Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടമുണ്ടാക്കിയത് സൽമാൻ മാത്രമല്ല; സെയ്ഫ് അലി ഖാനും ജോൺ എബ്രഹാമും വഴിയാത്രക്കാരെ ഇടിച്ചു പറപ്പിച്ചവർ; പക്ഷേ, 12 വർഷത്തെ വിചാരണയിൽ കുടുങ്ങിയത് മസിൽ ഖാൻ മാത്രം

അപകടമുണ്ടാക്കിയത് സൽമാൻ മാത്രമല്ല; സെയ്ഫ് അലി ഖാനും ജോൺ എബ്രഹാമും വഴിയാത്രക്കാരെ ഇടിച്ചു പറപ്പിച്ചവർ; പക്ഷേ, 12 വർഷത്തെ വിചാരണയിൽ കുടുങ്ങിയത് മസിൽ ഖാൻ മാത്രം

മുംബൈ: 2002ലെ വാഹനാപകടക്കേസിൽ ബോളിവുഡിലെ മസിൽ ഖാൻ സൽമാൻ തൽക്കാലം ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ താരങ്ങളുടെ പട്ടികയിൽ സൽമാൻ മാത്രമല്ല ഉള്ളത്. സൂപ്പർ താരങ്ങളായ സെയ്ഫ് അലി ഖാനും ജോൺ എബ്രഹാമുമൊക്കെ ഇത്തരത്തിൽ വാഹനാപകടമുണ്ടാക്കിയിട്ടുള്ളവർ തന്നെ.

ഹിന്ദി ടെലിവിഷനിലെ സൂപ്പർ സ്റ്റാർ റോണിത് റോയിയും ഇതിഹാസ താരം രാജ്കുമാറിന്റെ മകൻ പുരു രാജ്കുമാറും അപകടമുണ്ടാക്കിയവരിൽപ്പെടുന്നു. എന്നാൽ ഇവർക്കാർക്കും സൽമാനെ പോലെ പന്ത്രണ്ടു വർഷത്തോളം വിചാരണ നേരിടേണ്ടി വന്നിട്ടില്ല.

ധൂം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ സൂപ്പർ വില്ലനായ ജോൺ എബ്രഹാമിന് ബൈക്കുകളോടുള്ള കമ്പം ഏവർക്കും അറിയാവുന്നതാണ്. ഒരു ബൈക്കിൽ പായുമ്പോഴാണ് 2006ൽ ജോൺ അപകടത്തിൽപെട്ടത്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരുടെ നേർക്കാണ് ജോൺ ബൈക്കോടിച്ചു കയറ്റിയത്. ഇവരെ ജോൺ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അശ്രദ്ധമായി വണ്ടിയോടിച്ചതിന് 2010ൽ കോടതി 15 ദിവസത്തെ തടവിനു ശിക്ഷിച്ചെങ്കിലും ജാമ്യം നേടാൻ ജോണിനു കഴിഞ്ഞു.

2005 ഡിസംബർ പത്തിനാണ് സെയ്ഫ് അലി ഖാൻ തന്റെ ലാൻഡ് ക്രൂയ്‌സറുമായി നിയന്ത്രണംവിട്ടു പാഞ്ഞ് ഒരു കുട്ടിയുടെ മേലിടിച്ചത്. പരിക്കേറ്റ കുട്ടിയെ സെയ്ഫ് തന്നെ ആശുപത്രിയിലെത്തിച്ചു. സെയ്ഫ് മദ്യപിച്ചിട്ടുണ്ടോ എന്നു പൊലീസ് പരിശോധിക്കുകയും ചെയ്തു. ടെസ്റ്റിന്റെ ഫലം അനുകൂലമായതിനാൽ 5000 രൂപയുടെ ജാമ്യത്തിൽ സെയ്ഫ് കേസിൽ നിന്ന് തടിയൂരി.

2011ലാണ് ടെലിവിഷൻ സൂപ്പർ സ്റ്റാർ റോണിത് റോയ് തന്റെ മെഴ്‌സിഡസ് ബെൻസുമായി അപകടത്തിൽപ്പെട്ടത്. ഒരു വാഗൺആർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു റോണിത്. ഈ കാറിൽ ഉണ്ടായിരുന്ന നാലു പേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കേസിൽ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും കോടതി റോണിത്തിന് ജാമ്യം അനുവദിച്ചു.

ഇതിഹാസ താരം രാജ്കുമാറിന്റെ മകൻ പുരു രാജ്കുമാർ 1993 ഡിസംബറിലാണ് മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽപ്പെട്ടത്. ബാന്ദ്രയിൽ ഫുട്പാത്തിൽ താമസിച്ചിരുന്നവർക്കുമേൽ കാറോടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നുപേരാണ് മരിക്കുകയും ഒരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്കു 35,000 രൂപ വീതവും പരിക്കേറ്റയാൾക്ക് 5000 രൂപയും നൽകി കേസ് ഒത്തുതീർപ്പാകുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP