Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യമായി റിയാലിറ്റിഷോയിലെത്തിയപ്പോൾ ഞാൻ അണിഞ്ഞിരുന്നത് 350 രൂപയുടെ ചുരിദാറാണ്; അത് ഇപ്പോഴും ഞാൻ ഓർമയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്; അന്ന് 120 രൂപയുടെ ചെരുപ്പാണ് വീട്ടിൽ വാങ്ങിത്തരുന്നത്; അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക'; റിയിലിറ്റി ഷോയിലുടെ വെള്ളിത്തിരയിലെത്തിയ അനുഭവങ്ങൾ വെളിപ്പെടുത്തി അനുശ്രീ  

ആദ്യമായി റിയാലിറ്റിഷോയിലെത്തിയപ്പോൾ ഞാൻ അണിഞ്ഞിരുന്നത് 350 രൂപയുടെ ചുരിദാറാണ്;   അത് ഇപ്പോഴും ഞാൻ ഓർമയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്; അന്ന് 120 രൂപയുടെ ചെരുപ്പാണ് വീട്ടിൽ വാങ്ങിത്തരുന്നത്; അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക'; റിയിലിറ്റി ഷോയിലുടെ വെള്ളിത്തിരയിലെത്തിയ അനുഭവങ്ങൾ വെളിപ്പെടുത്തി അനുശ്രീ   

മറുനാടൻ ഡെസ്‌ക്‌

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലെത്തിയ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുശ്രി. തന്റെ സിനിമകൾ മലയാള പ്രക്ഷകർ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തിട്ടുള്ളത്. മറ്റ് അഭിനേതാക്കലിൽ നിന്നും വ്യത്യസ്ത പുലർത്തുന്ന അനുശ്രി സിമ്പിളാണ്. അതുതന്നെയാണ് അനുശ്രി എന്ന സിനിമാതാരത്തിന്റെ വിജയവും. റിയാലിറ്റി ഷോകളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നതാരം തന്റെ അനുഭവങ്ങൾ അടുത്തിടെ പ്രേക്ഷകരോട് പങ്കുവെച്ചച്ചിരുന്നു. ഒരു സ്വാകാര്യ ചാനലിൽ നടത്തിയ പരിപാടിയിലായിരുന്ന താരത്തിന്റെ വെളിപ്പെടുത്തൽ.

റിയാലിറ്റി ഷോയുടെ തുടക്കം ബാക്കിയുള്ള മത്സരാർത്ഥികളെ കണ്ട് തിരിച്ചുപോകാൻ ഒരുങ്ങിയതാണെന്നും കോർഡിനേറ്റർ ചേട്ടന്റെ വാക്കിന്റെ ബലത്തിലാണ് താൻ പിടച്ചുനിന്നതും വിജയിച്ചതെന്നും അനുശ്രീ പറഞ്ഞു. ടെലിവിഷൻ പരിപാടിയിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആദ്യമായി ടെലിവിഷൻ പരിപാടിയിലേക്ക് കാൽവെച്ചപ്പോൾ ആദ്യമായി താൻ അണിഞ്ഞത് 350 രൂപയുടെ ചുരിദാറാണ്. അത് ഇന്നും ഞാൻ ഓർമക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

അന്ന് 120 രൂപയുടെ ചെരിപ്പുമിട്ടാണ് ഞാൻ റിയാലിറ്റി ഷോ വേദിയിലെത്തിയത്. അത് പൊട്ടിയാലും അത് തന്നെയാകും വീട്ടുാകർ വാങ്ങിത്തരുക. ഒഡീഷൻ സമയത്ത് അവസാനഘട്ടത്തിൽ കയറിച്ചെന്ന തനിക്ക് മറ്റ് മത്സരാർഥികളെ കാണാനുള്ള അവസരം പോലും ലഭിച്ചിരുന്നില്ല. സെലക്ടയാതിന് ശേഷം മറ്റഅ മത്സരാർഥികളുടെ വേഷവിധാനങ്ങൾ കണ്ടപ്പോൾ തനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും തിരിച്ച് മടങ്ങാനും തോന്നിയിരുന്നെന്നും അനുശ്രി പറയുന്നു. ജീവിതത്തിന്റെ വഴിത്തിരിവായത് ഡയമണ്ട നെക്ലസ് സിനിമയാണ്. തന്റെ നാട്ടിൽ മോഡേൺ എന്നാൽ ജീൻസും അണ്ണാന്റെ ചിത്രമുള്ള ടീ ഷർട്ടുമാണ്. ്സ്ലീവ് ലസ് വസ്ത്രങ്ങളെ കുറിച്ച് താൻ ചിന്തിച്ചിട്ടില്ലായിരുന്നെന്നും അനുശ്രി പറയുന്നു.


അനുശ്രീയുടെ വാക്കുകൾ:

റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ സിനിമയിലേക്ക് കടന്നത്. ആ ഷോയുടെ ലോഞ്ച് നവോദയ സ്റ്റുഡിയോയിലാണ് നടന്നത്. അന്നാണ് ഞാൻ മറ്റ് മത്സരാർത്ഥികളെ ആദ്യമായി കാണുന്നത്. ഒഡിഷൻ സമയത്ത് ഏറ്റവും അവസാന ഘട്ടത്തിലാണ് ഞാൻ പോയത്. അപ്പോഴേക്കും എല്ലാവരും സെലക്ട് ആയിരുന്നു. അതുകൊണ്ട് മറ്റ് മത്സരാർത്ഥികളെ കാണാൻ അവസരം കിട്ടിയിരുന്നില്ല.

അന്ന് എന്റെ വീട്ടിൽ കാറില്ല. എന്റെ സുഹൃത്തിന്റെ കാറിലാണ് ഞാനും അമ്മയും സ്റ്റുഡിയോയിലേക്ക് പോയത്. അന്ന് പോകാൻ നല്ല വസ്ത്രം പോലും ഞാൻ വാങ്ങിയിരുന്നില്ല. എല്ലാം പെട്ടെന്നായിരുന്നു. എന്റെ നാട്ടിൽ മോഡേൺ എന്ന് പറയുന്നത് ഒരു ജീൻസും അണ്ണന്റെ ടീഷർട്ടുമിട്ടാൽ മതി. അങ്ങനെയിട്ടതിന് അവൾ വലിയ ജീൻസും ടോപ്പും ഇട്ട് നടക്കുന്നുവെന്ന് പേരുകേട്ടിട്ടുള്ള ആളാണ് ഞാൻ. അതിൽ സ്ലീവ്ലെസ് എന്ന് കേട്ടാൽ തീർന്നു. ഡയമണ്ട് നെക്ലസ് എന്ന സിനിമ കഴിഞ്ഞ ശേഷമാണ് ഞാൻ സ്ലീവ്ലെസ് വസ്ത്രങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. എന്റെ വീട്ടിൽ അതിന് സമ്മതിക്കില്ലായിരുന്നു.

അന്ന് പരിപാടിക്ക് പോകുമ്പോൾ ഒരു ചുരിദാറാണ് ധരിച്ചത്. 350 രൂപയേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പോഴും ഞാൻ ഓർമയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്ന് 120 രൂപയുടെ ചെരുപ്പാണ് വീട്ടിൽ വാങ്ങിത്തരുന്നത്. അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക. കൂടുതൽ കാലം പൊട്ടാതെ നിൽക്കുന്നത് ആ ചെരുപ്പായിരുന്നു. ആ ചെരുപ്പിട്ടാണ് ശീലം. കൂട്ടുകാർ എല്ലാവരും ഒരേപോലെ ചെരുപ്പാണ് വാങ്ങാറുള്ളത്. അതുകൊണ്ട് വേറെ വാങ്ങാറില്ലായിരുന്നു.

ഇതൊക്കെയിട്ടാണ് ഞാൻ നവോദയ സ്റ്റുഡിയോയിലേക്ക് പോകുന്നത്. ഇത് മോശമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എനിക്ക് ഒന്നും വാങ്ങാനുള്ള സമയം കിട്ടിയില്ല. തലേ ദിവസം വിളിച്ചാണ് സെലക്ടായി, നാളെ എത്തണമെന്ന് വിളിച്ചു പറഞ്ഞത്. പിന്നെ ബാക്കിയുള്ളവർ ഹൈ ലെവൽ മോഡേൺ ആയി വരുമെന്നും ഞാൻ പ്രതീക്ഷിച്ചില്ല. സ്റ്റുഡിയോയിൽ കയറിയപ്പോൾ സെലക്ടായവർ നിരന്ന് ഇരിക്കുന്നു. അവരെ കണ്ടതോടെ എന്റെ ആത്മവിശ്വാസം മുഴുവൻ ചോർന്നുപോയി. മുംബൈയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ളവർ അവിടെയുണ്ടായിരുന്നു.

ഇപ്പോൾ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന സ്വാസികയും ഉണ്ടായിരുന്നു. ഏകദേശം ആൾക്കാരും കൊച്ചിയുമായി ബന്ധമുള്ളവരാണ്. അവർക്കറിയാം, എങ്ങനെ ഒരു പരിപാടിയിൽ വരണമെന്ന്. ഇവരെയൊക്കെ കണ്ടതോടെ ഞാനാകെ വിഷമത്തിലായി.

എന്നെ കോർഡിനേറ്റ് ചെയ്യുന്ന വിനോദ് എന്ന ചേട്ടനുണ്ടായിരുന്നു. എനിക്ക് ഇത് പറ്റൂല, ഞാൻ തിരിച്ച് പോകുകയാണ് എന്ന് ഞാൻ ചേട്ടന് മെസേജ് ചെയ്തു. അമ്മയോടും തിരിച്ചുപോകാമെന്ന് പറഞ്ഞു. അവരെ കണ്ട് ഞാൻ ശരിക്കും പേടിച്ചുപോയി. ഷാളൊക്കെ ഇട്ട് അവരുടെ മുൻപിൽ നിൽക്കാൻ തന്നെ എനിക്ക് ചമ്മലായിരുന്നു.

ഒരു ചാര കളർ ഷാളായിരുന്നു. അതിന്റെ അഗ്രത്ത് മുത്തുകൾ തൂക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ അതാണ് ഏറ്റവും വലിയ സംഭവം. ഞാൻ അവിടെയിരിക്കുമ്പോൾ ഇടയ്ക്ക് അതിലെ മുത്തൊക്കെ പൊട്ടിയിരിക്കുന്നുണ്ട്. എനിക്കാകെ ചമ്മലായി. 'അനു നീ ആരെയും നോക്കണ്ട, നിനക്ക് ചെയ്യാൻ പറ്റുന്നത് സ്റ്റേജിൽ ചെയ്യുക. വീട്ടുകാര്യങ്ങളൊന്നും ആലോചിക്കണ്ട എന്ന് വിനോദേട്ടൻ തിരിച്ച് മെസേജ് ചെയ്തു.

പിന്നീട് ഷോ വിജയിച്ചപ്പോൾ വിനോദേട്ടൻ എന്റെ അടുത്തുവന്ന് ചോദിച്ചു ' അന്ന് നീ മെസേജ് അയച്ച് പോയിരുന്നെങ്കിലോ' എന്ന്. അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിലാണ് ഞാൻ അന്ന് മത്സരത്തിൽ പങ്കെടുത്തത്.

സിനിമയിലും ഇതുപോലെ പ്രശ്നങ്ങൾ നേരിട്ടുണ്ട്. ഒരുപാട് അവസരങ്ങൾ വരുന്നതുകൊണ്ട് വലിയ നിലയിലുള്ള ജീവിതരീതി ഞാൻ ആഗ്രഹിക്കുന്നില്ല. അതിലെനിക്ക് ശ്വാസം മുട്ടുമെന്ന് ബോധ്യമുണ്ട്. എന്നും ഞാൻ ഇങ്ങനെയാകണമെന്നില്ല. ഭാഗ്യം എന്നത് സിനിമയിലെ പ്രധാന ഘടകമാണ്. സ്വയം മറന്ന് ജീവിച്ചു തുടങ്ങിയാൽ പിന്നീട് താഴെ തട്ടിലേക്ക് എത്താൻ ബുദ്ധിമുട്ടും. ഒരു ലിമിറ്റ് വെച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും ചെയ്യില്ല.

ഞാനൊരു നാട്ടിൻപുറത്തുകാരിയാണ്. എന്റെ അച്ഛനും അമ്മയും അണ്ണനും അതുപോലെ തന്നെയാണ്. അവിടെയൊക്കെ ഒരു പെൺകുട്ടി ഡിഗ്രി കഴിയാറാകുമ്പോഴേക്കും വിവാഹിതയാകും. അതല്ലാതെ, പഠനം പൂർത്തിയാക്കി ജോലികിട്ടി വിവാഹം കഴിക്കുക എന്നത് വളരെ വിരളമാണ്. ഡിഗ്രി കഴിഞ്ഞാൽ ഭർത്താവ് പഠിപ്പിക്കുകയാണെങ്കിൽ പഠിക്കട്ടെ, നമ്മുടെ ബാധ്യത ഒഴിഞ്ഞു എന്ന് ചിന്തിക്കുന്ന കൂട്ടരാണ്. ഇപ്പോൾ അൽപം മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്.

എന്റെ കാര്യത്തിലും ഇതുപോലെ തന്നെയാണെന്നാണ് കരുതിയത്. എന്നാൽ എന്റെ വീട്ടുകാരുടെ സപ്പോർട്ടാണ് സിനിമയിൽ എത്തിച്ചത്. എന്റെ അണ്ണൻ തന്നെയാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പിന്തുണ നൽകിയത്. അച്ഛൻ എതിർത്തപ്പോഴും അണ്ണൻ കൂടെയുണ്ടായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ പേരിൽ ആൽബത്തിൽ അഭിനയിക്കാൻ ബസിൽ പോലും കൊണ്ടുപോകാതെ ബൈക്കിലായിരുന്നു അണ്ണൻ എന്നെ കൊണ്ടുപോയതും തിരിച്ചു വീട്ടിലേക്കെത്തിച്ചതും.

ദേ...നമ്മുടെ നാട്ടിലെ കുട്ടി സിനിമയിൽ കുഴപ്പമില്ലാതെ അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞ് തുടക്കത്തിൽ ആരും വന്നില്ല. സിനിമ കഴിഞ്ഞ് ചെല്ലുമ്പോൾ അതുവരെ മിണ്ടിയിരുന്ന നാട്ടുകാർ ആരും എന്നോട് മിണ്ടാതായി. ഞാനെന്തോ തെറ്റ് ചെയ്ത പോലെയായിരുന്നു അവരുടെ പെരുമാറ്റം. ആ നാട്ടിൽ നിന്നുകൊണ്ട് നാട്ടിലെ ആൾക്കാരുടെ അവഗണന ഏറ്റുവാങ്ങുക എന്നത് വളരെ സങ്കടകരമായ കാര്യമാണ്. അവരെ കുറ്റം പറയാനും പറ്റില്ല, സിനിമയെ മോശം ലോകമായാണ് അവർ കണ്ടിരുന്നത്. ഏതു പ്രൊഫഷണലിലും തെറ്റായിട്ട് പോകേണ്ടവർക്ക് പോകാമല്ലോ...അത് അവർ മനസ്സിലാക്കിയിരുന്നില്ല.

പിന്നീട് ഡയമണ്ട് നെക്ലസ് കഴിഞ്ഞ് ചാനലുകളിലൊക്കെ എന്നെ കണ്ടുതുടങ്ങി. പലരും അവരോട് നിങ്ങളുടെ നാട്ടുകാരിയല്ലേ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാവർക്കും അഭിമാനമാണ്. നാലഞ്ച് വർഷം കൊണ്ട് എനിക്ക് അവരുടെ ഭാഗത്ത് നിന്നും കിട്ടിയ സ്നേഹത്തിൽ തുടക്ക കാലത്തെ ദുഃഖങ്ങളൊക്കെ ഒലിച്ചുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP