Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാണ് സുരഭി? ദേശീയ അവാർഡ് കിട്ടിയ മലയാളി താരത്തെ തിരഞ്ഞ് ബോളിവുഡ് സുന്ദരിമാർ; 12 അംഗ ജൂറിയിൽ 11 പേരും സുരഭിക്ക് വോട്ട് ചെയ്തപ്പോൾ ഒരാൾ മാത്രം ചെയ്തത് ഐശ്വര്യയ്ക്ക്; ആരും കേട്ടിട്ടില്ലാത്ത ഒരു നടി അവാർഡ് കൊണ്ടു പോയ നിരാശയിൽ കോടികൾ കൈപ്പറ്റുന്ന താരസുന്ദരികൾ

ആരാണ് സുരഭി? ദേശീയ അവാർഡ് കിട്ടിയ മലയാളി താരത്തെ തിരഞ്ഞ് ബോളിവുഡ് സുന്ദരിമാർ; 12 അംഗ ജൂറിയിൽ 11 പേരും സുരഭിക്ക് വോട്ട് ചെയ്തപ്പോൾ ഒരാൾ മാത്രം ചെയ്തത് ഐശ്വര്യയ്ക്ക്; ആരും കേട്ടിട്ടില്ലാത്ത ഒരു നടി അവാർഡ് കൊണ്ടു പോയ നിരാശയിൽ കോടികൾ കൈപ്പറ്റുന്ന താരസുന്ദരികൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: M80 മൂസയിലെ പാത്തുവാണ് സുരഭിയെ ഹിറ്റാക്കിയത്. പാത്തുവെന്ന് പറഞ്ഞാൽ മാത്രമേ സുരഭിയെ ആളുകൾ തിരിച്ചറിയൂവെന്ന അവസ്ഥ. മൂസയിലെ കഥാപാത്രത്തിന്റെ തിളക്കത്തിൽ സ്റ്റേജ് ഷോകളിലും മറ്റും താരമായി ഓടി നടക്കുന്നതിനിടെയാണ് മിന്നാമിനങ്ങിലെ അഭിനയത്തിനുള്ള ഓഫറെത്തുന്നത്. ഇപ്പോഴിതാ ദേശീയതലത്തിലെ മികച്ച നടി. അതും ലോക സുന്ദരിയായിരുന്ന ഐശ്വര്യ റായിയെ ഏകപക്ഷീയമായി മറി കടന്ന്. അവാർഡ് ലഭിച്ചത് സലാലയിൽ നിന്നാണു സുരഭി അറിയുന്നത്. സുരഭി കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് തിരിച്ചെത്തിയതും. ജൂറി ചെയർമാൻ പ്രിയദർശൻ മലയാളിയാണ്. എന്നിട്ട് പ്രിയദർശനോട് പോലും സംസാരിച്ചിട്ടില്ലാത്ത തനിക്ക് അവാർഡ് കിട്ടിയതിന്റെ ത്രില്ലിലാണ് സുരഭി. ജൂറിയിൽ ആരേയും തനിക്ക് അറിയില്ലെന്ന് സുരഭി വിശദീകരിക്കുന്നു.

സുരഭി അഭിനയിച്ച മിന്നാമിനുങ്ങ് എന്ന സിനിമ പൂർത്തിയായ ഉടൻതന്നെ ഇതായിരിക്കും മികച്ച നടിയെന്നു 12 അംഗ ജൂറിയിലെ 11 പേരും പറഞ്ഞിരുന്നു. ഒരാൾ മാത്രം ഐശ്വര്യ റായിക്ക് സരബ്ജിത് എന്ന സിനിമയ്ക്കു അവാർഡു നൽകണം എന്നഭിപ്രായപ്പെട്ടു. എന്നാൽ 11 പേരും ഒരുമിച്ചു നിന്നതിനാൽ ഐശ്വര്യ റായിക്കു ജൂറി പരാമർശം പോലും കിട്ടിയില്ല. ഇക്കാര്യമെല്ലാം ബോളിവുഡിലും ചർച്ചയായി. ഇതോടെയാണ് ആരാണ് സുരഭിയെന്ന് ബോളിവുഡ് സുന്ദരികൾ അന്വേഷണം തുടങ്ങിയത്. ഐശ്വര്യയെ പരാജയപ്പെടുത്തിയ സുരഭിയെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചത് മൂസയെന്ന ഹാസ്യ സീരിയലിലേക്കും. സുരഭിയുടെ നേട്ടം ഇരട്ടിയായി മാറുന്നതും അതുകൊണ്ടാണ്. താരസുന്ദരികൾക്കും മുൻനിര നായികമാർക്കും മാത്രം സാധിക്കുന്നത് സുരഭി കൈപ്പടിയിൽ ഒതുക്കി.

മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ്, സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം, ഇപ്പോൾ ദേശീയ അവാർഡും. 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിൽ സുരഭി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നെന്നാണ് വിധിനിർണയസമിതിയുടെ വിലയിരുത്തൽ. സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റി കൊണ്ടുപോയത് സുരഭിയാണ്. അതിവൈകാരികതയിലേക്ക് വീണുപോകാമായിരുന്ന പല ഘട്ടത്തിലും നിയന്ത്രണത്തോടെ അവർ അഭിനയിച്ചു വിജയിച്ചു -സമിതി അഭിപ്രായപ്പെട്ടു. മികച്ച നടിക്കായി മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ദേശീയ പുരസ്‌കാരമാണ് സുരഭിയുടേത്. ശാരദ, മോനിഷ, ശോഭന, മീരാ ജാസ്മിൻ എന്നിവർക്കാണ് ഇതിനുമുമ്പ് പുരസ്‌കാരം ലഭിച്ചത്.

അനിൽ തോമസ് സംവിധാനംചെയ്ത മിന്നാമിനുങ്ങിലെ വേഷം ഈ അഭിനേത്രിക്ക് വെല്ലുവിളിനിറഞ്ഞ കഥാപാത്രം തന്നെയായിരുന്നു. പേരുപോലുമില്ലാത്ത ഒരമ്മയെ ഉൾക്കാമ്പോടെ അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. മിന്നാമിനുങ്ങിലെ കഥാപാത്രത്തിനായി സുരഭി പ്രത്യേകം ഒരുക്കങ്ങൾ നടത്തിയിരുന്നു. സംവിധായകൻ അനിൽ തോമസും തിരക്കഥാകൃത്ത് മനോജ് റാംസിങ്ങും ചേർന്ന് തിരക്കഥ വായിക്കാൻ നൽകിയപ്പോൾമുതൽ ഞെട്ടിയതാണ് സുരഭി. എങ്ങനെ കഥാപാത്രത്തെ ഉൾക്കൊള്ളുമെന്ന ചിന്തമാത്രമായിരുന്നു പിന്നീട്. ''ഹോസ്റ്റൽ മേട്രനായിരുന്ന മീനച്ചേച്ചിയുടെ മുഖമായിരുന്നു മനസ്സിൽ നിറയെ. അവരുടെ കണ്ണുകളുടെ ആഴമാണ് കഥാപാത്രമാകാൻ സഹായിച്ചത്. പിന്നെ കോഴിക്കോടൻ ഭാഷേന്ന് തിരുവനന്തപുരത്തേക്ക് മാറാനുള്ള പ്രശ്‌നവും. അതിന് എല്ലാവരും സഹായിച്ചു'' -സുരഭി പറയുന്നു.

1968-ൽ എം.വിൻസന്റ് സംവിധാനംചെയ്ത 'തുലാഭാര'ത്തിലെ അഭിനയത്തിന് ശാരദയിലൂടെയായിരുന്നു ആദ്യമായി മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' എന്ന ചിത്രത്തിലൂടെ ശാരദ വീണ്ടും മികച്ച നടിയായി. 14 വർഷങ്ങൾക്കുശേഷം ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലൂടെ മോനിഷ പുരസ്‌കാരം വീണ്ടും മലയാളസിനിമയ്ക്ക് സമ്മാനിച്ചു. 1993-ൽ ഫാസിൽ ചിത്രം 'മണിച്ചിത്രത്താഴി'ലൂടെ ശോഭനയും 2004-ൽ ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത 'പാഠം ഒന്ന് ഒരു വിലാപ'ത്തിലൂടെ മീരാജാസ്മിനും രാജ്യത്തെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനർഹയായി.

കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ താമസിക്കവേ നാടോടി സർക്കസുകാർക്കൊപ്പം നൃത്തംവച്ചാണ് സുരഭിയിലെ കലാകാരിയുടെ അരങ്ങേറ്റം. അച്ഛൻ കെ.പി. ആണ്ടിയാണ് മൂന്നര വയസുപ്രായമുള്ള തന്നെ സ്റ്റേജിൽ കയറ്റിയതെന്ന് സുരഭി അഭിമുഖത്തിൽ ഒരിക്കൽ വ്യക്തമാക്കിയിരുന്നു. നൃത്തം ചെയ്തതിന് നാട്ടുകാർ ഒരു പാക്കറ്റ് കടലയും വത്തക്കക്കഷ്ണവും നൽകി പ്രോത്സാഹിപ്പിച്ചിരുന്നു. പിന്നെ കുടുംബം നരിക്കുനിയിലേക്ക് മാറി. അമ്പലത്തിലെയും ക്ലബ്ബുകളുടെയും പരിപാടിക്ക് നൃത്തം ചെയ്യുന്നതും നാടകത്തിൽ അഭിനയിക്കുന്നതും കുട്ടിക്കാലത്തെ പതിവായി.

സ്ഥിരം സംഘാടകനായിരുന്ന വിജയൻ പാലാടിക്കുഴിയാണ് സുരഭിയെ കലാമണ്ഡലം സത്യവ്രതന്റെ അടുത്ത് നൃത്തം പഠിക്കാൻ വിട്ടത്. ഭരതനാട്യവും കുച്ചുപ്പുഡിയും മോഹിനിയാട്ടവും അവിടെ നിന്നു പഠിച്ച സുരഭി പുന്നശ്ശേരി രാമൻകുട്ടിയുടെ ശിഷ്യണത്തിൽ ഓട്ടൻതുള്ളലും പഠിച്ചു. പിന്നീട് നാട്ടിൽ നാടകങ്ങളൊക്കെ ചെയ്തിരുന്ന മുകുന്ദൻ സുരഭിക്ക് അവസരം നൽകി. സ്‌കൂൾ കലോത്സവ വേദികളിലും ഈ കാലത്ത് സജീവമായിരുന്നു. വി.എച്ച്.എസ്.ഇ.യ്ക്ക് പഠിക്കുമ്പോഴാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. അപ്പോഴേക്കും അച്ഛൻ മരിച്ചിരുന്നു.

സാമ്പത്തികപ്രയാസത്തിൽ കഴിയുന്ന സുരഭിയെക്കുറിച്ച് സംവിധായകൻ ജയരാജ് അറിയാനിടയായി. അദ്ദേഹം ഭാര്യ സബിതയോട് അടുത്ത ദിവസം കലോത്സവത്തിൽ നടക്കുന്ന മോണോആക്ട് മത്സരം കാണാനും പരിചയപ്പെടാനും നിർദ്ദേശിച്ചു.അങ്ങനെ ജയരാജ് സംവിധാനം ചെയ്ത 'ബൈ ദ പീപ്പിൾ' സിനിമയിൽ ചെറിയ വേഷം ലഭിച്ചു. അതായിരുന്നു സുരഭിയുടെ സിനിമാ പ്രവേശം. ഹയർസെക്കൻഡറി കലോത്സവത്തിൽ മികച്ച നടിയായി. അപ്പോഴത്തെ ചിന്തകളിൽ നിന്നാണ് നാടകത്തോട് പ്രിയം തോന്നിയത് . ഭരതനാട്യത്തിൽ ബിരുദം. എം.എക്ക് നാടകമെടുത്തു. എം.ജി. സർവകലാശാലയിൽ നിന്ന് എം.ഫിൽ നേടി. ഇതിനിടെ സ്വകാര്യ ടി.വി ചാനലിലെ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ ഒന്നാമതെത്തി.

അതോടെ കൂടുതൽ അവസരങ്ങൾ തേടിയെത്തി. കെ.കെ. രാജീവ് സംവിധാനം ചെയ്ത കഥയിലെ രാജകുമാരിയെന്ന സീരിയലിൽ അഭിനയിച്ചു. പിന്നീടാണ് ജനശ്രദ്ധയാകർഷിച്ച എം80 മൂസയിലെ പാത്തുവാകുന്നത്. വിനോദ് കോവൂരും സുനിൽ കാര്യാട്ടുകരയും ചേർന്നാണ് സംവിധായകൻ ഷാജി അസീസിനു സുരഭി താരമായി. പകൽ നക്ഷത്രങ്ങൾ, അയാളും ഞാനും തമ്മിൽ തുടങ്ങി മുപ്പത്താറ് സിനിമയിൽ അഭിനയിച്ചു. ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കുറവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP