Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമയിൽ സെക്‌സ് കൂട്ടാൻ തന്നെ കരുവാക്കി; അഭിനയിക്കാത്ത സീനുകൾ പോലും മോശമായ രീതിയിൽ കട്ടൗട്ടാക്കി സിനിമയിൽ ഉൾപ്പെടുത്താൻ തുടങ്ങിയപ്പോൾ മടുത്തു; കരിയറിലെ ഏറ്റവും മികച്ച സമയത്ത് അഭിനയം നിർത്താൻ പ്രേരിപ്പിച്ച കാര്യങ്ങൾ വിധുബാല വെളിപ്പെടുത്തുന്നു

സിനിമയിൽ സെക്‌സ് കൂട്ടാൻ തന്നെ കരുവാക്കി; അഭിനയിക്കാത്ത സീനുകൾ പോലും മോശമായ രീതിയിൽ കട്ടൗട്ടാക്കി സിനിമയിൽ ഉൾപ്പെടുത്താൻ തുടങ്ങിയപ്പോൾ മടുത്തു; കരിയറിലെ ഏറ്റവും മികച്ച സമയത്ത് അഭിനയം നിർത്താൻ പ്രേരിപ്പിച്ച കാര്യങ്ങൾ വിധുബാല വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: പഴയകാല നടിമാരിൽ പ്രമുഖയായിരുന്ന വിധുബാല വളരെ അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽനിന്ന് പിൻവാങ്ങിയത്. നൂറോളം മലയാള ചിത്രങ്ങളിലും ഒരു പിടി തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള വിധുബാലയുടെ പിന്മാറ്റം സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്തായിരുന്നു വിധുബാലയുടെ പിന്മാറ്റം.

തന്റെ കാലത്തെ എല്ലാ എല്ലാ പ്രമുഖ നടന്മാരുടെയും നായികയായി വിധുബാല അഭിനയിച്ചിട്ടുണ്ട്. 1981 ൽ അഭിനയം എന്ന ചിത്രത്തിലാണ് വിധുബാല അവസാനമായി അഭിനയിച്ചത്. അതിന് ശേഷം വെള്ളിത്തിരയിലേക്ക് വിധുബാല എത്തിയിട്ടില്ല. പൊടുന്നനെ അഭിനയം ഉപേക്ഷിക്കാനുള്ള കാരണം മംഗളം വാരികയോടു വിധുബാല വെളിപ്പെടുത്തിയിരിക്കുകയാണ്. സെക്‌സ് ടച്ചുള്ള സിനിമകൾക്കു മാർക്കറ്റ് കൂട്ടാൻ തന്നെ കരുവാക്കുകയായിരുന്നുവെന്ന് വിധുബാല വെളിപ്പെടുത്തുന്നു. ഇതിൽ മനംമടുത്താണ് അഭിനയം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

മലയാള സിനിമയ്ക്ക് മോശമായ അഭിപ്രായം വന്ന സമയമായിരുന്നു അത്. സെക്സ് ടച്ചുള്ള സിനിമകൾക്ക് കേരളത്തിന് പുറത്ത് നല്ല മാർക്കറ്റായിരുന്നു. അതിന് തന്നെയും മുതലാക്കുകയായിരുന്നു.- വിധുബാല പറയുന്നു. സൈക്കോ എന്ന സിനിമയിൽ ക്യാരക്ടർ റോളിലാണ് ഞാൻ അഭിനയിച്ചിരുന്നത്. പക്ഷേ ഞാൻ അഭിനയിക്കാത്ത സീനുകൾ പോലും മോശമായ രീതിയിൽ കട്ടൗട്ടാക്കി സിനിമയിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കുകയായിരുന്നു.

സിനിമ കണ്ടിട്ട് പലരും വിളിക്കാൻ തുടങ്ങി. എല്ലാവരോടും മറുപടി പറഞ്ഞ് മടുത്തു. പിന്നീട് അഭിനയിക്കണമെന്ന് തോന്നിയില്ല. അതിന് മുൻപും അഭിനയത്തിൽ നിന്നും മാറി നിൽക്കണമെന്ന് തോന്നിയിരുന്നു. ഈ സംഭവം കൂടി ആയതോടെ നിർത്തിക്കളയാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നുവെന്നു വിധുബാല പറയുന്നു.

നൂറിലധികം മലയാളചിത്രങ്ങളിൽ വിധുബാല അഭിനയിച്ചു. ആദ്യചിത്രം സ്‌കൂൾ മാസ്റ്റർ ആയിരുന്നു. അതിൽ എട്ടുവയസ്സുള്ള ഒരു പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു. പിന്നീട് പത്തുവർഷങ്ങൾക്ക് ശേഷം 1974 ൽ ഹരിഹരന്റെ കോളേജ് ഗേൾ എന്ന ചിത്രത്തിൽ പ്രേം നസീറിന്റെ നായികയായി വേഷമിട്ടു. പ്രേം നസീർ, മധു, വിൻസെന്റ്, മോഹൻ, ജയൻ, സോമൻ, കമൽഹാസൻ തുടങ്ങിയ അക്കാലത്തെ നിരവധി മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ വിധുബാല അഭിനയിച്ചു.

ചില സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും വിധുബാല പ്രവർത്തിച്ചു. ഓർമ്മകൾ മരിക്കുമോ, ഓപ്പോൾ, തൃഷ്ണ എന്നീ ചിത്രങ്ങളിൽ യഥാക്രമം ശോഭ, മേനക, രാജലക്ഷ്മി എന്നിവർക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ നാലുപെണ്ണുങ്ങൾ എന്ന ചിത്രത്തിലെ നന്ദിത ദാസിന്റെ ശബ്ദവും വിധുബാലയുടേതായിരുന്നു.

സിനിമാ അഭിനയം ഉപേക്ഷിച്ചെങ്കിലും മിനി സ്‌ക്രീനിൽ വിധുബാല ഇപ്പോഴും സജീവമാണ്. അമൃത ടെലിവിഷനിലെ കഥയല്ലിത് ജീവിതം എന്ന പരിപാടിയുടെ അവതാരികയാണ് വിധുബാലയിപ്പോൾ.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകരായ ഭാഗ്യനാഥും സുലോചനയുമാണ് വിധുബാലയുടെ മാതാപിതാക്കൾ. വിധുബാലയുടെ ചില ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന മുരളി കുമാർ ആണ് ഭർത്താവ്. ചലച്ചിത്രഛായാഗ്രാഹകൻ മധു അമ്പാട്ട് മൂത്ത സഹോദരനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP