Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ദിവസം തെറ്റിയാണ് നിന്നെ നിന്റെ അമ്മ പ്രസവിച്ചിരുന്നതെങ്കിൽ ഇന്ന് നമ്മളിങ്ങനെ ഇവിടെ കണ്ടു മുട്ടുമോ? പൊന്മുട്ടയിടുന്ന താറാവും ദാസനും വിജയനും തമ്മിൽ എന്തു ബന്ധം? സത്യൻ അന്തിക്കാടിന് പറയാനുള്ളത്

ഒരു ദിവസം തെറ്റിയാണ് നിന്നെ നിന്റെ അമ്മ പ്രസവിച്ചിരുന്നതെങ്കിൽ ഇന്ന് നമ്മളിങ്ങനെ ഇവിടെ കണ്ടു മുട്ടുമോ? പൊന്മുട്ടയിടുന്ന താറാവും ദാസനും വിജയനും തമ്മിൽ എന്തു ബന്ധം? സത്യൻ അന്തിക്കാടിന് പറയാനുള്ളത്

കൊച്ചി: ദാസനും വിജയനും തിയേറ്ററിൽ പൊട്ടിച്ചിരിയുണ്ടാക്കിയിട്ട് മുപ്പത് വർഷം. നവംബർ അറിനായിരുന്നു ശ്രീനാവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് തിയേറ്ററുകളിലെത്തിയത്. മുപ്പത് വർഷത്തിനുശേഷമുള്ള മറ്റൊരു നവംബർ ആറിന് സത്യനും ശ്രീനിയും ഒന്നിച്ചായിരുന്നു. ഒന്നിച്ചിരുന്ന് മറ്റൊരു ചിത്രത്തെക്കുറിച്ച് ഗുഡ് ആലോചന നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ ആലോചനയ്ക്കിടയിൽ നിർത്താതെ ചിലയ്ക്കുന്ന മൊബൈൽ ഫോൺ റിങ് ടോൺ തന്നെ പൊന്മുട്ടയിടുന്ന താറാവിലെ ഒരു രംഗമാണ് ഓർമിപ്പിക്കുന്നതെന്ന് പറയുകയാണ് സത്യൻ അന്തിക്കാട് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ.

സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക് പോസ്റ്റ് വായിക്കാം:

പൊന്മുട്ടയിടുന്ന താറാവിലെ ഒരു രംഗം ഓർമ്മ വരുന്നു. സ്നേഹലതയുടെ പിറന്നാൾ ദിവസം അമ്പലത്തിന്റെ മതിലിനരികിൽ തട്ടാൻ ഭാസ്‌കരനും സ്നേഹലതയും കണ്ടു മുട്ടി. സ്നേഹലതയുടെ അച്ഛൻ പണിയാൻ ഏൽപ്പിച്ചിരുന്ന രണ്ട് കമ്മലുകൾ അതീവ സ്നേഹത്തോടെ അവൾക്ക് നൽകിക്കൊണ്ട് ഭാസ്‌കരൻ പറഞ്ഞു -

'ഒരു ദിവസം തെറ്റിയാണ് നിന്നെ നിന്റെ അമ്മ പ്രസവിച്ചിരുന്നതെങ്കിൽ ഇന്ന് നമ്മളിങ്ങനെ ഇവിടെ കണ്ടു മുട്ടുമോ?'രഘുനാഥ് പലേരി എഴുതിയതാണ്. ഇനിയുള്ളത് ഇന്നത്തെ യാഥാർത്ഥ്യം. തൃശൂരിൽ ഒരു ഫ്ലാറ്റിൽ പുതിയ സിനിമയുടെ ചർച്ചകളിലാണ് ഞാനും ശ്രീനിവാസനും. 'യാത്രക്കാരുടെ ശ്രദ്ധക്ക്' കഴിഞ്ഞിട്ട് പതിനാറ് വർഷത്തോളമായി. ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള ഒത്തു ചേരലാണ്. രാവിലെ മുതൽ രണ്ടു പേരുടെയും മൊബൈലിലേക്ക് മെസ്സേജുകളുടെ പ്രവാഹം. നാടോടിക്കാറ്റിന്റെ മുപ്പതാം വർഷമാണ്. മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ഒരു നവംബർ ആറിനാണ് ദാസനും വിജയനും മലയാളികളുടെ മുന്നിലേക്ക് ആദ്യമെത്തിയത്. ഞാൻ ശ്രീനിവാസനോട് പറഞ്ഞു -

'ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാണ് നാടോടിക്കാറ്റ് റിലീസ് ചെയ്തതെങ്കിൽ ഇന്ന് ഇവിടെ വച്ച് ഈ മെസ്സേജുകൾ നമുക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുമായിരുന്നോ?' ശ്രീനി ചിരിച്ചു. മുപ്പത് വർഷങ്ങൾ എത്ര പെട്ടെന്ന് കടന്നു പോയി ! വിനീതും അരുണും അനൂപും അഖിലുമൊക്കെ അന്ന് പിച്ച വച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ധ്യാൻ ജനിച്ചിട്ടേയില്ല. ഇന്ന് അവരൊക്കെ യുവാക്കളായി ഞങ്ങളോടൊപ്പം ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്നു. കാലത്തിന് നന്ദി.

ദാസനേയും വിജയനേയും ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഓരോ മലയാളിക്കും നന്ദി. നവംബർ ആറ് മധുരമായ ഒരു ഓർമ്മപ്പെടുത്തലാണ്. പുതിയ സിനിമയ്ക്ക് വേണ്ടി ഞാനും ശ്രീനിവാസനും തയ്യാറെടുക്കുന്ന ഈ സന്ദർഭത്തിൽ പ്രത്യേകിച്ചും. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP