Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ള ഓഡി ഓടിച്ച് എത്തിയ കുഞ്ചാക്കോ ബോബൻ ആദ്യം പുറത്തിറങ്ങി; പിന്നാലെ സുധീഷും മുത്തുമണിയും സിദ്ധാർത്ഥ് ശിവയും; ഓടേണ്ട.. ഓടേണ്ട.. ഓടിത്തളരേണ്ട.. പാടി വയോധിക ഓളം വച്ചു; സെൽഫിയെടുക്കാൻ ഇടിച്ച് അന്തേവാസികൾ: ശാന്തിഭവനിലെ ഓണാഘോഷം ഇങ്ങനെ

വെള്ള ഓഡി ഓടിച്ച് എത്തിയ കുഞ്ചാക്കോ ബോബൻ ആദ്യം പുറത്തിറങ്ങി; പിന്നാലെ സുധീഷും മുത്തുമണിയും സിദ്ധാർത്ഥ് ശിവയും; ഓടേണ്ട.. ഓടേണ്ട.. ഓടിത്തളരേണ്ട.. പാടി വയോധിക ഓളം വച്ചു; സെൽഫിയെടുക്കാൻ ഇടിച്ച് അന്തേവാസികൾ: ശാന്തിഭവനിലെ ഓണാഘോഷം ഇങ്ങനെ

ആലപ്പുഴ: കുഞ്ചോക്കോ ബോബൻ നായകനായ കൊച്ചൗവോ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ നിർമ്മാതാവായും നടനായും എത്തിയ സിനിമയെ കുടുംബ പ്രേക്ഷകരാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിനും ബന്ധങ്ങൾക്കും പ്രാധാന്യം നൽകി ഓണം ആഘോഷിക്കാൻ സിനിമയുടെ അണിയറക്കാരും തയ്യാറായി. സിനിമയുടെ പ്രചരണാർത്ഥം ആലപ്പുഴ നഗരസഭയുടെ ശാന്തിമന്ദിരത്തിൽ ഓണാഘോഷമൊരുക്കിയാണ് കുഞ്ചാക്കോയും കൂട്ടരും വ്യത്യസ്തരായത്. കുഞ്ചാക്കോയെ കൂടാതെ നടൻ സുധീഷ്, സംവിധായകനും നടനുമായ സിദ്ധാർഥ ശിവ, നടി മുത്തുമണി തുടങ്ങിയവരാണ് എത്തിയത്.

താരങ്ങൾ തങ്ങളെ തേടിയെത്തിയത് വയോധികരായ അന്തേവാസികൾക്കും ആശ്വാസമായി മാറി. കുഞ്ചാക്കോയും സംഘവും എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് നേരത്തെ മുതൽ തന്നെ അന്തേവാസികൾ കാത്തിരുപ്പായിരുന്നു. കുഞ്ചാക്കോയും കൂട്ടരും എത്തിയതോടെ ഈ ആവേശം അണപൊട്ടുകയും ചെയ്തു. കവാടത്തിൽ മുഴങ്ങിയിരുന്ന നാസികഡോലിന്റെയും ആരാധകരുടെ ആവേശത്തിന്റെയും ശബ്ദഘോഷത്തിനിടയിലേക്ക് വെള്ള ഓഡികാർ ഓടിച്ചാണ് ചാക്കോച്ചൻ എത്തിയത്.

ഡ്രൈവിങ് സീറ്റിൽനിന്നു താരം ഇറങ്ങിയപ്പോഴേക്കും സമീപവാസികളും തടിച്ചുകൂടി ചാക്കോച്ചനെ വളഞ്ഞു. എല്ലാവർക്കും വേണ്ടത് ചാക്കോച്ചനൊപ്പമുള്ള സെൽഫി. നിരവധി പേർ ചാക്കോച്ചനൊപ്പം നിന്ന് സെൽഫിയെടുത്തു. ഇതിനിടെ കാറിന്റെ മുൻ സീറ്റിൽനിന്നു സിദ്ധാർഥ് ശിവയും പിറകിൽ നിന്നും സുധീഷും മകനും മുത്തുമണിയും ഇറങ്ങി. ഇതോടെ ആരാധകർ കൂടുതൽ ആവേശത്തിലായി. തുടർന്ന് ചെറിയൊരു ഔപചാരിക യോഗത്തിന് ശേഷം താരങ്ങൾ അന്തേവാസികളുടെ അടുത്തേക്ക് നീങ്ങി. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം ആലപ്പുഴ നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ബീന കൊച്ചുബാവ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷോളി സിദ്ധകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മെഹബുബ്, മുൻ ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കൗൺസിലർമാർ, നിർമ്മാതാവ് അനീബ് തുടങ്ങിയവർ സംബന്ധിച്ചു.

അന്തേവാസികൾക്കെല്ലാം കുഞ്ചാക്കോയും സഹതാരങ്ങളും കൂടി ഓണപ്പുടവയും നല്കി. ആദ്യത്തെ ഓണക്കോടി വാങ്ങാനെത്തിയ സരോജിനിയമ്മ കുഞ്ചാക്കോ ബോബനോട് സെറ്റിൽ പണ്ട് താൻ വന്നപ്പോൾ കൈകൊണ്ട് ചെറുതായൊന്നു തട്ടിയ കാര്യം ഓർമിപ്പിച്ച് ഓടേണ്ട...ഓടേണ്ട... ഓടിത്തളരേണ്ട... എന്നു തുടങ്ങുന്ന പാട്ടുംപാടി. തല്ലിയതിനുള്ള പ്രായശ്ചിത്തമാണെന്നു കണക്കാക്കിക്കോളാൻ പറഞ്ഞ് കുഞ്ചാക്കോബോബൻ മുണ്ടും കൊടുത്തു.

വർഷങ്ങൾക്കു ശേഷമാണ് കുഞ്ചാക്കോയുടെ കുടുംബത്തിന്റെ സിനിമാകമ്പനിയായ ഉദയയുടെ ബാനറിൽ ഒരു സിനിമ നിർമ്മിക്കുന്നത്. സ്വന്തം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇവിടെ വരാൻ കഴിഞ്ഞതിൽ ആശ്വാസവും അഭിമാനവും തോന്നുന്നെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. അന്തേവാസികൾക്കൊപ്പം ഓണസദ്യയുമുണ്ട് താരങ്ങൾ മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP