴിയും വിധമായിരിക്കും ഈ ക്‌ളിനിക്ക് തയ്യാറാക്കുകയെന്ന് ഇന്നസെന്റ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടർന്നു സലിംകുമാറും ജഗദീഷും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സലിം കുമാർ ജനറൽബോഡി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ശാരീരിക അസ്വസ്ഥമൂലമാണ് ഇത്. ജഗദീഷ് കഴിഞ്ഞ യോഗത്തിനും എത്തിയിരുന്നില്ല. ഇതിലൊന്നും വിവദമാക്കേണ്ട കാര്യങ്ങളില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. അമ്മ ഭാരവാഹികളായ മമ്മൂട്ടി, മോഹൻലാൽ, ഇടവേള ബാബു, ദിലീപ്, ദേവൻ, നിവിൻ പോളി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ജഗദീഷിന്റെയും സലീം കുമാറിന്റെയും അസാന്നിധ്യം ചർച്ചയായിരുന്നു. സംഘടനയിൽ നിന്നു രാജിവെക്കുന്നതായി നേരത്തെ സലീംകുമാർ പ്രഖ്യാപിച്ചിരുന്നെങ്കിലും സംഘടന രാജി സ്വീകരിച്ചിരുന്നില്ല. യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നു കാണിച്ച് അദ്ദേഹം ലീവ് ലെറ്റർ നൽകിയിട്ടുണ്ടെന്നാണ് ഇടവേള ബാബു വ്യക്തമാക്കിയത്.

ജഗദീഷ് എത്തിയില്ലെങ്കിലും എംഎൽഎമാരായ ഗണേശ് കുമാറും മുകേഷും യോഗത്തിൽ പങ്കെടുക്കാനെത്തി. താരമൽസരം നടന്ന പത്തനാപുരത്ത് 'അമ്മ' വൈസ് പ്രസിഡന്റ് കൂടിയായ മോഹൻലാൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ബി.ഗണേശ് കുമാറിനു വേണ്ടി പ്രചാരണത്തിനിറങ്ങിയതിനെ തുടർന്നാണ് സംഘടനയിൽ അഭിപ്രായഭിന്നത ഉടലെടുത്തത്. മോഹൻലാലിന്റെ നടപടിക്കെതിരെ ജഗദീഷും സലിംകുമാറും രംഗത്തെത്തുകയും സലിംകുമാർ സംഘടനയിൽ നിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾക്കു ശേഷം ആദ്യത്തെ വാർഷിക പൊതുയോഗമാണിന്നു നടന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP