Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ദിരയും വാജ്‌പേയും വിഎസും മോദിയും ഇഷ്ട നേതാക്കൾ; താൻ പലതും തുറന്നു പറഞ്ഞാൽ ബ്രിട്ടാസിന് പാർട്ടി വിടേണ്ടി വരും; ഡൽഹിയിലെ ആംആദ്മി വിജയത്തിൽ പ്രധാനമന്ത്രി ആത്മപരിശോധനയും നടത്തണം; സുരേഷ് ഗോപി മനസ്സ് തുറക്കുമ്പോൾ...

ഇന്ദിരയും വാജ്‌പേയും വിഎസും മോദിയും ഇഷ്ട നേതാക്കൾ; താൻ പലതും തുറന്നു പറഞ്ഞാൽ ബ്രിട്ടാസിന് പാർട്ടി വിടേണ്ടി വരും; ഡൽഹിയിലെ ആംആദ്മി വിജയത്തിൽ പ്രധാനമന്ത്രി ആത്മപരിശോധനയും നടത്തണം; സുരേഷ് ഗോപി മനസ്സ് തുറക്കുമ്പോൾ...

സ്‌ക്രീനിൽ മാത്രമല്ല പൊതുജീവിതത്തിലും സുരേഷ് ഗോപി ആക്ഷൻ ഹീറോയാണ്. നിലപാടുകൾ ഉറച്ച ശബ്ദത്തിൽ പറയുന്നതിൽ ഭയക്കാത്ത വ്യക്തിത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനായ സുരേഷ് ഗോപി ബിജെപിയോടുള്ള തന്റെ ആഭിമുഖ്യം വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ ചരിത്ര നേട്ടം ഈ നടന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ. ഇല്ല എന്നുവേണം കരുതാൻ. സിനിമാ മംഗളത്തിന് സുരേഷ് ഗോപി നൽകിയ അഭിമുഖത്തിലെ സൂചനകൾ ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പക്ഷേ ഡൽഹിയിലെ തോൽവിയിൽ നിന്ന് മോദിയും ബിജെപിയും പാഠം ഉൾക്കൊള്ളണമെന്നാണ് താരത്തിന് പറയാനുള്ളത്.

ഇന്ദിരാഗാന്ധിയേയും എബി വാജ്‌പേയിയേയും വി എസ് അച്യുതാനന്ദനേയും ഒരു പോലെ ബഹുമാനിക്കാനും സുരേഷ് ഗോപിക്ക് കഴിയുന്നു. അതിന്റെ കാരണവും നടൻ അഭിമുഖത്തിൽ നിരത്തുന്നുണ്ട്. സിനിമാ മംഗളത്തിലെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.

ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ആത്മപരിശോധന നടത്തണം. ആം ആദ്മി പാർട്ടിയുടെ വിജയം ഉചിതമായ സമയത്താണ്. സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. അതുകൊണ്ട് സുരേഷ്‌ഗോപി ബിജെപി വിരുദ്ധനായെന്നും ആം ആദ്മി പാർട്ടിയിലേക്ക് പോകുമെന്നും വാർത്ത. ഈ വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ സുരേഷ്‌ഗോപിയുടെ മറുപടി ശക്തമായിരുന്നു. അത് കൈരളി ചാനലിന്റെ എല്ലാമെല്ലാമാണെന്ന് വിചാരിക്കുന്ന ജോൺ ബ്രിട്ടാസിനെ പോലുള്ളവർ വിഡ്ഢിപ്പെട്ടിക്കുള്ളിലിരുന്ന് സംസാരിച്ചതാണ്. ഞാൻ പലതും തുറന്നു പറഞ്ഞാൽ ്ബ്രിട്ടാസിന് പോലും പാർട്ടി മാറേണ്ടി വരുമെന്നാണ് സുരേഷ് ഗോപിയുടെ മറുപടി.

ഞാനൊരു സ്വപ്‌നജീവിയല്ല. നമ്മുടെ നാട്ടിലെ അധഃസ്ഥിതരെ കൂടുതൽ നാശത്തിലേക്കു കൊണ്ടെത്തിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം 'വളരുക ജന്മനാടേ' എന്നു പറയുന്നതിനു പകരം 'തളർത്തും ജന്മനാടിനെ' എന്നു പറയുന്ന രീതിയിൽ കാര്യങ്ങളെത്തിച്ചിരിക്കുന്നു. അതു കണ്ടുനിൽക്കുമ്പോൾ അതിനെക്കുറിച്ച് മനസ്സിലാക്കി വരുമ്പോൾ പെട്ടെന്നൊരു വ്യഗ്രത ഉണ്ടാകും. ഇതെല്ലാം ഇപ്പോൾ തന്നെ തടയണം. അല്ലെങ്കിൽ കൂടുതൽ ദുരന്തത്തിലേക്ക് അധഃസ്ഥിതരുടെ ജീവിതം പൊയ്‌ക്കൊണ്ടേയിരിക്കും. അതുകൊണ്ടാണ് ഞാൻ സാമൂഹിക രംഗത്ത് സജീവമാകാൻ കാരണമെന്ന് സുരേഷ് ഗോപി പറയുന്നു

തന്റെ കോലം കത്തിച്ച കെ എസ് യുവിന്റെ നടപടി വേദനിപ്പിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കുന്നുണ്ട്. വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്നും വിശദീകരിക്കുന്നു. നാടിന്റെ വികസനത്തിന് ഒപ്പം നിൽക്കേണ്ട മുഖ്യമന്ത്രി അതിൽനിന്നും വ്യതിചലിച്ചെന്ന് മനസ്സിലാക്കിയപ്പോൾ ഒരു പൗരൻ എന്ന നിലയിൽ ഞാൻ വാക്കുകൾ കൊണ്ട് പ്രതികരിച്ചു. അതിനു വിവരം കെട്ട ചില യൂത്ത് കോൺഗ്രസ്സ് ഗുണ്ടകൾ എന്റെ കോലം കത്തിച്ചു. അതിൽ എനിക്ക് വല്ലാത്ത് വേദന തോന്നി. ഞാൻ ഒരാളോടും ഒരിടത്തും മാപ്പ് പറഞ്ഞില്ല. അതേസമയം മുഖ്യമന്ത്രിയെ വിമർശിച്ചത് ഉമ്മൻ ചാണ്ടിയെ പേഴ്‌സണലായി വേദനിപ്പിച്ചെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞപ്പോഴാണ് അതിന്റെ ആഴം എനിക്ക് മനസ്സിലായത്. ഞാൻ വിമർശിച്ചത് ഉമ്മൻ ചാണ്ടിയെയല്ല. ഈ നാടിന്റെ മുഖ്യമന്ത്രിയെയാണ്. ഒരു ജനതയുടെ മുഴുവൻ മുഖ്യൻ എന്നു പറഞ്ഞിരിക്കുന്ന ആൾ വിവരമില്ലാതെ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അത് ചോദ്യം ചെയ്യാൻ ഇവിടത്തെ യാചകനുപോലും അവകാശമുണ്ടെന്നും സൂപ്പർ താരം പറയുന്നു.

കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്‌ഐയിൽ പ്രവർത്തിച്ചിരുന്നു. അത് എന്റെ സുഹൃത്തുക്കൾ എല്ലാവരും എസ്എഫ്‌ഐക്കാർ ആയതുകൊണ്ടാണ്. അന്ന് സിപിഐ(എം) നേതാവായ എംഎ ബേബി കോളേജിൽ വന്ന് ഉദ്‌ബോധന ക്ലാസ് എടുത്തപ്പോൾ കൊള്ളാം എന്നു തോന്നി. അന്നേരം എന്റെ ഹൃദയത്തിൽ ഇരുന്നിരുന്നത് ഇന്ദിരാഗാന്ധിയാണ്. ഇന്ദിരാഗാന്ധിയെ തെറി വിളിച്ചുകൊണ്ടുള്ള ഒരു സമരത്തിലും ഞാൻ പങ്കെടുത്തിട്ടില്ല. കോൺഗ്രസിനേയും സിപിഎമ്മിനേയും ഒരോ പോലെ ഇഷ്ടപ്പെടുന്നതിൽ സുരേഷ് ഗോപി തെറ്റും കാണുന്നില്ല. അത് നയമല്ലല്ലോ. നമ്മുടെ ഇഷ്ടങ്ങളല്ലേ. അച്ഛനേയും അമ്മയേയും ഇഷ്ടപ്പെടുക എന്നുപറഞ്ഞാൽ രണ്ടു നയമാണെന്നാണോ അർത്ഥമെന്ന് നടൻ ചോദിക്കുന്നു.

ഇന്ദിരാഗാന്ധിയേയും എബി വാജ്‌പേയിയേയും ഒരു പോലെ ആരാധിക്കുന്നതിനും കാരണമുണ്ട്. ഞാനൊന്ന് ചോദിച്ചോട്ടേ ഇതിനിടയിൽ മനുഷ്യനിസം എന്നു പറഞ്ഞ ഒന്നില്ലേ. രാജ്യം എന്നു പറഞ്ഞ ഒന്നില്ലേ. എന്നിൽ ഉണ്ടായിരുന്നത് അന്തർദേശീയ ഇസമാണ്. ഇന്ദിരാഗാന്ധിയെ ഭയപ്പാടോടെയാണെങ്കിലും ഒരമേരിക്കൻ പ്രസിഡന്റ് കസേര നൽകിയില്ലേ. അല്ലെങ്കിൽ ഭയപ്പാടോടെ ബഹുമാനിച്ചു എന്നുതന്നെ വിചാരിച്ചോളൂ. അപ്പോൾ ഇന്ദിരാഗാന്ധി ആരാണ്? വാജ്‌പേയിയെ ബഹുമാനിച്ചത് അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭ കൊണ്ടാണ്. അദ്ദേഹത്തിന്റെ ലാളിത്യവും ശുദ്ധതയും എന്നെ ആകർഷിച്ചെന്നും വ്യക്തമാക്കുന്നു. വി എസ് അച്യുതാനന്ദനോടുള്ള ബഹുമാനവും മറച്ചു വയ്ക്കുന്നില്ല. ഹൃദയശുദ്ധിയുള്ള നേതാവാണ്, മനുഷ്യസ്‌നേഹിയാണ് വി എസ് അച്യുതാനന്ദൻ. അദ്ദേഹമാണ് ഭാരതത്തിലെ പ്രതിപക്ഷ നോതാവായിരിക്കാൻ യോഗ്യതയുള്ള ആൾ. അതിനുള്ള അവസരമാണ് ഇനി ഉണ്ടാക്കേണ്ടതെന്നും വിശദീകരിക്കുന്നു.

വി എസ് ചെയ്യുന്ന പല ഇടപെടലുകളും നീതിക്കും ന്യായത്തിനും വേണ്ടിയായിരുന്നു. അതുകൊണ്ട് വി എസ് പറഞ്ഞതു ശരിയാണെന്ന് ഞാനും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശരി ചെയ്താൽ, ജനങ്ങൾക്കു ഗുണകരമായ രീതിയിൽ ഭരിച്ചാൽ ഞാൻ മോദിക്കൊപ്പം നിൽക്കും. ജ്യോതിബസുവിന്റെ മകൻ ശരി ചെയ്താൽ ഞാനവിടെ നിൽക്കും. കോടിയേരി ബാലകൃഷ്ണൻ ശരി ചെയ്താൽ രണ്ടാമതൊന്ന് ഓർക്കാതെ ഞാൻ അഭിപ്രായം പറയും. ഞാൻ രാഷ്ട്രീയ പ്രവർത്തകനോ നേതാവോ ഭരണകർത്താവോ ഒന്നുമല്ല. ഇവിടത്തെ ജനങ്ങൾ സ്ഥിരമായി ഒരു മുന്നണിക്കു മാത്രമല്ലല്ലോ വോട്ട് ചെയ്യുന്നത്. ഈയിടെ ഡൽഹിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67 സീറ്റുകളും ആം ആദ്മി പാർട്ടി നേടിയില്ലേ? അതിനു എട്ടുമാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും നേടിയത് ബിജെപിയല്ലേ? അന്ന് ബിജെപിക്ക് വോട്ടു ചെയ്തവരെ ഇപ്പോൾ അവസരവാദികളെന്ന് വിളിക്കാൻ പറ്റുമോ? ഞാൻ അങ്ങനെയുള്ള ജനങ്ങളിലൊരുവനാണ്. ഞാൻ സുരേഷ്‌ഗോപിയായതുകൊണ്ട് എനിക്ക് ഒരു പക്ഷം വേണമെന്ന് നിർബന്ധിക്കുന്നതെന്തിനാണ്?-സുരേഷ് ഗോപി ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP