Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊട്ടടുത്ത് താരദൈവങ്ങളെ കണ്ട അത്ഭുതം മാറാതെ സുരഭി; ഉർവ്വശി പട്ടം നേടിയ നടിയോടൊപ്പം സെൽഫി എടുക്കാൻ ബോളിവുഡ് ലോകത്തിന് ആവേശം; അക്ഷയ്കുമാർ സെൽഫി ചോദിച്ചപ്പോൾ കണ്ണിൽ ഇരുട്ട് കയറിയെന്ന് ദേശീയ അവാർഡ് ജേതാവ്; നിനച്ചിരിക്കാതെ ദേശീയ അവാർഡ് നേടിയ സുരഭിയുടെ അവാർഡ് വിശേഷങ്ങൾ ഇങ്ങനെ

തൊട്ടടുത്ത് താരദൈവങ്ങളെ കണ്ട അത്ഭുതം മാറാതെ സുരഭി; ഉർവ്വശി പട്ടം നേടിയ നടിയോടൊപ്പം സെൽഫി എടുക്കാൻ ബോളിവുഡ് ലോകത്തിന് ആവേശം; അക്ഷയ്കുമാർ സെൽഫി ചോദിച്ചപ്പോൾ കണ്ണിൽ ഇരുട്ട് കയറിയെന്ന് ദേശീയ അവാർഡ് ജേതാവ്; നിനച്ചിരിക്കാതെ ദേശീയ അവാർഡ് നേടിയ സുരഭിയുടെ അവാർഡ് വിശേഷങ്ങൾ ഇങ്ങനെ

കൊച്ചി: സുരഭി ലക്ഷ്മിക്ക് ഇനിയും ആത്ഭുതം വിട്ടുമാറിയിട്ടില്ല. അക്ഷയ് കുമാർ തന്നോട് സെൽഫി ചോദിക്കുക. ഒരിക്കലും ഈ നടി ചിന്തിക്കാത്ത കാര്യം. ഇതൊക്കെയാണ് മിന്നാമിനുങ്ങ് സിനിമയിലെ അഭിനയം സുരഭിക്ക് നൽകിയത്. ദേശീയ അവാർഡ് തളിക്കത്തിൽ ബോളിവുഡിന്റെ ആദരവും തേടിയെത്തി. വനിതയോടാണ് അസുലഭ നിമിഷങ്ങളെ കുറിച്ച് സുരഭി മനസ്സ് തുറന്നത്.

കലാജീവിതത്തിന്റെ തുടക്കം മാത്രമായി ഈ അവസരത്തെ കാണുകയാണെന്ന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭിലക്ഷ്മി. മഹാനടന്മാർക്കൊപ്പം അവാർഡ് വേദിയിലെത്തിയതും രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ സാധിച്ചതും മഹാഭാഗ്യമായി കരുതുന്നതായും സുരഭി പറയുന്നു. ഹിന്ദിയിലേയും മറ്റു ഭാഷകളിലേയും വലിയ കലാകാരന്മാർക്കൊപ്പം പുരസ്‌ക്കാര വേദിയിൽ ചെലവഴിച്ച നിമിഷങ്ങൾ അവിസ്മരണീയമാണെന്ന് സുരഭി പറഞ്ഞു. മിന്നാമിനുങ്ങ് സിനിമയുടെ സംവിധായകൻ അനിൽ തോമസിനും മറ്റുള്ളവർക്കും ഏറെ നന്ദി പറയുകയാണ് സുരഭി.

അവാർഡ് ദാന ചടങ്ങിന് തലേന്ന്... രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ ജേതാക്കൾക്കുള്ള റിഹേഴ്‌സൽ നടക്കുകയാണ്. ദേശീയ അവാർഡ് ലഭിച്ച എല്ലാവരുമുണ്ട്. ഒരു മൂലയിൽ ഈ പാവം ഞാനും. അപ്പൊ ദേ വരണ്... സാക്ഷാൽ അക്ഷയ്കുമാർ. എന്റെ അടുത്തേക്കാണ് പുള്ളീടെ വരവ്... നെഞ്ചിടിപ്പ് കൂടി. അടുത്തു വന്നു, കൈ നീട്ടി. സ്വപ്നം പോലെയാണ് തോന്നിയത്. അങ്ങേർ എന്നെ പരിചയപ്പെട്ടു. സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചപ്പോൾ തലകറങ്ങും പോലെ തോന്നി. പുള്ളി ക്ലിക് ചെയ്തതിനു തൊട്ടടുത്ത നിമിഷം ഞാനും എടുത്തു ഒരു സെൽഫി.

പിന്നെ ലാലേട്ടനെ മനസിൽ ധ്യാനിച്ച് ആറാം തമ്പുരാനിൽ പറയും പോലെ ദർബാർ രാഗത്തിൽ ഞാനൊരു കാച്ചു കാച്ചി. അക്ഷയ് കുമാറിന്റെ ഖിലാഡിയോൻ കി ഖിലാഡി മുതൽ റഫ് ആൻഡ് ടഫിന്റെ ആ പരസ്യം വരെ എടുത്തിട്ടലക്കി. അങ്ങേർ ഫ്‌ളാറ്റ്...! '. അച്ഛൻ അനിൽ കപൂറിനൊപ്പമാണ് സോനം കപൂർ എത്തിയത്. കാമുകനും ഒപ്പമുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കെ അയാൾ അക്ഷയ് ജിക്ക് ഒരു മിന്റ് മിഠായി നൽകി. അദ്ദേഹം അത് എനിക്കു കൈമാറി. ഞാനാകട്ടെ അതു സോനത്തിന് വായിൽ വച്ചു കൊടുത്തു. അടുത്ത നിമിഷം സോനം ബോയ് ഫ്രണ്ടിന്റെ പക്കൽ നിന്ന് ഒരു മിഠായി വാങ്ങി എനിക്ക് വായിൽ വച്ചു തന്നു. പകച്ചു പോയി എന്റെ ബാല്യം. പ്രിയദർശൻ സാർ അടക്കമുള്ള ജൂറി അംഗങ്ങളെയും പരിചയപ്പെട്ടു.

മലയാളത്തിൽ നിന്ന് എന്ത് അനൗൺസ് ചെയ്താലും അക്ഷയ് ചോദിക്കും, ദിസ് ഈസ് യുവർ മൂവീ..? അപ്പോ ഞാൻ പറയും നോനോ...ദാറ്റ് ഈസ് മൈ ബ്രദേഴ്‌സ് മൂവീ.'' പിന്നെ മികച്ച തിരക്കഥയ്ക്ക് ശ്യാപുഷ്‌കർ വന്നപ്പോ ചോദിച്ചു വീണ്ടും ദിസ് ഈസ് യുവർ മൂവീ...?' അപ്പോ ഞാൻ പറഞ്ഞു. ''ദിസ് ഈസ് മൈ അനദർ ബ്രദേഴ്‌സ്'. അങ്ങനെ ദിലീപ് പോത്തുനും ആഷിഖ് അബുവുമൊക്കെ അക്ഷയ് കുമാറിന്റെ മുന്നിൽ ഈ പാവം സുരഭിയുടെ ബ്രദർമാരായി.-വനിതയോട് നടി വിശദീകരിക്കുന്നു.

റിഹേഴ്‌സൽ കഴിഞ്ഞ് തിരിച്ച് വരുമ്പോ 'ഇംഗ്ലീഷ് വിങ്ലീഷിൽ' ശ്രീദേവിയുടെ ഭർത്താവായി അഭിനയിച്ച അങ്ങേരെ കണ്ടു. പുള്ളി കൂടിയാട്ടത്തിന്റെ വേണുജീയെ കാണാൻ കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു. അപ്പോൾ വേണു ജിയുടെ മകൾ കപില എന്റെ സുഹൃത്താണെന്നു പറഞ്ഞു. അങ്ങനെ പിന്നെ കൂടിയാട്ടത്തെ കുറിച്ച് ആയി ഞങ്ങളുടെ ചർച്ച. കൂടിയാട്ടത്തിൽ ബ്രീത്തിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ കത്തിക്കയറി. പുള്ളി ഓർത്തു കാണും ഇവൾക്ക് ഇതേക്കുറിച്ചൊക്കെ വളരെ അറിവുണ്ടാകുമെന്ന്... എവിടെ.. നമ്മുടെ തള്ളല്ലേ... നങ്ങ്യാർ കൂത്തും കൂടിയാട്ടവും ഭരതനാട്യവും ഒക്കെ പഠിച്ചിട്ടുണ്ട് എന്നു കൂടി ഞാൻ പറഞ്ഞതോടെ അയാൾക്ക് എന്നോടു ഭയങ്കര ബഹുമാനം. രാത്രി ഡിന്നറിന് നിരവധിപേർ ഉണ്ടായിരുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരുപാട് പേരെ പരിചയപ്പെട്ടു.

നോക്കുമ്പോ അതാ നിൽക്കുന്നു വൺ ആൻഡ് ഒൺലി പീറ്റർഹെയ്ൻ. നേരേ വച്ചു പിടിച്ചു. പുലിമുരുകനായിരുന്നു ടോപിക്. പുള്ളിക്ക് ബോറടിച്ചു കാണും എന്നുറപ്പ്. ആ രാത്രി ഒരിക്കലും മറക്കാൻ പറ്റില്ല. അന്ന് ഞങ്ങൾ ഇന്ത്യ ഗെയിറ്റിലൊക്കെ കറങ്ങി. അവിടെ നിന്ന് ഒരു ഫേസ്‌ബുക്ക് ലൈവും ചെയ്തു. റൂമിലെത്തി പിറ്റേന്ന് അവാർഡ് വാങ്ങാൻ പോകുമ്പോ അണിഞ്ഞൊരുങ്ങേണ്ടതെല്ലാം എടുത്ത് വയ്ക്കലും സെൽഫികൾ അയക്കലും ഒക്കെയായിരുന്നു. അന്ന് ഉറങ്ങാനേ കഴിഞ്ഞില്ല. എന്താ പറയ്യ, സിനിമയിലേക്ക് കൊണ്ട്വന്നവരെയും ഗുരുക്കന്മാരെയും അവാർഡ് വാങ്ങി തന്ന സിനിമാ പിന്നണിയിലുള്ള എല്ലാവരെയും വീട്ടുകാരെയും സുഹൃത്തുക്കളെയും എല്ലാവരെയും സ്മരിച്ച് കൊണ്ടിരുന്നു. ദൈവങ്ങളോടൊപ്പമുള്ള രാത്രി.-ഇങ്ങനെയാണ് സുരഭി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.

വിജ്ഞാൻ ഭവനിൽ നടന്ന ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വേദിയിലും നിറഞ്ഞു നിന്നത് മലയാള സിനിമയുടെ സാന്നിധ്യമായിരുന്നു. മലയാള സിനിമയിൽ നിന്നുള്ള പത്തു പ്രതിഭകളാണ് രാഷ്ട്രപതിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങിയത്. പ്രത്യേക പരാമർശം നേടിയ മോഹൻലാലും ബാലതാരം ആദിഷ് പ്രവീണും സദസ്സിലെ വലിയ സാന്നിധ്യങ്ങളായി. തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ, മികച്ച മലയാള ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ, നിർമ്മാതാവ് ആഷിക് അബു, സംഘട്ടന സംവിധായകൻ പീറ്റർ ഹെയിൻ, ശബ്ദലേഖകൻ ജയദേവൻ, ഹ്രസ്വചിത്ര വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയ സൗമ്യ സദാനന്ദൻ, ശബ്ദലേഖകൻ അജിത് അബ്രഹാം ജോർജ്ജ് എന്നീ മലയാളികളും അവാർഡുകൾ സ്വീകരിച്ചു.

മികച്ച നടൻ അക്ഷയ്കുമാർ, മികച്ച സിനിമ കാസവിന്റെ സംവിധായകൻ സുമിത്രാ ഭാവെ, ഗാനരചയിതാവ് വൈരമുത്തു, പ്രത്യേക പരാമർശം നേടിയ നടി സോനം കപൂർ എന്നിവരും അവാർഡുകൾ സ്വീകരിച്ചു. മുതിർന്ന തെന്നിന്ത്യൻ സംവിധായകൻ കെ. വിശ്വനാഥിന് ദാദാസാഹിബ് ഫാൽക്കേ അവാർഡും വേദിയിൽ സമ്മാനിച്ചു.

ഫോട്ടോ: കടപ്പാട് മനോരമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP