Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്ത് എല്ലായിടത്തും വേർതിരിവുകളുണ്ട്; എന്റെ മുഖം പോസ്റ്ററിൽ അടിച്ചുവരാൻ കാത്തിരുന്നത് 18 വർഷമാണ്; ഇതുവരെ മാധ്യമങ്ങളെ കാണാതിരുന്നത് ജനത്തിന്റെ മുന്നിൽ നടനാണെന്നു പറയാനുള്ള ധൈര്യം ഇല്ലാതിരുന്നതുകൊണ്ട്; ജീവിതം പാകപ്പെടുത്തിയ അനുഭവങ്ങളടക്കം പങ്കുവച്ചുകൊണ്ട് വിനായകൻ

ലോകത്ത് എല്ലായിടത്തും വേർതിരിവുകളുണ്ട്; എന്റെ മുഖം പോസ്റ്ററിൽ അടിച്ചുവരാൻ കാത്തിരുന്നത് 18 വർഷമാണ്; ഇതുവരെ മാധ്യമങ്ങളെ കാണാതിരുന്നത് ജനത്തിന്റെ മുന്നിൽ നടനാണെന്നു പറയാനുള്ള ധൈര്യം ഇല്ലാതിരുന്നതുകൊണ്ട്; ജീവിതം പാകപ്പെടുത്തിയ അനുഭവങ്ങളടക്കം പങ്കുവച്ചുകൊണ്ട് വിനായകൻ

കൊച്ചി: ഇരുപതു വർഷമായി സിനിമയിൽ എത്തിയിട്ട്. ഇക്കാലത്ത് ഒരുപാടു സിനിമകളിലും അഭിനയിച്ചു. പക്ഷേ ഒരു പോസ്റ്ററിൽ മുഖം അടിച്ചുവരാൻ 18 വർഷം കാത്തിരിക്കേണ്ടിവരുന്നു. എന്റെ മനസ്സിൽ ഇപ്പോൾ അവാർഡില്ല. പ്രഖ്യാപനംകഴിഞ്ഞ് പത്തുമിനിട്ടുനുശേഷം അത് പോയി- പറയുന്നത് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് നേടിയ വിനായകൻ.

തനിക്കുവേണ്ടിയും കമ്മട്ടിപ്പാടത്തിനുവേണ്ടിയും ഉയർന്ന ശബ്ദത്തിനുപിന്നിൽ ഒരു പ്രതിഷേധമുണ്ടെന്നും അത് എന്തെന്നറിയണമെങ്കിൽ അങ്ങ് ഡൽഹിയിൽനിന്നു തുടങ്ങേണ്ടിവരുമെന്നും എറണാകുളം പ്രസ്‌ക്‌ളബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.

ഇതുവരെ മാധ്യമങ്ങളെ കാണാതിരുന്നത് ജനത്തിന്റെ മുമ്പിൽ നടനാണെന്ന് പറയാനുള്ള ധൈര്യം ഇല്ലാത്തിനാലാണ്. ഞാൻ എന്നെത്തന്നെ വിലയിരുത്താറുണ്ട്. 20 വർഷമായി സിനിമയിൽവന്നെങ്കിലും ജനം നടനാണെന്ന് അംഗീകരിക്കില്ല എന്ന വിശ്വാസിച്ചിരുന്നു. ഇക്കാലംകൊണ്ട് ഒരുപാട് സിനിമയിൽ അഭിനയിച്ചെങ്കിലും ഒരു പോസ്റ്ററിൽ മുഖമടിച്ചുവരാൻ 18 വർഷം കാത്തിരിക്കേണ്ടിവന്നു. എന്തുകാര്യവും പ്രയത്‌നിച്ചാൽ നടക്കും എന്നതിനു തെളിവാണ് പുരസ്‌കാര നേട്ടം. എന്റെ മനസ്സിൽ ഇപ്പോൾ അവാർഡില്ല. പ്രഖ്യാപനംകഴിഞ്ഞ് പത്തുമിനിട്ടുനുശേഷം അത് പോയി. ഇപ്പോൾ മാധ്യമങ്ങൾക്കുമുന്നിലിരിക്കുമ്പോൾ വീണ്ടും ആ തോന്നലുണ്ടാകുന്നു.

എന്റെ വീട് നിങ്ങൾ കണ്ടു കാണുമല്ലോ. എറണാകുളത്തെ ഏറ്റവുംകൂടുതൽ അഴുക്കു വീഴുന്നത് എന്റെ വീട്ടിലും പരിസരത്തുമാണ്. ഞങ്ങൾ ആറുമാസം ചെളിയിലും ആറുമാസം കരയിലും താമസിക്കുന്നു. പക്ഷേ, അതിൽ വിഷമം തോന്നിയിട്ടില്ല. വീട്ടിനിപ്പുറം റെയിൽവെ ട്രാക്ക് കടന്നുവന്നാൽ എന്റെ സുഹൃത്തുക്കളെ കാണാം. അവർക്ക് കുടിക്കാൻ വെള്ളമില്ല. കഴിക്കാൻ ഭക്ഷണമില്ല, താമസിക്കാൻ ഒരു കൂര പോലുമില്ല. എനിക്കാണെങ്കിൽ കൂരയുണ്ട്. പിന്നെ ഞാൻ എങ്ങനെ സങ്കടം പറയും.

ഞാൻ കണ്ട ആത്മഹത്യകൾ, മോശം കാര്യങ്ങൾ. ബന്ധുക്കൾ മരിച്ചപ്പോൾ റെയിൽവെ ട്രാക്കിലൂടെ തലച്ചുമടായി ശ്മശാനത്തിലേക്കു കൊണ്ടുപോയത്. ഏല്ലാം എന്റെ മനസ്സിലുണ്ട്. വ്യവസ്ഥയിൽ വിശ്വാസമില്ല എന്നു ഞാൻ പറഞ്ഞു. എന്താണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞദിവസം എറണാകുളത്തുകൊടിപിടിച്ച് കുറച്ചു പേർവന്ന് ചിലരെ തല്ലിയോടിക്കുന്നതുകണ്ടു. പ്രണയിക്കാൻ പാടില്ലെന്നാണ് ചിലർ പറയുന്നത്. പ്രണയമില്ലാതെ ലോകമില്ല. അവഗണനയെക്കുറിച്ച് മൂന്നുകൊല്ലം മുമ്പുവരെ ഞാൻ ചിന്തിച്ചിട്ടില്ല. ചിന്തിച്ചാലാണ് കുഴപ്പം. ലോകത്ത് എല്ലായിടത്തും വേർതിരിവുകളുണ്ട്.

സംഗീതവും നൃത്തവുമാണ് എന്റെ താൽപ്പര്യങ്ങൾ. ഇപ്പോൾ മൂന്നു നാലു സിനിമകൾക്ക് പാട്ടു ചെയ്യുന്നുണ്ട്. സംഗീതവും നൃത്തവും കുടിച്ചേരുക എന്നതാണ് ചിന്ത. അഭിനയിക്കാൻ കൂടുതൽ സ്വതന്ത്യ്‌രം വില്ലൻവേഷത്തിനാണെന്ന് ചോദ്യത്തിനു മറുപടിയായി വിനായകൻ പറഞ്ഞു. എന്നാൽ, തെലുങ്ക് സിനമയിലൊക്കെ അഭിനയിച്ചപ്പോൾ ആറുദിവസമൊക്കെ ചേർത്ത് കെട്ടിത്തൂക്കിയിട്ട് ഇടിയാണ്. അതോടെ അതു നിർത്തി. അവാർഡ് വിവരം അറിഞ്ഞശേഷം മുഖ്യമന്ത്രി വിളിച്ചു. മോഹൻലാലും വിളിച്ചു.

മോഹൻലാലിനോട് മത്സരിച്ചല്ലേ പുരസ്‌കാരനേട്ടമെന്നു ചോദിച്ചപ്പോൾ 'ലാലേട്ടനൊക്കെ എതിരാളിയോ ദൈവമേ' എന്നായിരുന്നു പ്രതികരണം. സിനിമയ്ക്കുമുമ്പ് കഥ വായിച്ചു നോക്കാറില്ല. സെലക്ടീവ് ആകുമോ എന്ന ചോദ്യത്തിനു, ഇല്ല, അത്രയും പടമൊന്നും തനിക്കില്ലെന്നായിരുന്നു വിനായകന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP