Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ ഹിന്ദി കവിതകേട്ട് ഹിന്ദി വിദുഷിയായ അന്റോണിയോ സിസ്റ്റർ തലയിൽ കൈയുംവച്ചിരുന്നു; വായിൽതോന്നുന്ന ഡയലോഗുകൾ കാച്ചി സീൻ കൊഴുപ്പിക്കുമ്പോൾ കൂടെ അഭിനയിക്കുന്നവർ വായുംപൊളിച്ച് നിൽക്കും; ചെറുപ്പംമുതലേ ഉള്ള മറവിരോഗത്തെ ചിരിച്ചുകൊണ്ട് തോൽപിക്കുന്ന കഥപറഞ്ഞ് തെസ്‌നിഖാൻ

എന്റെ ഹിന്ദി കവിതകേട്ട് ഹിന്ദി വിദുഷിയായ അന്റോണിയോ സിസ്റ്റർ തലയിൽ കൈയുംവച്ചിരുന്നു; വായിൽതോന്നുന്ന ഡയലോഗുകൾ കാച്ചി സീൻ കൊഴുപ്പിക്കുമ്പോൾ കൂടെ അഭിനയിക്കുന്നവർ വായുംപൊളിച്ച് നിൽക്കും; ചെറുപ്പംമുതലേ ഉള്ള മറവിരോഗത്തെ ചിരിച്ചുകൊണ്ട് തോൽപിക്കുന്ന കഥപറഞ്ഞ് തെസ്‌നിഖാൻ

മറുനാടൻ ഡെസ്‌ക്‌

സിനിമയിലും ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിൽക്കുന്ന താരമായ തെസ്‌നിഖാന് മറവിരോഗമോ? തനിക്ക് ഇടയ്ക്കിടയ്ക്ക് ഓർമ്മപോകുന്ന പ്രശ്‌നമുണ്ടെന്നും പല സന്ദർഭങ്ങളിലും അത് വില്ലനും തമാശക്കാരനുമായി ജീവിതത്തിൽ കടന്നുവന്നിട്ടുണ്ടെന്നും വ്യക്തമാക്കി മലയാളത്തിന്റെ പ്രിയനടി ആ ഓർമ്മകൾ പങ്കുവയ്ക്കുന്നു. കുട്ടിക്കാലം തൊട്ടേ തനിക്ക് ഇത്തരമൊരു പ്രശ്‌നമുണ്ടെങ്കിലും അതിനെ അതിജീവിച്ചാണ് താൻ ഇത്രയും കാലം പിടിച്ചുനിന്നതെന്നുമാണ് വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിൽ തെസ്‌നിഖാൻ പറയുന്നത്.

വലിയ കുഴപ്പമല്ലെങ്കിലും വലിയൊരു പ്രശ്‌നക്കാരനായി ഇടയ്‌ക്കെല്ലാം വരുന്ന ഈ ഓർമ്മക്കുറവ് പല സന്ദർഭങ്ങളിലും തനിക്ക് വില്ലനായിട്ടുണ്ടെന്നും സ്‌കൂൾ പഠനകാലം മുതലേ ചില പ്രശ്‌നങ്ങൾ അതുമൂലം ഉണ്ടായിട്ടുണ്ടെന്നും പറയുന്ന നടി അതെല്ലാം 'തടിക്കു കേടില്ലാതെ' മറികടന്നതിന്റെ ഓർമ്മകളാണ് പങ്കുവയ്ക്കുന്നത്. ഈ ഓർമ്മക്കുവറവ് തനിക്ക് പാരമ്പര്യമായി കിട്ടിയതാണെന്നാണ് തെസ്‌നി പറയുന്നത്.

എന്റെ ഫാദറും വലിയ മറവിക്കാരനായിരുന്നു. പുള്ളിയുടെ സ്വഭാവമാണ് എനിക്ക് കിട്ടിയത്. മറവികാരണം പല അബദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. പരിചയമുള്ളവരുടെ പേരുപോലും ചിലപ്പോൾ ഓർമ്മവരില്ല. കാണുമ്പോൾ ചിരിച്ച് വർത്തമാനം പറയുമെങ്കിലും അവരുടെ പേര് ഓർത്തെടുക്കാൻ ശ്രമിക്കുകയാകും മനസ്സ് അപ്പോൾ. ഷൂട്ടിങ് സമയത്തും ഇത് വില്ലനാകാറുണ്ട്. ഡയലോഗെല്ലാം കാണാതെ പഠിച്ച് അസോസിയേറ്റ് ഡയറക്ടറെ പറഞ്ഞു കേൾപ്പിക്കും. പക്ഷേ, ടെയ്കിന് പോകുമ്പോൾ പെട്ടെന്ന് ഓർമ്മപോകും. പിന്നെ രണ്ടുംകൽപിച്ചൊരു അഭിനയമങ്ങുകാച്ചും. കൂടെ അഭിനയിക്കുന്നവർ താൻ തട്ടിവിടുന്ന ഡയലോഗുകൾ കേട്ട് അന്തിച്ചുപോകുമെങ്കിലും ഒരുവിധം എല്ലാം ഓകെയാക്കും - തെസ്‌നി പറയുന്നു.

സിനിമാലോകത്ത് ഇത്തരത്തിലാണ് മറവി വില്ലനാകുന്നതെങ്കിൽ ഇതിന്റെ തുടക്കം സ്‌കൂൾ കാലത്താണെന്ന് തെസ്‌നി പറയുന്നു. പത്താംകഌസിൽ പഠിക്കുമ്പോഴായിരുന്നു. പഠിക്കാൻ അത്ര മിടുക്കിയൊന്നും ആയിരുന്നില്ല. പക്ഷേ, അന്നേ അഭിനയത്തിനും മറ്റും ഉഷാറായിരുന്നു. തെസ്‌നിമാ എന്നാണ് വിളിപ്പേര്. ജില്ലാ കലോത്സവത്തിൽ ഹിന്ദി കവിതാലാപനത്തിന് ചേർന്നപ്പോഴാണ് മറവിരോഗത്തിന്റെ രംഗപ്രവേശം.

സ്‌കൂളിനുവേണ്ടി തെസ്‌നി ചൊല്ലട്ടെയെന്ന് പ്രധാനാധ്യാപിക സിസ്റ്റർ അന്റോണിയോ തീരുമാനിച്ചു. തെസ്‌നിയാകുമ്പോൾ കവിത രസകരമായി ചൊല്ലുമെന്ന് പറഞ്ഞായിരുന്നു തിരഞ്ഞെടുത്തത്. പലതവണ പാടിയും പഠിച്ചും കവിത മനപ്പാഠമാക്കി. അവസാന റിഹേഴ്‌സലിൽ മനോഹരമായി കവിത ചൊല്ലിയതോടെ ടീച്ചർമാർ എല്ലാവരും ഹാപ്പി. പഠിത്തത്തിലും ഈ വാശിവേണമെന്നും വേണമെന്നുവച്ചാൽ തെസ്‌നിമയ്ക്ക് റാങ്കുവരെ കിട്ടുമെന്നുമായി അവർ. ഈ പുകഴ്‌ത്തൽ കേട്ടതോടെ മനസ്സ് പകുതി ശൂന്യമായെന്നും ഇത്തരത്തിൽ ആരെങ്കിലും പൊക്കിപ്പറഞ്ഞാൽ ടെൻഷൻ കയറുമെന്നും മറിച്ച് ആരെങ്കിലം കുറ്റപ്പെടുത്തിയാൽ വാശികയറുമെന്നും തെസ്‌നി പറയുന്നു.

മുന്നുപേരാണ് മത്സരത്തിന് ഉണ്ടായിരുന്നത്. ടീച്ചർമാരുടെ പുകഴ്‌ത്തൽ കേട്ട് ടെൻഷൻ കയറി നിൽക്കുന്നതിനാൽ തൊട്ടുമുൻപിൽ നിന്ന കുട്ടിയോട് തനിക്കുവേണ്ടി പ്രാർത്ഥിക്കണേ എന്ന് അപേക്ഷിച്ചു. അവളാണെങ്കിൽ പുച്ഛത്തോടെയാണ് പ്രതികരിച്ചത്. ഇതോടെ മനസ്സ് മുഴുവനും ശൂന്യമായി. കവിത പോയിട്ട് അതിന് മുമ്പ് പറയേണ്ടതുപോലും ഓർമ്മയിലില്ല. പേരുവിളിച്ചതും ഒരുവിധം സ്‌റ്റേജിൽ കയറി നമസ്‌കാരം പറഞ്ഞതുമാത്രമേ ഓർമ്മയുള്ളൂ. പിന്നെ വായിൽതോന്നിയതെല്ലാം വച്ച് ഒരു കാച്ചാണ്. വിധികർത്താക്കൾ കണ്ണുംമിഴിച്ചിരുന്നു. അഭിനയിച്ചു തകർത്ത് കവിതചൊല്ലുമ്പോൾ ഇതെന്തു ഹിന്ദിയാണെന്ന് അറിയാതെ കേട്ടവർ അന്തംവിട്ടു. ഇടയ്ക്ക് പാളിനോക്കിയപ്പോൾ അന്റോണിയോ സിസ്റ്റർ തലയ്ക്കു കയ്യുംകൊടുത്ത് ഇരിക്കുന്നു. പക്ഷേ, മത്സരത്തിൽ രണ്ടാം സ്ഥാനം കിട്ടി. കാരണം മറ്റൊന്നുമല്ല, മൂന്നാമത്തെ കവിത അവതരിപ്പിച്ചയാളുടെ പ്രകടനം അത്രയ്ക്ക് ദയനീയമായിരുന്നു. - തെസ്‌നി ചിരിച്ചുകൊണ്ട് പറയുന്നു.

ഇത്തരത്തിൽ ജീവിതത്തിൽ പല സന്ദർഭങ്ങളിലും വില്ലനായി എത്തിയ മറവിയെ പൊട്ടിച്ചിരികൾ കൊണ്ട് തോൽപിച്ച് തെസ്‌നി മലയാള സിനിമാലോകത്ത് 28 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തെസ്‌നി മുന്നേറുകയാണ്. അയാൾ ജീവിച്ചിരിക്കുന്നു എന്ന ചിത്രംകഴിഞ്ഞ് ഇപ്പോൾ അച്ചായൻസ് എന്ന കണ്ണൻ താമരക്കുളത്തിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുകയാണ് തെസ്‌നി. ഇതോടൊപ്പം ടിവി ഷോകളിലും സ്‌റ്റേജ് ഷോകളിലും സജീവമാണ് മലയാളത്തിന്റെ പ്രിയതാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP