Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ അവാർഡ് ലഭിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും വിളിച്ചിട്ടില്ലെന്ന് സുരഭി; അവാർഡിനുശേഷം പുതിയ ചിത്രങ്ങളിലേക്ക് ക്ഷണവുമില്ല; ഏതു വേഷം കിട്ടിയാലും ചെയ്യും; ദേശീയ അവാർഡ് കിട്ടിയെന്നും പറഞ്ഞ് സെലക്ടീവായാൽ ഈച്ചയാട്ടി വീട്ടിൽ ഇരിക്കുകയേയുള്ളുവെന്നും നടി

ദേശീയ അവാർഡ് ലഭിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും വിളിച്ചിട്ടില്ലെന്ന് സുരഭി; അവാർഡിനുശേഷം പുതിയ ചിത്രങ്ങളിലേക്ക് ക്ഷണവുമില്ല; ഏതു വേഷം കിട്ടിയാലും ചെയ്യും; ദേശീയ അവാർഡ് കിട്ടിയെന്നും പറഞ്ഞ് സെലക്ടീവായാൽ ഈച്ചയാട്ടി വീട്ടിൽ ഇരിക്കുകയേയുള്ളുവെന്നും നടി

കൊച്ചി: ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളിയായ സുരഭി ലക്ഷ്മി എന്ന നടിക്കാണെന്ന് പറഞ്ഞപ്പോൾ പലർക്കും ആ മുഖം ഓർമയുണ്ടായിരുന്നില്ല. മീഡിയ വണ്ണിലെ എം80 മൂസ എന്ന പരിപാടി കാണുന്നവർ പോലും നമ്മുടെ പാത്തുവിനാണ് പുരസ്‌കാരം എന്ന് അറിഞ്ഞപ്പോൾ ഞെട്ടിക്കാണും.

എന്ന് നിന്റെ മൊയ്തീൻ, തിരക്കഥ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും സുരഭി ലക്ഷ്മി എന്ന നടിയെ അധികമാർക്കും പരിചയമില്ലായിരുന്നു. അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഐശ്വര്യ റായി ഉൾപ്പടെയുള്ളവർക്കൊപ്പം മത്സരിച്ചാണ് പേരില്ലാത്ത കഥാപാത്രത്തിന് സുരഭി പുരസ്‌കാരം നേടിയത്.

പുരസ്‌കാര ലബ്ധിക്ക് ശേഷം ഒത്തിരി സ്വീകരണങ്ങളും അഭിനന്ദനങ്ങളും കിട്ടി എന്ന് എറണാകുളത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സുരഭി പറഞ്ഞു. അവാർഡ് കിട്ടിയശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും വിളിച്ച് അഭിനന്ദിച്ചിരുന്നു.

മമ്മൂട്ടിയും മോഹൻലാലും ദിലീപും ഇതുവരെ വിളിച്ചിട്ടില്ല. രണ്ടുമൂന്ന് ദിവസം ഫോൺ ഓഫായിരുന്നു. ഒരുപക്ഷേ വിളിച്ചിട്ട് കിട്ടാത്തതാവാം. അല്ലെങ്കിൽ തിരക്ക് കഴിഞ്ഞ് വിളിക്കാമെന്ന് അവർ കരുതുന്നുണ്ടാകുമെന്നും സുരഭി പറഞ്ഞു.

ദേശീയ അവാർഡ് കിട്ടിയെന്ന് പറഞ്ഞ് സെലക്ടീവായാൽ ഞാൻ ഈച്ചയാട്ടി വീട്ടിൽ ഇരിക്കുകയേയുള്ളുവെന്ന് ബോധ്യമുണ്ട്. അതിനാൽ സീരിയസായ റോളുകൾ മാത്രമല്ല എല്ലാ കഥാപാത്രങ്ങളും ചെയ്യുമെന്നും സുരഭി വ്യക്തമാക്കി.

അവാർഡിനുശേഷം പുതിയ ചിത്രത്തിലേക്ക് ക്ഷണമൊന്നും വന്നിട്ടില്ല. കമ്മട്ടിപ്പാടത്തിന്റെ ക്യാമറാമാനായ അജിത്ത്കുമാറിന്റെ പുതിയ സിനിമയിൽ നല്ല വേഷം ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് ഉടൻ ആരംഭിക്കും. അന്യഭാഷാ ചിത്രങ്ങളിൽ അവസരം ലഭിച്ചാൽ ചെയ്യും. മലയാളത്തിലെ എല്ലാ പ്രമുഖരോടൊപ്പവും അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും സുരഭി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP