Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാക്കിയത് യുധിഷ്ഠിരനായി അഭിനയിച്ചതിന്റെ പേരിൽ; പ്രശസ്തരെ അവഗണിച്ചു ചൗഹാനെ നിയമിച്ചതിന്റെ കാരണം പുറത്തുകൊണ്ടുവന്നത് വിവരാവകാശ രേഖ

ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാക്കിയത് യുധിഷ്ഠിരനായി അഭിനയിച്ചതിന്റെ പേരിൽ; പ്രശസ്തരെ അവഗണിച്ചു ചൗഹാനെ നിയമിച്ചതിന്റെ കാരണം പുറത്തുകൊണ്ടുവന്നത് വിവരാവകാശ രേഖ

പുനെ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് മഹാഭാരതം സീരിയലിൽ യുധിഷ്ഠിരന്റെ വേഷം അഭിനയിച്ചതു കൊണ്ടു മാത്രം. മറ്റൊരു മികവും ചൗഹാന്റെ ബയോഡേറ്റയിൽ കാണിച്ചിട്ടില്ല.

കേന്ദ്രസർക്കാർ ആധാരമാക്കിയത് ഒറ്റ ഖണ്ഡിക ബയോഡാറ്റയാണ്. അതിൽ പ്രധാനകാര്യമായി ഉയർത്തിക്കാട്ടിയത് ബിആർ ചോപ്രയുടെ മഹാഭാരതം ടെലിവിഷൻ സീരിയലിലെ യുധിഷ്ഠിരന്റെ വേഷവും. ഗജേന്ദ്ര ചൗഹാന്റെ നിയമനം സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഔദ്യോഗികമായി ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് ഇത്തരമൊരു മറുപടി നൽകിയിരിക്കുന്നത്. മഹാഭാരതം സീരിയലിൽ യുധിഷ്ഠിരനായി അഭിനയിച്ചിട്ടുള്ള ചൗഹാൻ 150ലധികം സിനിമകളിലും 600 ലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഈ രണ്ടുവരിമാത്രമാണ് ഗജേന്ദ്ര ചൗഹാന്റെ ബയോഡേറ്റയിൽ നൽകിയിരിക്കുന്നതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

അടൂർ ഗോപാലകൃഷ്ണൻ, അമിതാഭ് ബച്ചൻ, രജനീകാന്ത്, വിനോദ് ചോപ്ര തുടങ്ങി പ്രശസ്തരായ പലരെയും അവഗണിച്ചാണ് ഗജേന്ദ്ര ചൗഹാനെ ചെയർമാനാക്കിയതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു വിവരാവകാശ രേഖയും പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയമായും ചൗഹാന്റെ നിയമനം ഏറെ ചർച്ചകൾക്കാണ് ഇടയാക്കിയത്.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച മറ്റുള്ളവരുടെ വിശദമായ ബയോഡാറ്റയടക്കം 281 പേജുള്ള രേഖകളാണ് മന്ത്രാലയം മറുപടിയായി നൽകിയത്. ഇതിലാണ് ചൗഹാന്റെ ഒറ്റ ഖണ്ഡിക ബയോഡാറ്റ. അടൂർ ഗോപാലകൃഷ്ണൻ, അമിതാഭ് ബച്ചൻ, രജനികാന്ത്, വിധു വിനോദ് ചോപ്ര, ജാനു ബറുവ, ഹിറാനി, ജയ ബച്ചൻ, ഗോവിന്ദ് നിഹലാനി, ആമിർ ഖാൻ തുടങ്ങിയവരായിരുന്നു പരിഗണിക്കപ്പെട്ട മറ്റുപേരുകളെന്ന് മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഇവരുടെയെല്ലാം വിശദമായ ബയോഡാറ്റ മറുപടിക്കൊപ്പം നൽകിയ രേഖയിൽ വിശദീകരിക്കുന്നുമുണ്ട്.

ചൗഹാന്റെ യോഗ്യത ചോദ്യം ചെയ്ത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പുറത്തും ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. യുധിഷ്ഠിര വേഷം മാത്രമാണ് യോഗ്യതയെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് മന്ത്രാലയം നൽകിയ മറുപടി. സമരം നയിക്കുന്ന വിദ്യാർത്ഥികൾക്കു പിന്തുണയുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും എത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് താത്പര്യമില്ലെങ്കിൽ ചൗഹാനെ എന്തിനാണ് ചെയർമാനാക്കിയതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP