പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയകൃഷ്ണന്റെ അടുത്ത മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റും; മറ്റൊരു സംവിധായകനൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിൽ കൃഷ്ണനും രാധയും ഹീറോ
April 17, 2017 | 11:10 AM | Permalink

സ്വന്തം ലേഖകൻ
സൂപ്പർഹിറ്റായ പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും സന്തോഷ് പണ്ഡിറ്റ് എത്തുക.രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക കടക്കാനുള്ള തയ്യാറെടുപ്പാണ് സന്തോഷ് പണ്ഡിറ്റ്.
കൃഷ്ണനും രാധയും, ടിന്റുമോൻ എന്ന കോടീശ്വരൻ, മിനിമോളുടെ അച്ഛൻ എന്നീ ചിത്രങ്ങൾ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് പണ്ഡിറ്റ്. കൃഷ്ണനും രാധയും തിയറ്ററുകളിൽ റിലീസും ചെയ്തിരുന്നു. ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് മറ്റൊരു സംവിധായകനൊപ്പം അഭിനയിക്കുന്നത്.
മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും കൂടാതെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ, ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേശ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. കുഴപ്പക്കാരായ കൊളേജ് വിദ്യാർത്ഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്.മുഹമ്മദാണ് ഈ ബിഗ്ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. റോയൽ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.