Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നരസിംഹത്തിൽ മോഹൻലാൽ മീശ പിരിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി ഷാജി കൈലാസ്; വെള്ളിത്തിരയിൽ കൊലകൊമ്പന്മാരെ മെരുക്കുന്ന നായകന് ആനയെ ഭയമെന്നും സംവിധായകൻ

നരസിംഹത്തിൽ മോഹൻലാൽ മീശ പിരിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി ഷാജി കൈലാസ്; വെള്ളിത്തിരയിൽ കൊലകൊമ്പന്മാരെ മെരുക്കുന്ന നായകന് ആനയെ ഭയമെന്നും സംവിധായകൻ

കൊച്ചി: മലയാളത്തിൽ മാസ് എന്നാൽ അത് മോഹൻലാലിന്റെ മീശ പിരിക്കലാണ്. ഒരുകാലത്ത് മോഹൻലാൽ മീശ പിരിച്ചാൽ സിനിമ വിജയിക്കും എന്നതായിരുന്നും സ്ഥിരം ശൈലി. അന്ന് സൂപ്പർതാര സംവിധായകൻ എന്ന സ്ഥാനത്ത് ഷാജി കൈലാസായിരുന്നു. ഇപ്പോൾ കളക്ഷൻ റെക്കോർഡുകൾ ഒക്കെ തകർത്ത് നിവിൽ പോളി മീശ പിരിച്ച ചിത്രം പ്രേമം മുന്നേറുമ്പോൾ മലയാളികൾ മോഹൻലാൽ ഒരിക്കൽ കൂടി മീശ പിരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു. ഇതിനിടെയാണ് ലാൽ മീശ പിരിക്കുന്ന പുതിയ ചിത്രം ലോഹം പുറത്തിറങ്ങാൻ ഇരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. ഇത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. മോഹൻലാൽ മീശ പിരിച്ച ചിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് നരസിംഹമാണ്. ഈ ചിത്രത്തിൽ മോഹൻലാല് മീശ പിരിക്കുന്ന വേളയിൽ തീയറ്ററുകളിൽ അത്യാരവങ്ങളാണ് ഉണ്ടായിട്ടുള്ളത്. മോഹൻലാലിന്റെ ഈ വിഖ്യാതമായ മീശപിരിക്കലിന്റെ പിന്നിലെ രഹസ്യങ്ങളെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് ചില വെളിപ്പെടുത്തലുകൾ നടത്തി. നരസിംഹത്തിലെ മോഹൻലാലിന്റെ സ്‌റ്റൈലിഷ് മീശ പിരിയുടെ കഥ നാന പ്രസിദ്ധീകരിക്കുന്ന മോഹനം ലാസ്യം മനോഹരം എന്ന പരമ്പരയിലാണ് ഷാജി കൈലാസ് വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

''ലാലിന്റെ ഓരോ സൂക്ഷ്മചലനങ്ങളും ഞാൻ നിരീക്ഷിക്കാറുണ്ട്. അദ്ദേഹം ചെയ്തുവച്ചിട്ടുള്ള സിനിമകളിൽ, ലൊക്കേഷനുകളിൽ, വിശ്രമവേളകളിൽ ഒക്കെ. അതൊക്കെയാണ് ഓരോ മാനറിസങ്ങളായി ഞാൻ അവതരിപ്പിച്ചിട്ടുള്ളതും. ലാലിന്റെ മീശപിരി പ്രസിദ്ധമാണല്ലോ. നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്താണ് ഞാനത് ശ്രദ്ധിച്ചത്. അദ്ദേഹം രണ്ട് വിരൽകൊണ്ടുമാത്രം മീശയിങ്ങനെ ചലിപ്പിക്കുന്നത്. അത് കണ്ടപ്പോൾ അതൊരു ഷോട്ടിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ ലാലിനോട് പറഞ്ഞു. അപ്പോൾ ചിരിച്ചുകൊണ്ടുള്ള ലാലിന്റെ മറുപടി ഇങ്ങനെ. 'അണ്ണാ, മീശയിൽ വെള്ളം നിറഞ്ഞിട്ട് അത് തുടച്ചുകളയാൻ വേണ്ടി ചെയ്തതാണ്.' ശരിയായിരുന്നു. ലാൽ ഈറനണിഞ്ഞ് നിൽക്കുകയാണ്. വെള്ളം മീശയിൽ തങ്ങിനിറഞ്ഞപ്പോൾ അത് തുടച്ചുകളയാൻ വേണ്ടി അദ്ദേഹം ചെയ്തതാണ്. പക്ഷേ ഷോട്ടിൽ അതുണ്ടാക്കിയ ഇംപാക്ട് സിനിമയിലുടനീളം നാം കണ്ടതാണല്ലോ. ഹരിമുരളീരവം... എന്ന ഗാനം ലാൽ പാടി തുടങ്ങുന്ന സമയത്ത് അദ്ദേഹം കണ്ണിറുക്കുന്ന ഒരു ഷോട്ടുണ്ട്. റിഹേഴ്‌സൽ സമയത്ത് ലാലെന്നെ നോക്കി കാട്ടിയ ഒരു കുസൃതിയാണത്. ഇത്രയും മതിയോ എന്ന ധ്വനിയായിരുന്നു അതിന് പിന്നിൽ. എനിക്ക് എന്തോ അത് ഭയങ്കര ഇഷ്ടമായി. ഷോട്ടിലും അതുപയോഗിക്കാൻ ലാലിനോട് പറഞ്ഞു. ഒരു കുസൃതിച്ചിരിയോടെ ലാലത് ഷോട്ടിലും ചെയ്തിട്ടുണ്ട്. ഇത്തരം കൊച്ചുകൊച്ച് കാര്യങ്ങൾ ലാലെപ്പോഴും തന്നുകൊണ്ടിരിക്കും. പ്രത്യേകിച്ചും റിഹേഴ്‌സൽ സമയത്ത്. അത് നിരീക്ഷിച്ചാൽ മാത്രം മതി സംവിധായകർക്ക് അവരുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് ലാലിൽ നിന്ന് അത് ചോദിച്ചുവാങ്ങാം.

മോഹൻലാലിന് ആനയെ ഭയമാണെന്നും ഷാജി കൈലാസ് പറയുന്നു. ആനയുടെ അടുത്തുപോകാൻ പോലും ലാലിന് ഭയമാണ്. ആറാം തമ്പുരാന്റെ ക്ലൈമാക്‌സ് സീനിൽ ഒൻപതു ആനകളെ വച്ചാണ് ഷൂട്ട് ചെയ്തത്. അപ്പോഴൊന്നും ലാൽ അതിന്റെ മുമ്പിൽ പോലും എത്തിയിട്ടില്ല. പകരം എന്റെ പിറകിൽ വന്ന്, എന്നെപിടിച്ചു നിന്നുകൊണ്ട് അദ്ദേഹം പറയും, ' ആ ആനയുടെ നോട്ടം കണ്ടോ, അതെന്നെ ആക്രമിക്കും'. അതുപോലെ ആൾക്കൂട്ടത്തേയും ലാലിനു ഭയമാണ്. ഒരുപാട് ആൾക്കൂട്ടമുണ്ടായാൽ അദ്ദേഹം വന്നവഴിയേ പോകും. അവിടെ അദ്ദേഹത്തിനു ഡിസ്‌കംഫേർട്ടാണ്. ആൾക്കൂട്ടത്തിനു മുന്നിൽ നിന്ന് അഭിനയിക്കുന്നതിലല്ല മറിച്ച് ഞെങ്ങിഞെരുങ്ങി നിന്ന് അവർ ഷൂട്ടിങ് കാണുന്നത് എന്തോ ശ്വാസംമുട്ടലു പോലെയാണ് മോഹൻലാലിന്''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP