ബാഹുബലിയിലെ ശിവഗാമിയുടെ വേഷം ശ്രീദേവിക്ക് നഷ്ടപ്പെടാൻ കാരണം ഭർത്താവ് ബോണി കപൂറിന്റെ പിടിവാശി; രാജമൗലിയോടും നിർമ്മാതാവിനോടും ബോണി കപൂർ ആവശ്യപ്പെട്ടത് കനത്ത പ്രതിഫലവും ഒപ്പം ലാഭത്തിന്റെ പ്രതിഫലവും
May 19, 2017 | 08:49 AM | Permalink

സ്വന്തം ലേഖകൻ
ബാഹുബലിയിലെ വേഷം നഷ്ടപ്പെട്ടവരിൽ പ്രധാനപ്പെട്ട ആളായിരുന്നു ബോളിവുഡ് സുന്ദരി ശ്രീദേവി. രാജമൗലി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ശിവഗാമിയെ അവതരിപ്പിക്കാൻ ആദ്യം നറുക്ക് വീണത് ശ്രീദേവിക്കായിരുന്നു. എന്നാൽ നടിയുടെ പ്രതിഫലം ആണ് അവസരം നഷ്ടപ്പെടാൻ കാരണമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാലിപ്പോൾ കേൾക്കുന്നത് ഭർത്താവ് ബോണി കപൂറിന്റെ പിടിവാശിയാണ് നടിക്ക് ഇത്രയും നല്ല അവസരം നഷ്ടപ്പെടാൻ കാരണമെന്നാണ്.
ബാഹുബലിയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീദേവി തന്നെയായിരുന്നു ശിവഗാമിയാകാൻ ആദ്യം മനസ്സിൽ കണ്ടിരുന്നതെന്നും ഈ പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും മുമ്പാണ് സിനിമയ്ക്കായി അവരെ സമീപിക്കുന്നതെന്നും ഞങ്ങൾ ശ്രീദേവിയെ സമീപിച്ചപ്പോൾ അവരുടെ ഭർത്താവ് ബോണി കപൂർ വലിയൊരു തുകയാണ് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. പ്രതിഫലം കൂടാതെ ബാഹുബലിയുടെ ലാഭത്തിന്റെ ഒരു ഷെയറും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ അപ്പോൾ തന്നെ ഈ ആഗ്രഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാൽ അപ്പോഴും ഞങ്ങളുടെ ഉള്ളിൽ ശ്രീദേവി തന്നെ ഈ വേഷം ചെയ്യണമെന്നായിരുന്നു.
എന്നാൽ പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് 'പുലി' എന്നൊരു തമിഴ് ചിത്രം അവർ കരാർ ഒപ്പിട്ട കാര്യം. മാത്രമല്ല ബോണി കപൂർ ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും പ്രതിഫലും അംഗീകരിച്ചാണ് പുലി ടീം ശ്രീദേവിയെ തീരുമാനിക്കുന്നത്. എന്നിരുന്നാലും ശ്രീദേവിക്ക് ശേഷം ആ വേഷം രമ്യ കൃഷ്ണനിലെത്തുകയും അവർ ആ വേഷം അതിഗംഭീരമാക്കുകയും ചെയ്തു. ഇനി ആ വേഷത്തിൽ മറ്റൊരു നടിയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല'- ബാഹു ബലിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ശിവഗാമിയെ ഗംഭീരമാക്കിയ രമ്യ കൃഷ്ണന് രണ്ടര കോടിയാണ് ബാഹുബലിയിൽ പ്രതിഫലമായി നൽകിയത്. ഈ തുകയുടെ ഇരട്ടിയാണ് ബോണി കപൂർ ചോദിച്ചത്. പ്രതിഫലം കൂടാതെ ബാഹുബലിയുടെ ഹിന്ദി വിതരണവും തന്റെ കമ്പനിക്ക് നൽകണമെന്ന് ബോണി കപൂർ വാശിപിടിച്ചിരുന്നു. ഇതോടെ ബാഹുബലി ടീം പൂർണമായും ശ്രീദേവിയിൽ നിന്ന് പിന്മാറുകയായിരുന്നു.
ബാഹുബലി വേണ്ടെന്നു വച്ച് ശ്രീദേവി വിജയ് നായകനായ 'പുലി'യിലെ കഥാപാത്രത്തെ സ്വീകരിച്ചു. മൂന്നുകോടി രൂപയാണ് പുലി സിനിമയ്ക്കായി ശ്രീദേവി മേടിച്ചത്. മാത്രമല്ല ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി വീണ്ടും പതിനഞ്ച് ലക്ഷം ഇവർ മേടിച്ചു. കൂടാതെ ഹിന്ദി പതിപ്പിലെ വിതരണക്കാരിൽ നിന്നും 55 ലക്ഷവും കരാർ പ്രകാരം മേടിച്ചിരുന്നു. ഹിന്ദി പതിപ്പിന് ലഭിക്കുന്ന സാറ്റലൈറ്റ് തുകയുടെ 20 ശതമാനം തരാമെന്നായിരുന്നു കരാർ. ഇതനുസരിച്ച് ഹിന്ദിക്ക് 55 ലക്ഷവും, തെലുങ്ക് പതിപ്പിന് 15 ലക്ഷവും ശ്രീദേവിക്ക് പ്രതിഫലമായി നൽകി. പുലി സിനിമയ്ക്കായി ശ്രീദേവി ആകെ മേടിച്ചത് 4 കോടിയാണ്.