Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവി റാവത്ത്; അമേരിക്കൻ പ്രേക്ഷകരുടെ മനം കവരുന്ന ഇന്ത്യൻ സുന്ദരി

നവി റാവത്ത്; അമേരിക്കൻ പ്രേക്ഷകരുടെ മനം കവരുന്ന ഇന്ത്യൻ സുന്ദരി

ന്ത്യക്കാരനായ പിതാവ് രാജാജി റാവത്തിന്റെയും ജർമൻകാരിയായ മാതാവ് ക്ലൗഡിയയുടെയും മകളായി പിറന്ന അമേരിക്കയിലെ ടിവി താരമാണ് നവി റാവത്ത്. 1977 ജൂൺ അഞ്ചിന് യുഎസിലെ കാലിഫോർണിയയിലുള്ള മലിബുവിലാണ് നവി റാവത്ത് ജനിച്ചത്. പ്രശസ്ത ടെലിവിഷൻ പരമ്പരയായ ദി ഒ.സിയിലെ തെരേസ ഡിയാസ് പോലുള്ള വേഷങ്ങളിലൂടെയാണവർ പ്രശസ്തയായത്. നംബ്3ആർസിലെ അവരുടെ കഥാപാത്രമായ അമിത രാമാനുജനും അവിസ്മരണീയമാണ്.

മിയാമി കൗണ്ടി ഡേ സ്‌കൂളിൽ പഠിച്ച നവി റാവത്ത് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയുടെ ടിസ്‌ക്ക് സ്‌കൂൾ ഓഫ് ദി ആർട്‌സിൽ നിന്നാണ് ബിരുദം നേടിയത്. അമേരിക്കയിലെ ദി ഡബ്ല്യൂബി ടെലിവിഷൻ നെറ്റ് വർക്കിൽ സംപ്രേഷണം ചെയ്ത പോപ്പുലർ ന്നെ് ടീനേജ് കോമഡി സീരീസിലൂടെയാണ് നവി റാവത്ത് അഭിനയരംഗത്തേക്കെത്തുന്നത്. റിയാൻ മർഫിയും ഗിന മാത്യൂസുമായിരുന്നു ഈ പരമ്പരയുടെ ശിൽപികൾ. ഇതിന്റെ ആദ്യ സീസൺ 1999മുതൽ 2000 വരെയായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. ഇതിൽ 22 എപ്പിസോഡുകളുണ്ടായിരുന്നു. രണ്ടാമത്തെ സീസണാകട്ടെ 200 മുതൽ 2001 വരെയായിരുന്നു. ഇതിൽ 21 എപ്പിസോഡുകളേ ഉണ്ടായിരുന്നുള്ളൂ. ലെസ്ലി ബിബ്, കാർലി പോപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ കൗമാരക്കാരികളെ അവതരിപ്പിച്ചത്. ജനപ്രിയമായ ഈ സീരീസിൽ അവർക്കൊപ്പം മറ്റൊരു കൗമാരക്കാരിയായ പെൺകുട്ടിയായാണ് നവി റാവത്തും വേഷമിട്ടത്. തുടർന്ന് 2001ൽ ജാക്ക് ദി ഡോഗ് എന്ന പരമ്പരയിൽ റൂബി എന്ന കഥാപാത്രത്തെയും നവി അവതരിപ്പിച്ചു.

തുടർന്ന് അതേ വർഷം സംപ്രേഷണം ചെയ്ത ദി പ്രിൻസസ് ആൻഡ് ദി മറൈൻസ് എന്ന ടെലിവിഷൻ മൂവിയിലും അവർ അഭിനയിച്ചു. അമേരിക്കൻ നാവികനായ ജാസൺ ജോൺസന്റെയും ബഹറിൻ രാജകുമാരിയായ മറിയം അൽ ഖലീഫയുടെയും യഥാർത്ഥജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു അത്. മാർക്ക് പോൾ ഗോസ്സെലാറും മറിസോൾ നിക്കോളാസുമായിരുന്നു ഇതിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. എൻബിസിയിലാണീ സിനിമ പ്രക്ഷേപണം ചെയ്തത്. മൈക്ക് റോബ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സബിക എന്ന കഥാപാത്രത്തിനാണ് നവി റാവത്ത് ജീവനേകിയത്. 2002ൽ റോസ് വെൽ, 24, ഡാൻസിങ് അറ്റ് ദി ഹാർവെസ്റ്റ് മൂൺ എന്നീ ടെലിവിഷൻ സീരീസുകളിലാണ് ഇവർ ഭാഗഭാക്കായത്. ഷെൽബി, മെലാനി, ജെന്നിഫർ എന്നീ കഥാപാത്രങ്ങളായാണ് നവി ഇവയിൽ യഥാക്രമം വേഷമിട്ടത്. 2003ൽ ദി സ്ട്രീറ്റ് ലോയർ, 2004ൽ ഏയ്ൻജൽ, വിത്ത് ഔട്ട് എ ട്രേസ് എന്നീ പരമ്പരകളിലും ്അവർ അഭിനയിച്ചിരുന്നു. പ്രൊജക്ട് ഗ്രീൻ ലൈറ്റ്, ഫ്‌ലാഷ് ഫോർവാഡ്, കാസ്റ്റിൽ, ബേൺ് നോട്ടീസ്, ലൗറൻ, ഗ്രേസ് അനാട്ടമി, ജസ്റ്റിഫൈഡ് എന്നീ പരമ്പരകളിലും അവർ ഭാഭാക്കായിട്ടുണ്ട്.

ടെലിവിഷൻ പരമ്പരകൾക്കുപരിയായി ചലച്ചിത്രങ്ങളിലൂടെയും നവി റാവത്ത് തന്റെ അഭിനയപാടവം വെളിപ്പെടുത്തിയിട്ടുണ്ട്. തോട്ട് ക്രൈംസ്, ഹൗസ് ഓഫ് സാൻഡ് ആൻഡ് ഫ്രോഗ്, ടോം 51, ദി അഡ്വൻജേർസ് ഓഫ് ബിഗ് ഹാൻഡ്‌സം ഗ്വേ ആൻഡ് ഹിസ് ലിറ്റിൽ ഫ്രണ്ട്, ഫീസ്റ്റ്, അൺഡെഡ് ഓർ എലൈവ്, ലൗവ്‌ലെസ്സ് ഇൻ ലോസ് എയ്ജൽസ്, ഓഷ്യൻ ഓഫ് പേൾസ്, ടോം കൂൾ, ദി കലക്ഷൻ എന്നിവയാണ് നവിറാവത്തിന്റെ സിനിമകൾ. 2003ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ത്രില്ലറായിരുന്നു തോട്ട് ക്രൈംസ്. ഇതിൽ ഫ്രേയ മാക്അല്ലിസ്റ്റർ എന്ന മുഖ്യ കഥാപാത്രമായാണ് നവി റാവത്ത് തിളങ്ങിയത്. ജോയ് ഫ്‌ലോനിഗൻ, പീറ്റർ ഹോർട്ടൻ തുടങ്ങിയവരും ഇതിലെ പ്രധാന അഭിനേതാക്കളായിരുന്നു. ബ്രെക്ക് ഇസ്‌നെറാണ് ചിത്രം സംവിധാനം ചെയ്തത്. അതേ വർഷം പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമായ ഹൗസ് ഓഫ് സാൻഡ് ആൻഡ് ഫ്രോഗിൽ സൊറയ ഭരനിയെന്ന വേഷമാണ് നവി റാവത്ത് അവിസ്മരണീയമാക്കിയത്.

2005ൽ പുറത്തിറങ്ങിയ ഫീസ്റ്റിലെ നായികാ കഥാപാത്രം, അൺഡെഡ് ഓർ എലൈവിലെ സൂ എന്നിവയും നവിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്. 2007ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ ലൗവ്‌ലെസ് ഇൻ ലോസ് ഏയ്ജൽസിൽ ഡാഷ് മിഹോക്ക്, ബ്രിട്ടനി ഡാനിയേൽ എന്നിവർക്കൊപ്പം പ്രധാന കഥാപാത്രത്തെയാണ് ഇവർ അവതരിപ്പിച്ചത്. ഗ്വീൻ എന്നായിരുന്നു നവിയുടെ കഥാപാത്രത്തിന്റെ പേര്. 2007ലെ ഓഷ്യൻ ഓഫ് പേൾസിലെ സ്മിത സേത്തി, 2009ലെ ടോം കൂളിലെ ചന്ദി അസു, 2012ലെ ദി കലക്ഷനിലെ ലിസ എന്നീ കഥാപാത്രങ്ങളിലൂടെയും നവി റാവത്ത് ബിഗ്‌സ്‌ക്രീനിൽ തിളങ്ങിയിട്ടുണ്ട്. നടനായ നിക്ക് നോൾട്ടിന്റെ മകൻ ബ്രാവ്‌ലിയെയാണ് നവി റാവത്ത് 2012ൽ വിവാഹം ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP