' പ്രളയ ദുരിതത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളി ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു'; സ്ത്രീകൾ ബോട്ടിൽ കയറുവാൻ ശ്രമിക്കുന്നതിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി കൊടുത്ത ജൈസലിന് സംവിധായകൻ വിനയന്റെ വക സമ്മാനം
August 21, 2018 | 03:41 PM IST | Permalink

മറുനാടൻ ഡെസ്‌ക്
കേരളം പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ പലരും രക്ഷാപ്രവർത്തനം നടത്തുന്നത് നാം കണ്ടിരുന്നു. എന്നാൽ അതിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു വേങ്ങരയിലെ മത്സ്യത്തൊഴിലാളിയായ ജൈസൽ. ബോട്ടിൽ കയറാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് സ്വന്തം ശരീരം ചവിട്ടു പടിയാക്കിയാണ് ജൈസൽ സേവനം നൽകിയത്. ജൈസലിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.
ഇതൊടെയാണ് ജൈസലിന് സമ്മാനവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. താൻ ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുന്നുവെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ അറിയിച്ചത്.
സംവിധായകൻ വിനയന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മർൽസ്യത്തൊഴിലാളി ജൈസലിന് ഒരുലക്ഷം രൂപ സമ്മാനമായി നൽകാൻ ഞാനാഗ്രഹിക്കുന്നു..
ഈ വിവരം ഞാൻ ജൈസലിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസൽ ഫോൺ 8943135485) തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസൽ നടത്തിയ രക്ഷാപ്രവർത്തനം സാമുഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മാതൃഭൂമി ചാനലിലൂടെ ജൈസലിന്റെ വീടിന്റെ അവസ്ഥയും ജീവിതത്തേപ്പറ്റിയുമൊക്കെ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്നേഹവും ആദരവും തോന്നി
ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാൽ കഴിയുന്ന പൻക് കൊടുത്തിട്ടുണ്ടൻകിലും.. ഒറ്റമുറി ഷെഡ്ഡിൽ കഴിയുന്ന ജൈസലിന്റെ കുടും ബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവൻ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവർത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു പ്രോൽസാഹനമാകുമെന്ന് ഞാൻ കരുതുന്നു..
നമ്മുടെ നാട്ടിലെ നന്മ്മയുടെ പ്രതീകങ്ങളായ മൽസ്യത്തൊഴിലാളികളുടെ മുന്നിലും..ആദ്രതയും കരുണയും ഉള്ള സ്നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..
വിനയൻ
