Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയെ വിമർശിക്കുന്നവർ ഒരു കലാപാരമ്പര്യം ഇല്ലാത്തവരെന്ന് സത്യൻ അന്തിക്കാട്; വിമർശിക്കുന്നവരുടെ പാരമ്പര്യം ചോദിക്കുന്നത് മാടമ്പിത്തരമെന്ന് ഡോ ബിജു; സൂഹാസിനിക്ക് പിന്നാലെ സത്യൻ അന്തിക്കാടിന്റെ നിലപാടും ചർച്ചയാകുന്നു

സിനിമയെ വിമർശിക്കുന്നവർ ഒരു കലാപാരമ്പര്യം ഇല്ലാത്തവരെന്ന് സത്യൻ അന്തിക്കാട്; വിമർശിക്കുന്നവരുടെ പാരമ്പര്യം ചോദിക്കുന്നത് മാടമ്പിത്തരമെന്ന് ഡോ ബിജു; സൂഹാസിനിക്ക് പിന്നാലെ സത്യൻ അന്തിക്കാടിന്റെ നിലപാടും ചർച്ചയാകുന്നു

മ്പതിലധികം നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇപ്പോഴും ഓരോ സിനിമയും തന്റെ ആദ്യ സിനിമയെന്നതുപോലെ അദ്ദേഹം സമീപിക്കുന്നുവെന്നതും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാട് നടത്തിയ വിമർശനം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. യോഗ്യതയുള്ളവർ മാത്രം സിനിമ നിരൂപണം ചെയ്താൽ മതിയെന്ന സുഹാസിനിയുടെ അഭിപ്രായത്തോട് പിന്തുണ പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

സോഷ്യൽ മീഡിയയിലും ഓൺലൈൻ പോർട്ടലുകളിലും സിനിമയെ വിമർശിക്കുന്നവർ ഒരു കലാപാരമ്പര്യവും ഇല്ലാത്തവരാണെന്ന സത്യൻ അന്തിക്കാടിന്റെ വിമർശിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു നിയന്ത്രണവുമില്ലാതെ ആർക്കും എന്തും എഴുതാമെന്ന സാഹചര്യമാണെന്നും സത്യൻ അന്തിക്കാട് പറയുന്നു. പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിലാണ് സത്യൻ അന്തിക്കാട് ഓൺലൈൻ/സോഷ്യൽ മീഡിയ വിമർശകർക്കെതിരെ രംഗത്ത് വന്നത്.

സത്യൻ അന്തിക്കാടിന്റെ ഈ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു ഇപ്പോൾ ഫേസ്‌ബുക്കിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിമർശിക്കാൻ പാരമ്പര്യം ആവശ്യമാണെന്ന് പറയുന്നവർ മറ്റുള്ളവരെല്ലാം തങ്ങളുടെ അടിയാളരാണെന്ന ബോധം മനസിൽ സൂക്ഷിക്കുന്നവരാണെന്ന് ഡോ. ബിജു പറഞ്ഞു. സിനിമാക്കാർ വിമർശനത്തിന് അതീതരെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡോ. ബിജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

''നിരവധി വർഷങ്ങളായി മാദ്ധ്യമങ്ങളുടെ സ്തുതി പാടലുകളിൽ അഭിരമിച്ച് രാഷ്ര്ടീയവും സാമൂഹികവുമായ പ്രതിലോമതകളുടെ വിഴുപ്പുകൾ കുത്തി നിറച്ച പൈങ്കിളി സിനിമകൾ കേരളീയ സമൂഹത്തിലേക്ക് മലീമസമായി ഒഴുക്കി വിട്ട നിരവധി സംവിധായകരും അഭിനേതാക്കളും ഇവിടെ ഉണ്ട് . മാദ്ധ്യമ പരിലാളനകളിൽ സ്വയം അഭിരമിച്ചു പോയ ഇത്തരം കപട ബിംബങ്ങളെ തുറന്നു കാട്ടുവാൻ സോഷ്യൽ മീഡിയയ്ക്കു സാധിക്കുന്നു എന്നതാണ് പുതിയ കാലത്തിന്റെ പ്രസക്തിയും രാഷ്ര്ടീയവും . വിമർശിക്കുവാൻ പാരമ്പര്യം ആവശ്യമാണ് എന്ന് പറയുന്നവരുടെ മനസ്സിലുള്ള ബോധം മറ്റുള്ളവരെല്ലാം അടിയാളന്മാരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന പഴയ മാടമ്പി സംസ്‌കാരത്തിൽ നിന്നും ഒട്ടും വിഭിന്നമല്ല . വിമർശനത്തിനു ആരും അതീതരല്ല . വിമർശനങ്ങളെ നേരിടേണ്ടത് വിമർശിക്കുന്നവരുടെ പാരമ്പര്യവും കുല മഹിമയും യോഗ്യതയും ചോദ്യം ചെയ്തു കൊണ്ടല്ല മറിച്ചു സ്വന്തം സൃഷ്ടികളുടെ ആർജ്ജവത്തിലൂടെയും പ്രതിബദ്ധതയിലൂടെയും കലാ മൂല്യത്തിലൂടെയും ഒക്കെ ആവണം . അതിന് ആദ്യം വേണ്ടത് സിനിമ തട്ടിക്കൂട്ട് പരിപാടിയിലൂടെ ഒപ്പിക്കുന്ന ഒരു കച്ചവട ചരക്കാണെന്ന വിശ്വാസം ഉപേക്ഷിക്കുകയാണ് .

സിനിമാക്കാരെ ആരും വിമർശിക്കാൻ പാടില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഈയിടെയായി കൂടി വരുന്നു . സോഷ്യൽ മീഡിയയുടെ കടന്നു വരവോടെ രാഷ്ര്ടീയവും , സാമൂഹികവും , സാംസ്കാരികവുമായ നിരവധി വിഷയങ്ങളിൽ പുതിയ യുവത (ന്യൂ ജെനെറേഷൻ അല്ല) ശക്തമായി പ്രതികരിക്കുന്ന സാഹചര്യം സംജാതമായി . മുഖ്യ ധാരാ മാദ്ധ്യമങ്ങൾ അവഗണിച്ച വിഷയങ്ങൾ പലതും ചർച്ച ചെയ്തതും ഏറ്റെടുത്തതും സൈബർ ഇടങ്ങൾ ആണ് ആദിവാസികളുടെ നിൽപ്പ് സമരം മുതൽ ലാലിസം വെരെ ഉദാഹരണങ്ങൾ ഉണ്ട് . സിനിമകളുടെ കാര്യത്തിൽ ഇപ്പോഴും ഫാൻസ് ഭക്തന്മാരായ കുറച്ച് ഭ്രാന്തന്മാരും പെയ്ഡ് ഓൺ ലൈൻ പ്രമൊട്ടർമാരും വ്യക്തി പൂജകളുമായി സോഷ്യൽ മീഡിയയിൽ വിവര ദോഷം തുടരാറുണ്ട് എങ്കിലും സിനിമകളെ കൃത്യമായി വിലയിരുത്തുന്ന വലിയൊരു കൂട്ടം ആളുകൾ ഇവിടെ ഉണ്ട് . മുഖ്യ ധാരാ മാദ്ധ്യമങ്ങൾ ഇപ്പോഴും വ്യക്തി പൂജയ്ക്കും ആരാധനയ്ക്കും അപ്പുറം സിനിമയെ രാഷ്ര്ടീയമായും സാമൂഹികമായും സാംസ്‌കാരികമായും കലാപരമായും നോക്കി കാണുവാൻ മടിക്കുമ്പോൾ ആ കടമകൾ നിറവേറ്റുന്നതു സോഷ്യൽ മീഡിയ ആണ് . അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ സിനിമക്കാർ ഭയക്കുന്നത്. തങ്ങളുടെ കച്ചവടത്തെ ദോഷകരമായി ബാധിക്കും എന്ന ഭയാശങ്ക ആണ് ഇവർക്ക് .ശരാശരി നിലവാരത്തിലും താഴെയുള്ള തികച്ചും കപടമായ ചില പൈങ്കിളി സിനിമകളിലൂടെ മാധ്യമങ്ങളുടെ പുകഴ്‌ത്തു പാട്ടുകളിലൂടെ സിനിമയുടെ അപ്പോസ്തലന്മാർ ആയി മാറിയ കുറച്ചു സംവിധായകരും താരങ്ങളും തങ്ങളുടെ നേരേ സോഷ്യൽ മീഡിയയിലൂടെ ചൂണ്ടുന്ന വിരലുകളെ ഭയക്കുകയാണ് . അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ് വിമർശനത്തിന്റെ വിരൽ ചൂണ്ടാൻ നിനക്കെന്ത് പാരമ്പര്യവും കുല മഹിമയും ആണുള്ളത് എന്ന മറു ചോദ്യത്തിലൂടെ ഇവർ പ്രകടമാക്കുന്നത്. ചോദ്യം ചെയ്യാനും വിമർശിക്കാനും പ്രത്യേകിച്ച് പാരമ്പര്യം ഒന്നും ആവശ്യമില്ല സാർ അതിനു അൽപ്പം സാമൂഹിക ബോധവും സംസ്‌കാരവും പ്രതികരണ ശേഷിയും മാത്രമേ വേണ്ടു . സിനിമയേയും സിനിമാക്കാരെയും ആകാശത്തു നിന്നും നൂലീന്നു കെട്ടിയിറക്കിയതൊന്നും അല്ലല്ലോ വിമർശിക്കാതിരിക്കാൻ . ചോദ്യംചെയ്യപ്പെടേണ്ടവ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം . കപട ബിംബങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് സിനിമയിൽ തന്നെയാണ് . അത് തച്ചു തകർക്കപ്പെടെണ്ടത് തന്നെയാണ്. താരപൂജയുടെ ഭാരങ്ങൾ ഇല്ലാതെ ശരി എന്ന് തോന്നുന്നത് ശരി എന്ന് തന്നെ എഴുതുന്ന മനീഷ് നാരായണനെ പോലെയുള്ളവരെ കുല മഹിമയുടെ പേര് പറഞ്ഞ് വിരട്ടിയിട്ട് കാര്യമില്ല . കുല മഹിമയും പാരമ്പര്യവും ഇല്ലാത്ത നിരവധി അടിയാളന്മാരുടെ ചൂണ്ടു വിരലുകൾ ഇനിയും ഉയർന്നു വരും . അവരുടെ വിരലുകളിലെ അക്ഷരങ്ങളുടെ അഗ്‌നിയെ നിങ്ങൾ പേടിക്കുക തന്നെ വേണം. അതല്ലെങ്കിൽ ആ അഗ്‌നിക്ക് ദഹിപ്പിക്കാൻ ആകാത്ത മൂല്യമുള്ള സൃഷ്ടികൾ ഉണ്ടാക്കുവാൻ നിങ്ങൾക്ക് സാധ്യമാകണം . കുറഞ്ഞ പക്ഷം അതിനുള്ള ശ്രമങ്ങൾ എങ്കിലും നിങ്ങൾ നടത്തണം . ആത്മ രതിയും,ആത്മ പ്രശംസയും, അന്ധമായ മാദ്ധ്യമ വാഴ്തലുകളും , നയാ പൈസയുടെ വിവരമില്ലാത്ത ഫാൻസ് പ്രജകളുടെ ഗ്വാ ഗ്വാ പ്രശംസകളും മാത്രം നിറഞ്ഞ ഭാവനാ ലോകത്തു നിന്നും താഴെ ഇറങ്ങി ചുറ്റുപാടുകൾ ഒന്നുനോക്കി കാണുക . കുഴപ്പമില്ലാത്ത സിനിമകൾ ഉണ്ടാക്കാനെങ്കിലും അത് ചിലപ്പോൾ സഹായിച്ചേക്കും''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP