Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെഞ്ചുവിരിച്ചു... ലാലേട്ടൻ... മീശ പിരിച്ചു... ലാലേട്ടൻ... ; ഓസ്‌ട്രേലിയയിലെ ലാലിസ കെണി ആവർത്തിക്കാതെ യുകെയിലെ ലാലേട്ടൻ ഷോ; നീരാളിയിലെ സ്റ്റീഫൻ ദേവസി ഗാനം ലൈവായി പാടി ലാലേട്ടൻ സദസിന്റെ ഓമനയായി; മികച്ച നടന്റെ അവാർഡ് മോഹൻലാലിന് നൽകി ആദരം; ആനന്ദ് ടിവിയുടെ നടിക്കുള്ള അവാർഡ് നേടി പാർവ്വതിയും

നെഞ്ചുവിരിച്ചു... ലാലേട്ടൻ... മീശ പിരിച്ചു... ലാലേട്ടൻ... ; ഓസ്‌ട്രേലിയയിലെ ലാലിസ കെണി ആവർത്തിക്കാതെ യുകെയിലെ ലാലേട്ടൻ ഷോ; നീരാളിയിലെ സ്റ്റീഫൻ ദേവസി ഗാനം ലൈവായി പാടി ലാലേട്ടൻ സദസിന്റെ ഓമനയായി; മികച്ച നടന്റെ അവാർഡ് മോഹൻലാലിന് നൽകി ആദരം; ആനന്ദ് ടിവിയുടെ നടിക്കുള്ള അവാർഡ് നേടി പാർവ്വതിയും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ബർമിങ്ഹാം: ഓസ്‌ട്രേലിയയിലെ ലാലിസം മോഹൻലാലിന് ചീത്തപേരുണ്ടാക്കി. ചുണ്ടനക്കൽ നടത്തി പാട്ട് പാടിയത് പുറംലോകം അറിയുകയും ചെയ്തു. പക്ഷേ ഓസട്രേലിയയിൽ നിന്നും ലാൽ യുകെയിലെത്തിയപ്പോൾ ആകെ മാറി. എല്ലാ അർത്ഥത്തിലും കാണികളെ കൈയിലെടുത്ത് ആനന്ദ് ടിവി അവാർഡ് ഷോയിലെ സൂപ്പർ താരമായി. പാട്ടും ഡാൻസും തമാശയുമെല്ലാമായി മോഹൻലാൽ നിറഞ്ഞ ആഘോഷ രാവ്.

കണ്ണഞ്ചിപ്പിക്കുന്ന വിവിധ ഗ്രൂപ്പുകളുടെ നൃത്ത വിസ്മയങ്ങൾ, ലാലിന് ആദരിച്ചുള്ള പഴയപാട്ടുകൾ ചേർത്തുള്ള പ്രത്യേക പരിപാടി മനോജ് കെ ജയനും സിത്താരയും ചേർന്ന് പാടി അവതരിപ്പിച്ചപ്പോൾ പിന്നണിയിൽ സിനിമകളിലെ രംഗങ്ങൾ ബിഗ് സ്‌ക്രീനിൽ നിറഞ്ഞു. കൈയടിയോടെയാണ് ഇതെല്ലാം പ്രേക്ഷകർ നെഞ്ചേലേറ്റിയത്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ തന്റെ സാന്നിധ്യം ഒന്നുകൊണ്ടുതന്നെ അവാർഡ് മലയാളത്തിന് നൈറ്റ് ആഹ്ലാദകരമാക്കി മാറ്റി.

നെഞ്ചുവിരിച്ചു... ലാലേട്ടൻ... മീശ പിരിച്ചു... ലാലേട്ടൻ... എന്ന പാട്ട് കരഘോഷത്തോടെയും ആർപ്പുവിളികളോടെയും പാടി എഴുന്നേറ്റു നിന്നുകൊണ്ടാണ് യു കെ മലയാളികൾ ലാലിനെ വരവേറ്റത്. തന്റെ പുതിയ ചിത്രമായ നീരാളിയിലെ സ്റ്റീഫൻ ദേവസ്സി സംഗീതം നൽകിയ പാട്ട് ലാൽ ലൈവായി പാടിയപ്പോൾ ഒപ്പം നിറഞ്ഞത് കയ്യടിയും ഹർഷാരവങ്ങളും മാത്രമായിരുന്നു.

അടുത്തകാലത്ത് ഒടിയൻ സിനിമക്ക് വേണ്ടി നടത്തിയ രൂപമാറ്റത്തെ തുടർന്ന് വിമർശനം ഉന്നയിച്ചവർക്കും ആശങ്കപ്പെട്ട താരാധകർക്കും മറുപടിയായി ഊർജ്വസ്വലനായ പഴയ ലാൽ തിരികെയെത്തിയ കാഴ്ചയാണ് ഇന്നലെ ബിർമിങാമിൽ കാണാനായത്. മുഖത്തെ കൊഴുപ്പു വലിച്ചെടുക്കും വിധം ബോട്ടോക്‌സ് ചികിത്സയും പ്ലാസ്റ്റിക് സർജറിയും ഒക്കെ നടത്തി ലാൽ രൂപമാറ്റം വരുത്തി എന്ന ഊഹാപോഹങ്ങൾക്കുള്ള നടന്റെ മറുപടി കൂടിയായി ഇന്നലത്തെ പെരുമാറ്റം. പഴയ കാല മോഹൻലാലിന് കാര്യമായ മാറ്റം ഒന്നും ഇല്ലെന്നു വ്യക്തമാക്കി അവാർഡ് നൈറ്റിന്റെ പാതി വഴിയിൽ ബിർമിങാം ഹിപ്പോഡ്രോം വേദിയുടെ വലതു വശത്തെ ബാൽക്കണി ബോക്‌സിലൂടെ കാണികളെ അഭിവാദ്യം ചെയ്തു ആവേശ തിരയിളക്കിയ ലാൽ തൊട്ടു പിന്നാലെ കൈവീശി ഹാളിലെത്തി.

ചെകിട് അടപ്പിക്കുന്ന ആരാധക മുദ്രാവാക്യം വിളി നിലയ്ക്കാൻ ലാൽ കാത്തുനിന്നെകിലും ലാലിന് വേണ്ടി ഞങ്ങടെ നെഞ്ചിലെ നീരാണ് എന്ന മട്ടിലൊക്കെ പുറകിൽ നിന്നും ആർത്തലയ്ക്കും വിധമാണ് ആരാധകർ ആർപ്പു വിളിച്ചു നടനെ സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയൻ പര്യടനത്തിൽ ലാലിസം വീണ്ടും അരങ്ങേറി എന്ന സോഷ്യൽ മീഡിയ പരാതി മനസ്സിൽ വച്ചാകണം ഇന്നലെ തകർപ്പൻ പെർഫോമൻസ് നടത്താൻ കരുതിക്കൂട്ടി തന്നെയാണ് ലാൽ വേദിയിലെത്തിയത്. വന്ന ഉടൻ തന്നെ താൻ വലിയ പാട്ടുകാരൻ ഒന്നും അല്ലെന്നു മുൻകൂർ ജാമ്യം എടുത്താണ് തന്റെ കുട്ടിക്കാലത്തോളം പ്രായമുള്ള ഓമനക്കുട്ടൻ എന്ന സിനിമയിലെ നിത്യഹരിത ഗാനമായ ''ആകാശഗംഗയുടെ കരയിൽ, അശോകവനിയിൽ, ആരെയാരെ തേടി വരുന്നൂ .....'' എന്ന ഗാനം അദ്ദേഹം മനോഹരമായി ആലപിച്ചത്.

തൊട്ടുപിന്നാലെ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായി തിയറ്ററിൽ എത്തുന്ന നീരാളിയിലെ ആദ്യമായി അരികെ അരികെ കണ്ടതെന്നോ എന്ന ഗാനവും ആലപിച്ചാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ഈ ഗാനം സിനിമയിൽ ആലപിച്ചതും ലാൽ തന്നെയാണ്. ഈ പാട്ടിനു ഈണമിട്ട സ്റ്റീഫൻ ദേവസി കീ ബോർഡുമായി വേദിയിൽ ഉണ്ടായതും ലാലിന് ആവേശമായി മാറുകയായിരുന്നു. ജനപ്രിയ നടൻ എന്ന കാറ്റഗറിയിൽ അവാർഡ് വാങ്ങാൻ വേദിയിൽ എത്തിയ ബിജു മേനോൻ ഏറെ വൈകാരികമായാണ് വേദിയിൽ നിന്നതു. ഇക്കാര്യം അദ്ദേഹം തന്നെ പറയുകയും ചെയ്തു. ലാലിന്റെ സാന്നിധ്യത്തിൽ താൻ ഇമോഷണൽ ആകുകയാണ് എന്ന പറഞ്ഞ ബിജു അവാർഡ് വാങ്ങും മുൻപേ ലാലിന്റെ കാലിൽ നമസ്‌കരിക്കാൻ ശ്രമിച്ചപ്പോൾ പാതി വഴിയിൽ ലാൽ തന്നെ തടയുക ആയിരുന്നു.

തന്റെ കൂട്ടുകാരൻ എന്ന് ലാൽ അഭിസംബോധന ചെയ്യുന്ന ബിജു കാലിൽ തൊടുന്നതിൽ ലാലിന് ഔചിത്യ കുറവ് തോന്നിയിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ തിടുക്കത്തിൽ ഉള്ള തടയൽ വ്യക്തമാക്കിയത്. എന്നാൽ അവാർഡ് വാങ്ങിയ ഉടൻ ലാലിന് തടയാനാകും മുൻപ് ബിജു മേനോൻ കാൽ തൊട്ടു വന്ദിച്ചു. മോഹൻലാലിൽ നിന്നും ബിജു മേനോൻ പുരസ്‌ക്കാര വാങ്ങിയ ഉടൻ തന്നെ ക്യാഷ് അവാർഡ് അലൈഡ് ഫിനാൻഷ്യൽ സർവീസ് മേധാവി ജോയ് തോമസ് കൈമാറി. വേദിയിൽ നിന്നും ഇറങ്ങും മുൻപ് ലാലിനെ സാക്ഷിയാക്കി പാട്ടുപാടിയപ്പോഴും ബിജു മേനോൻ ഇതാവർത്തിച്ചു. പത്‌നി സംയുക്ത കാഴ്‌ച്ചക്കാരിയായി വേദിയിൽ ഇരുന്നതും ബിജു മേനോനെ വികാരഭരിതനാക്കി എന്നത് അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിറഞ്ഞിരുന്നു.

താൻ ഏറെ ആരാധിക്കുന്ന, തന്റെ ലഹരി കൂടിയായ, ഇൻസ്പിരേഷനായ ലാലിൽ നിന്നും ഒരു പുരസ്‌കാരം നേടാൻ കഴിഞ്ഞാൽ അതിൽപരം വേറെ എന്ത് വേണം എന്ന് ചോദിച്ചാണ് അവതാരിക ജ്യുവലിന്റെ നിർബന്ധത്തിൽ ബിജു മേനോൻ ഒരു ഗാനവും ആലപിച്ചത്. അവൾ വിശ്വസ്തയായിരുന്നു എന്ന ചിത്രത്തിലെ പ്രണയലോകത്തെ സുന്ദര ഗാനം 'തിരയും തീരവും' ആണ് ബിജുമേനോൻ മോഹൻലാലിനുള്ള സമ്മാനമായി സമർപ്പിച്ചത്.

2018ലെ ആനന്ദ് ടിവി ഫിലിം അവാർഡ് നൈറ്റ് മികച്ച നടനായി മോഹൻലാലും, മികച്ച നടിയായി പാർവ്വതിയും മികച്ച ക്യാരക്റ്റർ നടനായി സുരാജ് വെഞ്ഞാറുംമൂടും അവാർഡ് ഏറ്റുവാങ്ങി. മികച്ച ജനപ്രിയ നടനായി ബിജുമേനോനും, ആനന്ദ് ടി വി സ്‌പെഷ്യൽ അവാർഡ് അനുശ്രീയും നേടിയപ്പോൾ, ഹാസ്യ നടനുള്ള അവാർഡ് ധർമ്മജൻ ബോൾഗാട്ടിയും, മികച്ച ഗായകൻ ആയി വിജയ് യേശുദാസും, ഗായികയായി സിത്താരയും മികച്ച സിനിമയായി തൊണ്ടിമുതലും ദൃക്സാക്ഷിയും, മികച്ച സംവിധായകനായി ദിലീഷ് പോത്തനും (തോണ്ടി മുതലും ദൃക്സാക്ഷിയും) അവാർഡ് ഏറ്റുവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP