Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപ് പൊളിച്ചടുക്കിയ തിയേറ്റർ ഉടമകളുടെ സമരം മറ്റൊരു രൂപത്തിൽ വീണ്ടും മലയാള സിനിമാ ലോകത്തിന് ഭീഷണിയാകുന്നു; വരുമാന വിഹതത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പൂർണ്ണമായും സിനിമ അവസാനിപ്പിച്ച് മൾട്ടി പ്ലക്‌സുകൾ; ഗോദയും അച്ചായൻസും അടക്കമുള്ള സിനിമകൾ വമ്പൻ പ്രതിസന്ധിയിൽ; ബാഹുബലിയും മൾട്ടിപ്ലക്‌സിൽ ഇല്ല

ദിലീപ് പൊളിച്ചടുക്കിയ തിയേറ്റർ ഉടമകളുടെ സമരം മറ്റൊരു രൂപത്തിൽ വീണ്ടും മലയാള സിനിമാ ലോകത്തിന് ഭീഷണിയാകുന്നു; വരുമാന വിഹതത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പൂർണ്ണമായും സിനിമ അവസാനിപ്പിച്ച് മൾട്ടി പ്ലക്‌സുകൾ; ഗോദയും അച്ചായൻസും അടക്കമുള്ള സിനിമകൾ വമ്പൻ പ്രതിസന്ധിയിൽ; ബാഹുബലിയും മൾട്ടിപ്ലക്‌സിൽ ഇല്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലിബർട്ടി ബഷീറിന്റെ സംഘടനയെ പൊളിച്ച് മലയാള സിനിമയിൽ ദിലീപ് കൊണ്ടുവന്ന താൽകാലിക സമാധാനം അവസാനിക്കുന്നു. തിയേറ്റർ ഉടമകളുടെ സംഘടനയുടെ നിയന്ത്രണം സിനിമാക്കർ തന്നെ ഏറ്റെടുത്തുവെങ്കിലും പ്രശ്‌നങ്ങൾ തീരുന്നില്ല. പുതിയ തർക്കം അവസാനിപ്പിക്കാൻ ഫോർമുലയില്ലാതെ ഉഴലുകയാണ് സിനിമാ ലോകം. മലയാള സിനിമയെ വീണ്ടും സജീവമാക്കിയത് മൾട്ടി പ്ലക്‌സുകളാണ്. തിയേറ്ററുകളുടെ നിലവാരം ഉയർന്നപ്പോൾ ആളുകൾ കൂട്ടത്തോടെ മൾട്ടി പ്ലക്‌സുകളിൽ കുടുംബ സമേതം സിനിമ കാണാനെത്തി. ഇത് നല്ല ചിത്രങ്ങൾക്ക് താങ്ങും തണലുമായി.

ഇതിനിടെയാണ് പുതിയ പ്രശ്‌നമെത്തുന്നത്. വരുമാന തർക്കത്തെത്തുടർന്ന് മൾട്ടിപ്ലക്സുകളിൽ നിന്ന് സിനിമകൾ പിൻവലിച്ചതോടെ മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിർമ്മാതാക്കളും വിതരണക്കാരും അടങ്ങിയ സംഘടനയുടെ തീരുമാനം പുതിയ പ്രതിസന്ധിക്ക് തുടക്കമിടുമെന്നാണ് വാദം. തിയേറ്റർ വിഹിതത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 'ബാഹുബലി' ഉൾപ്പെടെയുള്ള സിനിമകളാണ് മൾട്ടിപ്ലക്സുകളിൽ നിന്ന് പിൻവലിച്ചത്. കഴിഞ്ഞ ദിവസം റിലീസായ അച്ചായൻസ്, ഗോദ തുടങ്ങിയ മലയാള സിനിമകളും മൾട്ടിപ്ലക്സുകളിൽ പ്രദർശിപ്പിക്കുന്നില്ല. ഇത് ഈ സിനിമകളുടെ കളക്ഷനെ വൻതോതിൽ സ്വാധീനിച്ചിട്ടുമുണ്ട്.

എ ക്ലാസ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനുമായി കഴിഞ്ഞ വർഷമുണ്ടായ തർക്കത്തിന്റെ തുടർച്ചാണ് ഇത്. എ ക്ലാസ് തിയേറ്ററുകളുടെയും മൾട്ടിപ്ലക്സുകളുടെയും വരുമാന വിഹിത അനുപാതം ഏകീകരിക്കണമെന്നായിരുന്നു എക്സിബിറ്റേഴ്സ് ഫെഡറേഷൻ അന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം നിരാകരിച്ച നിർമ്മാതാക്കളും വിതരണക്കാരും ഇപ്പോൾ മൾട്ടിപ്ലക്സുകാർക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഇത് വിരോധാഭാസമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ൾട്ടിപ്ലക്സുകാർക്കനുകൂലമായി നിന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകർക്കുകയാരുന്നു അന്ന് നടന്നതെന്ന ആരോപണവും സജീവമാണ്.

എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റായിരുന്ന ലിബർട്ടി ബഷീറിനെ ഒറ്റപ്പെടുത്തിയാണ് പുതിയ സംഘടന രൂപം കൊണ്ടത്. എന്നിട്ടും പ്രശ്‌നം തീരുനില്ല. നേരത്തെ എ ക്ലാസ് തിയേറ്ററുകൾ ഒരു സിനിമയുടെ റീലിസിന്റെ ആദ്യ ആഴ്ച 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരത്തിൽ 50 ശതമാനവും വിഹിതമാണ് നൽകിയിരുന്നത്. എന്നാൽ മൾട്ടിപ്ലക്സുകാർ ആദ്യവാരത്തിൽ 55 ശതമാനവും രണ്ടാം വാരത്തിൽ 45 ശതമാനവും മൂന്നാം വാരത്തിൽ 30 ശതമാനവും മാത്രമാണ് വിഹിതമായി നൽകിയിരുന്നത്. ഇത് ഏകീകരിക്കണമെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം നിർമ്മാതാക്കളും വിതരണക്കാരും തള്ളിയതോടെയാണ് കഴിഞ്ഞ വർഷം അവസാനം മലയാള സിനിമയിൽ സമരം തുടങ്ങിയത്.

മൾട്ടിപ്ലക്സുകളിൽ നിന്ന് ആവശ്യപ്പെട്ട വിഹിതം ലഭിക്കാതെ പുതിയ ചിത്രങ്ങൾ നൽകില്ലെന്ന കടുത്ത നിലപാടിലാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന. സാഹചര്യം മാറിയതനുസരിച്ച് മൾട്ടിപ്ലക്സ് ഉടമകൾ ചിന്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എ ക്ലാസ് തിയേറ്ററുകളെക്കാൾ കൂടുതൽ സൗകര്യങ്ങൾ പ്രേക്ഷകർക്ക് ഒരുക്കി നൽകുന്നതിനാൽ വരുമാന വിഹിതം കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് മൾട്ടിപ്ലക്സ് ഉടമകൾ. സമരം എത്ര നീണ്ടുപോയാലും വിട്ടുവീഴ്ച വേണ്ടെന്നാണ് ഇവരിൽ പലരുടെയും നിലപാട്.

പുതിയ ചിത്രങ്ങൾക്ക് മൾട്ടിപ്ലക്സുകളിൽ പ്രദർശനം സാധ്യമാകാതെ വരുന്നത് വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് ഒരു വിഭാഗം നിർമ്മാതാക്കളും വിതരണക്കാരും ആശങ്കപ്പെടുന്നു. ഈ പ്രശ്‌നത്തിൽ ഇടപെടാൻ ദിലീപും തയ്യാറല്ല. ഇതോടെ മധ്യസ്ഥനില്ലാതെ പ്രശ്‌ന പരിഹാരം നീളുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP