Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രശസ്ത സംവിധായകയും സാമൂഹിക പ്രവർത്തകയുമായ ലീന മണിമേഖലയെ യുവ സംവിധായകൻ കാറിലിട്ട് കറക്കിയത് 45 മിനിട്ട്; ഡോർ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചിട്ടും കുലുങ്ങാതിരുന്ന സംവിധായകൻ പരാക്രമം അവസാനിപ്പിച്ചത് ലീന കത്തിയെടുത്തപ്പോൾ; 2005 ൽ നടന്ന പീഡനശ്രമം പുറത്തുപറയാൻ ധൈര്യം വന്നത് ഇപ്പോൾ

പ്രശസ്ത സംവിധായകയും സാമൂഹിക പ്രവർത്തകയുമായ ലീന മണിമേഖലയെ യുവ സംവിധായകൻ കാറിലിട്ട് കറക്കിയത് 45 മിനിട്ട്; ഡോർ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചിട്ടും കുലുങ്ങാതിരുന്ന സംവിധായകൻ പരാക്രമം അവസാനിപ്പിച്ചത് ലീന കത്തിയെടുത്തപ്പോൾ; 2005 ൽ നടന്ന പീഡനശ്രമം പുറത്തുപറയാൻ ധൈര്യം വന്നത് ഇപ്പോൾ

ചെന്നൈ: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ സനിമാ മേഖലയിൽ നടിമാർ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും വിവരിച്ച് കൂടുതൽ പേർ രംഗത്തു വരികയാണ്. സംവിധായികയും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ലീന മണിമേഖല തന്റെ ജീവിതത്തിലെ സമാനമായ ഒരു അനുഭവത്തെക്കുറിച്ച് എഴുതിയിരിക്കുകയാണ്. പ്രശസ്തനായ യുവ സംവിധായകൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവമാണ് ലീന പങ്കുവയ്ക്കുന്നത്. കയ്യിൽ കരുതാറുള്ള ഒരു കത്തിയാണ് അന്ന് ജീവൻ രക്ഷിച്ചത്. അവകാശങ്ങളെക്കുറിച്ച് ഏറെ സംസാരിക്കുന്ന തനിക്ക് അന്ന് ഈ സംഭവത്തെക്കുറിച്ച് വളരെ അടുത്തവരോട് പോലും പറയാൻ ധൈര്യമുണ്ടായില്ലെന്നും ലീല മണിമേഖല ഫേസ്‌ബുക്കിൽ കുറിച്ചു.

ലീന മണിമേഖലയുടെ ഫേസ്‌ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ:

'2005-ലാണ്... ഞാൻ ടെലിവിഷൻ ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായും അവതാരകയായും ജോലി ചെയ്തിരുന്നപ്പോഴാണ് സംഭവം. അന്നത്തെ കാലത്ത് പ്രശസ്തനായ ഒരു യുവസംവിധായകനെ ടിവി പ്രോഗ്രാമിന് വേണ്ടി അഭിമുഖം ചെയ്തിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ സമയം രാത്രി ഒമ്പതര മണി കഴിഞ്ഞിരുന്നു. പതിവു പോലെ എന്നും ഞാൻ ഓട്ടോയിലാണ് വീട്ടിലേക്ക് മടങ്ങുക. ഓട്ടോ പിടിക്കാൻ സ്റ്റുഡിയോയിൽ നിന്നും തെരുവിന്റെ അറ്റത്തേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് ആ സംവിധായകന്റെ കാർ അടുത്ത് വന്ന് നിന്നത്. 'വടപഴനിയിലല്ലേ വീട്... ഞാൻ പോകുന്ന വഴിയിൽ ഇറക്കാം' അയാൾ പറഞ്ഞു. ഞാൻ അയാളെ വിശ്വസിച്ച് കാറിൽ കയറി.

കുറച്ച് നേരത്തേക്ക് സംഭാഷണം നല്ല രീതിയിലാണ് മുന്നോട്ട് പോയത്. പെട്ടെന്ന് അയാളുടെ ശബ്ദത്തിൽ വ്യത്യാസം വന്നു. വിലയേറിയ ആ കാറിന്റെ സെൻട്രൽ ലോക്കിങ് സിസ്റ്റം അയാൾ പ്രവർത്തിപ്പിച്ചത് ഞാൻ കേട്ടു. പെട്ടെന്നയാൾ എന്റെ മടിയിൽ വച്ചിരുന്ന മൊബൈൽ ഫോൺ എടുത്ത് അത് ഓഫ് ചെയ്ത് കാറിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. അയാളോടൊപ്പം അപാർട്മെന്റിലേക്ക് ചെല്ലാൻ ഭീഷണി മുഴക്കി. കുറച്ച് നേരത്തേക്ക് ഞാൻ ആകെ പരിഭ്രമിച്ചു പോയി.

കാർ നിറുത്തി എന്നെ ഇറക്കി വിടാൻ ഞാൻ അയാളോട് പറഞ്ഞു. പിന്നീട് കേണപേക്ഷിച്ചു നോക്കി. കാറിന്റെ ഡോറും ഗ്ലാസ്സും ചവിട്ടിപ്പൊട്ടിക്കുമെന്ന് ഉച്ചത്തിൽ അലറി. എന്റെ താമസസ്ഥലത്തേക്ക് 20 മിനിറ്റ് യാത്രയേ വേണ്ടു. പക്ഷേ 45 മിനിറ്റോളം ചെന്നൈ നഗര വീഥികളിൽ ആ കാറിൽ അയാൾ എന്നെയും കൊണ്ട് ചുറ്റിക്കറങ്ങി. എഞ്ചിനീയറിങ് കാലഘട്ടം മുതലേ എന്റെ ബാഗിൽ ഒരു ചെറിയ കത്തി കരുതുമായിരുന്നു. അന്ന് ആ കത്തിയാണ് എന്നെ രക്ഷിച്ചത്. അത് ഞാൻ പ്രയോഗിക്കുമെന്ന ഘട്ടം വന്നപ്പോൾ അയാൾ എന്നെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡിൽ ഇറക്കിവിട്ടു.

അവകാശങ്ങളെക്കുറിച്ച് ഏറെ സംസാരിക്കുന്ന എനിക്ക് അന്ന് ഈ സംഭവത്തെക്കുറിച്ച് വളരെ അടുത്തവരോട് പോലും പറയാൻ ധൈര്യമുണ്ടായില്ല. മീഡിയയിലെ ജോലി വേണ്ടെന്ന് പറഞ്ഞു കൊണ്ടിരുന്ന കുടുംബാംഗങ്ങൾ ഇതറിഞ്ഞാൽ ജോലിക്ക് പോകുന്നത് തടയുമെന്ന ആശങ്ക ഒരു വശത്ത്. നോ' എന്ന് പറഞ്ഞത് കാരണം സിനിമാമേഖലയിൽ പിടിപാടുള്ള ആ സംവിധായകൻ എനിക്കെതിരേ പ്രതികാരം ചെയ്യുമോ എന്ന ബാലിശമായ ഭയം മറുവശത്ത്.
വർഷങ്ങളേറെ കഴിഞ്ഞു. പക്ഷേ ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും നടുക്കമാണ്.

എന്റെയുള്ളിൽ തന്നെ കുഴിച്ച് മൂടിയ കയ്പേറിയ അനുഭവങ്ങളിലൊന്നായിരുന്നു അത്.
ഇന്ന് മലയാളസിനിമയിലെ ആ നടിക്ക് സംഭവിച്ച അതിക്രമത്തിനെതിരെ സിനിമാ രംഗത്തെ നായകന്മാരും സംവിധായകരും ശബ്ദമുയർത്തുകയാണ്. നല്ല കാര്യം തന്നെ. അതേ സമയം സ്വന്തം ചെയ്തികളെയും തങ്ങളുടെ സിനിമകളിലെ സ്ത്രീ വിദ്വേഷത്തെയും ഇവർ സ്വയം പരിശോധിക്കണം. ചൂണ്ടുവിരൽ അവനവന് നേരെ തിരിക്കണം. 'പൗരുഷം' ആണല്ലോ നമ്മുടെ നാട്ടിലെ ഹീറോയിസത്തിന്റെ മുഖമുദ്ര.

തന്റെമേൽ പതിച്ചേക്കാവുന്ന നൂറായിരം ചോദ്യങ്ങളെയും വിപരീതദൃഷ്ടികളെയും തൃണവൽക്കരിച്ചുകൊണ്ട് സംഭവിച്ച കാര്യങ്ങൾ ധൈര്യപൂർവ്വം തുറന്നു പറഞ്ഞ് നിയമ സഹായം തേടിയിരിക്കുന്ന ആ നടിയുടെ തോളോട് തോൾ ചേർന്ന് നില്ക്കാൻ ഞാനുമുണ്ട്.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP