മഞ്ജു സിനിമയിലേക്ക് തിരിച്ചുവരുന്ന കാര്യം അറിയിച്ചത് ശ്രീകുമാർ മേനോൻ; കാര്യമറിയാൻ ദിലീപിനെ വിളിച്ചിട്ടും മെസേജ് അയച്ചിട്ടും മറുപടി നല്കിയില്ല; പിന്നീട് മഞ്ജുവുമായി ബന്ധപ്പെട്ടത് ശ്രീകുമാറിലൂടെ; ഹൗ ഓൾഡ് ആർ യുവിലൂടെ മഞ്ജു തിരിച്ചെത്തിയ കഥ പറഞ്ഞ് റോഷൻ ആൻഡ്രൂസ്
August 08, 2018 | 09:37 AM IST | Permalink

സ്വന്തം ലേഖകൻ
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ തിരിച്ചു വരവിന് വഴിയൊരുങ്ങിയത് റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെയായിരു്ന്നു. ഉദയനാണ് താരം, മുംബൈ പൊലീസ് തുടങ്ങിയ ഹിറ്റി ചിത്രങ്ങൾ സമ്മാനിച്ച റോഷന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ റീ എൻട്രി. തന്റെ ചിത്രത്തിലൂടെ മഞ്ജുവിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ സന്ദർഭത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ് ഒരു അഭിമുഖത്തിൽ പങ്കുവെക്കുകയുണ്ടായി.
ഒടിയൻ ചിത്രത്തിന്റെ സംവിധായകനും, പരസ്യ സംവിധായകനുമായ ശ്രീകുമാർ മേനോനാണ് മഞ്ജു സിനിമയിലേയ്ക്ക് മടങ്ങി വരാനൊരുങ്ങുന്നു എന്ന കാര്യം തന്നെ അറിയിച്ചതെന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്. കാര്യം അറിഞ്ഞ താൻ ദിലീപിനെ വിളിച്ചിരുന്നു. എന്നാൽ അദ്ദേഹം ഫോൺ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാൽ അദ്ദേഹം അതിനും മറുപടി നൽകിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാർ മേനോനിലൂടെയായിരുന്നുവെന്നും റോഷൻ പറയുന്നു.
ശ്രീകുമാർ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്മെന്റ് എടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാൻ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവർ സിനിമ ചെയ്യാൻ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാർ മേനോൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്. റോഷൻ പറയുന്നു.
ഹൗ ഓൾഡ് ആർ യു എന്ന സിനിമ സംഭവിച്ചതിനെക്കുറിച്ചും റോഷൻ സംസാരിക്കുകയുണ്ടായി .'ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ ആദ്യം കാണുന്നത് എന്റെ നെഞ്ചിലെ മുടിയിഴകളിൽ ചിലത് നരച്ചതാണ്. അതാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകാനുള്ള കാരണം. വീടിന്റെ ബാക്ക് സൈഡിൽ പുഴയാണ്. അതിന്റെ അടുത്ത് വന്നിരുന്നിട്ട് ഭാര്യയെ വിളിച്ച് നരയൊക്കെ കാണിച്ച് ആശങ്ക പറഞ്ഞപ്പോൾ ഭാര്യയും തലമുടിക്കുള്ളിൽ നിന്നും നരച്ച മുടിയിഴകൾ കാണിച്ചാണ് മറുപടി നൽകിയത്.
നരയുടെ തുടക്കത്തിൽ മനുഷ്യർ എങ്ങനെ ആയിരിക്കും? ഇങ്ങനെ ചിന്തിക്കുന്ന ആൾക്കാരുടെ മനോഭാവം എന്തായിരിക്കും അത്തരം ആലോചനകളുമായി ഞാൻ ഇരുന്നു . എക്സർസൈസിനെ പറ്റി, സപോർട്സിനെ പറ്റിയുമൊക്കെ ആ നരയിൽ ചുറ്റിപ്പറ്റി ഇരുന്ന് ആലോചന തുടങ്ങി. എന്നിട്ട് തിരക്കഥാകൃത്ത് സഞ്ജയിനെ വിളിച്ച് ആശയം പറഞ്ഞു. ഡെവലപ് ചെയ്യാമെന്ന് പറഞ്ഞു ഫോൺ വച്ച് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ആ സിനിമയിക്ക് പേരിട്ടു 'ഹൗ ഓൾഡ് ആർ യു റോഷൻ പറഞ്ഞു.
