Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'യുധിഷ്ഠരനെ' പൂണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ചെയർമാനാക്കിയതിൽ മലയാളികൾക്ക് എന്താണ് പ്രശ്‌നം? കാവിവൽക്കരണം ആരോപിച്ച് പ്രതിഷേധവുമായി മലയാളം സിനിമാക്കാർ; കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധ കൂട്ടായ്മകൾ

'യുധിഷ്ഠരനെ' പൂണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ചെയർമാനാക്കിയതിൽ മലയാളികൾക്ക് എന്താണ് പ്രശ്‌നം? കാവിവൽക്കരണം ആരോപിച്ച് പ്രതിഷേധവുമായി മലയാളം സിനിമാക്കാർ; കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധ കൂട്ടായ്മകൾ

കൊച്ചി: സർക്കാറുകൾ മാറി വരുമ്പോൾ അവരുടെ ഇഷ്ടക്കാരെ സിനിമാ മേഖലയിലെ അധികാര കേന്ദ്രങ്ങളിൽ പ്രതിഷ്ഠിക്കുന്നത് പതിവ് സംഭവമാണ്. എൻഎഫ്ഡിസി ചെയർമാനായി സുരേഷ് ഗോപിയെ നിയമിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അടുപ്പത്തിന്റെ പേരിലാണ്. ഇതിന് പിന്നാലെയാണ് പൂണെ പ്രമുഖ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ബിജെപി നേതാവും മഹാഭാരതം സീരിയലിലെ യുധിഷ്ഠരന്റെ വേഷം ചെയ്ത ഗജേന്ദ്ര ചൗഹാനെ ചെയർമാനായി നിയമിച്ചത്. അധികം സിനിമയിൽ അഭിനയിച്ചിട്ടില്ലാത്ത ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരിക്കയാണ്. ഇതിന് പിന്നാലെ കേരളത്തിലെ സിനിമാക്കാരും പ്രതിഷേധവുമായി രംഗത്തെത്തി.

കാവിവൽക്കരണം ലക്ഷ്യമിട്ടാണ് ഗജേന്ദ്ര ചൗഹാന്റെ നിയമനമെന്ന് ആരോപിച്ചാണ് കേരളത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. കോഴിക്കോടും കൊച്ചിയിലും നടക്കുന്ന പ്രതിഷേധ പരിപാടികളിൽ നിരവധി ആളുകൾ പങ്കെടുക്കും. ജൂണ് 17 ന് വൈകുന്നേരം കോഴിക്കോട് ലൈബ്രറി പരിസരത്താണ് ആദ്യ പരിപാടി നടക്കുന്നത്. പിറ്റേദിവസം കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് പ്രതിഷേധ പരിപാടി നടക്കം. എറണാകുളത്ത് നടക്കുന്ന പരിപാടിക്ക് സംവിധായകൻ രാജീവ് രവി നേതൃത്വം നൽകും. ഫാസിസത്തിനെതിരായ ഈ പ്രക്ഷോഭത്തിന് തന്റെ എല്ലാവിധ സഹകരണങ്ങളും ഉണ്ടായിരിക്കുമെന്ന് രാജീവ് രവി പറഞ്ഞു.

രാജീവ് രവിക്ക് പുറമെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. കോഴിക്കോട് നടക്കുന്ന പരിപാടിക്ക് പ്രമുഖ ഗസൽ ഗായകൻ ഷഹബാസ് അമൻ നേതൃത്വം നൽകും. കഴിഞ്ഞ ദിവസമാണ് പൂണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ ചെയർമാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത്. ബിജെപി സാംസ്‌കാരിക വിഭാഗത്തിന്റെ നേതാവായ ഗജേന്ദ്ര, കേവലം മൂന്ന് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെന്നും മഹാഭാരതം സീരിയലിൽ യുധിഷ്ഠിരന്റെ വേഷം ചെയ്തതിനാലാണ് അദ്ദേഹത്തെ ഇൻസ്റ്റിറ്റിയൂട്ടിന്റെ തലപ്പത്തുകൊണ്ടുവന്നതെന്നും ആരോപിച്ച് വിദ്യാർത്ഥികളാണ് ആദ്യം സമരം തുടങ്ങിയത്.

തുടർന്ന് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഗവേണിങ് കൗൺസിലിൽ നിന്ന് സന്തോഷ് ശിവൻ രാജി വച്ചു. ചെയർമാനാകുന്ന ഗജേന്ദ്ര ചൗഹാനെ വ്യക്തിപരമായി അറിയില്ലെന്നും താൻ വിദ്യാർത്ഥികൾക്കൊപ്പമാണെന്നും സന്തോഷ് ശിവൻ പറഞ്ഞു. ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരേ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പ്രതിഷേധം തുടരുകയാണ്.

ഗജേന്ദ്ര ചൗഹാന്റെ നിയമനത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ശക്തമായ ക്യാംപെയ്‌നുകളാണ് അരങ്ങേറുന്നത്. നിരവധി ആളുകൾ പൂണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് വിദ്യാർത്ഥികളുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി പ്രതിഷേധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ കോഴിക്കോട്ടും കൊച്ചിയിലും നടക്കുന്ന പ്രതിഷേധ പരിപാടികളിൽ നിരവധി ആളുകൾ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

അതിനിടെ ഗജേന്ദ്ര ചൗഹാനെ ചെയർമാനായി നിയമിച്ചതിനെതിരെ പൂണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നടക്കുന്ന വിദ്യാർത്ഥി സമരം അഞ്ചാം ദിനത്തിലേക്ക് കടന്നു. പ്രക്ഷോഭം കൂടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഫീസിന്റെ പ്രവർത്തനം അടക്കം തടഞ്ഞുകൊണ്ടുള്ള സമരത്തിലേക്ക് വിദ്യാർത്ഥികൾ കടന്നു. സമരത്തിന് പിന്തുണയുമായി പൂർവ്വ വിദ്യാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി.

'മിസ്റ്റർ മോദി, ഞങ്ങൾക്കു നിങ്ങളുടെ പാവയെ വേണ്ട' എന്ന മുദ്രാവാക്യവുമായാണ് വിദ്യാർത്ഥികളുടെ സമരം. മഹാഭാരതം സീരിയലിൽ 'യുധിഷ്ടിരന്റെ' വേഷം അവതരിപ്പിച്ചിട്ടുള്ള ചൗഹാൻ ബിജെപിയുടെ സാംസ്‌കാരിക വിഭാഗം നേതാവായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബിജെപിയുടെ പ്രചരണത്തിന് ചുക്കാൻ പിടിച്ചതും ചൗഹാനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് ചൗഹാനെ പുനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ തലപ്പത്ത് എത്തിച്ചത്. കേന്ദ്ര സെൻസർ ബോർഡിൽ ബിജെപിയോടും സംഘപരിവാർ സംഘടനകളോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ നിയമിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പൂണെ ഫിംലിം ഇൻസറ്റിറ്റിയൂട്ടിലെ ചെയർമാനടക്കമുള്ളവരുടെ വിവാദ നിയമനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP